ഇന്ന് ഞായറാഴ്ച്ചയാണ്. മക്കയിലെ പ്രഭാതത്തിലെ മന്ദമാരുതന്റെ തലോടല്‍ ആദ്യമായി ഏറ്റുവാങ്ങുകയാണ്. ഇന്നലെ വിശ്രമിക്കാത്തതിന്റെ ക്ഷീണം എല്ലാവര്‍ക്കുമുണ്ട്. ളുഹ്ര്‍ വരെ റൂമില്‍ വിശ്രമിച്ച് ളുഹ്റ് നി സ്‌കാരത്തിനായി പള്ളിയിലേക്ക് നീങ്ങി. മസ്ജിദുല്‍ ഹറമിന്റെ ഏതാനും ഭാഗങ്ങള്‍ കാണാന്‍ ശ്രമിച്ചു. അത്ര പെട്ടെന്നൊന്നും നടന്നു തീര്‍ക്കാവുന്നതല്ല മസ്ജിദുല്‍ ഹറം. അതൊരു വലിയ ലോകമാണ്. തിരുനബിയുടെ കാലശേഷം ഉമര്‍(റ)വാണ് ആദ്യമായി മസ്ജിദുല്‍ ഹറം വികസിപ്പിക്കുന്നത്. കഅ്ബയോട് തൊട്ട് ചാരി വീട് വെച്ച് താമസിച്ചിരുന്നവരില്‍ നിന്ന് വിലക്ക് വാങ്ങി ആ സ്ഥലങ്ങള്‍ പള്ളിയോട് ചേര്‍ക്കുകയായിരുന്നു. ശേഷം ഉസ്മാന്‍(റ)വാണ് മസ്ജിദുല്‍ ഹറമിന് ഒരു മേല്‍ക്കൂര ആദ്യമായി പണിതത്. പിന്നീട് അബ്ദുല്ലാഹിബ്നു സുബൈറിന്റെ കാലത്തും ഖലീഫ വലീദുബ്നു അബ്ദുല്‍ മലികിന്റെ കാലത്തും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. അബ്ബാസിയ്യ ഭരണ കാലത്ത് നടന്നതും വലിയ വികസന പ്രവര്‍ത്തനങ്ങളായിരുന്നു. സഊദി രാജാക്കന്മാരും ആധുനിക രൂപത്തിലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. അബ്ദുല്‍ അസീസ് രാജാവാണ് ഇതിന് തുടക്കമിട്ടത്. പിന്നീട് ഫഹദ് രാജാവ് ചെയ്ത വികസനങ്ങളാണ് ഇന്ന് കാണുന്ന അധികവും. 9 മിനാരങ്ങള്‍ ഇപ്പോള്‍ മസ്ജിദിനുണ്ട്. 385000ച.മീ. ആണ് ഇപ്പോള്‍ മസ്ജിദുല്‍ ഹറമിന്റെ വിസ്തീര്‍ണം. 745000 പേര്‍ക്ക് ഒരേ സമയം നിസ്‌കരിക്കാം. പള്ളിയുടെ പുറത്തുള്ള സൗകര്യങ്ങള്‍ കൂട്ടാതെയാണിത്. ഹജ്ജ് കാലത്ത് ഹറമിലെ ഇമാമിനെ തുടര്‍ന്ന് ഒന്നരമില്ല്യണ്‍(15 ലക്ഷം)ആളുകള്‍ നിസ്‌കരിക്കാറുണ്ടെന്നാണ് കണക്ക്. നൂറിലധികം കവാടങ്ങള്‍ ഇന്ന് മസ്ജിദുല്‍ ഹറമിനുണ്ടെത്രേ. നാലു ഭാഗത്തും ഒരേ പോലെയാണ് നിര്‍മാണം. കാഴ്ച്ചയില്‍ എല്ലാം ഒരു പോലെ തോന്നിക്കുന്നത് കൊണ്ടു തന്നെ തീര്‍ത്ഥാടകര്‍ക്ക് വഴിതെറ്റി പോകാന്‍ ഇതൊരു പ്രധാന കാരണമാണ്.
