തമ്പുകളുടെ നഗരം

ഇന്ന് ഞങ്ങള്‍ രണ്ടാമത്തെ ഉംറക്ക് തയ്യാറെടുക്കുകയാണ്. ജിഅ്റാനതില്‍ നിന്ന് ഇഹ്റാം ചെയ്യാനാണ് തീരുമാനം. അതിന് മുമ്പ് അറഫയും മിനയും മുസ്ദലിഫയുമെല്ലാം കാണാനുണ്ട്. രാവിലെ തന്നെ   ബസില്‍ പുറപ്പെട്ടു. ആദ്യം ഞങ്ങളിറങ്ങിയത് അറഫയിലാണ്. ഹറമിന്റെ അതിര്‍ത്തിക്കു പുറത്താണ് അറഫ. ബസില്‍ നിന്ന് തന്നെ വാദീ നമിറയിലെ മസ്ജിദു ഇബ്റാഹീം കണ്ടു.  നാലതിര്‍ത്തികളിലും ബോര്‍ഡ് വെച്ച് തിരിച്ചിട്ടുണ്ട്. ജബലുറഹ്മയും അതിന്റെ നാലു വശങ്ങളിലും പരന്നു കിടക്കുന്ന വിശാലമായ ഒഴിഞ്ഞ സ്ഥലവുമാണ് അറഫ. ഇന്ന് അറഫ ഒഴിഞ്ഞ് കിടക്കുകയാണ്. ദുല്‍ഹജ്ജ് 9 ന് മുപ്പതും നാല്പതും ലക്ഷം ജനങ്ങള്‍ ഒരേ സമയം തമ്പടിക്കുന്ന സ്ഥലമാണ്. ഇവിടം പ്രത്യേകമായി ദുആക്ക് ഉത്തരമുണ്ട്.


സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് അയക്കപ്പെട്ട ആദംനബി(അ)യും ഭാര്യ ഹവ്വ(റ) യും പരസ്പരം കാണാതെ ഭൂമിയില്‍ കുറേ കാലം അലഞ്ഞു നടന്നു. അവസാനം അവര്‍ രണ്ട് പേരും കണ്ടുമുട്ടിയത് ഈ അറഫയില്‍ വെച്ചായിരുന്നുവെത്രേ. തിരുനബിയുടെ വിശ്വപ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗം നടന്നതും ഈ അറഫയിലാണ്. പ്രസംഗത്തിന്റെ സമഗ്രതയും ഉള്ളടക്കവും കണ്ട് വിമര്‍ശകരായ ഓറിയന്റലിസ്റ്റുകള്‍ പോലും ആശ്ചര്യപ്പെട്ടുപോയിട്ടുണ്ട്.  ലോകത്തെ ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനമായി അത് ചരിത്രത്തില്‍ ഇടം പിടിച്ചു. കൊലപാതകം. കവര്‍ച്ച, അസന്മാര്‍ഗികത, സ്ത്രീ അവകാശങ്ങള്‍, പലിശ തുടങ്ങി എല്ലാ കാര്യങ്ങളും മുത്തുനബി അന്നോര്‍മപ്പെടുത്തി. 'ഇനി ഒരു പക്ഷേ അടുത്ത വര്‍ഷം ഇതുപോലെ നിങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കണമെന്നില്ല' എന്ന ആമുഖത്തോടെ പ്രസംഗം ആരംഭിച്ചപ്പോള്‍ തന്നെ സിദ്ദീഖ് (റ) കരയാന്‍ തുടങ്ങിയിരുന്നു. പിന്നീട് എല്ലാ സ്വഹാബികളും നബിയോട് സങ്കടത്തോടെ ചോദിച്ചു 'ഇതൊരു വിടവാങ്ങലിന്റെ ഭാഷയിലുള്ള പ്രസംഗമാണല്ലൊ നബിയേ...'


