ഇന്ന് ചൊവ്വാഴ്ച്ചയാണ്. ആയിശ പള്ളിയില്‍ പോയി ഇഹ്റാം ചെയ്ത് ഒരു ഉംറ കൂടി ചെയ്യാനുള്ള ഒരുക്കത്തിലാണ്. തന്‍ഈമിലാണ് ആയിശാ മസ്ജിദ്. മസ്ജിദുല്‍ ഹറാമില്‍ നിന്ന് ഏറ്റവും അടുത്തുള്ള മീഖാതാണിത്. തിരുനബി ഹജ്ജിന് വന്ന അവസരത്തില്‍ കൂടെയുണ്ടായിരുന്ന ഭാര്യ ആയിശ(റ)ക്ക് ഉംറ ചെയ്യാന്‍ കഴിഞ്ഞില്ല.
അവര്‍ക്കാസമയത്ത് ആര്‍ത്തവമായിരുന്നു. എല്ലാവരും ഹജ്ജും ഉംറയും ചെയ്തു. തനിക്ക് മാത്രം ഉംറ ചെയ്യാന്‍ കഴിയാത്ത സങ്കടം ബീവി പങ്കുവെച്ചപ്പോള്‍ ശുദ്ധിയായ ശേഷം സഹോദരന്‍ അബ്ദുറഹ്മാനോ(റ)ടൊപ്പം അവരെ തന്‍ഈമിലേക്ക് പറഞ്ഞയച്ചു. അവര്‍ ഇഹ്റാം ചെയ്ത സ്ഥലത്തു മഹതിയുടെ പേരില്‍ നിര്‍മിച്ച പള്ളിയാണ് മസ്ജിദു ആയിശ. വളരെ കുറഞ്ഞ ദൂരമേ മക്കയില്‍ നിന്ന് തന്‍ഈമിലേക്കൊള്ളു.
ബസില്‍ കയറിയതുമുതല്‍ തന്‍ഈമിന്റെ കണ്ണീരായ ഖുബൈബ് ബിനു അദിയ്യ്(റ)വിനെ കുറിച്ചായിരുന്നു എന്റെ ചിന്ത. തിരുനബിയോടുള്ള സ്നേഹം ഇത്ര പ്രകാശിപ്പിച്ച മറ്റൊരു രക്തസാക്ഷിത്വം ഉണ്ടോ എന്നറിയില്ല. 'ഞങ്ങളുടെ നാട്ടുകാര്‍ക്ക് ഇസ്‌ലാം പഠിപ്പിച്ചു തരാന്‍ പറ്റിയ കുറച്ചാളുകളെ കൂടെ പറഞ്ഞയച്ചു തരണം' എന്ന് മദീനയിലെ പള്ളിയില്‍ വന്ന് ഏതാനും വിദേശികള്‍ ആവശ്യപ്പെട്ടപ്പോള്‍ തിരുനബി(സ) ആസിം(റ)വിന്റെ നേതൃത്വത്തില്‍ പത്താളുകളെ പറഞ്ഞയച്ചു. ഖുബൈബ്(റ)വും ഈ സംഘത്തിലുണ്ടായിരുന്നു. വഴിയില്‍ വെച്ചാണവരുടെ ദുരുദ്ദേശ്യം മനസ്സിലായത്. സ്വഹാബികളെ വഴിയില്‍ വെച്ച് വധിക്കാനുള്ള ചതിപ്രയോഗമായിരുന്നു അത്. സംഘത്തിലെ ഏഴ് പേരെ വഴിയില്‍ വെച്ച് കൊലപ്പെടുത്തി. ശേഷിക്കുന്ന മൂന്നു പേരെ അവരോട് വ്യക്തിപരമായി തന്നെ ശത്രുതയുണ്ടായിരുന്ന മക്കക്കാര്‍ക്ക് വില്‍ക്കുകയും ചെയ്തു. ഖുബൈബ്(റ)വിനെ ഈ സംഘം വിറ്റത് ഹാരിസ്ബിനു ആമിറിന്റെ മക്കള്‍ക്കായിരുന്നു. ബദ്റില്‍ വെച്ച് തങ്ങളുടെ പിതാവ് ഹാരിസിനെ കൊന്ന ഈ ഖുബൈബിനോട് പ്രതികാരം തീര്‍ക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അവരദ്ദേഹത്തെ ക്രൂരമായി പീഡിപ്പിച്ചു. ഇസ്‌ലാമില്‍ നിന്ന് പിന്‍മാറിയാല്‍ കൊല്ലാതെ വിടാമെന്ന അവരുടെ പ്രലോഭനങ്ങളില്‍ അദ്ദേഹം വീണില്ല. അവസാനം തന്‍ഈമില്‍ കഴുമരം തയ്യാറാക്കി അതിനു താഴെ കൊണ്ടുവന്നു നിര്‍ത്തി. ആരാച്ചാര്‍ തയ്യാറായി വന്നു. ഖുറൈശികള്‍ അന്ത്യാഭിലാഷം ചോദിച്ചു. രണ്ട് റകഅത് നിസ്‌കരിക്കാനായിരുന്നു അവസരം ചോദിച്ചത്. ഈ സമയത്തെ ഭക്തിസാന്ദ്രമായ നിസ്‌കാരം കണ്ട് ശത്രുക്കള്‍ പോലും അമ്പരന്നു.
കഴുമരത്തിന്റെ നിഴലില്‍ നിസ്‌കരിക്കുന്ന എന്റെ മുത്തിന്റ പ്രിയ സ്നേഹിതന്‍ ഖുബൈബിനെ(റ) മനസ്സില്‍ സങ്കല്‍പ്പിക്കാന്‍ ബസ്സിലിരുന്ന് ഞാനൊരു ശ്രമം നടത്തി. നിസ്‌കാര ശേഷം ഖുബൈബ്(റ) പറഞ്ഞു. 'മരിക്കാന്‍ എനിക്ക് ഭയമാണെന്ന് നിങ്ങള്‍ പറയുമെന്ന തോന്നല്‍ എനിക്കില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിസ്‌കാരം ഇനിയും ദീര്‍ഘിപ്പിക്കുമായിരുന്നു.' നിസ്‌കാര ശേഷവും അവര്‍ പ്രലോഭനം തുടര്‍ന്നു. മുഹമ്മദിനെ ഒന്ന് തള്ളിപ്പറഞ്ഞാല്‍ ഈ കഴുമരത്തില്‍ നിന്ന് ഒഴിവാക്കാം എന്നു പോലും പറഞ്ഞിട്ടും ഖുബൈബ്(റ) വഴങ്ങിയില്ല. അവസാനം കയ്യുയര്‍ത്തി പ്രാര്‍ത്ഥിച്ചു. 'നാഥാ! എന്റെ ഇപ്പോഴത്തെ അവസ്ഥ മദീനയില്‍ എന്റെ ആറ്റലോരെ അറിയിക്കണേ.. അസ്സലാമു അലൈക്കും യാ റസൂലല്ലാഹ്.'
450 കിലോമീറ്ററുകള്‍ക്കപ്പുറത്തു നിന്ന് തിരുനബി ആ സലാം കേട്ടു. മദീനാ പള്ളിയുടെ അകത്തളത്തില്‍ മുത്ത് ഹബീബും അനുചരരും ഗൗരവമായ ചര്‍ച്ചയിലാണ്. പെട്ടെന്ന് മുത്ത് ഹബീബ് അവിടത്തെ കണ്ഡങ്ങളില്‍ നിന്നും വേദന കടിച്ചമര്‍ത്തി 'വ അലൈക്കുമുസ്സലാം യാ ഖുബൈബ്!' എന്ന് സലാം മടക്കി. ആ ദുഷ്ടന്മാര്‍ പ്രിയപ്പെട്ട ഖുബൈബിനെ കഴുമരത്തിലേറ്റി. കൈ കാലുകള്‍ മുറിച്ചു മാറ്റി മയ്യിത്ത് വികൃതമാക്കി.
