ഹംസ (റ)വിന്റെ പേരില്‍ നിര്‍മിക്കപ്പെട്ട മസ്ജിദ് സയ്യിദു ശുഹദാഇന്റെ മുന്നിലാണ് ഇപ്പോള്‍ ഞങ്ങളുള്ളത്. ഹിജ്റ 570 ല്‍ ഖലീഫ നാസിറുദീനില്ലാഹിയുടെ മാതാവാണ് ഈ പള്ളിനിര്‍മിച്ചത്. പിന്നീട് വികസിപ്പിച്ച് മോടികൂട്ടി ഇന്നീ കാണും വിധമായി. ഈ മസ്ജിദിന്റെ ഉദ്ഘാടനത്തെകുറിച്ച് ചില മലയാള പത്രങ്ങളില്‍ ഫീച്ചര്‍ വന്നതോര്‍മ വരുന്നു. ഈ കഴിഞ്ഞ റമളാനിലായിരുന്നോ അത്. എന്തായാലും ഈ പള്ളിയിലെ അത്യാധുനിക സൗകര്യങ്ങളെ കുറിച്ചായിരുന്നു വാര്‍ത്ത.
ഉഹ്ദില്‍ നിര്‍മിക്കപ്പെടുന്ന പള്ളിയെ വിളിക്കാവുന്ന ഏറ്റവും ഉചിതമായ പേര് 'സയ്യിദു ശുഹദാഅ്' എന്നു തന്നെയാണല്ലൊ. ഉഹ്ദിലെന്നു മാത്രമല്ല ഇസ്‌ലാമിന്റെ അതിജീവനചരിത്രത്തില്‍ തന്നെ ഇത്ര ധീരമായ ഒരു രക്തസാക്ഷിത്വം വേറെ ഉണ്ടായിട്ടുണ്ടോ?! അതു കൊണ്ടാണ് ഹംസ(റ) 'രക്തസാക്ഷികളുടെ നായകന്‍' (സയ്യിദുശ്ശുഹദാ) എന്നറിയപ്പെട്ടത്.
യുദ്ധമൊന്നടങ്ങി ശാന്തമായ നേരത്ത് ആരൊക്കെ രക്തസാക്ഷിയായി എന്നു നോക്കാന്‍ മുത്തുനബി ഏതാനും സ്വഹാബികളെ പറഞ്ഞയച്ചു. ഹംസ(റ)വിന്റെ ജനാസ ചിന്നിചിതറിക്കിടക്കുന്ന കാഴ്ച്ച കണ്ട അവരത് എങ്ങിനെയാണ് മുത്തുനബിയെ അറിയിച്ചിട്ടുണ്ടാവുക. അപ്പോള്‍ അതായിരുന്നു എന്റെ സംശയം.
ശത്രുക്കള്‍ എത്ര ക്രൂരമായാണ് അവിടുത്തെ മയ്യിത്തിനെ വികൃതമാക്കിയത്. മുത്തുനബിയുടെ എളാപ്പയും മുലകുടിബന്ധം വഴി സഹോദരനുമായിരുന്നല്ലോ ഹംസ(റ). അബൂലഹബിന്റെ അടിമ സൂവൈബ രണ്ട് പേര്‍ക്കും മുലകൊടുത്തിട്ടുണ്ട്. നബിയേക്കാള്‍ രണ്ട് വയസ്സ് മാത്രമേ അധികമൊള്ളു. വാപ്പയും ഉമ്മയുമില്ലാതെ വല്ലിപ്പയുടെയും മൂത്താപ്പയുടെയും മകനായി വളര്‍ന്ന മുത്തുനബി ഖുറൈശി കുടുംബത്തിലെ ഓമനയായിരുന്നല്ലോ. അതിനാല്‍ തന്നെ എളാപ്പയെന്നതിലുപരി കൊച്ചുനാള്‍ മുതലേ ഹംസ(റ) ഇഷ്ട കൂട്ടുകാരനാണ്. നുബുവ്വത്തിന്റെ രണ്ടാം വര്‍ഷം തന്നെ മുസ്‌ലിമായിട്ടുണ്ട്. ധീരനായ അദ്ദേഹത്തിന്റെ ഇസ്‌ലാമാശ്ലേഷം ഇസ്‌ലാമിന് നല്‍കിയ കരുത്ത് ചെറുതായിരുന്നില്ല. ബദ്റ് പോരാട്ട ഭൂമിയിലും എളാപ്പയായിരുന്നു ശ്രദ്ധാകേന്ദ്രം. യുദ്ധമാരംഭിക്കുന്നതിന് മുമ്പ് തന്നെ മുസ്‌ലിംകളുടെ ജലസംഭരണി തകര്‍ക്കാന്‍വന്ന അസ്വദിനെ വകവരുത്തിയത് ഹംസ(റ)വായിരുന്നു. ബദ്റ് പടപാട്ടിലെ ആ വരി നിങ്ങള്‍ക്കോര്‍മ വരുന്നില്ലേ.
