പച്ച ഖുബ്ബയുടെ ചുവട്ടില്‍!

      ഇനി അധികം വൈകിക്കൂടാ! വേഗം തിരുമുമ്പിലെത്തണം. പച്ച ഖുബ്ബ കാണണം. സലാം പറയണം. ഖുബ്ബത്തുല്‍ ഗള്‌റാഇലേക്ക് നോക്കി കുറെ നേരം ഇരിക്കണം. ആ ഇരുത്തത്തില്‍ ഇക്കാലത്തിനിടയില്‍ തിരുനബിയെ കുറിച്ച് മനസ്സില്‍ പതിഞ്ഞു പോയ സ്‌നേഹ ഗാഥകള്‍ ഓര്‍ത്തെടുക്കണം. കണ്ണുനനയിപ്പിക്കുന്ന ഏടുകള്‍ അയവിറക്കി ഒരു തുള്ളി കണ്ണീരെങ്കിലും പൊഴിക്കണം. റൗള ഈ പാപിയോട് കരുണ കാണിക്കുമോ? നിശ്ചയമില്ല, എങ്കിലും വലിയ പ്രതീക്ഷകളുണ്ട്. അത്ര വലിയ കാരുണ്യമാണ് മുത്തുനബി(സ).

ഒന്ന് ഫ്രഷായി ഞങ്ങള്‍ വേഗം മസ്ജിദുന്നബവി ലക്ഷ്യമാക്കി നടന്നു...
ഹിജ്റയായി മദീനയില്‍ എത്തിയ സമയം  'ഖസ്വാഅ്' എന്നു പേരുള്ള തന്റെ ഒട്ടകം മുട്ടുകുത്തിയ സ്ഥലത്താണ് മുത്തുനബി പിന്നീട് പള്ളി നിര്‍മിച്ചത്. ആ സ്ഥലം സിദ്ദീഖ് (റ)വിന്റെ സഹായത്തോടെ വിലകൊടുത്തു വാങ്ങിയതാണ്. 35 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുള്ള മേല്‍ക്കൂരയില്ലാത്ത നാലു ചുമര്‍കെട്ടായിരുന്നു ആദ്യകാലത്തെ പള്ളി. പിന്നീട് ഈന്തപ്പനയോലകള്‍ കൊണ്ട് മേല്‍ക്കൂര പണിതു. നിര്‍മാണത്തില്‍ ആദ്യവസാനം തിരുനബി സജീവമായി പങ്കെടുത്തിരുന്നു. എത്ര ആവേശത്തോടെയായിരിക്കും തിരുനബിയും സഖാക്കളും പള്ളിനിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ടാവുക. ഒരു പള്ളി എന്നതിലപ്പുറം ഇത് തിരുനബിയുടെ പള്ളിയാണ്. ആഗോള മുസ്‌ലിംകളുടെ ആത്മീയ-സാംസ്‌കാരിക ആസ്ഥാനമാണ്. കോടതിയാണ്. ആശുപത്രിയാണ്. എന്തിനും ഓടിചെല്ലാനുള്ള കേന്ദ്രമാണ്. ആ നിര്‍മാണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ നിങ്ങള്‍ എത്ര ഭാഗ്യവാന്മാര്‍. റളിയല്ലാഹു അന്‍ഹും യാ അസ്ഹാബു റസൂലില്ലാഹ്...

  മൂന്ന് വാതിലുകളാണ് നബി(സ) ആദ്യം ഉണ്ടാക്കിയത്. തെക്കു ഭാഗത്ത് ബാബുറഹ്മ, പടിഞ്ഞാര്‍ ഭാഗത്ത് ബാബു ജിബ്രീല്‍, കിഴക്ക് ബാബുന്നിസാഅ്. ഇത് എവിടെന്നെക്കെയോ വായിച്ചോര്‍മയുള്ള ആദ്യകാല പള്ളിയുടെ ചിത്രമാണ.് പിന്നീട് നബിയുടെ കാലത്തു പള്ളി വികസിപ്പിച്ചു. ശേഷം ഉമര്‍(റ)വും ഉസ്മാന്‍(റ)വും വികസിപ്പിച്ചു. പിന്നീട് വന്ന ഉമവിയ്യ, അബ്ബാസിയ്യ, ഉസ്മാനിയ്യ ഖലീഫമാരും വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. ആലുസഊദ് ഭരണകാലത്തും ഫഹദ് രാജാവും അബ്ദുല്ല രാജാവും കാര്യമായ വികസനങ്ങള്‍ നടത്തിയിട്ടുണ്ട്. ഞാന്‍ കാണാന്‍ പോകുന്ന പള്ളി ഇപ്പോള്‍ ശരിക്കും എങ്ങനെയുണ്ടാകും എന്ന് സങ്കല്‍പിക്കാന്‍ പോലുമാകുന്നില്ല.