ഖുബൈബ്(റ)വിന്റെ ശരീരം അവിടെ ഉപേക്ഷിക്കപ്പെട്ടു. ഈ സമയം മദീനയില്‍ നബി(സ്വ) അനുചരന്‍മാരോട് പറഞ്ഞു. 'തന്‍ഈമില്‍ എന്റെ ഖുബൈബ്(റ)വിന്റെ ശരീരം തൂക്കുമരത്തില്‍ കിടക്കുകയാണ്. അത് അവിടെനിന്നു കൊണ്ടുവരുന്നവര്‍ക്ക് ഞാന്‍ സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നു.' ഇത് കേട്ട് സുബൈര്‍ബ്‌നു അവ്വാം(റ), മിഖ്ദാദ്ബ്‌നു അസദ്(റ) എന്നിവര്‍ നബി(സ്വ)യുടെ സമ്മതം വാങ്ങി മക്കയിലേക്ക് കുതിച്ചു. അവര്‍ തന്‍ഈമിലെത്തിച്ചേര്‍ന്നു. അപ്പോള്‍ ഇവരുടെ വരവറിഞ്ഞ് നാല്‍പതോളം ആളുകള്‍ തൂക്കുമരത്തിന് കാവല്‍ നില്‍ക്കുന്നതായി അവര്‍ കണ്ടു. എന്നാല്‍, പ്രവാചകന്റെ ആശീര്‍വാദത്തോടെ പുറപ്പെട്ട രണ്ടു പേരും അവിടെയെത്തിയപ്പോള്‍ കാവല്‍ക്കാര്‍ ഉറക്കത്തിലായിരുന്നു. സുബൈര്‍(റ)ഉം മിഖ്ദാദ്(റ)ഉം ഖുബൈബ്(റ)ന്റെ ജനാസ തൂക്കുമരത്തില്‍ നിന്നുമിറക്കി അവരുടെ കുതിരപ്പുറത്ത് വച്ചു.
അവര്‍ അവിടെ എത്തുന്നത് രക്തസാക്ഷിത്വത്തിന്റെ നാല്‍പതാം ദിവസമായിരുന്നു. എന്നിട്ടും ഖുബൈബ്(റ)ന്റെ ശരീരത്തിന് യാതൊരു ജീര്‍ണതയും സംഭവിച്ചിരുന്നില്ല. ഖുബൈബ്(റ)ന്റെ ജനാസയുമായി അവര്‍ അവിടെനിന്നും രക്ഷപ്പെട്ടു. ഈ ചരിത്രം ഓര്‍ത്താല്‍ ഏതു കരിങ്കല്‍ ഹൃദയവും കരയില്ലേ! ഈ തന്‍ഈമിന്റെ മണ്ണും അന്തരീക്ഷവുമാണല്ലൊ ഖുബൈബെന്നോരുടെ വീരമരണം കണ്ട് കരഞ്ഞത്.
ഞങ്ങള്‍ ആയിശാ പള്ളിക്കു സമീപം ബസിറങ്ങി. ആയിശ പള്ളിയില്‍ ഇഹ്റാമിനും മറ്റും വിശാലമായ സൗകര്യങ്ങളുണ്ട്. ഇഹ്‌റാം ചെയ്ത് തല്‍ബിയതോടെ പുറത്തിറങ്ങി. ഉമ്മയുടെ ഒക്കത്തിരുന്ന് ചിണുങ്ങുന്ന ഈ കുഞ്ഞു ആഇശാക്കറിയുമോ ആയിശമാരുടെ വിലാസമായ ആഇശ സിദ്ദീഖയുടെ പാദങ്ങള്‍ പതിഞ്ഞ മണ്ണാണിതെന്ന്!