'അല്ലാഹു എന്നെ ഏല്‍പിച്ച പ്രവാചകത്വ ദൗത്യം ഞാന്‍ പൂര്‍ത്തീകരിച്ചില്ലയോ' എന്ന് ചോദിച്ചപ്പോള്‍ സദസ്സ് ഒന്നടങ്കം 'അതേ' എന്നുച്ചത്തില്‍ മറുപടി നല്‍കി. ആകാശത്തേക്ക് നോക്കി 'ഈ ജനങ്ങളെ ഞാനിതാ സാക്ഷിനിര്‍ത്തുന്നു' എന്ന് പറഞ്ഞ് നബി സന്തുഷ്ടനായി.


എത്ര പരപാവനമാണ് ഈ മണ്ണ്. എത്ര എത്ര നബിമാരുടേയും സജ്ജനങ്ങളുടെയും പാദം പതിഞ്ഞ മണ്ണാണിത്. ഇവിടം സ്പര്‍ശിക്കാനായതില്‍ അല്ലാഹുവിന് നന്ദി പറഞ്ഞ് ഞങ്ങള്‍ ബസില്‍ കയറി. മുസ്ദലിഫയിലൂടെയാണ് ബസ് പോകുന്നത്. ഇരു വശവും പ്രത്യേകം കണ്ടു. മുസ്ദലിഫയില്‍ രാപാര്‍ക്കല്‍ ഹജ്ജിന്റെ വാജിബാണ്. ജംറകളെ എറിയാനുള്ള കല്ല് ശേഖരിക്കുന്നതും ഇവിടെ നിന്നാണ്. മുസ്ദലിഫയുടെ അവസാന ഭാഗതുള്ള ചെറിയ കുന്നാണ് 'മശ്അറുല്‍ ഹറാം'. അവിടെ പ്രത്യേകം പ്രാര്‍ത്ഥന സുന്നതാണ്. അല്പം മുന്നോട്ടു നീങ്ങി 'വാദിമുഹസ്സം' താഴ്വരയില്‍ അബ്രഹതിന്റെ ആനപ്പടയെ അബാബീല്‍ പക്ഷികള്‍ നശിപ്പിച്ച സ്ഥലം കണ്ടു. ഇവിടെ നില്‍ക്കാന്‍ പാടില്ല. അല്ലാഹുവിന്റെ ശിക്ഷകള്‍ ഇറങ്ങിയ സ്ഥലത്ത് ചുറ്റിപറ്റി നില്‍ക്കുന്നത് നല്ലതല്ല.  ഞങ്ങള്‍ ബസില്‍ നിന്നിറങ്ങാതെ ആ സ്ഥലം കണ്ടു. 'വാദി മുഹസ്സം' എന്റെ ചിന്തകളെ യമനിലേക്ക് കൊണ്ടു പോയി. മക്കയിലെ വിശുദ്ധ കഅ്ബ സന്ദര്‍ശിക്കാന്‍ പല ദേശത്തുനിന്നും ആളുകള്‍ വരുന്നതില്‍ അസൂയ പൂണ്ട് അബ്രഹത് രാജാവ് യമനില്‍ കഅ്ബ പോലെ വലിയൊരു ചര്‍ച്ച് പണിതു. എല്ലാവരോടും ആരാധനക്ക് അങ്ങോട്ട് വിളിച്ചു. പക്ഷേ  ഉദ്ദേശിച്ച പോലെ അദ്ദേഹമതില്‍ വിജയിച്ചില്ല. ഇതിനിടയിലാരോ ആ ബില്‍ഡിംഗിനകത്ത് കാഷ്ടിച്ചു വെക്കുകയും ചെയ്തു. ക്ഷുഭിതനായ അബ്രഹത് ആനപ്പടയെ തയ്യാറാക്കി കഅബ പൊളിക്കാന്‍ മക്കയിലേക്ക വന്നു. ഈ ധിക്കാരിയെ പാഠം പഠിപ്പിക്കാന്‍ അല്ലാഹു ആകാശത്തു നിന്ന് അബാബീല്‍ പക്ഷികളെ അയച്ചു. അവയുടെ രണ്ട് കയ്യിലും കൊക്കിലും നരകത്തില്‍ നിന്നുള്ള പ്രത്യേകതരം കല്ലുകളുമുണ്ടായിരുന്നു. കാഴ്ച്ചയില്‍ വളരെ കുഞ്ഞന്‍മാരായ പക്ഷികള്‍ ആനകളുടെ സൈന്യത്തെ നിലംപരിശാക്കി. 'ചവച്ചുതുപ്പിയ വൈക്കോല്‍ പോലെ അവര്‍ നശിച്ചു' എന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. തിരുനബി ജനിക്കുന്നതിന്റെ 50 ദിവസം മുമ്പായിരുന്നു ഇത്. അന്ന് അബാബീല്‍ പക്ഷികള്‍ പാറിനടന്ന മണ്ണാണ് ഞങ്ങളിപ്പോള്‍ കണ്ടത്.