ളുഹ്റ് നിസ്‌കരിച്ച് റൂമിലേക്ക് തന്നെ തിരിച്ചു. ഇനി ഭക്ഷണം കഴിച്ചിറങ്ങിയാല്‍ രാത്രി വൈകി മടങ്ങിപോയാല്‍ മതി. അജ്യാദ് സ്ട്രീറ്റിലൂടെ നടക്കുമ്പോള്‍ ഞാന്‍ തിരുനബിയുടെ കാലത്തെ മക്കയെ കുറിച്ചോര്‍ത്തു. അന്ന് ഈ തെരുവെല്ലാം വിജനമായി കിടക്കുകയായിരുന്നല്ലോ. അപൂര്‍മായി മാത്രം ഉണ്ടായിരുന്ന ചെറ്റ കുടിലുകള്‍ക്കു മുകളിലൂടെ വളരെ ദൂരത്തേക്ക് പോലും കഅബയെ കാണാമായിരിക്കും. പളളിക്കന്ന് നാലുകെട്ടില്ലല്ലോ. എവിടേക്ക് നോക്കിയാലും ഇവിടെ മലകളാണ്. ഈ കാഴ്ച്ച പലതും ഓര്‍മിപ്പിക്കുന്നു. തിരുനബി ജനിച്ചതും വളര്‍ന്നതും 53 വയസ്സുവരെ നീണ്ടകാലം ജീവിച്ചതും ഈ മക്കയിലാണ്. സത്യദീന്‍ വിളംബരപ്പെടുത്തുന്നത് വരെ മുത്തുനബി മക്കക്കാര്‍ക്ക് 'അല്‍അമീന്‍' ആയിരുന്നു. എല്ലാവരും ഒരേ മനസ്സോടെ സ്വീകരിക്കുന്ന സ്രേഷ്ഠ വ്യക്തിത്വം. പ്രവാചകത്വത്തിന് ശേഷം എന്തെല്ലാം ക്രൂരതയാണ് അതേ മക്കക്കാര്‍ തന്നെ ചെയ്തത്. നബിയേയും മറ്റ് മുസ്‌ലിംകളേയും തിരഞ്ഞുപിടിച്ച് അക്രമിച്ചു. യാസിര്‍ കുടുംബം സഹിച്ച ത്യാഗങ്ങള്‍ക്ക് ചരിത്രത്തില്‍ തുല്യതയുണ്ടോ. ബീവി സുമയ്യയേ(റ) യാണ് ആദ്യമായി അവര്‍ കൊന്നൊടുക്കിയത്. ഈ മണ്ണില്‍ എവിടെ വെച്ചാണാവോ മഹതി കുന്തം കൊണ്ടുള്ള പീഢകളേറ്റ് പിടഞ്ഞ് മരിച്ചത്. പിന്നീട് അമ്മാറും യാസിറും...എത്ര എത്ര സംഭവങ്ങള്‍. ചുട്ടുപൊള്ളുന്ന മണലില്‍ നെഞ്ചത്ത് കൂറ്റന്‍ പാറക്കല്ല് കയറ്റി വെച്ച് പീഡിപ്പിച്ചപ്പോഴും അഹദ്! അഹദ്! എന്നുച്ചരിച്ച ബിലാല്‍(റ) നെ എനിക്കോര്‍മ വന്നു. തിരുനബിയെ കൊല്ലാന്‍ അവര്‍ തക്കം പാര്‍ത്തിരുന്നു. സഹിക്കെട്ട് അവസാനം മദീനയിലേക്ക് ഹിജ്റ പോകേണ്ടി വന്നു. ജനിച്ച മണ്ണില്‍ എല്ലാം ഉപേക്ഷിച്ച് ഹൃദയം പറിച്ചുവെച്ചുള്ള ഒരു യാത്ര! ഹിജ്റയില്‍ മക്കാ അതിര്‍ത്തിയിലെ ഖസ്വറയിലെത്തിയപ്പോള്‍ കഅബയുടെ ഭാഗത്തേക്ക് തിരിഞ്ഞ് പറഞ്ഞതോര്‍മയില്ലേ... 'മക്കാ! നിന്നോട് പിണങ്ങിയിട്ടല്ല ഞാന്‍ പോകുന്നത്.അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട മണ്ണാണ് നീ എന്നനിക്കറിയാം. നിന്നെ എനിക്കും പെരുത്തിഷ്ടമാണ്. നിന്റെ സമൂഹം എന്നെ പുറത്താക്കിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ വിട്ട് പോകില്ലായിരുന്നു.'