''അസദുല്‍ ഇലാഹി റളിയല്ലാഹ്/ ചാടിട്ട് അസ്വദെന്നവിടെന്ന് മാറേടാ/ അസ്ഹാബുല്‍ ഹൗളില്‍ ആരേടാ/ ജലം എടുക്കുന്നോരുണ്ടെങ്കില്‍ കോരേടാ..''
'അല്ലാഹുവിന്റെ സിംഹം' (അസദുല്‍ഇലാഹ്) എന്നാണ് അന്ന് മുത്തുനബി വിശേഷിപ്പിച്ചത്. ബദ്റില്‍ ഉത്ബത്, ശൈബത്, വലീദ് തുടങ്ങി മല്ലന്മാരെയെല്ലാം മലര്‍ത്തിയടിച്ചത് ഹംസ(റ)വായിരുന്നു. അതിന് പ്രതികാരമാണിപ്പോള്‍ ഉത്ബതിന്റെ മകള്‍ ഹിന്ദ് ചെയ്തിരിക്കുന്നത്. 'ഹംസയുടെ കരള്‍ ചവച്ചു തിന്നും, തലയോട്ടിയില്‍ മദ്യം കുടിക്കും' എന്നെല്ലമായിരുന്നു അവളുടെ ശപഥം. സ്വതന്ത്രനാക്കാമെന്ന കരാറില്‍ അവളുടെ അടിമയായിരുന്ന വഹ്ശി കൊലനടത്തി. ശേഷം അവരെല്ലാം ചേര്‍ന്ന് ആ ശരീരം കൊത്തിനുറുക്കി. അവിടുത്തെ കരള് ഹിന്ദ് പറിച്ചെടുത്ത് കടിച്ചുതുപ്പി.
'യാ അമ്മു റസൂലില്ലാഹ്.... ഞങ്ങളോട് പൊറുക്കണേ...' ദീനിന് വേണ്ടി ഒരു മുള്ള്കൊണ്ട അനുഭവം പോലും പറയാനില്ലാത്ത ഈ പാപികള്‍ അങ്ങയുടെ മുന്നില്‍ എങ്ങനെ തലയുയര്‍ത്തിനില്‍ക്കും. ഞാനിപ്പോള്‍ അവിടുത്തെ മുന്നിലാണല്ലോ എന്നോര്‍ത്തപ്പോള്‍ തള്ളവിരല്‍ മുതല്‍ ശിരസ്സിലേക്കു ഒരു മിന്നല്‍പിണര്‍ അരിച്ചുകയറി. ഖബറുകളുടെ സമിപത്തേക്കു പോകാന്‍ കഴിയാത്തവിധം ഇരുമ്പ് മതില്‍ നിര്‍മിച്ചിട്ടുണ്ട്. അമീറിന്റെ നേതൃത്വത്തില്‍ നല്ലൊരു ദുആ നടന്നു. ഇന്ത്യോനേഷ്യ, മലേഷ്യാ, ബംഗ്ലാദേശ്, തുര്‍ക്കി തുടങ്ങി വിവിധ രാജ്യക്കാര്‍ അവിടെ ദുആ ചെയ്യുന്നുണ്ട്. ചിലരൊക്കെ മൈക്കില്‍ തന്നെ ദൂആ നടത്തുന്നു. മുതവ്വമാര്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരോട് തര്‍ക്കിക്കുന്ന സ്വദേശികളെ തന്നെ അവിടെ ധാരാളം കണ്ടു. അവരല്ലാം തവസ്സുല്‍ ചെയ്തു പ്രാര്‍ത്ഥിക്കുന്നവരാണ്. അവര്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ മുതവ്വമാര്‍ അടങ്ങിയിരിക്കുകയാണെന്നു തോന്നുന്നു.