ഇനി മിനയാണ്. തമ്പുകളുടെ നഗരമാണ് മിന. നാലു വശത്തും കണ്ണെത്താ ദൂരം തമ്പുകള്‍ പരന്നു കിടക്കുന്നു. ഹജ്ജുമായി ബന്ധപ്പെട്ട ധാരാളം കര്‍മങ്ങള്‍ നടക്കുന്നത് മിനയിലാണ്. മൂന്നു ജംറകളെ എറിയുന്നതും ബലി നടത്തുന്നതും എല്ലാം ഇവിടെയാണ്. വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

മണ്‍കൂടാരങ്ങളിലായിരുന്നു ആദ്യകാലത്ത് മിനയിലെ താമസം. പിന്നീട് തുണികളുപയോഗിച്ചുള്ള തമ്പുകളായി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആവര്‍ത്തിച്ചുണ്ടായ അഗ്നിബാധയെ തുടര്‍ന്നാണ് നിലവിലെ അഗ്നിപ്രതിരോധ തമ്പുകള്‍ മിനയില്‍ സ്ഥാപിച്ചത്. ഏകദേശം 27 ലക്ഷം തീര്‍ഥാടകര്‍ക്ക് താമസിക്കാന്‍ സൗകര്യപ്പെടും വിധം 1,60,000 തമ്പുകള്‍ മിനയിലുണ്ടെത്രേ. വെള്ളവും, വെളിച്ചവും മുതല്‍ എ.സി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോട് കൂടിയതാണിത്. തമ്പുകളുടെ ഈ നിര കാണേണ്ട കാഴ്ച്ച തന്നെയാണ്. തിരുനബി നിസ്‌കരിച്ച 'മസ്ജിദുല്‍ ഖൈഫ്' ഇന്ന് വിശാലമാക്കിയിരിക്കുന്നു. ഹജ്ജ് സീസണില്‍ മാത്രമേ ഇവിടെ ഇറങ്ങാന്‍ പറ്റുകയുള്ളു. മൂന്ന് ജംറകളും പുറത്ത് ബസിലിരുന്ന് കണ്ടു. ജംറതുല്‍ ഊലാ, ജംറതുല്‍ വുസ്ത, ജംറതുല്‍ അഖബ. ജംറകള്‍ ശരിക്കൊന്ന് കണ്ട് ചില സംശയങ്ങള്‍ തീര്‍ക്കാനുണ്ടായിരുന്നു. മജ്മഇല്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹജ്ജിന്റെ ഭാഗം ക്ലാസെടുക്കുന്നതിനിടയില്‍ ജംറകളുടെ ചിത്രം ഗൂഗിളില്‍ തിരഞ്ഞു. ആ ചിത്രങ്ങള്‍ ചില സംശയങ്ങള്‍ ജനിപ്പിച്ചിരുന്നു. ചിലരോടൊക്കെ ചോദിച്ചു. യൂ. ട്യൂബിലും തിരക്കി. തൃപ്തിയുള്ള ഒരു ഉത്തരം ഇതുവരേ കിട്ടിയിട്ടില്ല. ഉംറക്ക് അവസരമൊത്തപ്പോള്‍ അതൊന്ന് ശരിക്ക് നോക്കാം എന്നാണ് കരുതിയിരുന്നത്. ഇവിടെ എത്തിയപ്പോള്‍ നിരാശനായി. ഹജ്ജ് സീസണിലെ ജംറയുടെ അകം കാണാന്‍ പറ്റുകയുള്ളൂ എന്ന്. ഇന്‍ശാ അല്ലാഹ്... അടുത്ത് തന്നെ ഹജ്ജിന് വരാന്‍ നാഥന്‍ തൗഫീഖ് നല്‍കട്ടെ.. പ്രതീക്ഷകള്‍ നാഥനില്‍ അര്‍പ്പിച്ചു.


