ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോള്‍ തന്നെ ത്വാഇഫിലേക്കു പോകാനുള്ള ബസ് എത്തിയിരുന്നു. സീറ്റിലിരുന്നതു മുതല്‍ ത്വാഇഫാണ് മനസ്സില്‍. മുത്തുനബിയുടെ ഉമ്മയുടെ അമ്മാവന്‍മാരുടെ നാടായിരുന്നു ത്വാഇഫ്. മക്കയിലെ പീഡനം അസഹ്യമായപ്പോള്‍ അമ്മാവന്‍മാരുടെ കാരുണ്യം പ്രതീക്ഷിച്ച് നബി(സ) പോയ നാടാണ് ത്വാഇഫ്. പക്ഷേ വളരെ ക്രൂരമായി അവര്‍ നബിയെ ആട്ടിയകറ്റുകയാണുണ്ടായത്. അങ്ങാടി പിള്ളേരെ ഉപയോഗിച്ച് നബിയെ കല്ലെറിഞ്ഞ് ആട്ടി ഓടിച്ചു. അവര്‍ നബിയെ 'ഭ്രാന്തന്‍!' എന്നു വിളിച്ച് കല്ലെറിഞ്ഞോടിച്ചു. കൂര്‍ത്ത കല്ലുകള്‍ കൊണ്ട് അവിടുത്തെ ഞെരിയാണി പൊട്ടി രക്തം ചീറ്റി.
ഇതു കണ്ട് ജിബ്രീല്‍(അ) അവിടെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു പാറ അവരുടെ മേല്‍ കമിഴ്ത്താന്‍ തുനിഞ്ഞു. നബി(സ) അതിന് സമ്മതിച്ചില്ല. അങ്ങനെ പകുതി വീഴാറായി നില്‍ക്കുന്ന പാറയും നബി വിശ്രമിച്ച തോട്ടവും എല്ലാം കാണാമെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. അതിലേറെ എനിക്ക് താത്പര്യം തോന്നിയത് മുത്തുനബിയുടെ ശൈശവ കാലം കഴിച്ചു കൂട്ടിയ 'ബനൂസആദാ'യിലെ 'വാദീ ഹലീമ'യിലേക്കു പോകാം എന്നറിഞ്ഞപ്പോഴായിരുന്നു. അവിടെ ഹലീമ ബീവിയുടെ വീട് കാണാനുണ്ട്. ബീവിയുടെ മക്കളായ ശൈമാഇനോടും ളംറതിനോടും ഒപ്പം തിരുനബി ഓടി നടന്ന മലഞ്ചെരുവ് കാണാന്‍ കഴിയുമല്ലോ എന്ന് കരുതി ഉള്ളം തുടിച്ചു. പ്രസവിച്ചയുടനെ മക്കളെ മുലയൂട്ടാനും വളര്‍ത്താനും ഗ്രാമീണ സ്ത്രീകളെ ഏല്‍പിക്കുന്നത് മക്കയിലെ പതിവായിരുന്നു. അനാഥനായ മുത്തുനബിയെ സ്വീകരിക്കാന്‍ ആരും വന്നില്ല. അവസാനം അവശയായ ഹലീമയായിരുന്നു നബിയെ ഏറ്റെടുത്തത്. ആ നിമിഷം മുതല്‍ ഇതൊരു സാധാരണ കുഞ്ഞല്ലെന്ന് അവര്‍ക്കു ബോധ്യപ്പെട്ടു. ചാവാലിയായിരുന്ന അവരുടെ കുതിര സഹയാത്രികരെ തോല്‍പിച്ച് കുതിച്ചോടി. വീട്ടിലെത്തിയതും പരിസരമാകെ കസ്തൂരിയുടെ സുഗന്ധം പരന്നു. വീട്ടിലെ മരങ്ങള്‍ പൂവിട്ടു കായ്ച്ചു. ഈന്തപ്പന സമൃദ്ധമായി. കറവ വറ്റിയ ആടുകള്‍ പോലും പാല്‍ ചുരത്തി.
