ത്യാഗത്തിന്റെ നീളന്‍ കിടങ്ങുകള്‍

ഖന്തക് !! 
എന്തെല്ലാം ഓര്‍മകളാണ് തികട്ടിവരുന്നത്. മദീനയിലെ പ്രതികൂല കാലാവസ്ഥയെപോലും വകവെക്കാതെ തിരുവയറ്റത്ത് രണ്ട് ഉരുളന്‍ കല്ലുകള്‍ പറ്റിച്ചു കെട്ടി, പിക്കാസ് കൊണ്ട് ആഞ്ഞാഞ്ഞു കൊത്തുന്ന മുത്തുനബിയുടെ ചിത്രം ഞാന്‍ സങ്കല്‍പിക്കാന്‍ ശ്രമിച്ചു. ഖന്തകിന്റെ ചരിത്രത്തില്‍, ഹൃദയത്തില്‍ നിന്ന് പറിച്ചുമാറ്റാന്‍ കഴിയാത്ത ഒരേടായിരുന്നല്ലോ അത്. വിശുദ്ധ മതം സംരക്ഷിക്കാന്‍ മുത്തുനബി എന്തെല്ലാം മഹാത്യാഗങ്ങളാണ് സഹിച്ചത്. 

ഹിജ്റ അഞ്ചാം വര്‍ഷം ശവ്വാല്‍ മാസത്തിലാണ് ഖന്തക് യുദ്ധം നടക്കുന്നത്. ഉഹ്ദു യുദ്ധത്തില്‍ ലഭിച്ച ചെറിയ ആത്മവിശ്വാസവുമായി മുസ്‌ലിംകളെ മദീനയില്‍ വെച്ച് ആക്രമിക്കാന്‍ ശത്രുക്കള്‍ തക്കം പാര്‍ത്തിരിക്കുകയാണ്. മുസ്‌ലിംകളുമായി സമാധാന കരാറില്‍ ഒപ്പിട്ട ജൂതഗോത്രങ്ങളായ ബനൂഖുറൈള, ബനൂ നളീര്‍ ഗോത്രക്കാര്‍ ഉള്‍പ്പെടെ പല ചെറുസംഘങ്ങളും മക്കയിലെ ഖുറൈശികളുമായി സഹകരിച്ച് മുസ്‌ലിംകള്‍ക്കെതിരെ സംഘടിച്ചു. വിവിധ വിഭാഗം സംഘങ്ങള്‍ പങ്കെടുത്തത് കൊണ്ട് ഇതിന് 'അഹ്സാബ് യുദ്ധം' എന്നും പേരുണ്ട്. 

പതിനായിരത്തോളം വരുന്ന വന്‍ സൈന്യം സായുധ സജ്ഞരായി മദീനയിലേക്ക് വരുന്നതറിഞ്ഞ് തിരുനബി(സ) സ്വഹാബികളെ കൂട്ടി പ്രതിരോധവഴികള്‍ ആലോചിച്ചു. പേര്‍ഷ്യക്കാരനായ സല്‍മാന്‍(റ) മുന്നോട്ടു വെച്ച പുതിയ യുദ്ധതന്ത്രം സ്വീകരിക്കാമെന്ന് തീരുമാനമായി. മദീനയുടെ അതിര്‍ത്തിയില്‍ ആഴവും വീതിയുമുള്ള കിടങ്ങുകള്‍ നിര്‍മിക്കുക എന്നതായിരുന്നു തന്ത്രം. പിന്നെ ഒട്ടും താമസിച്ചില്ല. പണിയാരംഭിച്ചു. നബി(സ) എല്ലാവര്‍ക്കും സ്ഥലം ഓഹരി ചെയ്തു നല്‍കി. ഓരോ പത്തുപേര്‍ക്കും നാല്‍പത് മുഴം എന്ന തോതിലായിരുന്നു നല്‍കിയത്. കാഴ്ച്ചക്കാരനായി നോക്കി നില്‍ക്കാതെ തിരുനബിയും അവര്‍ക്കൊപ്പം അധ്വാനിച്ചു. പട്ടിനേക്കാള്‍ മാര്‍ദ്ദവമേറിയ തിരുകരങ്ങളും പനിനീര്‍ പൂവ് പോലെ മൃദുലമായ തിരുപാദങ്ങളും ചുവപ്പുകലര്‍ന്ന വെളുപ്പു നിറമുള്ള തിരുശരീരവും ആ പാറകളോട് മല്ലിട്ട രംഗം ഒന്ന് സങ്കല്‍പ്പിക്കാന്‍ പോലുമാകുന്നില്ല.

സുഖശീതളിമയില്‍ കിടന്നാണ് ഞാനിതെഴുന്നത്. എന്നോട് പൊറുക്കണേ നബിയേ! ഇടക്കൊരു ഊക്കന്‍ പാറ പ്രത്യക്ഷപ്പെട്ടു. മല്ലന്മാരായ പല സ്വഹാബികളും ആഞ്ഞുകൊത്തി നോക്കി. പൊടിയുന്നില്ല. അവര്‍ നബിയോട് വിവരം പറഞ്ഞു. നബി വന്ന് തന്റെ പിക്കാസു കൊണ്ട് ബിസ്മി ചൊല്ലി ഒറ്റക്കൊത്ത്! പാറ തവിടുപൊടിയായി.! പ്രതികൂല കാലാവസ്ഥയും കഠിനമായ വിശപ്പും. പലരും തളര്‍ന്നുപോയിരിക്കുന്നു. 

നേരെ നില്‍ക്കാന്‍ ശേഷിയില്ലാഞ്ഞിട്ട് അവര്‍ വയറ്റത്ത് ഓരോ കല്ല് വെച്ചു കെട്ടിയിരിക്കുന്നു. ചിലര്‍ നബിയോട് ചെന്ന് ആവലാതി പറഞ്ഞു. തിരുനബി അവര്‍ക്ക് സ്വന്തം വയറ്റത്ത് കെട്ടിവെച്ച രണ്ട് കല്ലുകള്‍ കാണിച്ചു കൊടുത്തു. പിന്നെ ആര്‍ക്കും പരാതിയില്ല. നബിയുടെ ത്യാഗത്തിന് മുന്നില്‍ നമ്മുടെ വിശപ്പിന് പ്രസക്തിയുണ്ടോ! ഇതിനിടയില്‍ ജാബിര്‍(റ) നബിയുടെ അടുത്തുവന്ന് പറഞ്ഞു. 'അങ്ങേക്കും അഞ്ചാറുപേര്‍ക്കും വിശപ്പകറ്റാന്‍ ചെറിയ ഭക്ഷണം വീട്ടില്‍ തയ്യാറാക്കിയിട്ടുണ്ട്.' കുറച്ചു പേര്‍ക്കല്ലേ തികയൂ എന്നതിനാല്‍ അതീവ രഹസ്യമായാണ് നബിയോടിത് പറഞ്ഞത്. തിരുനബി ആ വാര്‍ത്ത പരസ്യമാക്കി. വിശന്നുപൊരിയുന്ന ആയിരത്തോളം വരുന്ന സ്വഹാബികളെയും കൂട്ടി മുത്തുനബി(സ) ജാബിറിന്റെ (റ)വീട്ടിലേക്ക് നടന്നു. ജാബിറും ഭാര്യയും ഒരു നിമിഷം അമ്പരന്നു. 

തിരുനബി വന്ന് ഭക്ഷണപാത്രത്തില്‍ അവിടുത്തെ ഉമിനീര്‍ കലര്‍ത്തി. അത്ഭുതം! പത്താള്‍ക്കു പോലും തികയുമായിരുന്നില്ലാത്ത ഭക്ഷണം ആയിരം പേര്‍ കഴിച്ചു പശിയടക്കി. അബൂസുഫ്യാന്റെ നേതൃത്വത്തിലുള്ള സൈന്യം മദീനയുടെ അതിര്‍ത്തിയിലെത്തിയപ്പോള്‍ കൂറ്റന്‍ കിടങ്ങ് കണ്ട് ഞെട്ടി. കുതിരകള്‍ക്ക് പോലും ചാടി കടക്കാന്‍ കഴിയാത്തവിധം വീതിയും നീളവും ആഴവുമുള്ള കിടങ്ങിനുമുന്നില്‍ അവര്‍ നിന്നുപോയി. ചിലരെല്ലാം കുതിരയെ ചാടിപ്പിക്കാന്‍ നോക്കി. കിടങ്ങില്‍ വീണ് പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ഇരുവിഭാഗവും രൂക്ഷമായ അമ്പൈത് നടത്തി. വീതി കുറഞ്ഞ ഭാഗം നോക്കി ഇക്കര ചാടി വന്ന ഏതാനും പേരുണ്ടായിരുന്നു. 

അവരെ സ്വഹാബികള്‍ കീഴ്പ്പെടുത്തി. ശത്രുക്കള്‍ കിടങ്ങിന് അപ്പുറം നിന്ന് മുസ്‌ലിംകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. പുറം ലോകവുമായുള്ള ബന്ധം തടഞ്ഞ് കീഴ്പ്പെടുത്താമെന്നായിരുന്നു പ്ലാന്‍. ഇതിനിടെ മുത്തുനബി ശത്രുക്കള്‍ക്കെതിരെ പ്രാര്‍ത്ഥിച്ചു. അല്ലാഹു ഉത്തരം നല്‍കി. രൂക്ഷമായ കൊടുങ്കാറ്റ് ശത്രുപാളയത്തില്‍ ആഞ്ഞു വീശി. ഇത് ദിവസങ്ങള്‍ തുടര്‍ന്നു. തമ്പുകളും ആയുധങ്ങളും പാറി പോയി. 