ജിഅ്റാനതിലേക്ക് പോകുന്ന വഴിയില്‍ റോഡിനരികില്‍ മലക്കു മുകളിലായി ഒരു വെള്ള സ്തൂഭം കണ്ടു. ഇബ്റാഹീം(അ) പ്രിയ പുത്രന്‍ ഇസ്മാഈലിനെ(അ) അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ബലി അറുക്കാന്‍ കൊണ്ട് പോയി കിടത്തിയ സ്ഥലമാണെത്രേ അത്.

വല്ലാത്ത പരീക്ഷണങ്ങള്‍ അതിജയിച്ച പ്രവാചകരാണ് ഇബ്റാഹീം(അ). സാറ ബീവിയുമായുള്ള ദാമ്പത്യത്തില്‍ കുറേ കാലം ഒരു കുഞ്ഞിക്കാലു കാണാനായി കാത്തിരുന്നു. നിരാശയായിരുന്നു ഫലം. പിന്നീട് സാറ തന്നെ സമ്മാനമായി തന്ന അടിമ ഹാജറിലുണ്ടായ മകനാണ് ഇസ്മാഈല്‍. ചോര പൈതലായ സമയം അവരെയും ഉമ്മ ഹാജറിനെയും ഒറ്റക്ക് കഅ്ബക്കരികിലെ മരുഭൂമിയില്‍ ഉപേക്ഷിച്ചു പോരാനായിരുന്നു നാഥന്റെ കല്പന. വല്ലാത്ത പരീക്ഷണം. വെള്ളം പോലുമില്ലാത്ത മരുഭൂമിയില്‍ ചോരപൈതലിനെ തനിച്ചാക്കി പോരുക. ഇസ്മാഈല്‍ വലുതായി കൗമാരമായപ്പോള്‍ അവനെ ബലിയറുക്കാനായി കല്പന. മറുത്തൊന്നും ചിന്തിക്കാതെ മകനെ പുത്തനുടവകള്‍ ധരിപ്പിച്ച് ഹാജറിന്റെ കയ്യില്‍ നിന്ന് വാങ്ങി കൊണ്ടു പോയി കിടത്തിയത് ഈ മലയിലായിരുന്നു. ഞാനൊന്ന് കൂടി ആ സ്തൂഭം തിരിഞ്ഞു നോക്കി. തന്റെ പരീക്ഷണത്തില്‍ ഇബ്റാഹീം വിജയിച്ചതായി പ്രഖ്യാപിച്ച് അല്ലാഹു മകന് പകരം ആടിനെ അറുക്കാന്‍ പറയുന്നു. ജിബ്രീല്‍(അ) ഈ മല മുകളിലേക്ക് ഒരു ആടുമായി ഇറങ്ങിവന്നു... എന്തെല്ലാാം കാഴ്ച്ചകള്‍ക്കാണ് ഈ മല നിശ്ശബ്ദനായി സാക്ഷിയായത്.

ഞങ്ങള്‍ ജിഅ്‌റാനതിലെത്തി. ഇഹ്റാം വസ്ത്രം മാറി. മുത്തുനബി തുപ്പുനീര് കലര്‍ത്തിയ കിണറുണ്ടവിടെ അതൊന്ന് കണ്ടു. വളച്ചുകെട്ടി, വലിയ മോട്ടര്‍ വെച്ച് ഇന്നും കിണര്‍ അതീവ ജാഗ്രതയോടെ സംരക്ഷിക്കുന്നു. ഇഹ്റാം ചെയ്ത് ഹറം ലക്ഷ്യമാക്കി ഞങ്ങളുടെ വാഹനം മുന്നോട്ടു നീങ്ങി. ബസിനകത്ത് തല്‍ബിയതിന്റെ മന്ത്രധ്വനികള്‍ മുഴങ്ങുന്നു. ലബ്ബയ്ക്കല്ലാഹുമ്മ.....