വലത്തെ മുല മാത്രം കുടിച്ച് ഇടത്തെ മുല ഹലീമയുടെ മകന്‍ ളംറതിന് വേണ്ടി മുത്തുനബി മാറ്റിവെച്ചു. എത്ര നിര്‍ബന്ധിച്ചാലും ഇടത്തെ മുല കുടിക്കില്ല. ഓടി നടക്കാന്‍ പ്രായമായപ്പോള്‍ പല അത്ഭുതങ്ങള്‍ക്കും ആ കുടുംബം സാക്ഷിയായി. മേഘം തണല്‍ വിരിച്ചു കൊടുക്കുന്നതും. കല്ലുകള്‍ സലാം പറഞ്ഞതും. മലക്കുകള്‍ നെഞ്ചുകീറിയതും.... അങ്ങനെ പലതും. ഹലീമതു സഅദിയ്യയുടെ മൂത്തമകള്‍ ശൈമയായിരുന്നു നബിയെ ഒക്കെത്തെടുത്തു നടന്നിരുന്നത്. തന്റെ കുഞ്ഞാങ്ങളയെ ശൈമക്ക് ജീവനായിരുന്നു. ഒരിക്കല്‍ നബി ശൈമയുടെ തോളത്ത് നല്ലൊരു കടി കൊടുത്തു.! മുറിവ് പറ്റി ചോര വന്നു.
പിന്നീടതൊരു കറുത്ത കലയായി ബാക്കിയായി. തിരുനബിയെ ഉമ്മ ആമിന(റ)ക്ക് തിരിച്ചേല്‍പിച്ച ശേഷവും ഹലീമ(റ) വളര്‍ത്തുമകനെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഖദീജ(റ)യുമായുള്ള കല്യാണ ദിവസവും ഹലീമ അവിടെ എത്തിയിരുന്നു. 40 ആടുകളും ഒട്ടകങ്ങളുമെല്ലാം കിട്ടിയപ്പോള്‍ ഹലീമ(റ) അതിശയിച്ചു പോയി. മുലയൂട്ടിയ സ്ത്രീകളെ അതുകഴിഞ്ഞാല്‍ പിന്നെ ആരും ഇത്ര പരിഗണിക്കാറില്ല. മുഹമ്മദും കുടുംബവും തനിക്കു നല്‍കുന്ന പരിഗണന കണ്ട് ഹലീമ കരയാറുണ്ട്. തന്നെ 'ഉമ്മാ!' എന്നു തന്നെയാണ് മുഹമ്മദ് ഇപ്പോഴും വിളിക്കുന്നത്!
ബസ് മുന്നോട്ടു പോകുന്നതിനനുസരിച്ച് എന്റെ ചിന്തകളും സഞ്ചരിക്കുകയാണ്. തായിഫിന്റെ സാമീപ്യം അറിയിച്ചു കൊണ്ട് റോഡിനിരുവശവും പച്ചപ്പ് കൂടിവരുന്നുണ്ട്. തോടുകളും ജല സംഭരണികളും കാണുന്നുണ്ട്.
