മസ്ജിദുല്‍ ഖിബ്‌ലതയ്‌നി

സമയം ആറരയാകുന്നു. വേഗം കുളിച്ചു ഫ്രഷായി ഞങ്ങള്‍ താഴേക്കിറങ്ങി. ബസ് കൃത്യസമയത്തു തന്നെ എത്തി ഞങ്ങളെ കാത്തിരിക്കുകയാണ്. ആയിശ ഇന്ന് നല്ല ഹാപ്പിയിലാണെന്നു തോന്നുന്നു. ഉമ്മയുടെ മടിയില്‍ അച്ചടക്കത്തോടെ ഇരിക്കുന്നത് കണ്ടു. മസ്ജിദു ഖുബായിലേക്കാണ് ആദ്യം പോകുന്നത്. മദീനയുടെ പാതക്കിരുവശവും മനോഹരമായ ചെടികളും പുല്ലുകളും വെച്ച് മോടി പിടിപ്പിച്ചിരിക്കുന്നു. ഞാന്‍ ബിലുവിന് പുറത്തെ കാഴ്ച്ചകളൊക്കെ കാണിച്ചു കൊടുത്തു. വളരെ പെട്ടെന്ന് തന്നെ മസ്ജിദു ഖുബാഇലെത്തി. തിരുനബി ഹിജ്റയായി മദീനയിലേക്കു വന്ന സമയം ആദ്യം ഇറങ്ങി നാലു ദിവസം താമസിച്ചതിവിടെയായിരുന്നു.

ഖുല്‍സൂം ബിന്‍ ഇംറുല്‍ഖൈസിന്റെ വീട്ടുമുറ്റത്ത് അന്ന് നബി തങ്ങള്‍ ഈ പള്ളിക്ക് തറക്കല്ലിട്ടു. പരസ്യമായി ജമാഅത് നിസ്‌കാരം നിര്‍വ്വഹിച്ചു. നാലു ദിവസം അവിടെ തങ്ങിയ ശേഷം മദീനയിലേക്കു പോയി. അവിടെ നിര്‍മിക്കപ്പെട്ട പള്ളിയാണിത്. ഇവിടുത്തെ രണ്ട് റക്അത് നിസ്‌കാരത്തിന് ഒരു ഉംറയുടെ പ്രതിഫലം ലഭിക്കുമെന്ന് തിരുനബി പഠിപ്പിച്ചിട്ടുണ്ട്. ആ ഹദീസ് പള്ളിയുടെ കവാടത്തിനടുത്ത് വൃത്തിയായി എഴുതിവെച്ചത് കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. ഈ പള്ളിക്ക് ഒരു പ്രത്യേകതയുമില്ല എന്നൊന്നും എഴുതി വെച്ചില്ലല്ലോ. മക്കയില്‍ പല സ്ഥത്തും കാണേണ്ടി വന്ന ബോര്‍ഡുകളാണെനിക്ക് ഓര്‍മവന്നത്.

പള്ളിയില്‍ നിസ്‌കാരവും പ്രാര്‍ത്ഥനയും നിര്‍വ്വഹിച്ച് ഞങ്ങള്‍ വേഗം വാഹനത്തില്‍ കയറി. മസ്ജിദുല്‍ ഖിബ്ലതൈനിയിലേക്കാണ് ഇനി യാത്ര. അല്ലാഹുവിന് തന്റെ ഇഷ്ട ദാസനോടുള്ള സ്നേഹത്തിന്റെ പ്രതീകമാണ് യഥാര്‍ത്ഥത്തില്‍ ആ പള്ളി. മദീനയിലെത്തിയ നബി(സ)യോട് മസ്ജിദുല്‍ അഖ്സയെ ഖിബ്ലയാക്കി നിസ്‌കരിക്കാനായിരുന്നു അല്ലാഹുവിന്റെ കല്‍പന. പതിനേഴ് മാസക്കാലം ഇപ്രകാരം ഫലസ്തീനിലെ മസ്ജിദുല്‍ അഖ്സയിലേക്കു തിരിഞ്ഞ് നബിയും സ്വഹാബികളും നിസ്‌കരിച്ചു. മക്കയില്‍ നിന്ന് വിശുദ്ധ കഅ്ബയിലേക്കു തിരിഞ്ഞു നിസ്‌കരിച്ചിരുന്ന നബിക്ക് ഇത് സംതൃപ്തി നല്‍കിയിരുന്നില്ല. തന്റെ പൂര്‍വപിതാവായ ഇബ്റാഹീം നബിയുടെയും കുടുംബത്തിന്റെയും തപിക്കുന്ന ഓര്‍മകള്‍ മുറ്റി നില്‍ക്കുന്ന കഅ്ബയെ ഉപേക്ഷിക്കാന്‍ അവിടുത്തെ മനസ്സനുവദിക്കുന്നില്ല.