 ഭൂമിയുടെ ഒത്ത നടുവില്‍ 

മഗ്രിബിന് തൊട്ടു മുമ്പായി വീണ്ടും മസ്ജിദുല്‍ ഹറമിലെത്തി.  ഇന്ന് ഇനി ഉംറയൊന്നുമില്ല. രണ്ട് ദിവസമായി!  ഇതുവരെ കഅ്ബയൊന്നു തൊട്ടിട്ടില്ല. വലിയ തിരക്കൊന്നുമുള്ള സമയമല്ല. എങ്കിലും  അകലെ നിന്ന് കഅ്ബയെ നോക്കി മതിമറന്നിരിക്കുകയായിരുന്നു രണ്ട് ദിവസം.

നിസ്‌കാര ശേഷം കഅ്ബ കാണുന്ന സ്ഥലത്ത് സംഘത്തിലെ എല്ലാവരേയും ഒരുമിച്ചിരുത്തി അമീര്‍ കഅ്ബയെ കുറിച്ച് പരിചയപ്പെടുത്തിത്തരികയാണ്.

'റോഡ് ടു മക്ക' എന്ന വിഖ്യാതമായ പുസ്തകത്തില്‍ മുഹമ്മദ് അസദ് കഅ്ബയെ വര്‍ണിച്ചത് അന്നേരം ഓര്‍മ വന്നു.


'വിശുദ്ധ ഗേഹത്തിന്റെ അകത്ത് ഒരു കൂറ്റന്‍ സമചതുരം. അതിന്റെ ചുറ്റിലും വശങ്ങളിലുമായി നിരവധി സ്തൂപങ്ങളുള്ള നടവഴികള്‍. അവക്കു മുകളില്‍ അര്‍ധവൃത്താകൃതിയിലുള്ള കമാനങ്ങള്‍. ഇവയുടെ മധ്യത്തിലായി ഏതാണ്ട് നാല്‍പ്പതടി ഉയരമുള്ള ഘനചതുരം. അത് കറുത്ത തുണി കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ആ മൂടുപടത്തിന്റെ മേല്‍ഭാഗത്ത് ചുറ്റിലുമായി ഖുര്‍ആന്‍ വാക്യങ്ങള്‍ കൊണ്ട് തുന്നല്‍പ്പണി ചെയ്ത് വീതിയേറിയ കര. ഇതാണ് കഅ്ബ...'

ഇസ്ലാമിന്റെ നനവും പച്ചപ്പും കണ്ട് തീരമണഞ്ഞ അതുല്യ പ്രതിഭയായ മുഹമ്മദ് അസദ് കഅ്ബയെ ചിത്രീകരിക്കുകയാണ്. ഒരു ഘനചതുരമെന്നതില്‍ കവിഞ്ഞ് വലിയൊരാശയമാണ് കഅ്ബയെന്ന് ധാരാളം പേജുകളിലായി അദ്ദേഹം വിശദീകരിക്കുന്നു. പേനകൊണ്ടല്ല ഹൃദയം കൊണ്ടാണ് അദ്ദേഹം എഴുതിയിരിക്കുന്നതെന്ന് വായിച്ചപ്പോള്‍ തോന്നിയിരുന്നു.


കഅ്ബയുടെ ചരിത്രം ചികയുമ്പോള്‍ ഏകത്വത്തില്‍ പടുത്തുയര്‍ത്തിയ മതത്തിന്റെ വേരുറപ്പുള്ള ആശയങ്ങളിലേക്കു കൂടിയാണ് അന്വേഷകന് പ്രയാണം ചെയ്യേണ്ടി വരിക.