ശൈമാഇനെ കുറിച്ച് എവിടെയോ വായിച്ചപ്പോള്‍ മനസ്സില്‍ ആ പേര് ഉറച്ചു പോയിരുന്നു. അല്ലാഹു ഞങ്ങള്‍ക്കൊരു മോളെ തന്നപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ ഞാനവള്‍ക്ക് 'ശൈമാ' എന്ന് പേര് വെക്കാന്‍ ഇതായിരുന്നു കാരണം. ഹുനൈന്‍ യുദ്ധത്തില്‍ തടവുകാരെ പിടിച്ച കൂട്ടത്തില്‍ ശൈമായുമുണ്ടായിരുന്നു. അന്നവര്‍ മുസ്‌ലിമായിട്ടില്ല. ശത്രുക്കളോടൊപ്പം വന്ന് പിടിയിലായതാണ്. നബിയെ സമീപിച്ച് 'എന്നെ മനസ്സിലായോ' എന്ന് ചോദിച്ചു. അന്നവര്‍ കിളവിയായിരുന്നു. നബി ആളെ തിരിച്ചറിഞ്ഞില്ല. അവര്‍ പറഞ്ഞുകൊടുത്തു. 'ഞാന്‍ ബനൂ സആദയിലെ ശൈമയാണ്'. നബിക്ക് വിശ്വസിക്കാനായില്ല. അവര്‍ ചിരിച്ചു കൊണ്ട് ചെറുപ്പത്തില്‍ നബി കടിച്ച മുറിവിന്റെ കല കാട്ടികൊടുത്തു. നബി കരഞ്ഞുപോയി. ആ സദസ്സില്‍ വെച്ച് തന്നെ അവര്‍ മുസ്ലിമായി!. 'ഇനിയുള്ള കാലം ഇത്തക്ക് എന്റെ കൂടെ കഴിഞ്ഞു കൂടെ' എന്ന് നബി ചോദിച്ചു നോക്കി.' ആഗ്രഹമുണ്ടെങ്കിലും ഇപ്പോഴതിന് കഴിയില്ല. കുടുംബത്തിലേക്ക് തന്നെ തിരിച്ചുപോകണ'മെന്നവര്‍ പറഞ്ഞപ്പോള്‍ നബി എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു. കൈ നിറയെ സമ്മാനങ്ങള്‍ നല്‍കി ഒരു രാജകുമാരിയെപോലെ അവരെ യാത്രയായി.
ശൈശവത്തില്‍ തന്നെ എടുത്തു നടന്ന് ലാളിച്ചു വളര്‍ത്തിയ മുലകുടി ബന്ധത്തിലെ സഹോദരിക്കുള്ള സ്നേഹ സമ്മാനം!.
ബസ് ത്വാഇഫിലെ 'അബ്ദുല്ലാഹിബ്നു അബ്ബാസ്(റ)' മസ്ജിദിനടുത്ത് നിര്‍ത്തി. ഇസ്‌ലാമിക വാസ്തു ശില്പ ഭംഗി വിളിച്ചോതുന്ന മനോഹരമായ പള്ളി. പുറത്തിറങ്ങിയപ്പോഴാണ് തണുപ്പിന്റെ ശക്തിയറിയുന്നത്. ഊട്ടിയിലൊക്കെ പോയ അതേ അവസ്ഥ. വെള്ളം തൊടാന്‍ കഴിയുന്നില്ല. മരം കോച്ചുന്ന തണുപ്പ്! മരവിപ്പിക്കുന്ന തണുപ്പിനെ അതിജയിച്ച് വുളുഅ് എടുത്തു. അവിടെ നിന്നും അസറ് നിസ്‌കരിച്ചു.
ഇബ്നു അബ്ബാസ്(റ)വിന്റെ ഖബറ് ഒരു വലിയ കെട്ടിനുള്ളിലാണ്. സിയാറത് ചെയ്തു. ഇനി ബനൂ സആദയിലേക്ക് പോകുകയാണെന്നാണ് കരുതിയത്. പക്ഷെ, ഡ്രൈവര്‍ ഞങ്ങളെ നിരാശപ്പെടുത്തി. അങ്ങോട്ടു പോകാന്‍ കഴിയില്ലത്രേ. പുതിയ നിയമപ്രശ്‌നങ്ങളുണ്ടെന്നും അങ്ങോട്ടു കടത്തിവിടുന്നില്ലെന്നുമൊക്കെ ഡ്രൈവര്‍ പറയുന്നു. വെറുതെ കൊതിപ്പിക്കേണ്ടായിരുന്നു. എല്ലാ ആവേശവും ചോര്‍ന്നുപോയി. മക്കയിലെ ദിവസങ്ങളില്‍ ഏറ്റവും നിരാശയനുഭവപ്പെട്ട മണിക്കൂറുകളായിരുന്നു ത്വാഇഫില്‍ നിന്നുള്ള മടക്കയാത്ര! മുത്തുനബിയെ പോലും ദുഖിപ്പിച്ചു മടക്കിയയച്ച നാടാണ് ത്വാഇഫ്. പോകുന്ന വഴിയില്‍ തിരുനബി ഉണ്ടാക്കി, ഇന്നും അതേ പോലെ സംരക്ഷിക്കുന്ന ഒരു പള്ളി കണ്ടു.