ഭാര്യയുടെ സഹോദരന്‍ റഹീം, ഹോട്ടല്‍ തേടിപ്പിടിച്ചു വന്നു. അവന്‍ മക്കയില്‍ തന്നെയാണ്. എനിക്കന്നവനോട് അസൂയ തോന്നി. എപ്പോഴും ഹറമില്‍ വരാന്‍ കഴിയുക നിസാര ഭാഗ്യമൊന്നുമല്ലല്ലോ!. ഹോട്ടലില്‍ വൈ-ഫൈ കണക്ഷനുണ്ട്. വാട്ട്സ്ആപ്പില്‍ അത്യാവശ്യം നാട്ടിലെ കാര്യങ്ങളൊക്കെ അറിയാനും ബന്ധപ്പെടാനും ഇത് സൗകര്യമായി. ദിവസവും എത്ര തവണയാണ് ജാബിര്‍ സിദ്ദീഖി എന്നെ വിളിക്കുന്നത്. അവനെന്റെ ബന്ധുവൊന്നുമല്ല. അരീക്കോട്ടെ 9 വര്‍ഷത്തെ പഠനകാലത്ത് ലഭിച്ച ജ്യേഷ്ഠനാണ്. പലപ്പോഴും രക്തബന്ധങ്ങളേക്കാള്‍ അമൂല്യമാകും ചില സൗഹൃദങ്ങള്‍. ജിദ്ദയിലിറങ്ങിയതു മുതല്‍ അവന്‍ വിളിച്ചോണ്ടിരിക്കുന്നു. ഫോണില്‍ പലപ്പോഴും റീചാര്‍ജ് ചെയ്തതായി മെസേജ് വരുന്നു. ജാബിറിന്റെ പണിയാണ്. മക്കയിലുള്ള അവന്റെ പരിചയക്കാരെയെല്ലാം ബന്ധപ്പെടുത്തി തന്നിരുന്നു. ജിദ്ദയിലാണെങ്കിലും എപ്പോഴെങ്കിലും മക്കയില്‍ വന്ന് കാണാന്‍ ശ്രമിക്കും എന്നാണവന്‍ പറയുന്നത്.
അസറ് നിസ്‌കാരത്തിന് നേരത്തെ തന്നെ ഞങ്ങള്‍ പള്ളിയിലേക്കു പോയി. മഗ്രിബിന് ശേഷം സഫാ കുന്നിന്റെ സമീപത്തിരുന്ന് മഹ്ളറതുല്‍ ബദ്രിയ്യ ചൊല്ലണമെന്ന് ഞങ്ങളുടെ സംഘം തീരുമാനിച്ചിരുന്നു. സുല്‍താനുല്‍ ഉലമാ കാന്തപുരം ഉസ്താദ് ക്രോഡീകരിച്ച ദിക്റുകളും ബദ്റ് ബൈതും. മലപ്പുറത്ത് നിന്ന് അത് ചൊല്ലാന്‍ ഉസ്താദില്‍ നിന്ന് തന്നെ ഇജാസത് ലഭിച്ചിരുന്നു. മഗ്രിബിന് ശേഷം ആഇശാനെയും ബിലുവിനെയും കാണാന്‍ ബന്ധുക്കളാരോ വന്നപ്പോള്‍ അവരേയും കൊണ്ട് ക്ലോക്ക് ടവറിന്റ ചുവട്ടിലെത്തി. തിരിച്ചു വന്നപ്പോഴേക്കും ഞങ്ങളുടെ സംഘം മഹ്ളറ നടത്താന്‍ കിട്ടിയ സ്ഥലത്തെത്തിയിരുന്നു. ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അവരെ കണ്ടത്താനായില്ല. സഫയും മര്‍വയും പലയാവര്‍ത്തി ചുറ്റിനടന്ന് നോക്കി ഒടുക്കം തിരച്ചിലവസാനിപ്പിച്ച് സഫയുടെ ചാരത്ത് ഞങ്ങള്‍ ഇരുന്നു. പിന്നീടാണ് സഫയുടെ അണ്ടര്‍ഗ്രൗണ്ടിലായിരുന്നു അവരെന്നറിഞ്ഞത്.
ക്ഷീണിച്ച് സഫയേ നോക്കിയിരുന്നപ്പോള്‍ എനിക്ക് ആ സംഭവം ഓര്‍മവന്നു. നുബുവത് ലഭിച്ച ആദ്യകാലത്ത് അടുത്ത കുടുംബങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കാനുള്ള വഹ്യ് ലഭിച്ചപ്പോള്‍ മുത്തുനബി ഈ സഫയുടെ മുകളിലേക്ക് കയറി. തന്റെ അടുത്ത കുടംബക്കാരെ ഓരോ വംശത്തേയും പേരെടുത്ത് വിളിച്ചു. 'ഓ, അബ്ദു മനാഫ് ഗോത്രക്കാരേ, ഓ ഹാശിം കുടുംബമേ, ഓ, അബ്ദുല്‍ മുത്തലിബ് കുടുംബമേ, ഓ സ്വഫിയ്യാ, ഓ മോളേ ഫാത്വിമാ.....'