മണ്ണിട്ടു മൂടിയ ശേഷിപ്പുകള്‍
ഇന്ന് അസറിന് ശേഷം ഞങ്ങള്‍ മുത്തുനബിയുടെ തിരുപിറവി സംഭവിച്ച വീട് കാണാനിറങ്ങി. മസ്അയുടെ സമീപം ഖുശാശിയ്യ റോഡിനടുത്ത് സൂഖുല്ലൈലിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. ചെറിയ ചാറ്റല്‍ മഴയുണ്ട്. അത് കാര്യമാക്കാതെ ഞങ്ങള്‍ നടന്ന് വീടിനടുത്തെത്തി. അവിടുത്തെ കാഴ്ച്ചകള്‍ കണ്ടപ്പോള്‍ നിരാശയാണ് തോന്നിയത്. പഴയ വീടെല്ലാം പൊളിച്ചു നീക്കി തല്‍സ്ഥാനത്ത് ഒരു ലൈബ്രറി പണിതു വെച്ചിരിക്കുന്നു. എന്തൊരു ക്രൂരതയാണ് ഇവന്മാര്‍ ചരിത്രത്തോട് ചെയ്തിരിക്കുന്നത് അല്ലാഹുവിനെ ധിക്കരിച്ച സമൂദുകാരുടെയും മറ്റും 7000 വര്‍ഷം പഴക്കമുള്ള വീടുകള്‍ ഒരു കേടുപാടുമില്ലാത അങ്ങനെ തന്നെ സംരക്ഷിക്കാന്‍ കഴിയുന്നവരാണ് 1500 വര്‍ഷം മാത്രം പഴക്കമുള്ള നമ്മുടെ ആറ്റലോരുടെ നനവുള്ള ഓര്‍മകളെ മണ്ണിട്ടു മൂടിയത്. കാലം ഇത് പൊറുക്കുമോ? ലൈബ്രറിക്കടുത്ത് എഴുതിവെച്ച ആ ബോര്‍ഡ് നമ്മെ കൂടുതല്‍ സങ്കടപ്പെടുത്തും. 'നബി(സ) ജനിച്ചത് ഇവിടെയാണെന്നതിന് കൃത്യമായ തെളിവുകള്‍ ഇല്ല' എന്നാണ് ആ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരുക്കുന്നത്. അപാരമായ തൊലിക്കട്ടി തന്നെ! ഇത്ര കൃത്യമായി ചരിത്രം എഴുതപ്പെട്ട മറ്റൊരു യുഗപുരുഷന്‍ ലോകത്തുണ്ടോ! ഊണിലും ഉറക്കത്തിലും കൂടെ നടന്ന സ്വഹാബികള്‍ എല്ലാം കൃത്യമായി മനസ്സിലാക്കി പിന്‍ഗാമികള്‍ക്ക് നല്‍കി. അവര്‍ അവരുടെ പിന്‍ഗാമികള്‍ക്ക്... അങ്ങനെ കൃത്യമായി എല്ലാം സംരക്ഷിക്കപ്പെട്ടിരുന്നതാണ്. ആരാണതില്‍ തിരിമറി നടത്തിയത്. മരണ സമയത്ത് അവിടുത്തെ 14 മുടികളായിരുന്നു നരച്ചിരുന്നത് എന്ന കണക്ക് പോലും തര്‍ക്കമില്ലാതെ നമുക്ക് ലഭിച്ചിട്ടുണ്ട്. എന്നിട്ട് തിരുപിറവി സംഭവിച്ച അവിടുത്തെ വീട് എവിടെ എന്ന് അറിയില്ലെന്നോ. ചരിത്രത്തോട് എന്താണിത്ര അരിശം!