റൂമില്‍ നിന്ന് കഷ്ടിച്ച് അഞ്ച് മിനുറ്റ് മാത്രം നടക്കാനുള്ള അകലത്തിലാണ് പള്ളി. ഞങ്ങള്‍ പള്ളിക്കു മുന്നില്‍ മുപ്പത്തിയാറാം നമ്പര്‍ ഗൈറ്റിനു മുന്നിലെത്തുകയാണ്. ഗൈറ്റ് എത്തുന്നതിന് മുമ്പ് തന്നെ ഞാനാ കാഴ്ച്ച കണ്ടിരുന്നു. മാശാഅല്ലാഹ്... ഞാനെന്താണീ കാണുന്നത്. എന്റെ കണ്ണുകളെ വിശ്വസിക്കാമോ! ഇത് കിനാവല്ല എന്ന് എന്നെ തന്നെ ബോധ്യപ്പെടുത്തികൊണ്ട് ഞാനത് തന്നെ നോക്കി നിന്നു.

പച്ച ഖുബ്ബ !  
ഏതു ശിലാഹൃദയവും ഒന്നുലക്കാന്‍ പോന്ന വിസ്മയ യാഥാര്‍ത്ഥ്യത്തിന് മുന്നിലാണ് ഞാനിപ്പോള്‍ നില്‍ക്കുന്നത്. ശരിക്കും ഹുജ്റതുശരീഫക്കു മുകളിലല്ല ഒരോ അനുരാഗിയുടേയും  ഉള്ളിന്റെയുള്ളിലാണ് ആ പച്ച ഖുബ്ബ ഗരിമയോടെ നില്‍ക്കുന്നത്. !
 നിങ്ങളില്‍ പലരെയും പോലെ ഖുബ്ബതുല്‍ഗള്റാഅ് കണ്ടപ്പോള്‍ എനിക്കോര്‍മ വന്നത് തെന്നിന്ത്യയുടെ ഗരീബ് നവാസ് ശൈഖുനാ കുണ്ടൂര്‍ ഉസ്താദിന്റെ മാസ്റ്റര്‍ പീസ് വരികളാണ്.
'വാഹന്‍ലില്‍ ഖുബ്ബത്തില്‍ ഗള്റാഇ ഖുബ്ബത്തി സയ്യിദില്‍ ഖൗനൈനി/ അഫ്ളല, ഖുര്‍റതല്‍ ഐനൈനി......' 'ആരംഭ പൂവായ മുത്ത് നബിയുടെ ഹള്റത്തില്‍ ചെന്നെത്തി, ഞങ്ങള്‍ക്ക് സന്തോഷം വന്നെത്തി...'

എത്ര ലാഘവത്തോടെയാണ് ഞാന്‍ മുത്തുനബിയുടെ മുന്നിലേക്കു ചെല്ലുന്നത്. ഇങ്ങനെയൊക്കെ ചെന്നാല്‍ മതിയോ എന്ന് ഉള്ളില്‍ നിന്നാരോ ചോദിക്കുന്നപോലെ. ഗിരിശ്രേഷ്ഠരായ പണ്ഡിതന്മാരും സൂഫിയാക്കളും എത്ര പേടിച്ചു പേടിച്ചാണ് ഈ മുറ്റത്തേക്കു പോലും ചവിട്ടിയത്. കുണ്ടൂര്‍ ഉസ്താദിനെ കുറിച്ച് തന്നെ അലി ഉസ്താദ് പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്. 'മുത്ത് നബി നമ്മുടെ കുറവുകള്‍ കാണൂലേ...' എന്ന് ആശങ്കപെട്ടു കൊണ്ട് വിനയാന്വിതരായി പേടിച്ചു ചൂളിയുറഞ്ഞുകൊണ്ടായിരുന്നു ആശിഖീങ്ങള്‍ ഹുജ്റതുശരീഫയുടെ അടുത്തേക്ക് പോലും ചെന്നിരുന്നത്. മദ്ഹബിന്റെ  ഇമാമുകളില്‍ പ്രമുഖനായ ഇമാമു ദാരില്‍ഹിജ്റ മാലിക് ബിന്‍ അനസ്(റ) ചെരിപ്പിടാതെയായിരുന്നു ഈ മണ്ണില്‍ ചവിട്ടിയത്.  ഒരിക്കല്‍ പോലും അവര്‍ മദീനയില്‍ കുതിരപ്പുറത്ത് സഞ്ചരിച്ചില്ല.