വിളി കേട്ട് എല്ലാവരും ഈ കുന്നിന് താഴെ ഒരുമിച്ചു കൂടി. അവരോട് മുത്തുനബി ചോദിച്ചു. 'ഈ മലയുടെ അപ്പുറത്തു നിന്ന് ഒരു സൈന്യം സായുധരായി വരുന്നു എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വിസിക്കുമോ'. അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു 'എന്തിന് വിശ്വിസിക്കാതിരിക്കണം നീ ഈ 40 വയസ്സിനിടയില്‍ ഒരു കളവ് പറയുന്നത് പോലും ഞങ്ങള്‍ കേട്ടിട്ടില്ല'.
'എങ്കില്‍ അതിലേറെ ഭയാനകമായ ഒരു വിപത്ത് ഞാന്‍ നിങ്ങളെ അറിയിക്കുകയാണ്. നിങ്ങളെന്നെ വിശ്വസിക്കണം. ആരാധ്യനായ അല്ലാഹു ഒരുവനാണ്. ഈ ബിംബങ്ങളെല്ലാം വെറും കല്ലുകളാണ്. ഇവകളെ ആരാധിച്ചാല്‍ ശാശ്വതമായ നരവകവാസമാണ് ഫലം...' ഇതു കേട്ടതും പിതൃസഹോദരന്‍ അബൂലഹബ് രോഷം പൂണ്ട് ചോദിച്ചു 'ഇതിനാണോ ഞങ്ങളെ നീ വിളിച്ചു കൂട്ടിയത്. തബ്ബന്‍ ലക്' (നീ നശിച്ചു പോട്ടെ...) വാപ്പയും ഉമ്മയുമില്ലാത്ത മുത്തു നബിക്ക് പിന്തുണ തരേണ്ട എളാപ്പയാണിത് പറയുന്നത്. നബിക്ക് വിഷമമായി. സദസ്സ് കലങ്ങി പിരിഞ്ഞു. ആ സമയം അബൂലഹബിനെ ശപിച്ചു കൊണ്ടിറങ്ങിയതാണ് 'തബ്ബത്' എന്ന ഖുര്‍ആനിലെ ചെറിയ അധ്യായം. 'തിരുനബിയല്ല നീയാണ് നശിച്ചുപോവുക' എന്നാണല്ലോ ആ അധ്യായത്തിന്റെ ചുരുക്കം. സഫയെ തന്നെ നോക്കി 'തബ്ബത്' സൂറത് കുറച്ച് നേരം ഓതി. ഇശാഅ് കഴിഞ്ഞ് റൂമിലേക്ക് തിരിക്കുകയാണ്. ഉമ്മയുള്ളത് സംഘത്തോടൊപ്പമാണ്. ക്ലോക്ക് ടവറിന് ചുവട്ടില്‍ ഞങ്ങളവരെ കാത്തിരുന്നു. കൂടെയുള്ളവരൊക്കെ പോയെങ്കിലും അവരെ കിട്ടാന്‍ അല്പം പ്രയാസപ്പെട്ടു. ഒറ്റക്ക് പോയി പള്ളിക്കുള്ളില്‍ വഴിതെറ്റി പോയതാണ്. റൂമിലേക്ക് തിരിച്ചു പോകുമ്പോള്‍ തന്നെ ഞാനൊരു സിം വാങ്ങി ഫോണിലിട്ട് ഉമ്മാക്ക് നല്‍കി. ഫോണുണ്ടെങ്കില്‍ പിന്നെയൊരു സമാധാനമാണല്ലോ. മക്കയിലെത്തിയ എന്റെ രണ്ടാമത്തെ രാത്രിയാണെന്ന തിരിച്ചറിവോടെ ഞാന്‍ ഉറങ്ങാന്‍ കിടന്നു.