ഖറ്നുല്‍ മനാസിലില്‍ ഇറങ്ങി ഇഹ്റാം ചെയ്തു. ഇവിടെയും നല്ല തണുപ്പാണ്. യാത്രയിലെ മൂഡ് ഓഫിന്റെ തീവ്രത കൂട്ടും വിധം ഞങ്ങളുടെ ബസ് മറ്റൊരു കാറുമായി ഉരസി കുറേ സമയം ആ റോഡില്‍ തണുത്ത് വിറച്ചിരുന്നു. എല്ലാം കൂടി മടുപ്പിക്കുന്ന അനുഭവങ്ങള്‍!. യാത്രയാണല്ലൊ! 'യാത്ര ശിക്ഷയുടെ പരിഛേദമാണെന്ന' ഹദീസ് ഓര്‍ത്ത് ആശ്വാസം കണ്ടെത്തി. ഹോട്ടലില്‍ പോയ ശേഷമാണ് മസ്ജിദുല്‍ ഹറമിലെത്തി ഉംറ നിര്‍വ്വഹിച്ചത്. എല്ലാം കഴിഞ്ഞ് റൂമിലെത്തിയപ്പോഴേക്ക് അര്‍ധരാത്രി കഴിഞ്ഞിരുന്നു.
സ്വര്‍ഗത്തിലെ കല്ല് | Hajarul Asvad
ഇന്ന് ശനിയാഴ്ച്ചയായിരിക്കുന്നു. ഇനി കുറച്ചു ദിവസം കൂടിയേ മക്കയില്‍ കാണൂ. ഉച്ചക്ക് ശേഷം ഇന്ന് ത്വാഇഫിലേക്കാണ് യാത്ര. തിരിച്ചു വരുമ്പോള്‍ 'ഖര്‍നുല്‍ മനാസിലി'ല്‍ നിന്ന് ഇഹ്റാം ചെയ്ത് ഉംറ നിര്‍വ്വഹിക്കണം. ഉച്ചവരെ ഫ്രീയാണ്. നാസ്ത കഴിച്ച ശേഷം വെറുതേ മസ്ജിദുല്‍ ഹറാമിലേക്കിറങ്ങി. ഇപ്പോള്‍ കൂടെ ആരുമില്ല. ഒറ്റക്കാവുന്നതിന്റെ സ്വാതന്ത്യം ആസ്വദിച്ച് നടന്നു.
ളുഹാ നിസ്‌കരിച്ച് പള്ളിയിലിരിക്കുമ്പോള്‍ ഹജറുല്‍ അസ്വദിന്റെ ഭാഗത്തേക്ക് നോക്കി. തിരക്കു തന്നെയാണ്. ഇതുവരെ ഒന്ന് മുത്താന്‍ കഴിയാത്തതില്‍ വിഷമവുമുണ്ട്. പുണ്യഭൂവില്‍ ഇനി അധികം നാളുകളില്ല. നന്നായി പ്രാര്‍ത്ഥിച്ചു. ഹജറ് മുത്താന്‍ കഴിയണമെന്ന ഉദ്ദേശത്തോടെ സംസം കുടിച്ചു. 'നിങ്ങള്‍ എന്ത് ഉദ്ദേശ്യത്തിന് സംസം കുടിച്ചാലും ആ ഉദ്ദേശം നടക്കുമെന്ന്' ഹദീസിലുണ്ട്. 'മാഉ സംസം ലിമാ ശുരിബ ലഹു'. സംസം കുടിച്ച ബറകത് കൊണ്ട് ഇന്നെന്തായാലും ഹജര്‍ മുത്താന്‍ കഴിയുമെന്ന് എന്റെ മനസ്സ് പറഞ്ഞു. ആത്മവിശ്വാസത്തോടെ മത്വാഫിലേക്ക് നടന്നു.