മഹാന്‍മാര്‍ അങ്ങനെയൊക്കെയായിരുന്നു. 'മുത്തുനബിയോട് ഞങ്ങള്‍ കാണിക്കുന്ന മര്യാദകേടുകള്‍ പൊറുത്തുതന്ന് ഞങ്ങളോട് നീ കരുണക്കാണിക്കണേ നാഥാ!...'
ഹുജ്റക്കു മുകളിലുള്ള ഖുബ്ബ നിര്‍മിക്കാനും അലങ്കരിക്കാനും നിറം നല്‍കാനും ഒരോ രാജാക്കന്മാരും വലിയ താത്പര്യം കാണിച്ചു. ഇന്ന് കാണുന്ന വലിയ പച്ച ഖുബ്ബക്കു താഴെ ഒരു വെള്ള ഖുബ്ബ കൂടിയുണ്ടെത്രേ.

 പച്ച ഖുബ്ബക്കു മുകളില്‍ തുണി അട്ടിയിട്ട പോലെ ഒരു ഉയര്‍ന്ന ഭാഗം കാണാം. ആകാശത്തേക്ക് തുറക്കുന്ന ഒരു കിളിവാതില്‍ പോലുള്ള സംവിധാനമാണത്. അതിനു പിന്നിലൊരു ചരിത്രമുണ്ട്. ആയിശ ബീവി(റ) യുടെ കാലത്ത് ഒരു വലിയ വരള്‍ച്ചയുണ്ടായി. മദീനക്കാര്‍ ബീവിയോട് പരിഹാരം തേടി. ബീവി പരിഹാരം നിര്‍ദേശിച്ചു. തിരു ഹുജ്റയില്‍ ചെല്ലുക. ആകാശത്തിനും തിരുഖബറിനുമിടയില്‍ മറ വരാത്തവിധം അതിനു മുകളിലെ മേലാപ്പു നീക്കുക. എന്നിട്ടു പ്രാര്‍ത്ഥിക്കുക. അവര്‍ അപ്രകാരം ചെയ്തു. സമൃദ്ധമായ മഴ ലഭിച്ചു. സസ്യങ്ങള്‍ മുളച്ചുപൊന്തി. കാലികള്‍ക്കും മനുഷ്യര്‍ക്കും ഹുജ്റയുടെ ബറകത് കൊണ്ട് അല്ലാഹുവിന്റെ കാരുണ്യം ലഭിച്ചു. ഈ സംഭവം ഇമാം ദാരിമി(റ) സുനനില്‍ ഉദ്ധരിച്ചിട്ടുണ്ട്. പിന്നീട് ഖുബ്ബകളുണ്ടാക്കിയപ്പോഴെല്ലാം തിരു ഖബറിനു നേരെ ആകാശത്തേക്ക് തുറക്കുന്ന സംവിധാനം ഒരുക്കി. അതാണ് ആ കാണുന്നത്.