ഉമ്മു ഇസ്മാഈലിന്റെ ത്യാഗങ്ങള്‍
ഹറമിലെത്തി ഞങ്ങള്‍ ഒരു ചെറു സംഘമായി വേഗം ത്വവാഫും സഅ്യും പൂര്‍ത്തീകരിച്ചു. ഒന്ന് ചെയ്ത അനുഭവം ഇന്നത്തെ കര്‍മങ്ങള്‍ കുറച്ചു കൂടി എളുപ്പമാക്കി. ഉംറ നേരത്തെ കഴിഞ്ഞതു കൊണ്ട് മറ്റുള്ളവരെ കാത്ത് ഞാന്‍ മര്‍വ്വയുടെ ചാരത്തിരുന്നു. കുട്ടികളെ എടുത്തു കൊണ്ടാണ് എളാപ്പയും മകളും ത്വവാഫും സഅ്യുമെല്ലാം ചെയ്യുന്നത്. അത്യാവശ്യം ശ്രമകരമാണത്. അവരുടെ ഉംറക്ക് അല്ലാഹു ഹജ്ജിന്റെ കൂലി നല്‍കട്ടെ എന്നു പ്രാര്‍ത്ഥിച്ചു. അവരെ കാത്തിരിക്കുന്നതിനിടയില്‍ ബീവി ഹാജറ(റ) കരയുന്ന കൈകുഞ്ഞിനെ തോളിലിട്ട് സഫയുടെയും മര്‍വ്വയുടെയും ഇടയില്‍ കിതച്ചോടുന്നത് ഞാന്‍ കണ്ടു. ദാഹിച്ചു കരയുന്ന കുഞ്ഞു ഇസ്മാഈലിനെ ഒരല്പം വെള്ളമെങ്കിലും സംഘടിപ്പിക്കാനാണ് ഈ ഓട്ടം. ഇടക്ക് മകനെ മണലില്‍ കിടത്തി ആ ഉമ്മ രണ്ടു കുന്നുകള്‍ക്കും മുകളില്‍ ഏന്തിവലിഞ്ഞു കയറി നോക്കുന്നു. വല്ല യാത്രാ സംഘവും അകലെ നിന്ന് വരുന്നുണ്ടോ എന്ന് നോക്കുകയാണ്. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സഫയും മര്‍വ്വയുമായി ജ്വലിച്ചു നില്‍ക്കുന്ന ഉമ്മു ഇസ്മാഈലിനെ കുറിച്ചോര്‍ത്ത് എന്റെ ചിന്തകള്‍ കാടുകയറി. ആ ഉമ്മയുടെ കണ്ണീരുപ്പു കലര്‍ന്ന് നനഞ്ഞ ഈ നിലത്തിരുന്ന് അതെല്ലാം ഓര്‍ത്തെടുക്കുന്നത് ഹൃദയഹാരിയായ അനുഭവമാണ്. ഉമ്മു ഇസ്മാഈല്‍ എന്തു കൊണ്ട് ചരിത്രത്തില്‍ ശ്രദ്ധേയമായ മഹിളാ സാന്നിധ്യമായി നിറഞ്ഞ് നില്‍ക്കുന്നു!. സമൂഹം ബലഹീനതയെന്ന് പറഞ്ഞ് അവഗണിക്കുന്ന കാര്യങ്ങളെല്ലാം സമ്മേളിച്ച ചരിത്രത്തിലെ അപൂര്‍വ്വതയായിരുന്നു ബീവി ഹാജറ(റ). കറുപ്പും, സ്ത്രീത്വവും, വൈദേശികതയും, അടിമത്തവും മേളിച്ച അപൂര്‍വ്വ വനിത! എന്നിട്ടും എത്ര ഔന്നിത്യത്തിലേക്കാണ് ആ മഹതി നടന്നു കയറിയത്. പ്രവാചക പത്നിയാവാനുള്ള സുവര്‍ണാവസരം ബീവിയെ തേടിയെത്തി.
സാറാ ബീവി- ഇബ്രാഹീം(അ) ദമ്പതിമാര്‍ക്ക് സന്താനങ്ങള്‍ പിറന്നിരുന്നില്ല. ആ ദമ്പതികള്‍ പ്രതീക്ഷകളുമായി കഴിഞ്ഞുകൂടിയെങ്കിലും അവസാനം സാറാ ബീവി തനിക്ക് ലഭിച്ച 'ഹാജറ' എന്ന അടിമയെ വിവ ാഹം ചെയ്യാന്‍ ഭര്‍ത്താവിനോട് നിര്‍ദേശിച്ചു. അങ്ങിനെയാണ് ആ വിദേശിയായ അടിമ സ്ത്രീ പ്രവാചക പത്നിയാക ുന്നത്.