'ബൈത്തുല്‍ മഅ്മൂറിന്റെ സമാന്തരമായി ഭുമിയില്‍ നിങ്ങളൊരു ഗേഹം പണിയുക'. ഭൂമിയിലേക്ക് പ്രതിനിധിയെ നല്‍കാനൊരുങ്ങുന്ന നാഥന്‍ പ്രഥമ ഭവനം പടുത്തുയര്‍ത്താന്‍ മാലാഖമാരെ അയക്കുകയായിരുന്നു.

മലക്കുകള്‍ പണിതീര്‍ത്ത കഅ്ബ അനേകവര്‍ഷക്കാലം അങ്ങിനെ തന്നെ തല ഉയര്‍ത്തി നിന്നു. നൂഹ് നബി(സ്വ)ന്റെ കാലത്തുണ്ടായ പ്രളയത്തില്‍ തകര്‍ന്നുപോയ കഅ്ബയെ അല്ലാഹുവിന്റെ നിര്‍ദ്ദേശ പ്രകാരം ഇബ്രാഹീം നബിയും മകന്‍ ഇസ്മാഈല്‍ നബിയും പുതുക്കിപ്പണിതു. ഒമ്പത് മുഴം ഉയരവും മുപ്പത് മുഴം നീളവും ഇരുപത്തിരണ്ട് മുഴം വീതിയുമാണ് ഇബ്റാഹീം നബിയുടെ കഅ്ബയുടെ അളവ്. പത്തോളം ഘട്ടങ്ങളിലായി കഅ്ബ പുതുക്കിപ്പണിതിട്ടുണ്ട്. തിരുനബി(സ)ക്ക് മുപ്പത്തിയഞ്ച് വയസ്സുള്ളപ്പോഴാണ് ഖുറൈശികള്‍ കഅ്ബ പുതുക്കിപ്പണിഞ്ഞത്. ശുദ്ധമായ പണമില്ലാത്തതിനാല്‍  ഇബ്റാഹീം നബി(അ) തീര്‍ത്ത തറയില്‍ പൂര്‍ണ്ണമായും കഅ്ബ പണിതില്ല. എങ്കിലും ഒമ്പത് മുഴം കൂടി വര്‍ധിപ്പിച്ച് ഉയരം പതിനെട്ട് മുഴമാക്കി. കിഴക്കും പടിഞ്ഞാറുമുള്ള ചുമരുകള്‍ ഇരുപത്തിയഞ്ച് മുഴം നീളമാക്കി. പിന്നീട് അബ്ദുല്ലാഹിബ്നു സുബൈറും കഅ്ബ പുതുക്കി പണിതു. തറ പൂര്‍ണമായും അദ്ദേഹം ഉയര്‍ത്തി. ഇത് പിന്നീട് ഒഴിവാക്കി ഹജ്ജാജ് ബ്നു യൂസുഫ് പഴയപടി പുതുക്കി പണിത് അലങ്കരിച്ചു.


കഅ്ബയുടെ കിഴക്കേ ദിശയിലാണ് ഹജറുല്‍ അസ്വദ്. ശ്രേഷ്ഠമായ കല്ല്. അത് സ്വര്‍ഗത്തില്‍ നിന്നുള്ളതാണെന്ന് ഗ്രന്ഥങ്ങളില്‍ കാണാം. തിരുനബിയുടെ ബാല്യ കാലത്ത് പുനര്‍ നിര്‍മാണ വേളയില്‍ എടുത്തു മാറ്റിവെച്ച ഹജറ് പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതും തിരുകരങ്ങള്‍ കൊണ്ട് തല്‍സ്ഥാനത്ത് സ്ഥാപിച്ച് തര്‍ക്കം ഭംഗിയായി പരിഹരിച്ചതും ഓര്‍മ വന്നു. ആ ഭാഗത്തേക്ക് ഒന്നു നോക്കി. നല്ല തിരക്കു തന്നെ. എനിക്കതു മുത്താന്‍ ഭാഗ്യമുണ്ടാകുമോ..! നിശ്ചയമില്ല.