മുത്താന്‍ അവസരമൊത്താല്‍ മൂന്ന് തവാഫ് ചെയ്യാമെന്ന് നേര്‍ച്ചയാക്കുകയും ചെയ്തു. പതിയെ തിരക്കുകള്‍ക്കിടയിലൂടെ കഅ്ബയുടെ ഓരം പറ്റി തെക്കു-കിഴക്കു മൂലയിലുളള ഹജറിനടുത്തേക്ക് നീങ്ങി. ഇപ്പോള്‍ പൊതുവേ തിരക്ക് കുറവാണ്. ഞാനായിട്ട് ആരെയും തിരക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് അവിടെ നിന്നുകൊടുത്തു. ഒഴുക്കില്‍ പെട്ട് സ്വയം മുന്നോട്ടും പിന്നോട്ടും നീങ്ങുന്നുണ്ട്. ഇതിനിടയില്‍ മതാഫ് ക്ലീന്‍ ചെയ്യുന്നവര്‍ ഹജറിനടുത്തെത്തി. കുറച്ചു സമയം പരിസരം ബെല്‍റ്റുകെട്ടി ബ്ലോക്കാക്കി വെച്ചു. ഹജറിലേക്ക് നോക്കി ക്ഷമയോടെ കാത്തിരുന്നു. ഏറ്റവും മുമ്പില്‍ ആയിരുന്നത് കൊണ്ട് ബെല്‍റ്റ് തുറന്ന സമയത്തു തന്നെ മൂന്നാലു പേര്‍ക്കു പിറകിലായി ഞാന്‍ ഹജറിന്റെ മുന്നിലെത്തി പരിസരത്തുള്ളതൊന്നും ഞാനിപ്പോള്‍ കാണുന്നില്ല. വെള്ളി ആവരണത്തില്‍ ചെറിയ കഷ്ണങ്ങളായി ഹജറ് പ്രത്യേക പ്രതലത്തില്‍ ഒട്ടിച്ചുവെച്ച പോലെ. ഏതാനും സെക്കന്റുകള്‍ എനിക്ക് ഹജറുല്‍ അസ്വദ് സ്വന്തമായി കിട്ടി. ആര്‍ത്തിയോടെ അതിലേറെ ആദരവോടെ ഹജറിനെ ചുംബിച്ചു. ജീവിതത്തിലെ ധന്യമായ നിമിഷം! അല്‍ഹംദുലില്ലാഹ് ലോകത്ത് ഒരുസമയം ഒരാള്‍ മാത്രം ചെയ്യുന്ന പുണ്യകര്‍മം.! ഈ ഏതാനം നിമിഷങ്ങള്‍ എന്റേതായിരുന്നു. തീരെ പ്രതീക്ഷിക്കാത്ത സമയത്ത് എന്റെ ആഗ്രഹം സഫലമായിരിക്കുന്നു. ആ തിരക്കില്‍ നിന്ന് പുറത്തു കടക്കാന്‍ ഇത്തിരി പ്രയാസപ്പെട്ടു. ഒരു വിധം തിരക്കൊഴിഞ്ഞ് മഖാമു ഇബ്റാഹീമിനു പിന്നിലെത്തി. ശുക്റിന്റെ സുജൂദ് ചെയ്തു. അവിടെ ഇരുന്ന് സന്തോഷത്തോടെ റുകുനുല്‍ അസ് വദിലേക്ക് നോക്കിയിരുന്ന് കുറച്ചു നേരം വിശ്രമിച്ചു.
