ഭൂമിയിലെ സ്വര്‍ഗം

അസറ് നിസ്‌കരിച്ച ഉടനെ ഞങ്ങള്‍ ജന്നതുല്‍ബഖീഇലേക്കു നീങ്ങി. അസറിന് ശേഷം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്ന സമയമാണ്. സ്ത്രീകള്‍ക്ക് അകത്തേക്ക് പ്രവേശനമില്ല. അവരെ പുറകുവശത്തു നിര്‍ത്തി അമീര്‍ ദുആ ചെയ്തു. ദുആ പൂര്‍ത്തീകരിക്കാന്‍ മുത്വവ്വമാര്‍ സമ്മതിച്ചില്ലത്രെ. ശിര്‍ക്കു ഭീതി തന്നെ. ഞങ്ങള്‍ അകത്തേക്കു പ്രവേശിക്കുകയാണ്. പറയത്തക്ക തിരക്കൊന്നുമില്ല. ആരൊക്കെയാണിവിടെ വിശ്രമിക്കുന്നതെന്നോര്‍ത്താല്‍ നമ്മുടെ കാലുകൊണ്ട് ഈ മണ്ണിലൂടെ നടക്കാനാവുമോ! ഖദീജ(റ), മൈമൂന(റ) ബീവിമാരൊഴികെ നബിയുടെ എല്ലാ ഭാര്യമാരുടെയും ഖബറ് ഇവിടെയാണ്. ഫാത്വിമതുല്‍ ബതൂല്‍(റ), സൈനബ(റ), റുഖിയ്യ(റ), ഉമ്മുകുല്‍സൂം(റ) എന്നീ നാലു പെണ്‍മക്കളും മകന്‍ ഇബ്റാഹീമും(റ) ഇവിടെ തന്നെയാണ് വിശ്രമിക്കുന്നത്. അമീറുല്‍ മുഅ്മിനീന്‍ ഉസ്മാനു ബ്നു അഫ്ഫാന്‍(റ), അസ്അദ് ബ്നു സുറാറ(റ), ഉസ്മാനു ബ്നു മള്ഊന്‍(റ), നബിയുടെ പേരമകന്‍ ഹസന്‍(റ), പിതൃവ്യന്‍ അബ്ബാസ്(റ), സഅദ്ബ്നു അബീവഖാസ്(റ), തിരുനബിയുടെ അമ്മായി സ്വഫിയ്യ(റ) തുടങ്ങി പതിനായിരക്കണക്കിന് സ്വഹാബികളുടെ ഖബ്റ് ജന്നതുല്‍ ബഖീഇലുണ്ടെന്നാണ് കണക്ക്. കൂടാതെ ഇമാം മാലിക്(റ), ഇമാം നാഫിഅ്(റ), ജഅ്ഫറു സ്വാദിഖ്(റ) പോലുള്ള താബിഈങ്ങളും മറ്റുമായ ഇമാമീങ്ങള്‍ വേറെയും.

നോക്കുമ്പോള്‍ ഒരു തരിശുനിലം പോലെ കിടക്കുന്ന ഈ കാഴ്ച്ച എത്ര സങ്കടകരമാണ്. സ്വര്‍ഗാവകാശികളാണ്, താരകസമാനരാണ് എന്നെല്ലാം മുത്തുനബി പ്രഖ്യാപിച്ച മഹത്തുക്കളുടെ ഖബറുകള്‍ക്കു മുകളില്‍ ശരിക്കൊരു മീസാന്‍ കല്ലുപോലുമില്ലാതെ...! ഭൂമിക്കകത്ത് സ്വര്‍ഗീയ ജീവിതം നയിക്കുന്ന ഇവരെ പുറത്തിങ്ങനെ നിസാരമാക്കിയിട്ടിരിക്കുന്നതിന് പിന്നില്‍ ഗള്‍ഫ് സലഫിസത്തിന്റെ വിദണ്ഡവാദങ്ങളാണ്. ബഖീഇന്റെ കാഴ്ച്ച വേദനിപ്പിച്ചപ്പോള്‍ സലഫി കര്‍സേവക്കുമുമ്പുള്ള ബഖീഇന്റെ ചിത്രം ഇന്നലെ വെറുതെ ഗൂഗിളില്‍ നോക്കി. അല്‍ഹംദുലില്ലാഹ്! ഗൂഗിളില്‍ നിന്ന് അവരത് മാറ്റിയിട്ടില്ല. ഖുബ്ബകള്‍ നിറഞ്ഞ് മനോഹമരമായ ചിത്രം അതിനു താഴെ വിശ്രമിക്കുന്നവരുടെ പ്രൗഢി വിളിച്ചോതുന്നതും സിയാറതിന് വരുന്നവര്‍ക്ക് തണലും സൗകര്യങ്ങളും നല്‍കുന്നതുമാണ്. ഉസ്മാന്‍ (റ) ഖബറിനു മുകളിലും പെണ്‍മക്കളുടെയും നബി പത്നിമാരുടെയും ഖബറുകള്‍ക്കു മുകളിലുണ്ടായിരുന്ന ഖുബ്ബകള്‍ പൊളിച്ചു നീക്കിയിട്ട് 150 വര്‍ഷമൊക്കെയേ ആയിട്ടുള്ളു എന്ന് തോന്നുന്നു. കാപാലികരേ... നിങ്ങള്‍ക്ക് കാലം മാപ്പുതരില്ല. അധികാരം തങ്ങളുടെ കയ്യില്‍ കിട്ടിയാല്‍ പിറ്റേന്നു തന്നെ ഹുജ്റതുശരീഫക്കു മുകളിലുള്ള പച്ചഖുബ്ബ പൊളിച്ചു കളയുമെന്ന് കേരളത്തില്‍ പ്രസംഗിച്ച സലഫിയെ ഓര്‍ത്തുപോയി. ഈ ഖബറുപൊളിയന്‍മാര്‍ ഇത്തരം സംഹാരങ്ങളല്ലാതെ വല്ല നിര്‍മാണാത്മക നവോത്ഥാനങ്ങളും നടത്തിയിട്ടുണ്ടോ.?
ഉമ്മഹാതുല്‍ മുഅ്മീനീങ്ങള്‍ക്ക് സലാം പറഞ്ഞ് ഞാന്‍ അവരുടെ തല ഭാഗത്ത് വെച്ച ഉരുളന്‍കല്ലുകള്‍ നോക്കി. തിരുനബിയുടെ ഭാര്യമാര്‍; വിശ്വാസികള്‍ക്കവര്‍ മാതാക്കളാണ്. തിരുനബി വഫാതായ ശേഷവും ഒരു വിശ്വാസിക്കും അവരെ വിവാഹം ചെയ്യാന്‍ സമ്മതമില്ല. മാതാക്കളെ ആരും വിവാഹം ചെയ്യില്ലല്ലോ! ആയിഷ ബീവിയാണ് ബഖീഇലെ രാജ്ഞി. സീദ്ദീഖ്(റ)വിന്റെ മകള്‍.  മുത്തുനബിക്ക് വല്ലാത്ത സ്നേഹമായിരുന്നു ആയിശയോട്. വിവാഹം കഴിച്ചവരില്‍ ഏക കന്യകകയും അവരായിരുന്നു. തിരുനബിയില്‍ നിന്ന് ഏറ്റവും കൂടൂതല്‍ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ത്രീ അവരായിരുന്നു. അന്തപുരത്തിലെ വിശേഷങ്ങളെല്ലാം ഇസ്‌ലാമിക പാഠങ്ങളായി പുറം ലോകത്ത് എത്തിയത് ബീവിയിലൂടെയാണ്. വളരെ ചെറുപ്പത്തില്‍ ആ വിവാഹം നടന്നു. മുത്തുനബി വഫാതായത് ബീവിയുടെ മടിയില്‍ കിടന്നുകൊണ്ടായിരുന്നല്ലൊ.! അവിടുത്തെ ഖബറടക്കിയതും ബീവിയുടെ മുറിയിലായിരുന്നു. ബീവിയുടെ അറയാണിന്ന് ഹുജ്റതുശരീഫ! എന്തൊരു ഭാഗ്യവതിയാണ് ആയിശ(റ). തിരുനബി വഫാതാകുമ്പോള്‍ പതിനെട്ട് വയസ്സ് മാത്രമാണ് ആയിശയുടെ(റ) പ്രായം. പിന്നീട് 65 വയസ്സുവരെ ജീവിച്ച് ഉമവിയ്യ ഭരണകാലത്താണ് വഫാതാകുന്നത്. അസ്സലാമു അലൈക്കും യാ ഉമ്മീ....