കുതിരകളും ഒട്ടകങ്ങളും മണ്ണില്‍ പൂണ്ടു. അവസാനം ശത്രുക്കള്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടു. അങ്ങനെ ആ മഹാ വിപത്തില്‍ നിന്ന് മുസ്‌ലിംകള്‍ രക്ഷപ്പെട്ടു. ഞങ്ങളുടെ വാഹനം ഖന്തകിലെത്തി. 'സല്‍അ്' കുന്ന് മുന്നില്‍ കാണുന്നു. അവിടെയുണ്ടായിരുന്ന മുതവ്വയോട് അന്വേഷിച്ചു. ഈ മലക്കപ്പുറത്തായിരുന്നു കിടങ്ങ്. ഇന്നത് മണ്ണിട്ടു നികത്തി എന്നദ്ദേഹം പറഞ്ഞു. സ്വഹാബികള്‍ അവിടെ ഏഴ് പള്ളികള്‍ നിര്‍മിച്ചിരുന്നു. മസ്ജിദുല്‍ ഫത്ഹ്, മസ്ജിദ് സല്‍മാനുല്‍ഫാരിസ്(റ), മസ്ജിദ് അലി(റ), മസ്ജിദ് അബൂബക്റ് സിദ്ദീഖ്(റ), മസ്ജിദ് ഉമര്‍(റ), മസ്ജിദ് സഅദുബ്നു മുആദ്(റ), മസ്ജിദ് ബനീഹറാം(റ) എന്നിവയായിരുന്നു അവ. ഇതില്‍ ചിലതെല്ലാം പൊളിച്ചാണ് ഇന്ന് കാണുന്ന വലിയ പള്ളി മസ്ജിദു ഖന്തക് എന്ന പേരില്‍ നിര്‍മിച്ചിട്ടുള്ളത്. ചില പള്ളികള്‍ പൊളിക്കാതെ ഉണ്ടെങ്കിലും അതെല്ലാം പൂട്ടിയിട്ടിരിക്കുകയാണ്. ഇതേതു പള്ളി എന്നറിയാന്‍ പേരെഴുതി വെച്ചിട്ടുപോലുമില്ല. 

കഷ്ടം! മസ്ജിദുല്‍ ഖന്തക്കില്‍ കയറി ഞങ്ങള്‍ നിസ്‌കരിച്ചു. കുറച്ചു നേരം സലഹ് പര്‍വ്വതം നോക്കി അവിടെ നിന്നു. ജാബിര്‍(റ)വിന്റെ രണ്ട് മക്കളുടെ കരളലിയിപ്പിക്കുന്ന കഥ അപ്പോഴാണ് എനിക്ക് ഓര്‍മ വന്നത്. ഖന്ദകിലെ വീട്ടിലാണത് നടന്നത്. ആ വീട് എവിടെയാണാവോ.!? ഒരിക്കല്‍ ജാബിര്‍(റ) തിരുനബിയെ സല്‍ക്കരിക്കാന്‍ തീരുമാനിച്ചു. ആടിനെ അറുത്തു കറിവെച്ചു. ഗോതമ്പു പൊടിച്ച് റൊട്ടിയുണ്ടാക്കി. ആടിനെ അറുക്കുന്നത് അപ്പുറത്തു നിന്ന് തന്റെ രണ്ട് കുട്ടികള്‍ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. 