അതിനകത്തേക്ക് പ്രവേശനമില്ല. പുറമേ നിന്ന് നോക്കി കണ്ടു. നബിയുടെ കാലത്ത് ആ വീട് എങ്ങിനെയായിരുന്നിരിക്കും. ഫൈസലുസ്താദിന്റെ പുസ്തകത്തില്‍ തഖിയുദ്ദീന്‍ അല്‍ഫാസിന്റെ 'ശിഫാഉല്‍ ഗറാം' ഉദ്ദരിച്ചുകൊണ്ട് ആ വീടിന്റെ രൂപം വിശദീകരിച്ചിട്ടുണ്ട്.
ചതുരത്തിലുള്ള ഒരു വീട്. രണ്ട് കെട്ടുകളുള്ള ഒരു തൂണുണ്ട്. പടിഞ്ഞാറു ഭാഗത്ത് തെക്കിനോട് ചേര്‍ന്ന് ഒരു മൂലയുണ്ട്. ജബലിനടുത്തുള്ള വാതിലിനഭിമുഖമായിട്ടാണ് ഈ മൂല. കിഴക്ക് ഭാഗത്തും ഒരു വാതിലുണ്ട്. ജനലുകള്‍ പത്ത്. കിഴക്ക് ചുമരില്‍ നാല്. വടക്ക് മൂന്ന്. പടിഞ്ഞാറ് ഒന്ന്. മൂലയില്‍ രണ്ട്(വലത്തെ ചുമരില്‍ ഒന്ന്, ഇടത്ത് മറെറാന്ന്). വീട്ടില്‍ ഒരു സുപ്രധാന മുറിയുണ്ട്. ഈ മുറിക്കടുത്ത് ഒരു കുഴി. കുഴിക്ക് 1 1/6 മുഴം നീളവും വീതിയും ആഴവും കാണും. കുഴിക്ക് ചുററും മരം കൊണ്ട് ഭദ്രമായി വളച്ചു കെട്ടിയിരിക്കുന്നു. കുഴിയുടെ മധ്യേ പച്ച മാര്‍ബിള്‍ കഷ്ണമിട്ടിരിക്കുന്നു. ഈ മാര്‍ബിള്‍ വെള്ളി കൊണ്ട് പൊതിഞ്ഞിരുന്നുവെന്നും വെള്ളിയടക്കം അതിന്റെ വീതി ഒരു ചാണിന്റെ 2/3 വരുമെന്നും ഇബ്നു ജുബൈര്‍ പറഞ്ഞിട്ടുണ്ട്. ഇവിടെയാണ് മുത്തുനബി പെറ്റു വീണ കൃത്യമായ ഇടം!
പതിനാലാം നൂറ്റാണ്ടിന്റെ തുടക്കം വരെ ആ വീട് അങ്ങനെ തന്നെ സംരക്ഷിച്ചുപോന്നിരുന്നു എന്ന് മക്കയില്‍ തന്നെ ഔദ്യോഗികമായി പ്രചരിക്കുന്ന ഗ്രന്ഥങ്ങളിലുണ്ട്. വിടിനു കുറച്ചപ്പുറം മാറി ഞങ്ങള്‍ ദുആ ചെയ്തു. തിരുപിറവി ഉണ്ടായ ആ സ്ഥലത്ത് ഭവ്യതയോടെ ഒന്ന് ചെന്നു നില്‍ക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്തൊരു അനുഭവമായിരിക്കുമത്. എന്നിട്ടവിടെ ഇരുന്ന് അശ്റഖയുടെ ഹദീസ് വായിച്ച് ആ മൗലിദ് ഓന്നോതാനായാല്‍...! ഫ വലദതി നബിയ്യ സ്വല്ലല്ലാഹു അലൈഹി വസല്ലം കഅന്നഉല്‍ ബദ്റു ഫീ തമാമി... എന്ന് കേള്‍ക്കുമ്പോള്‍ ആവേശത്തോടെ ചാടി എഴുന്നേല്‍ക്കാനായാല്‍!
