അസറ് നിസ്‌കാര ശേഷം മാര്‍ക്കറ്റിലേക്കിറങ്ങി നോക്കി. സാധനങ്ങളൊന്നും വാങ്ങാനില്ല. വീട്ടിലേക്കു കൊണ്ടു പോകാന്‍ അത്യാവശ്യം സാധനങ്ങളൊക്കെ ജ്യേഷ്ഠന്‍ പാക്ക് ചെയ്തു കൊണ്ടുവന്നിട്ടുണ്ട്. നാട്ടില്‍ നിന്ന് പെങ്ങള്‍ വിളിച്ചപ്പോള്‍ വാങ്ങാനുള്ള സാധനങ്ങളുടെ നീണ്ട ലിസ്റ്റ് തന്നിട്ടുണ്ട്. കുട്ടികള്‍ക്കുള്ള ഫാന്‍സി സാധനങ്ങള്‍ വാങ്ങുന്നതിനനുസരിച്ച് അവള്‍ക്ക് സന്തോഷം കൂടുമെന്നനിക്കറിയാം. എളാപ്പയും ജ്യേഷ്ഠനും ഞാനും നടന്ന് ചില സാധനങ്ങളൊക്കെ സംഘടിപ്പിച്ചു. മിനു മോളെയും റിനുവിനെയും യുമിയേയും പ്രത്യേകം ഓര്‍ത്തു. അവളു പറഞ്ഞ കണ്ടീഷനൊക്കെ ഒത്ത ഒരു 'കഅ്ബ' കിട്ടാന്‍ കുറേ നടന്നു.
കൂടെയുള്ള സ്ത്രീകള്‍ക്ക് വേണ്ടി ഈത്തപ്പഴം വാങ്ങാന്‍ പോയപ്പോള്‍ 'മസ്ജിദുല്‍ ബിലാല്‍' കണ്ടിരുന്നു. തിരുനബി വഫാതായ ശേഷം 'നബിയില്ലാത്ത മദീനയില്‍ ജീവിക്കാന്‍ വയ്യെന്ന്' പറഞ്ഞ് നാട് വിട്ടു പോയതായിരുന്നു ബിലാല്‍(റ). മദീനയിലേക്കു തീരെ വരാതായപ്പോള്‍ ഒരിക്കല്‍ കിനാവില്‍ വന്ന് മുത്തുനബി(സ) ബിലാലിനോട് പരിഭവപ്പെട്ടു. ''ഇതെന്തൊരു പിണക്കമാണ് ബിലാല്‍, എന്നെ അകന്നു കഴിയുകയാണോ''. തിരുനബിയോടുള്ള സ്നേഹം പാരമ്യതയിലെത്തിയതു മൂലം സങ്കടം കൊണ്ട് മദീനയില്‍ വരാതിരിക്കുകയാണ്. പിണങ്ങിയതല്ല. പക്ഷേ നബിയുടെ ചോദ്യം ബിലാലിനെ മാറി ചിന്തിപ്പിച്ചു. ഉറക്കമുണര്‍ന്നയുടന്‍ മദീനയിലേക്കു ഓടി. ഹുജ്റതു ശരീഫക്കു മുമ്പില്‍ പൊടി മണലില്‍ വീണ് പൊട്ടിക്കരഞ്ഞു കൊണ്ട് ഉരുളുകയായിരുന്നു.ബിലാലി(റ)വിനെ കണ്ടതും എല്ലാവര്‍ക്കും ആവേശമായി. സിദ്ദീഖ്(റ) ഉള്‍പ്പെടെയുള്ളവര്‍ വന്ന് ഒന്ന് ബാങ്ക് വിളിക്കാന്‍ നിര്‍ബന്ധിച്ചു. നബിയുള്ള കാലത്ത് കേട്ടതാണ് ആ മധുര സ്വരം. പിന്നീട് ബിലാല്‍ ബാങ്ക് കൊടുത്തിട്ടില്ല. പലരും ആവശ്യപെട്ടെങ്കിലും ബിലാല്‍ തയ്യാറായില്ല. നബിയില്ലാത്ത മദീനയില്‍ എങ്ങനെ ബാങ്ക് വിളിക്കും. അവസാനം മുത്തുനബിയുടെ പേരക്കുട്ടികള്‍ ഹസനും(റ)ഹുസൈനും(റ) ബിലാലി(റ)വിന്റെ കയ്യില്‍ പിടിച്ച് കെഞ്ചിയപ്പോള്‍ ബിലാല്‍(റ) ബാങ്കുവിളിക്കാന്‍ തയ്യാറായി. ഈ കുട്ടികള്‍ ചില്ലറക്കാരല്ലല്ലോ, സ്വര്‍ഗീയ യുവാക്കളുടെ നേതാക്കന്മാരാണിവര്‍. ബിലാല്‍(റ) ഉയരത്തില്‍ കയറി ബാങ്ക് വിളിയാരംഭിച്ചു. 'അല്ലാഹു അക്ബര്‍!' 