ഹജറുല്‍ അസ്വദിനടുത്താണ് സ്വര്‍ണം പൂശിയ വാതില്‍. ഖാലിദ് രാജാവിന്റെ കാലത്താണ് ഇത് സ്വര്‍ണം പൂശിയത്. ഭൂമിയില്‍ നിന്ന് രണ്ട് മീറ്റര്‍ ഉയരത്തിലാണ് വാതില്‍ സ്ഥാപിച്ചിട്ടുള്ളത്. ഹജ്ജ് മാസാരംഭത്തിലും റമളാനിനു മുമ്പും കഅ്ബയുടെ അകം സംസം വെള്ളവും പനിനീരും ഉപയോഗിച്ചു കഴുകാറുണ്ട്. കഅ്ബയെ പുതപ്പിച്ചിരിക്കുന്ന കറുത്ത കിസ്വയില്‍ സ്വര്‍ണ നൂല്‍ കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ എഴുതി വെച്ചിരിക്കുന്നു. ഈ കിസ്വയുണ്ടാക്കാനായി ഒരു പ്രത്യേക ഫാക്ടറി തന്നെ പ്രവര്‍ത്തിക്കുന്നു. ഫാക്ടറിയിലെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം മലപ്പുറം മഅ്ദിനില്‍ പ്രദര്‍ശിപ്പിച്ച 'വണ്‍ ഡേ ഇന്‍ ഹറം' എന്ന ഡോക്യൂമെന്ററിയില്‍ വിശദമായി കണ്ടിരുന്നു. മക്കയില്‍ നേരിട്ട് വന്നാലും കാണാന്‍ പറ്റാത്ത പലതും ആ ഡോക്യുമെന്ററി കാണിച്ചുതരുന്നു. സംസം കിണറിലെ വെള്ളം പമ്പ് ചെയ്യുന്നതും മറ്റും ഡോകുമെന്ററിയിലെ കൗതുക കാഴ്ച്ചകളാണ്. ലോകോത്തര സംവിധായകനായ അബ്റാര്‍ ഹുസൈനാണത് സംവിധാനം ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ ആദ്യമായി നടന്ന പ്രദര്‍ശനമായിരുന്നു മലപ്പുറത്ത്.

കഅബയുടെ വാതില്‍, മഖാമു ഇബ്റാഹീം, സംസം കിണര്‍, മുല്‍തസം തുടങ്ങിയവയെല്ലാം കഅബയുടെ കിഴക്ക് ഭാഗത്താണുള്ളത്. റുക്നു ശാമി, റുക്നുല്‍ ഇറാഖി, റുക്നുല്‍ യമാനി, റുക്നുല്‍ അസ്വദ് എന്നിങ്ങനെയാണ് നാലു മൂലകളുടെ പേര്.


