സുലൈമാൻ നബി (അ)മിൻെറ ഭരണ കാലം നാൽപതു വർഷമാണ്. ഒരേ സമയം ചക്രവർത്തിയും നബിയുമായിരുന്നു അദ്ദേഹം. വളരെ നല്ല രൂപത്തിൽ ഭരണം നടത്തുകയും ജനങ്ങൾക്ക് നന്മ ചെയ്യുകയും തിന്മകളെ തടയുകയും ചെയ്തു.
ഇതിനിടെ അല്ലാഹുവിൻറെ ആജ്ഞ പ്രകാരം ബൈത്തുൽ മുഖദ്ദസിൻറെ പുനർനിർമ്മാണം നടത്തുവാൻ തുടങ്ങി.
യഅ്കൂബ് നബി (അ)മാണ് ആദ്യമായി ബൈത്തുൽ മുഖദ്ദസ് നിർമ്മിച്ചത്. കാലാനുസൃതം സൗകര്യങ്ങളേർപ്പെടുത്തി വിശാലമാക്കാനായിരുന്നു ഈ പുനർനിർമ്മാണം.
ജിന്നുകളും മനുഷ്യരുമെല്ലാം നിർമ്മാണപ്രവർത്തനങ്ങളിലുണ്ട്.
അങ്ങനെ നിർമ്മാണം പുരോഗമിക്കയാണ്, ഇനിയും സമയമെടുക്കും, നിർമ്മാണം പൂർത്തിയാവാൻ. സുലൈമാൻ നബിയുടെ ആയുസ് പൂർണ്ണമാവുകയും അദ്ദേഹത്തിൻറെ മരണം അടുത്ത വിവരം മലക്കുൽ മൗത്ത് അദ്ദേഹത്തെ അറീക്കുകയും ചെയ്തു.
ബൈത്തുൽ മുഖദ്ദസിൻറെ നിർമ്മാണം പൂർണ്ണമാവുന്നതിന് മുമ്പ് സുലൈമാൻ നബി (അ) മരണപ്പെട്ടാൽ നിർമ്മാണം നിലച്ചു പോകാനിടയുണ്ട്, പണിയെടുക്കുന്നവർ നബിയുടെ മരണത്തോടെ നിയന്ത്രിക്കാൻ ആളില്ലാത്തതിനാൽ ഇട്ടേച്ചു പോകാനിടയുണ്ട്.
ഇത് മനസ്സിലാക്കിയ പ്രവാചകൻ തൻറെ മരണമാസന്നമായ കാര്യം വെളിപ്പെടുത്താതെ തനിക്കൊരു സ്പടിക കൂടാരം നിർമ്മിച്ചു തരാൻ ജിന്നുകളോടു കൽപിച്ചു. അവർ കുറഞ്ഞ നേരം കൊണ്ടു മനോഹരമായൊരു സ്പടിക കൂടാരം നിർമ്മിച്ചു കൊടുത്തു.
നബി തങ്ങളുടെ വടിയിൽ ഊന്നി നിന്നു കൊണ്ടു നിർമ്മാണം വീക്ഷിച്ചു. തൽസമയം മലകുൽ മൗത്ത് അസ്റാഈൽ (അ) കടമ നിർവ്വഹിച്ചു.
എന്നാൽ ഈ വിവരം ആരും അറിഞ്ഞില്ല…
നബി വടിയിൽ ഊന്നിനിന്ന് നിർമ്മാണം വീക്ഷിക്കുകയാണെന്നേ… കാണുന്നവർക്ക് തോന്നുകയുള്ളൂ.
ജിന്നുകൾ കഠിനാദ്ധ്വാനം ചെയ്തു.
ഒരു വർഷം പിന്നിട്ടപ്പോൾ ബൈത്തുൽ മുഖദ്ദസിൻറെ നിർമ്മാണം പൂർത്തിയായി.
വിവരം അറിയിക്കാൻ ഓടി അടുത്തെത്തിയ ജിന്നുകൾ കണ്ടത്
നബി ഊന്നിപിടിച്ച വടി ചിതൽ തിന്നു നശിക്കുകയും മുറിഞ്ഞു വീഴുകയും ചെയ്തിരിക്കുന്നു. അതുകാരണം നബി നിലത്തു മറിഞ്ഞു വീഴുകയും ചെയ്തിട്ടുണ്ട്…!
മരണപ്പെട്ടു ഒരു വർഷം കഴിഞ്ഞിട്ടും നബിയുടെ ശിരീരത്തിനു യാതൊരുവിധ മാറ്റവും വന്നിരുന്നില്ല.
കാരണം നബിമാർ അസാധാരണ മനുഷ്യരായതു തന്നെ.
പ്രയാസകരമായ ജോലികൾ ചെയ്യാൻ കഴിയുന്ന ജിന്നുകൾക്ക് മറഞ്ഞ കാര്യങ്ങളെകുറിച്ച് അറിയാൻ കഴിയില്ല എന്ന് ഈ സംഭവത്തിൽ നിന്നും മനസ്സിലായി. മനുഷ്യരിലെ അസാധാരണക്കാർക്ക് അദൃശ്യമായ കാര്യങ്ങൾ അല്ലാഹു അറിയിച്ചു കൊടുക്കും പ്രകാരം ജിന്നുകളിലെ അസാധാരണക്കാർക്കും മറഞ്ഞ കാര്യങ്ങൾ അറിയിച്ചു കൊടുക്കുമെന്നല്ലാതെ ജിന്ന് വർഗ്ഗത്തിന് അദൃശ്യജ്ഞാനം ഇല്ല. അൻപത്തിരണ്ട് വയസായിരുന്നു സുലൈമാൻ നബിയുടെ പ്രായം. നബിക്ക് ശേഷം പതിനേഴ് വർഷത്തോളം പുത്രൻ റുഹൈഅം ഭരണം നടത്തി
إرسال تعليق