'അല്ലാഹു അക്ബര്‍!...' മദീനയൊന്നാകെ കിടുങ്ങി എന്താണീ കേള്‍ക്കുന്നത്. ബിലാലിന്റെ ശബ്ദമല്ലേ.. മുത്തുനബി തിരിച്ചുവന്നോ മുത്തുനബിയുടെ കാലത്ത് മാത്രം കേട്ട ആ ശബ്ദം കേട്ടപ്പോള്‍ മദീനക്കാര്‍ക്ക് മുത്തുനബിയുള്ള കാലം ഓര്‍മ വന്നു. ബാങ്കു കേട്ടവരെല്ലാം പളളിയിലേക്കോടി. നബിയോര്‍മകളില്‍ എല്ലാവരും കരയുന്നുണ്ട്. മദീന ഒന്നാകെ കരഞ്ഞ ഒരു ദിവസമായിരുന്നു അത്. ബിലാല്‍ ബാങ്ക് തുടരുകയാണ്. 'അശ്ഹദു അന്ന മുഹമ്മദു.....' ഇതു പറഞ്ഞപ്പോഴേക്ക് ബിലാല്‍ ബോധരഹിതനായി വീണുപോയി. ബാങ്ക് മുഴുവിപ്പിക്കാനായില്ല. പേര് ഉച്ചരിച്ചപ്പോഴേക്ക് നിയന്ത്രണം വിട്ടുപോകാന്‍ മാത്രം എന്തൊരു സ്നേഹമായിരുന്നു അവര്‍ക്കെല്ലാം ആറ്റലോരോട്. ഈ സംഭവത്തിന് ശേഷം പിന്നീട് ബിലാല്‍(റ) മദീന വിട്ട് പോയിട്ടില്ല. പിന്നീട് ബിലാല്‍(റ) താമസിച്ചിരുന്നത് ഈ മസ്ജിദ് നിന്നിരുന്ന സ്ഥലത്തായിരുന്നു.
മഗ്രിബിന് പള്ളിയില്‍ പോയി ബുര്‍ദ ചൊല്ലി പൂര്‍ത്തിയാക്കി. സ്വസ്ഥമായൊന്നു പ്രാര്‍ത്ഥിച്ചു. പള്ളിയില്‍ നടന്നപ്പോള്‍ 'അഹ്ലുസുഫ്ഫ' ക്കാര്‍ പഠിക്കാനിരുന്നിരുന്ന ഉയരത്തിലുള്ള ആ 'കെട്ട്' കണ്ടു. മസ്ജിദുനബവിയില്‍ തിരുനബിയുടെ ഗുരുമുഖത്തുനിന്ന് അറിവ് പഠിച്ചിരുന്ന മുതഅല്ലിമീങ്ങളായ സ്വഹാബികള്‍ ഇരുന്നിരുന്ന സ്ഥലമാണത്. അബൂഹുറൈറ(റ)വാണ അവരുടെ നേതാവ്. എല്ലാ സ്വഹാബികളും ഇല്‍മ് പഠിച്ചിരുന്നു. പക്ഷേ ഇവരങ്ങനെയായിരുന്നില്ല. മറ്റു ജോലികള്‍ക്കൊന്നും പോകാതെ മുഴുസമയം ഇല്‍മുമായി കെട്ടുപിണഞ്ഞു കഴിയുകയായിരുന്നു. പള്ളിയില്‍ ഒരല്‍പം ഉയര്‍ത്തി കെട്ടി ഈ ഭാഗം വേര്‍തിരിച്ചിരിക്കുന്നു. നിസ്‌കാര സമയത്തു മാത്രമേ അങ്ങോട്ട് കടത്തിവിടുന്നുള്ളൂ. പാറാവുകാര്‍ എന്നെ അങ്ങോട്ട് കടത്തിവിട്ടില്ല. ആ കെട്ട് ഒന്ന് തൊട്ട് ഞാന്‍ തിരിച്ചുപോന്നു.
ഇശാഅ് നിസ്‌കാര ശേഷം ഞങ്ങളുടെ സംഘാംഗങ്ങളെല്ലാം ഒരു റൂമില്‍ ഒത്തുകൂടി മൗലിദ് ഓതി. മദീനയുടെ സ്നേഹവലയത്തില്‍ നിന്ന് കൊണ്ടുള്ള മൗലീദോത്തിന് ഇരട്ടിമധുരമുണ്ട്. 'അന്‍ത ഉമ്മുന്‍ അം അബു...' എന്നൊക്കെ ചൊല്ലുമ്പോള്‍ നമുക്ക് ഖുബ്ബതുല്‍ ഖള്റാഇന്റെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാം. മുത്ത് നബി എല്ലാ അര്‍ത്ഥത്തിലും അരികില്‍ തന്നെയുണ്ടല്ലോ. അമീറിന്റെ ദുആയോടെ ആ മജ്‌ലിസ് സമാപിച്ചു.
Post a Comment