ഞങ്ങള്‍ പതിയെ കഅ്ബയുടെ സമീപത്തേക്ക് നടന്നു. ത്വവാഫ് ഒന്നും ഇപ്പോള്‍ ഉദ്ദേശ്യമില്ല. കഅ്ബയെ ഒന്ന് തൊടണം. ആറ്റുനോറ്റു താലോലിച്ച നിമിഷമാണ് തൊട്ടുമുന്നില്‍ എത്തി നില്‍ക്കുന്നത്. ജനസഞ്ചയത്തെ നോവിക്കാതെ ത്വവാഫ് ചെയ്യുന്ന ഓരോ ചുറ്റുകളെയും പതിയെ മുറിച്ചു കടന്ന് കഅ്ബക്ക് തൊട്ടരികിലെത്തി. എന്റെ കാഴ്ച്ച മറച്ച് തൊട്ടു മുന്നില്‍ കറുത്ത ഗോപുരം. വിശുദ്ധ കഅ്ബ! ഇനിയും തൊടാനെത്തിയിട്ടില്ല. രണ്ടു മൂന്ന് ചുറ്റ് ആളുകള്‍ കഅ്ബയെ ചുറ്റിപിടിച്ചു ചുംബിക്കുകയാണ്. ഞാന്‍ ക്ഷമയോടെ കാത്തിരുന്നു. ഇരിപ്പുറക്കാതായപ്പോള്‍ ചുംബിക്കുന്നവരുടെ മുകളില്‍ കൂടി ഏന്തിവലിഞ്ഞ് ഞാന്‍ കിസ്വയില്‍ തൊട്ടു. കഅ്ബയെ തൊട്ട വലതു കൈ വിരല്‍ തലപ്പുകളില്‍ നിന്ന് ഒരു മിന്നല്‍ പ്രവാഹം രക്ത ധമനികളിലൂടെ സഞ്ചരിച്ചത് ഞാനറിഞ്ഞു. 'ഞാന്‍ കഅ്ബയെ തൊട്ടു! ' എന്ന് ആരോടെക്കെയോ വിളിച്ചു പറയണമെന്ന് തോന്നി. അല്‍ഹംദുലില്ലാഹ് പിന്നെയും ക്ഷമയോടെ ഒതുങ്ങി നിന്നു. മുമ്പിലുള്ള രണ്ടു മൂന്ന് പേര്‍ മാറി പോയ വിടവിലൂടെ വിശുദ്ധ ഗേഹത്തെ ഒട്ടി നിന്ന് ഞാന്‍ ചുംബിച്ചു. നെറ്റിയും നെഞ്ചും കവിളുകളും വിശുദ്ധ ഗേഹത്തിന്റെ തിരു സ്പര്‍ശത്തില്‍ ധന്യരായി. കഅബയെ ചുംബിക്കല്‍ സുന്നത്തുണ്ടോ എന്ന് ചില പ്ലാസ്റ്റിക് ഇസ്ലാമിസ്റ്റുകള്‍ ചോദിക്കാന്‍ സാധ്യതയുണ്ട്. സ്‌കെയിലു കൊണ്ട് അളന്നും തൂക്കിയും സ്‌നേഹിക്കുന്ന അല്പന്മാരാണവര്‍. അവര്‍ക്ക് കഅബയെ സ്‌നേഹിക്കാന്‍ അറിയുമോ. വരണ്ട ഇസ്‌ലാമുമായി നടക്കുന്നവര്‍ അറിയുന്നുണ്ടോ യഥാര്‍ത്ഥ ഇസ്ലാമിന്റെ കുളിരും തണുപ്പും!

കഅ്ബയുടെ കിസ്വയില്ലാത്ത തറയും ഒഴിഞ്ഞു കിട്ടി. തിരക്കില്ലാത്ത ഈ സീസണിലും ഇതെന്തൊരു തിരക്ക്! ആള്‍കൂട്ടത്തിനിടയില്‍ ഞാനെത്ര നേരം അങ്ങനെ പറ്റിചേര്‍ന്നു നിന്നു എന്നനിക്കറിയില്ല. ഏതായാലും കഅ്ബയോട് കൂറേ സംസാരിച്ചു.  ഇതേത് ഭാഗമാണെന്നൊന്നും നിശ്ചയമില്ലായിരുന്നു. കിട്ടിയ ഭാഗത്തു നിന്നതാണ്. ഇനിയും വരാമല്ലൊ എന്ന ആശ്വാസത്തില്‍ അല്‍പ്പം കഴിഞ്ഞപ്പോള്‍ ഞാന്‍ അവിടെ നിന്ന് മടങ്ങി. ശുക്റിന്റെ രണ്ട് റക്അത് നിസ്‌കരിച്ചു. ഇപ്പോ ഒന്നു തൊട്ടതേയൊള്ളു. ഇനി മുല്‍തസം, വാതില്‍, ഹജറ്, ഹിജ്റ് ഇസ്മാഈല്‍ എല്ലാം ഉണ്ടെന്ന് ഞാന്‍ എന്നെ തന്നെ ഓര്‍മപ്പെടുത്തി.

കൂടെയുള്ളവരെല്ലാം കഅ്ബയെ തൊട്ട സന്തോഷത്തിലാണ്. എല്ലാവരേയും സംഘടിപ്പിച്ച് റൂമിലെത്തിയപ്പോള്‍ സമയം കുറേ വൈകി. അല്ലെങ്കിലും  ഉറങ്ങാത്ത ഈ നഗരത്തില്‍ വൈകാനെന്തിരിക്കുന്നു.  





Post a Comment

Previous Post Next Post

Hot Posts