ഇതില്‍ കൗതുകം തോന്നിയ മൂത്തമകന്‍ അനിയനോട് ചോദിച്ചു, 'ഉപ്പ ആടിനെ അറുത്തപോലെ ഞാന്‍ നിന്നെ അറുത്താലോ, നല്ല രസമായിരിക്കും!' ഉപ്പ കാണാതെ ആ കത്തിയെടുത്ത് മൂത്തവന്‍ ഇളയവനെ നിലത്തുകിടത്തി കഴുത്തറുത്തു ഇളയ മകന്‍ മരിച്ചു കിടക്കുന്നത് കണ്ട് ഉമ്മ പരിഭ്രാന്തയായതും അലറിക്കരഞ്ഞതും കണ്ട് മൂത്തവന് കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് മനസ്സിലായി. മാതാപിതാക്കള്‍ ശകാരിക്കുമെന്ന് ഭയന്ന്, മൂര്‍ച്ചയുള്ള വാളിലേക്ക് ചാടി പക്വതയെത്താത്ത മൂത്ത മകനും മരണത്തിന് കീഴടങ്ങി. ഭര്‍ത്താവിനെ നോക്കി വന്ന ഉമ്മ പിന്നീട് കാണുന്നത് തന്റെ രണ്ട് മക്കളുടെയും ചേതനയറ്റ ശരീരമാണ്. പെട്ടെന്ന് സുബോധം വീണ്ടെടുത്ത് ധീരയായ ആ ഉമ്മ സ്വന്തം മക്കളുടെ മയ്യിത്തുകള്‍ എടുത്ത് വീടിനകത്ത് ഒരു മൂലയില്‍ പുതച്ചു കിടത്തി. വീട്ടില്‍ ഇന്ന് വരാന്‍ പോകുന്നത് ലോകത്തെ ഏറ്റവും വിലകൂടിയ അതിഥിയാണ്. വീട്ടില്‍ നടന്ന ദുരന്തം കാരണം സല്‍കാരം മുടങ്ങരുതെന്ന് കരുതി ആ സ്ത്രീ പാചകം പൂര്‍ത്തിയാക്കി നബിയെ കാത്തിരുന്നു. 

ഭര്‍ത്താവ് നബിയുമായി കടന്നുവന്നു. ഭക്ഷം കഴിക്കാന്‍ നേരം ജിബ്രീല്‍(അ) വന്ന് നബിയോട് പറഞ്ഞു 'ജാബിറിന്റെ മക്കളോടൊത്ത് ഭക്ഷണം കഴിക്കാന്‍ അല്ലാഹുവിന്റെ കല്പനയുണ്ട്'. നബി(സ) ജാബിറിനോട് മക്കളെ തിരക്കി. ഈ വീട്ടില്‍ മുത്തു നബി പലപ്പോഴും വരാറുള്ളതാണ്. ആ കുട്ടികളെ വലിയ ഇഷ്ടവുമാണ്. ജാബിര്‍(റ) ഭാര്യയോട് മക്കളെവിടെ എന്നന്വേഷിച്ചു. മരിച്ചു കിടക്കുന്ന മക്കളെ കുറിച്ച് പറയാന്‍ പറ്റിയ സമയമല്ലല്ലോ! അവരിവിടില്ലെന്ന് മഹതി പറഞ്ഞു. നബി(സ) പറഞ്ഞു. 'അല്ലാഹുവിന്റെ കല്പ്പനയാണ്. മക്കളില്ലാതെ ഭക്ഷണം കഴിക്കാന്‍ പറ്റില്ല'. 
ഇനിയും മറച്ചുവെക്കാനാവില്ലെന്ന് ഉറപ്പായപ്പോള്‍ ഭാര്യ ഭര്‍താവിനെ വിളിച്ച് മക്കളുടെ മയ്യിത് കാണിച്ചു കൊടുത്തു. ഇത് കണ്ട് ജാബിര്‍(റ) പൊട്ടിക്കരഞ്ഞു. തന്റെ മടിയില്‍ കയറി കളിച്ചിരുന്ന കൊച്ചുമക്കള്‍ ദാരുണമായി മരിച്ചതറിഞ്ഞ് തിരുനബിയും കണ്ണീര്‍ പൊഴിച്ചു. അപ്പോള്‍ ജിബ്രീല്‍(അ) വന്ന് നബിയോട് പറഞ്ഞു, 'നബിയേ അല്ലാഹു അങ്ങയോട് ആ മക്കളെ വിളിക്കാന്‍ പറഞ്ഞിരിക്കുന്നു. 

അങ്ങ് വിളിക്കൂ, പ്രാര്‍ത്ഥിക്കൂ, ഉത്തരം നല്‍കുന്നവന്‍ അല്ലാഹുവാണ്.' തിരുനബി ആ രണ്ട് മക്കളെയും പേരെടുത്തു വിളിച്ചു. അവര്‍ രണ്ടുപേരും ജീവനോടെ എഴുന്നേറ്റു വന്നു.! മുത്തുനബിയോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. ആ കുടുംബത്തിനുണ്ടായ സന്തോഷം നിര്‍വചിക്കാവുന്നതാണോ? മഹാഭാഗ്യവാന്മാരായ ആ കുഞ്ഞുമക്കള്‍ ഈ പള്ളിയുടെ മുറ്റത്ത് ഓടിക്കളിക്കാന്‍ സാധ്യതയുണ്ടല്ലോ. ഞാന്‍ പതിയെ തിരിച്ചു നടന്ന് ബസില്‍ കയറി. ഇനി ഉഹ്ദിലേക്കാണ്!





Post a Comment

Previous Post Next Post

Hot Posts