വീടിനു മുന്നില്‍ നിന്ന് പിറവിയുടെ സമയം വെറുതെ ഓര്‍ത്തുപോയി. റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച്ച സുബ്ഹിയോടടുത്ത സമയം. ഞാനിപ്പോള്‍ നില്‍ക്കുന്നതിന്റെ തൊട്ടുമുന്നില്‍! അവിടെയാണ് ആ മഹാത്ഭുതം സംഭവിച്ചത്. സിറിയയിലെ കൊട്ടാരങ്ങളുടെ താഴികക്കുടങ്ങള്‍ കാണും വിധം ഒരു പ്രകാശമതാ മുറിയില്‍ നിന്ന് പുറത്തു വരുന്നു. സൂജൂദ് ചെയ്യുന്ന രൂപത്തില്‍ ചേലാകര്‍മം ചെയ്യപ്പെട്ടവരായി, സുറുമ എഴുതിയവരായി മുത്തുനബി ഭൂജാതനായിരിക്കുന്നു. 'ശിഫാ' എന്ന സ്ത്രീയാണ് പ്രസവമെടുത്തത്. ജിബ്‌രീല്‍(അ), മീക്കാഈല്‍(അ) ഉള്‍പ്പെടെയുള്ള മാലാഖമാരും ഹൂറുല്‍ഈങ്ങളും അവിടെ സന്നിഹിതരാണ്. അതേ സമയം തന്നെ ലോകത്തിന്റെ വിവിധ ദിക്കുകളില്‍ പല അത്ഭുതങ്ങളും നടക്കുകയാണ്. സാവാതടാകം വറ്റിവരണ്ടു. പേര്‍ഷ്യക്കാര്‍ വര്‍ഷങ്ങളായി അണയാതെ ആരാധിച്ചുപോന്നിരുന്ന തീകുണ്ഡാരം കെട്ടുപോയി. കഅബയിലെ ബിംബങ്ങള്‍ തലകുത്തി വീണു... ഇനിയുമെന്തെല്ലാമോ ഞാനോര്‍ത്തു പോയി. ആമിന ബിവിക്ക് മാസങ്ങളായി മലക്കുകള്‍ വന്ന് നല്‍കിയിരുന്ന സുവിശേഷം യഥാര്‍ത്ഥമായിരുന്നു എന്ന് ബോധ്യമായിരിക്കുകയാണ്. അല്ലെങ്കിലും ബീവിക്ക് മുത്ത് നബിയെ ഗര്‍ഭം ധരിച്ചതു മുതല്‍ തന്നെ അത്ഭുതങ്ങള്‍ പ്രകടമായിരുന്നു. ആര്‍ത്തവം നിലച്ചതൊഴിച്ചാല്‍ ഗര്‍ഭത്തിന്റെ പ്രയാസങ്ങളൊന്നും അവര്‍ക്കുണ്ടായിരുന്നില്ലല്ലോ. റളിയല്ലാഹു അന്കി യാ ഉമ്മ ന്നബിയ്യ്...
തല്‍ക്കാലം സന്ദര്‍ശനം മതിയാക്കി ഞങ്ങള്‍ മുന്നോട്ടു നടന്നു. ഇനി ജന്നതുല്‍ മുഅല്ലയാണ് ഞങ്ങളുടെ ലക്ഷ്യം. ഒരല്‍പം കൂടി മുന്നോട്ടു നടന്നാല്‍ അവിടെ എത്താം . ഞാന്‍ ഉമ്മയെ ശ്രദ്ധിച്ചു പതിയെ നടന്നു.
ഹിജാസിൻെറ ഹൃദയ ഭൂമികളിലൂടെ എന്ന പുസ്തകത്തിൽ നിന്നും...
BY മുഹമ്മദ് നഷാദ് സിദ്ദീഖി
കോപ്പികൾക്ക് https://wa.me/+919387295824
Post a Comment