'പ്രവാചക പത്നി' എന്നതില്‍ കവിഞ്ഞ് ഏതു വലിയ സ്ഥാനമാണ് ഒരു സ്ത്രീക്ക് നേടിയെടുക്കാനാവുക. മഹതിയെ അല്ലാഹു ആദരിച്ചതാണ് നാം ഇവിടെ കണ്ടത്, വര്‍ണ, വര്‍ഗ്ഗ ഭേദമില്ലാത്ത ആദരവ്. ഹാജറ ഖ്വിബ്തിയായിരുന്നു. ഈജിപ്താണ് സ്വദേശം. ജീവിതം തള്ളി നീക്കുന്നതിനടയില്‍ സിറിയയിലുമെത്തി. പക്ഷേ ഇവിടെ കേവലം അടിമയല്ല. പ്രവാചക പത്നിയുടെ തിലകം ചാര്‍ത്തിയിട്ടാണ് ഹാജറ ചരിത്രത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്. ദാമ്പത്യ ജീവിതം മുന്നോട്ട് ഗമിക്കുന്നതിനടയില്‍ ഹാജറ ഗര്‍ഭിണിയായി. സാറാ ബീവിയെക്കൊണ്ട് നേടാത്ത ഒരു കാര്യം ഭര്‍ത്താവിന് തന്നെക്കൊണ്ട് സാധിച്ചതില്‍ ഹാജറാ ബീവിക്ക് തെല്ലൊരു അഭിമാനമുണ്ടായി. ഇതു പക്ഷേ സാറാ ബീവിക്ക് രസിച്ചില്ല. സാറാ ബീവി ഭര്‍ത്താവിനോട് ഹാജറയെക്കുറിച്ച് പരാതികള്‍ പറയാന്‍ തുടങ്ങി. ഇതറിഞ്ഞ ഹാജറ(റ) ഭയപ്പെട്ടു. ആ ഗര്‍ഭിണിയുടെ കണ്‍തടങ്ങളില്‍ ദുഃഖം തളം കെട്ടി. സങ്കടങ്ങള്‍ ഇറക്കി വെക്കാന്‍ ഒരു അരുവിക്കരികില്‍ പോയിരുന്ന് അഭയം തേടി. ആ ഏകാന്തതയില്‍ തപിക്കുന്ന ഹാജറാ ബീവിയുടെ മനസ്സിന് കുളിര് പകര്‍ന്ന് ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. മലക്ക് ബീവിയോട് പറഞ്ഞു: ''ഹാജറാ, നീ ഭയപ്പെടരുത് നിങ്ങള്‍ ഗര്‍ഭം ധരിച്ചിരിക്കുന്ന കുട്ടി അതുല്യവാനാണ്. നിങ്ങള്‍ക്കവന്‍ നന്മയാകും. അവന് നിങ്ങള്‍ ഇസ്മാഈല്‍ എന്ന് പേരിടണം'' ഹാജറാ ബീവിക്ക് ആശ്വാസമായി.
ആ കുടുംബത്തിലെ അസ്വസ്ഥത പരിഹരിക്കാന്‍ അല്ലാഹുവിന്റെ നിര്‍ദേശം വന്നു, ഹാജറാ ബീവിയെ ദൂരെ ഒരു ദിക്കിലേക്ക് കൊണ്ടു പോകുക. ബുറാഖെന്ന അത്ഭുത വാഹനം ആകാശത്ത് നിന്നും ഇറങ്ങി വന്നു. ഇബ്രാഹീം നബി(അ)യും കൈകുഞ്ഞും ഹാജറാ ബീവിയും വാഹനത്തില്‍ കയറി പുറപ്പെട്ടു. ഇടക്ക് പച്ചപ്പുള്ള പ്രദേശങ്ങള്‍ കാണുമ്പോഴെല്ലാം പ്രവാചകന്‍ മാലാഖയോട് ചോദിക്കും 'ഇവിടെ ഇറങ്ങുകയല്ലേ?' നമ്മുടെ ലക്ഷ്യസ്ഥാനം എത്തിയിട്ടില്ല എന്നാവും മലക്കിന്റെ മറുപടി. അവസാനം മക്കയിലെ മരുപ്പറമ്പില്‍ ആ കുടുംബത്തെ ഇറക്കി. ചരിത്രനിയോഗമായിരുന്നു ഇത്. അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ) മക്കയില്‍ ഭൂജാതനായത് ഇതേ ഇസ്മാഈല്‍(അ)ന്റെ പരമ്പരയില്‍ നിന്നാണല്ലോ? അപ്പോള്‍ അന്ത്യ പ്രവാചകരുടെ വിശുദ്ധ മാതാക്കളില്‍ ഒരാളാവുക എന്ന അതുല്യ പദവി കൂടി അലങ്കരിക്കുകയാണ് ഈ അടിമ സ്ത്രീ. മലക്ക് ആജ്ഞാപിച്ചു. 'ഇവിടെ ഇറങ്ങുക'.'ഇവിടെ ഇറങ്ങുകയോ? ഒരു പുല്ലു മുളുക്കുകയോ ആള്‍ താമസമോ ഇല്ലാത്ത ഈ മരുപ്പറമ്പിലോ?'' ''അതെ ഇവിടെ വെച്ചാണ് നിങ്ങളുടെ സന്താന പരമ്പരയില്‍ നിന്ന് പ്രശസ്തനായ ഒരു നബി അയക്കപ്പെടുക, ആ നബിക്ക് നാഥന്റെ കലാം ഇവിടെ വെച്ച് പൂര്‍ത്തികരിച്ച് അവതരിക്കപ്പെടും'' മലക്ക് പറഞ്ഞു.