എപ്പോഴും നബി ആകാശത്തേക്ക് പ്രതീക്ഷയോടെ നോക്കും. ഖിബ്ല മക്കയിലേക്കു തന്നെ മാറ്റിയിരിക്കുന്നു എന്ന കല്പനയുമായി ജിബ്രീല്‍ വരുന്നുണ്ടോ എന്നാണ് നോട്ടം. അങ്ങനെയിരിക്കെ ഉമ്മു ബിശ്റ് എന്നവരെ സന്ദര്‍ശിക്കാന്‍ നബി അവരുടെ വീട്ടിലെത്തിയതാണ്. അവിടെ വെച്ച് ബൈതുല്‍ മുഖദ്ദസിലേക്കു തിരിഞ്ഞ് ളുഹ്റ് നിസ്‌കാരം ആരംഭിച്ചു. രണ്ട് റകഅത് പൂര്‍ത്തിയായപ്പോള്‍ ദിവ്യന്ദേശമെത്തി 'നബിയേ, അങ്ങയുടെ മുഖം ആകാശത്തേക്കുയരുന്നത് നാം ശ്രദ്ധിക്കുന്നുണ്ട്. ശരി, ഇനി നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഖിബ്ലയായ മസ്ജിദുല്‍ ഹറാമിന്റെ ഭാഗത്തേക്ക് മുഖം തിരിക്കുക. ഇനി നിങ്ങള്‍ എവിടെയായിരുന്നാലും ആ ഭാഗത്തേക്ക് തിരിഞ്ഞു നിസ്‌കരിക്കുക' (അല്‍ബഖറ-144). 

തിരുനബിക്കപ്പോഴുണ്ടായ സന്തോഷത്തിന് അതിരില്ല. ആ ളുഹ്റ് നിസ്‌കാരത്തില്‍ തന്നെ ശേഷിക്കുന്ന രണ്ട് റകഅ്ത് കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞു നിസ്‌കരിച്ചു. പിന്നീട് ഇവിടം പള്ളിയാക്കി. ഒരേ നിസ്‌കാരത്തില്‍ തന്നെ ഇങ്ങനെ രണ്ട് ഭാഗത്തേക്ക് തിരിഞ്ഞ് നിസ്‌കരിച്ചതു കൊണ്ടാണ് ഈ പള്ളിക്ക് ഈ പേര് ലഭിച്ചത്. തിരുനബിക്ക് ഇബ്റാഹീം നബിയോടും കഅ്ബയോടും മക്കയിലെ ഗതകാലചരിതങ്ങളോടുമുള്ള താത്പര്യമാണ് ഞാനോര്‍ത്തത്! ഇനി ഖന്തക്കിലേക്കാണ്! പോകുന്ന വഴിയില്‍ മസ്ജിദുല്‍ ജുമുഅ കണ്ടു. 

മസ്ജിദുല്‍ ഖുബാക്ക് തറക്കല്ലിട്ട് അവിടെ നാലു ദിവസം താമസിച്ച ശേഷം നബി(സ) മദീനയിലേക്ക് തിരിച്ചത് ഒരു വെള്ളിയാഴ്ച്ചയായിരുന്നു. ഉച്ചയായപ്പോള്‍ ബനൂസലീം ഗോത്രക്കാരുടെ താമസ സ്ഥലത്തുവെച്ചു ജുമുഅ നിസ്‌കരിച്ചു. അവിടെ പിന്നീട് ഉണ്ടാക്കിയ പള്ളിയാണിത്. വാഹനത്തില്‍ നിന്ന് പുറത്തേക്കു നോക്കുമ്പോള്‍ നയനാന്ദകരമായ കാഴ്ച്ചകളുണ്ട്. പക്ഷേ മനസ്സിലേക്കോടി വരുന്നതു മുഴുവന്‍ ഖന്തക്കിനെകുറിച്ച് ഓര്‍മയുള്ള ചിത്രങ്ങളാണ്.


Post a Comment

Previous Post Next Post

Hot Posts