ഒരോ ബീവിമാര്‍ക്കും തപിക്കുന്ന ഒട്ടേറെ കഥകള്‍ എന്റെ ആറ്റലോരെ കുറിച്ച് പറയാനുണ്ട്. എല്ലാം കേട്ടും ചിന്തിച്ചും നിന്നാല്‍ സമയം പോകുന്നതറിയില്ല. മഗ്രിബിന് മുമ്പ് ഗൈറ്റ് അടക്കും അപ്പോഴേക്ക് തിരിച്ചിറങ്ങണം. എല്ലാവര്‍ക്കും സലാം പറഞ്ഞ് ഞാന്‍ മുന്നോട്ടു നടന്നു. 'അതാണ് ഫാത്വിമാ ബീവിയുടെ ഖബറ്!' ആരോ പറഞ്ഞു. കേട്ടത് വിശ്വസിക്കുകയല്ലാതെ ഇവിടെ മറ്റു വഴികളൊന്നുമില്ല. 'കരളിന്റെ കഷ്ണമാണ് ഫാതിമയെന്ന്'  തിരുനബി പറഞ്ഞിട്ടുണ്ട്. തിരുനബിക്ക് മുമ്പേ എല്ലാ മക്കളും മരണപ്പെട്ടിരുന്നു. ഫാത്വിമ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. ആണായും പെണ്ണായും മരണം വരെ തിരുനബിക്കൊപ്പമുണ്ടായ മകള്‍ സ്വന്തം ഉമ്മ ഖദീജയെ പോലെ പക്വത കാണിച്ച് നബിക്ക് തണലായി നിന്നു. വല്ല യാത്രക്കും മുത്തുനബി ഇറങ്ങുകയാണെങ്കില്‍ എല്ലാവരോടും യാത്ര പറഞ്ഞ് അവസാനമാണ് മകളോട് യാത്ര ചോദിക്കുക. യാത്ര കഴിഞ്ഞെത്തിയാല്‍ ആദ്യം കാണുന്നതും ഫാത്വിമയേയാണ്. ദിവസവും ഒന്നും രണ്ടും തവണ ഉപ്പ മകളെ കാണാന്‍ വരും. സ്ത്രൈണ സമ്പൂര്‍ണതയായിരുന്നു ബീവി. ജന്നതുല്‍ ബഖീഇലെ രാജകുമാരിയാണവര്‍. ഫാത്വിമ ബീവിയുടെ മക്കളാണ് തങ്ങന്മാര്‍. പലപ്പോഴും പട്ടിണി അനുഭവിച്ചാണവര്‍ ജീവിച്ചത്. ഒരിക്കല്‍ മൂന്ന് ദിവസത്തെ കടുത്ത പട്ടിണി സഹിച്ച് നബി(സ)യും സിദ്ദീഖ്(റ)വും ഉമര്‍(റ)വും പുറത്തേക്കിറങ്ങി നോക്കിയതും അവര്‍ ഒരുമിച്ച് അബൂത്വല്‍ഹ(റ)യുടെ വിട്ടിലേക്കു പോയതുമായ സംഭവം സുവിദിതമാണല്ലൊ.
വീട്ടുകാരന്‍ അതിഥികള്‍ക്ക് ആട്ടിറച്ചിയും ഗോതമ്പു റൊട്ടിയും തയ്യാറാക്കി സുപ്രയില്‍ നിരത്തി. എല്ലാവരും സുപ്രക്ക് ചുറ്റുമിരുന്നു. അപ്പോഴതാ മുത്തുനബി ഒരു കഷ്ണം ഇറച്ചിയും രണ്ട് റൊട്ടിയും ഒന്നിച്ചെടുക്കുന്നു. ഇത് നബിക്ക് തിന്നാനല്ലെന്ന് ഉറപ്പ്. ഇങ്ങനെ അവിടുന്ന് എടുക്കാറില്ല. അല്‍പാല്‍പ്പമായേ കഴിക്കൂ. നബി(സ) അതെടുത്ത് എഴുന്നേറ്റ് ഒന്നും പറയാതെ പുറത്തേക്കു പോയി.  എങ്ങോട്ടാണെന്നോ, എപ്പോള്‍ വരുമെന്നോ 'നിങ്ങള്‍ തുടങ്ങിക്കോളു' എന്നോ... ഒന്നും പറഞ്ഞിട്ടില്ല. വിശന്നൊട്ടിയ ആ രണ്ട് പേര്‍ ആവിപറക്കുന്ന ഭക്ഷണത്തിന് മുന്നില്‍ വെറുതെയിരിക്കാന്‍ എത്ര ക്ഷമ വേണം. നബി തുടങ്ങാതെ തുടങ്ങാന്‍ പറ്റില്ലല്ലോ. വൈകാതെ നബി മടങ്ങി വന്നു. എല്ലാവരും ഒരുമിച്ച് കഴിച്ചു. തിരിച്ച് പോരുന്ന നേരം നേരത്തെയുണ്ടായ വിഷമം ഉമര്‍(റ) തുറന്നു ചോദിച്ചു. തിരുനബിയുടെ മറുപടി കേട്ട് സിദ്ദീഖും(റ)ഉമറും(റ) പൊട്ടിക്കരഞ്ഞു. നബി പറയുകയാണ്. 'നമ്മള്‍ ഭക്ഷണം കഴിച്ചിട്ട് മൂന്ന് ദിവസമായി എന്നാല്‍ എന്റെ ഫാത്വിമ ഭക്ഷണം കഴിച്ചിട്ട് നാലുദിവസമായിരുന്നു.  ആ ഭക്ഷണം കണ്ടപ്പോള്‍ അവളെ മറന്ന് ഞാനെങ്ങനെ കഴിക്കാനാണ്. ആ വീട്ടുകാരന് ഇത് തീര്‍ത്തും സന്തോഷമായിരിക്കുമെന്നറിഞ്ഞാണ് ഞാന്‍ ഫാത്വിയുടെ വീട്ടിലേക്ക് നടന്നത്. എന്നോട് ക്ഷമിക്കണേ..' 'അഫ്വന്‍ ലകും യാ അഹ്ലു ബൈത്തി റസൂലില്ലാഹ്.....'