കൈ കുഞ്ഞുമായി ഏകാന്തത മാത്രം കൂടെയുള്ള മരുഭൂമിയില്‍ ഭാര്യയെ ഉപേക്ഷിച്ചു പോരാനായിരുന്നു അല്ലാഹുവിന്റെ കല്‍പന. എന്തൊരു പരീക്ഷണം! ഒരു പിടി കാരക്കയും ഒരു പാത്രം വെള്ളവും മാത്രം നല്‍കി തിരിഞ്ഞു നടക്കാനൊരുങ്ങുന്ന വല്ലഭനോട് ബീവി അന്വേഷിച്ചു. ''അല്ലാഹു പറഞ്ഞിട്ടാണോ ഞങ്ങളെ ഒറ്റക്കാക്കിപ്പോകുന്നത്?'' ''അതെ'' എന്ന നബിയുടെ ഉത്തരം മതിയായിരുന്നു മഹതിക്ക്. ഭീതിതമായ ഏകാന്തതയുടെ മരുഭൂമിയില്‍ കൈ കുഞ്ഞുമായി ഭക്ഷണം പോലുമില്ലാതെ ഒറ്റപ്പെട്ട ഒരു സ്ത്രീയുടെ തവക്കുലിന്റെ കരുത്താണ് നാം വായിക്കുന്നത്. താന്‍ കുടിച്ചു തീര്‍ക്കുന്ന ഒറ്റപ്പെടലും കഷ്ടപ്പാടുകളും റബ്ബിന്റെ തീരുമാനമാണെന്ന വിചാരത്തില്‍ എല്ലാം സമര്‍പ്പിക്കാന്‍ തയ്യാറായി പൊരിമണലില്‍ കൈ കുഞ്ഞുമായി നില്‍ക്കുന്ന ദാസിയുടെ ഭക്തിയാണിത്.
തിരിഞ്ഞു നിന്ന് ഇബ്്റാഹീം നബി അവര്‍ക്ക് വേണ്ടി ദുആ ചെയ്തു. 'നാഥാ എന്റെ കുടുംബത്തെ ഞാനിതാ ആരോരുമില്ലാത്ത മരുഭൂമിയില്‍ പാര്‍പ്പിച്ചിരിക്കുന്നു. അവര്‍ക്ക് നീ രക്ഷയേകണേ. മനുഷ്യ ഹൃദയങ്ങളില്‍ അവരോട് സ്നേഹമുളവാക്കണേ. നീ അവര്‍ക്ക് ഭക്ഷണങ്ങളും പഴങ്ങളും നല്‍കേണമേ'
പാരാവാരം കണക്കെ പരന്നുകിടക്കുന്ന മരുഭൂമിയില്‍ ഒരു സ്ത്രീ കൈകുഞ്ഞുമായി ജീവിക്കുന്നു കയ്യില്‍ കരുതിയ ഭക്ഷണം തീര്‍ന്നപ്പോള്‍ പൊന്നുമോന്‍ കരയാന്‍ തുടങ്ങി. ശിശുവിന്റെ പശിയടക്കാന്‍ ആ മാതാവ് തെല്ലൊന്നുമല്ല പരിഭവപ്പെട്ടത്. ഒന്നു യാചിച്ചു വാങ്ങാന്‍ പോലും സമീപത്താരുമില്ലല്ലോ? ഈ മരുഭൂമി ഉണ്ടായതിനു ശേഷം മനുഷ്യ സ്പര്‍ശം ഏല്‍ക്കാത്തതു പോലെ.