പച്ച ഖുബ്ബയെ നോക്കി മനം നിറഞ്ഞിട്ടില്ല. അല്ലെങ്കിലും എത്ര നോക്കി നിന്നാലാണ് നമുക്കത് മടുക്കുക ഞങ്ങള്‍ ബാബുസ്വിദ്ദീഖിലൂടെ മസ്ജിദു നബവിയുടെ അകത്തേക്ക് കയറി. മസ്ജിദിന് പടിഞ്ഞാറുഭാഗത്ത് മിമ്പറിനടുത്താണ് ഈ വാതില്‍. അബൂബക്കര്‍ സ്വിദ്ദീഖ്(റ) പള്ളിയില്‍ നിന്ന് സ്വഭവനത്തിലേക്ക് പോകാന്‍ ഇറങ്ങിയിരുന്നത് ഈ വാതിലിലൂടെയായിരുന്നു.
ഇശാഉം മഗ്രിബും ജംഅ് ആക്കി നിസ്‌കരിച്ചു. വേഗം തിരുമുമ്പിലെത്താന്‍ ഒരോരുത്തര്‍ക്കും തിടുക്കം. ഇവിടെ സ്ത്രീകള്‍ക്ക് ശക്തമായ നിയന്ത്രണങ്ങള്‍ ഉണ്ട്.  അവര്‍ക്കു വേണ്ടി തയ്യാറാക്കിയ കിഴക്കു ഭാഗത്തെ വാതിലുകളിലൂടെ അവര്‍ അകത്തു കടന്നിട്ടുണ്ടാകണം. എല്ലാ നിര്‍ദേശങ്ങളും നല്‍കി അവരെ പറഞ്ഞയച്ചതാണ്. ഞങ്ങള്‍ റൗളാ ശരീഫിലൂടെ കയറി അവിടെ അല്പം ഇരുന്ന്  പ്രാര്‍ത്ഥിച്ച് ഹുജ്റക്കു മുമ്പിലെത്താനുള്ള തീരുമാനത്തിലാണ്. ബാബു സലാമിലൂടെ കയറി പോയാല്‍ കുറച്ചപ്പുറത്തു നിന്ന് മാത്രമേ സലാം പറയാനൊക്കു. സ്വര്‍ഗീയ ഉദ്യാനമാണ് റൗള. എന്റെ ഖബറിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വര്‍ഗീയ ഉദ്യാനമാണെന്ന് തിരുനബി പറഞ്ഞതാണ്. നുബുവ്വതിന്റെ നാവില്‍ നിന്ന് മൊഴിഞ്ഞതാണ്. വിശ്വാസിക്ക് അത്ര മതി. അവിടെ പ്രാര്‍ത്ഥനക്ക് പ്രത്യേക ഉത്തരമുണ്ട്. കുറച്ചു നേരം ക്ഷമയോടെ കാത്തിരുന്നാല്‍ മതി. നമുക്കവിടെ നിസ്‌കരിക്കാം, പ്രാര്‍ത്ഥിക്കാം. ബെല്‍റ്റുകള്‍ കെട്ടി തിരിച്ച് എല്ലാവര്‍ക്കും സൗകര്യമൊരുക്കുന്ന ഈ രീതി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. എത്ര സമയവും കാത്തുനിന്നാലെന്താ! സ്വര്‍ഗീയ ഉദ്യാനത്തിന്റെ വാതില്‍പ്പടിയില്‍ ഈ കാത്തിരിപ്പിന് എന്തു സുഖമുണ്ട്. പൊതുവേ തിരക്ക് വളരെ കുറവാണ് ഇപ്പോള്‍. അര മുക്കാല്‍ മണിക്കൂര്‍ കാത്തുനില്‍ക്കേണ്ടി വന്നൊള്ളു. ഞങ്ങള്‍ റൗളയിലെത്തി. അല്‍ഹംദുലില്ലാഹ്!
വേഗം രണ്ട് റക്അത് നിസ്‌കരിച്ചു. പിന്നെയും ഒരു രണ്ട് റക്അത്! കുറച്ചു സമയം കൂടി ബാക്കിയുണ്ട്. എന്തെല്ലാമാണ് പ്രാര്‍ത്ഥിക്കേണ്ടത്. ദുന്‍യാവിലെ ആവിശ്യങ്ങളുണ്ടോ തീരുന്നു.  പരലോകം! ഖബ്റ്!, മീസാന്‍!, മഹ്ശര്‍!, സ്വിറാത്!, ''യാ റബ്ബീ... നേരാംവണ്ണം നിന്നോട് ചോദിച്ചു വാങ്ങാന്‍ പോലും കഴിയാത്ത പോഴന്‍മാരാണ് ഞങ്ങള്‍.''  

പോലീസുകാരന്‍ എഴുന്നേറ്റു പോകാന്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ഇനിയും ഒട്ടേറെ പേര്‍ അവസരം കാത്ത് റൗളയിലേക്ക് എത്താന്‍ വരിനില്‍ക്കുകയാണ്. റൗള എല്ലാവര്‍ക്കുമുള്ളതാണല്ലൊ.... ഞാന്‍ എഴുന്നേറ്റു. ഇനി അല്പം മുന്നോട്ടു നടന്നാല്‍ ഹുജ്റതുശരീഫയിലേക്ക് നോക്കി സലാം പറയാനുള്ള മൂന്ന് ദ്വാരങ്ങള്‍ക്കടുത്തെത്തുകയായി. ഞാന്‍ എങ്ങനെ ഒരുങ്ങിയാണ് അങ്ങോട്ടുപോകേണ്ടതെന്ന് ചിന്തിച്ചപ്പോള്‍ കാലുകള്‍ തളര്‍ച്ച വന്ന പോലെ... 'യാ റൗളതുല്‍ മുഖ്താരി ഇന്നീ ജാഇഉന്‍....'





Post a Comment

Previous Post Next Post

Hot Posts