ഉസ്മാന്‍(റ)വിന്റെ ഖബറാണിത്. 'അസ്സാലു അലൈക്കും യാ ദിന്നൂറൈനി...' തിരുനബിയുടെ രണ്ട് പെണ്‍മക്കളെ, റുഖിയ്യയ്യേയും(റ) ഉമ്മുകുല്‍സുമിനേയും(റ) വിവാഹം ചെയ്തതുകൊണ്ടാണ് 'രണ്ട് പ്രകാശങ്ങള്‍ക്കുടമ' എന്നര്‍ത്ഥമുള്ള ആ പേര് ലഭിച്ചത്. സമ്പത്തു മുഴുവന്‍ മതത്തിനായി ചെലവഴിച്ച മൂന്നാം ഖലീഫയാണ് ഉസ്മാന്‍(റ).
ഫാത്വിമ ബിന്‍ത് അസദ്(റ)വിന്റെ ഖബ്റ് എവിടെയാണാവോ?  അവര്‍ക്കായി ഈ മണ്ണില്‍ ഖബ്റ് കുഴിച്ച് മറവ് ചെയ്യാന്‍ നേരം തിരുനബി തന്റെ ജുബ്ബ അഴിച്ച് ആ ഖബറിലിറങ്ങി മണ്ണില്‍ ഉരുണ്ടു മറിയുന്നു. ശേഷം കരക്കുകയറി അവരെ ഖബറടക്കാന്‍ പറയുന്നു. സ്വഹാബികള്‍ക്ക് അതിശയമായി. അവരോട് നബി വിശദീകരിച്ചു. 'ഫാത്വിമ ബിന്‍ത് അസദ്(റ), എന്റെ പെറ്റുമ്മക്ക് ശേഷം എനിക്കു ലഭിച്ച പോറ്റുമ്മയാണ്. എന്റെ ശരീരം സ്പര്‍ശിച്ച മണ്ണ് അവരെ ഇടുക്കുകയില്ല. അതിന് വേണ്ടിയാണ് ഞാനങ്ങനെ ചെയ്തത്.' എത്ര ഭാഗ്യവതിയാണ് ആ ഉമ്മ. തിരുനബിയുടെ പിതൃസഹോദരന്‍ അബൂത്വാലിബിന്റെ ഭാര്യയാണവര്‍, അലിയാരുടെ ഉമ്മ. ഉമ്മയും ഉപ്പയും വല്ലിപ്പയും വിടപറഞ്ഞ ശൈശവത്തില്‍ ഈ എളാപ്പയും എളേമ്മയുമാണ് നബിയെ പോറ്റിയത്. സ്വന്തം മക്കളെ പട്ടിണിക്കിട്ട് പോലും ഫാത്വിമ മുത്തുനബിക്ക് ഭക്ഷണം നല്‍കിയിരുന്നു. എല്ലാവര്‍ക്കും കഴിക്കാന്‍ ഭക്ഷണമില്ലാത്ത കാലത്ത് ആ ഉമ്മ പൊന്നുപോലെ നോക്കിയതിന് തിരിച്ചുകിട്ടിയത് എത്ര അമൂല്യമായ സമ്മാനം. 'അസ്സലാമു അലൈക്കും യാ ഫാത്വിമാ...'
ഇനിയും ഒട്ടേറെ മഹത്തുക്കള്‍ ഇവിടെയുണ്ട്. മഗ്രിബ് ആകാറായി. മുതവ്വമാരുടെ ഇറങ്ങാനുള്ള നിര്‍ദേശം കൂടുതല്‍ രൂക്ഷമാവുകയാണ്. എല്ലാവര്‍ക്കും സലാം പറഞ്ഞു ദുആ ചെയത് ഞങ്ങള്‍ പുറത്തിറങ്ങി.


Post a Comment

Previous Post Next Post

Hot Posts