പരിസരത്തുള്ള സ്വഫാ പര്‍വ്വതത്തിന്റെ ഉച്ചിയില്‍ കയറി നോക്കി. ആരെയും കാണുന്നില്ല. ഓടിയിറങ്ങി മര്‍വ്വ കുന്നിലും കയറി നോക്കി. നിരാശ തന്നെ ഫലം. കുഞ്ഞിന്റെ കരച്ചിലിന്റെ ശബ്ദം കൂടുന്നു. ഉമ്മയുടെ നെഞ്ച് പൊട്ടുകയാണ്. രണ്ട് മലകള്‍ പല പ്രാവശ്യം ഓടിക്കയറിയിറങ്ങി. ഒടുവില്‍ ഒരു മലക്ക് പ്രത്യക്ഷപ്പെട്ടു. മലക്കിന്റെ ചിറക് കൊണ്ട് കുഴിച്ച കുഴിയില്‍ നിന്ന് വെള്ളം ഉറവയൊഴുകുന്നു. ഇസ്മാഈല്‍ കിടന്ന് കാലിട്ടടിച്ച സ്ഥലത്താണത്. സംസം! ആശ്വാസത്തിന്റെ തെളിനീരുറവ. മഹതിക്ക് ശ്വാസം നേരെ വീണതപ്പോഴാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ കുടിച്ചു തീര്‍ത്ത ഓരോ കവിള്‍ സംസത്തിലും ബീവി ഹാജറയുടെ ത്യാഗത്തിന്റെ ഉപ്പുരസവും മാതൃത്വത്തിന്റെ മധുരവുമുണ്ട്.
മക്കവഴി സഞ്ചരിക്കാനിടയായ ജുര്‍ഹും ഗോത്രക്കാരില്‍ പെട്ട ഒരു കുടുംബം സംസം ജലം കണ്ടു. ആ വെള്ളത്തിന്റെ ഉടമസ്ഥയെ അന്വേഷിച്ചറിഞ്ഞ് സമ്മതം ചോദിച്ചു. ഹാജറ(റ) എല്ലാവര്‍ക്കും സമ്മതം നല്‍കി. ക്രമേണ ജുര്‍ഹും ഗോത്രക്കാര്‍ അവിടെ താമസമാക്കി. മഹതിയുടെ മകന്‍ ഇസ്മാഈല്‍ ജുര്‍ഹും ഗോത്രക്കാര്‍ക്കിടയില്‍ വളര്‍ന്നു. അവരില്‍ നിന്ന് അറബി ഭാഷയും സംസ്‌കാരവും സ്വായത്തമാക്കി. മാതാവിന്റെ വഫാത്തിന് ശേഷം ജുര്‍ഹും ഗേത്രക്കാരിയായ ഒരു പെണ്ണിനെ വിവാഹം ചെയ്ത് ജീവിച്ചു. ശേഷം ഇസ്മാഈല്‍ പ്രവാചകരായി. ആ വിശുദ്ധ പരമ്പര അറബികളിലൂടെ സംരക്ഷിക്കപ്പെട്ടു. ഈ പരമ്പരയിലാണ് ഖുറൈശികള്‍ കടന്നു വരുന്നത്.
ഹാജറ ബീവിയെ ആദരിച്ചു കൊണ്ട് അന്ത്യ പ്രവാചകര്‍(സ) പലപ്പോഴും വാചാലമായിട്ടുണ്ട്. ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: ''ഉമ്മു ഇസ്മാഈലിന് അല്ലാഹു അനുഗ്രഹം ചെയ്യട്ടെ. അവരെങ്ങാനും അന്ന് 'സംസം' എന്ന് പറഞ്ഞില്ലായിരുന്നുവെങ്കില്‍ അതിന്നും നിറഞ്ഞൊഴുകുമായിരുന്നു.'' ഹാജറ ബീവിയുടെ മാതൃസ്നേഹത്തില്‍ നിര്‍ഗളിച്ച സംസം ഉറവ കോടിക്കണക്കിനു പേര്‍ കുടിച്ചു കൊണ്ടിരിക്കുന്നു. ആ വെള്ളം കുടിക്കാത്ത വിശ്വാസികളുണ്ടാകുമോ? തിരിച്ചു പോകുന്ന വഴിയില്‍ നിന്ന് വീണ്ടും ഞങ്ങള്‍ കുടിച്ചു. അസറ് നിസ്‌കരിച്ച് റൂമിലേക്ക് നടന്നു.
ഹിജാസിൻെറ ഹൃദയ ഭൂമികളിലൂടെ എന്ന പുസ്തകത്തിൽ നിന്നും...
BY മുഹമ്മദ് നഷാദ് സിദ്ദീഖി
കോപ്പികൾക്ക് https://wa.me/+919387295824
Post a Comment