ആദം നബി(അ)മിനൊപ്പം സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്കിറക്കപെട്ടതാണീ കല്ല്. 'പാലിനേക്കാള്‍ വെളുത്തനിറമായിരുന്നു. അതിനെ ചുംബിച്ച മനുഷ്യരുടെ പാപം കാരണം അതു കറുത്തുപോയി' എന്ന് ദുര്‍മുദി ഉദ്ധരിച്ച ഹദീസിലുണ്ട്. 'ഹജറുല്‍ അസ്വദിന്റെ തിളക്കം അല്ലാഹു ഇല്ലാതാക്കിയതാണ്. അതിന്നും ഉണ്ടായിരുന്നെങ്കില്‍ ആ തിളക്കത്തില്‍ ലോകം മുഴുവന്‍ പ്രകാശിക്കുമായിരുന്നു' എന്ന് അഹ്മദ് ഉദ്ധരിച്ച ഹദീസിലുണ്ട്. കഅ്ബ നിര്‍മാണ വേളയില്‍ ജിബ്രീല്‍(അ) അതവിടെ സ്ഥാപിച്ചു. പിന്നീട് പുനരുദ്ധാരണ കാലത്തെല്ലാം അതു സംരക്ഷിച്ചു.
പ്രളയം പോലുള്ള ആപത്തുകള്‍ ഉണ്ടായ ഘട്ടത്തില്‍ ജബല്‍ അബീഖുബൈസിലേക്ക് മാറ്റി സ്ഥാപിച്ച് അല്ലാഹു അതിനെ കാത്തു. ഹിജ്റ 270 ല്‍ കൂഫയിലെ ശിയാക്കള്‍ ഹജറ് മോഷ്ടിച്ചു കൊണ്ടു പോയി. ഇരുപത് വര്‍ഷം കഅ്ബയില്‍ ഹജറുല്‍ അസ്വദ് ഇല്ലായിരുന്നു. ശേഷം അബ്ബാസി ഖലീഫ അതു തിരിച്ചെത്തിച്ചു. അക്കാലത്തും പിന്നീട് ഹിജ്റ 413 ലും ശിയാക്കളാണ് ഹജറ് പൊട്ടിച്ചത്. 'നിങ്ങള്‍ ഹജറുല്‍ അസ്വദിനെ മുത്തുക ഏത് സമയവും അതവിടെ ഇല്ലാതായേക്കാം എന്ന മുത്തുനബിയുടെ വാക്ക് ഞാനോര്‍ത്തു. 'ആരെങ്കിലും ഹജറുല്‍ അസ്വദ് ചംബിച്ചാല്‍ അവനു വേണ്ടി മഹ്ശറയില്‍ ഹജറ് ശുപാര്‍ശ ചെയ്യും' എന്ന മുത്തുനബിയുടെ വാക്ക് പ്രതീക്ഷ നല്‍കുന്നു. പക്ഷേ, ഹജറുല്‍ അസ്വദ് എന്നെ തൃപ്തിപ്പെട്ടോ എന്ന ആശങ്കയുണ്ട്.
ഹജറ് മുത്താന്‍ കിട്ടിയ സന്തോഷം എളാപ്പയെ വിളിച്ചു പറഞ്ഞു. എളാപ്പ വന്ന് കുറച്ചു കാത്തു നിന്നപ്പോള്‍ അവര്‍ക്കും മുത്താന്‍ അവസരം കിട്ടി. നേര്‍ച്ചയാക്കിയ ത്വവാഫ് നിര്‍വ്വഹിച്ചു. വലിയ സന്തോഷത്തോടെയാണ് ഹോട്ടലിലേക്ക് മടങ്ങിയത്.
Post a Comment