യഥാര്‍ത്ഥത്തില്‍ ഹംസ(റ)വിന്റെ ഖബ്റ് ആദ്യം ഇവിടെയായിരുന്നില്ല. മറവ്ചെയ്ത് 46 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മര്‍വാനുബിനു ഹഖമിന്റെ ഭരണകാലത്തുണ്ടായ പ്രളയത്തില്‍ മയ്യിത്ത് പുറത്തേക്കു വന്നു. കഫന്‍പുടവക്കു വരെ ഒരു കോട്ടവും സംഭവിച്ചിരുന്നില്ല. അന്ന് അവിടെ നിന്ന് എടുത്ത് ഹംസ(റ)വിന്റെയും സഹോദരി പുത്രന്‍ അബ്ദുല്ലാഹിബ്നു ജഹ്ശി(റ)വിന്റെയും മയ്യിത്ത് ഇന്നു അവിടുത്തെ ഖബറുള്ള സ്ഥലത്തേക്ക് മറമാടുകയാണ് ചെയ്തത്. ദുആ കഴിഞ്ഞ് പിന്നെയും അവിടെ ചുറ്റിപറ്റി കുറച്ചുനേരം നിന്നു. മുത്തുനബിയുടെ കരയുന്ന മുഖം തന്നെയാണ് മനസ്സിലേക്ക് ഓടിവരുന്നത്.
എളാപ്പയുടെ ഈ വിയോഗം മുത്തുനബിയെ വല്ലാതെ തളര്‍ത്തികളഞ്ഞിരുന്നു. പിന്നെ കുറേകാലം മനസ്സിലെപ്പോഴും എളാപ്പയുടെ മുഖമായിരുന്നു. ഒരിക്കല്‍ തനിക്കൊരു ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു, എന്തു പേരിടണം എന്നു ചോദിച്ച സ്ത്രീയോട് 'കുട്ടിക്ക് ഹംസ എന്നു പേരുവെക്കുക' എന്നായിരുന്നല്ലോ എന്റെ ആറ്റലോര്‍ പറഞ്ഞത്. ഏറ്റവും ശ്രേഷ്ഠമായ പേര് അബ്ദുല്ല, അബ്ദുറഹ്മാന്‍.. എന്നെല്ലാമാണെന്ന് പഠിപ്പിച്ച നബി തന്നെ ഹംസ എന്ന് പേര് നിര്‍ദേശിക്കാനും. എനിക്കേറ്റവും ഇഷ്ടപ്പെട്ട പേരാണതെന്ന് പറയാനും പ്രേരിപ്പിച്ചത് ഓര്‍മയില്‍ തത്തിക്കളിക്കുന്ന എളാപ്പയുടെ മുഖമല്ലാതെ മറ്റെന്താണ്.
ഹംസ(റ) വിനെ ചാട്ടുളികൊണ്ട് കൊന്ന വഹ്ഷി പിന്നീട് ഇസ്‌ലാമിലേക്കു വന്നു. അദ്ദേഹം സ്വഹാബിയായി. അബ്ദുല്ലാ എന്ന പേര് സ്വീകരിച്ചു ലോകത്തിന്റെ ആദരവിന് വിധേയനായി. എന്നിട്ടും, നബി(സ) ഒരിക്കല്‍ അദ്ദേഹത്തോട് പറഞ്ഞത് നിങ്ങള്‍ കേട്ടിട്ടില്ലേ, 'ഓ അബ്ദുല്ലാ, നിങ്ങള്‍ എന്റെ സദസ്സുകളില്‍ ഞാന്‍ കാണും വിധം മുന്നിലൊന്നും ഇരിക്കരുതേ, നിന്റെ മുഖം കാണുമ്പോള്‍ എനിക്കെന്റെ എളാപ്പയെ ഓര്‍മവരുന്നു.' സംഭവിച്ചു പോയതില്‍ അദ്ദേഹത്തിന് തീരാത്ത ക്ലേശമുണ്ടായിരുന്നു. അന്ന് തന്റെ യജമാനത്തിയായ ഹിന്ദിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണത് ചെയ്യേണ്ടി വന്നത്. പിന്നീട് മുസൈലിമതുല്‍ കദ്ദാബെന്ന കള്ള പ്രവാചകനെ വകവരുത്തി വഹ്ശി തിരുനബിയെ സന്തോഷിപ്പിച്ചിട്ടുണ്ട്.
ഈ ഭൂമിക്ക് ഇനിയും എന്നോടു കുറേ സംസാരിക്കാനുണ്ട്. തിരച്ചറിയാനാകാത്ത വിധം ശരീരമാസകലം വികൃതമാക്കപ്പെട്ട് ചൂണ്ടുവിരല്‍ തലപ്പിലെ മുറിവിന്റെ മറുക് കണ്ട് മാത്രം പ്രിയപ്പെട്ട കൊച്ചനിയത്തി റുബൈഅ തിരിച്ചറിഞ്ഞ അനസുബ്നു നള്റി(റ)നു ചുറ്റുമാണ് എന്റെ ഓര്‍മകള്‍ ഇപ്പോള്‍ കറങ്ങിക്കൊണ്ടിരിക്കുന്നത്.
Post a Comment