അത്ഭുത വാഹനം

 കഥ തുടങ്ങുകയല്ലെ, ആദ്യമായി കഥാനായകനെ പരിചയപ്പെടാം.

ഈസാനബി ജനിക്കുന്നതിന് 955 വര്‍ഷം മുമ്പ് ശാം എന്ന സ്ഥലത്ത് ഒരു പ്രവാചകന്‍ ജീവിച്ചിരുന്നു. അതായത് നാമെല്ലാം ജീവിക്കുന്നതിന് എത്രയോ വര്‍ഷം മുമ്പ്. ഭൂലോക ചക്രവര്‍ത്തി എന്ന പേരില്‍ അറിയപ്പെട്ട അദ്ദേഹത്തിന്റെ പേര് സുലൈമാന്‍ നബി (അ) എന്നായിരുന്നു.

ആദം നബിയുടെ മുപ്പത്തിരണ്ടാമത്തെ പുത്രനായിരുന്നു അദ്ദേഹം. പ്രവാചകത്വവും ഭരണാധിപത്യവും ലഭിച്ച അപൂര്‍വം വ്യക്തികളില്‍ ഒരാളായിരുന്നു സുലൈമാന്‍ നബി. ഈ ഉന്നത പദവികള്‍ അദ്ദേഹത്തിന് ലഭിച്ചത് എത്രാം വയസ്സിലെന്നറിയുമോ. പതിമൂന്നാം വയസ്സില്‍!!

ഹുദ്ഹുദിന്റെ കഥ എന്നു പറഞ്ഞിട്ട് മറ്റേതോ കഥ പറയുകയാണെന്ന് ധരിക്കരുത്. ഹുദ്ഹുദിന്റെ കഥയിലേക്ക് കടക്കുന്നതിന് മുമ്പ് കഥയുമായി വളരെ ബന്ധമുള്ള സുലൈമാന്‍ നബിയെ പറ്റി പറയാതെ കഴിയുകയില്ല. പ്രവാചക ചരിത്രമല്ലേ, അറിയുന്നത് നല്ലതാണ്. അപ്പോള്‍ പറഞ്ഞു വന്നത്.. സുലൈമാന്‍ നബിക്ക് പതിമൂന്നാം വയസ്സില്‍ പ്രവാചകത്വം ലഭിച്ചു. ഒപ്പം ഭരണാധികാരവും. ഒരു നാടിന്റേതല്ല, പല നാടുകളുടെതുമല്ല, ലോകത്തിന്റെ മുഴുവന്‍!. കഴിഞ്ഞില്ല, മുസ്ലിംകളുടെ പുണ്യഗേഹമായ മസ്ജിദുല്‍ അഖ്‌സ്വ എന്ന പള്ളി പണി കഴിപ്പിച്ച ബഹുമതി കൂടെ സുലൈമാന്‍ നബിക്കുണ്ട്.

ഭൂലോക ചക്രവര്‍ത്തിയല്ലേ, സാധാരണ രാജാക്കന്മാരെ പോലെ ആയാല്‍ പറ്റുമോ. അതുകൊണ്ട്, അല്ലാഹു അദ്ദേഹത്തിന് പല കഴിവുകളും നല്‍കി. എല്ലാ ജീവികളുടെയും രാജാവായിരുന്നു അദ്ദേഹം. മനുഷ്യരുടെ, പിശാചുക്കളുടെ, പക്ഷികളുടെ, മൃഗങ്ങളുടെ, ഉറുമ്പുകളുടെ..

ഇന്നത്തേ പോലെ വേഗം കൂടിയ കാറുകളോ സൂപ്പര്‍ സോണിക് വിമാനങ്ങളോ അന്നില്ലായെന്നറിയാമല്ലോ. പക്ഷേ, ഭൂലോക ചക്രവര്‍ത്തിക്ക് ഭൂലോകം ചുറ്റി നടന്ന് ഭരിക്കാന്‍ വാഹനം വേണ്ടേ. അല്ലാഹു അദ്ദേഹത്തിന് ഒരു വാഹനം കൊടുത്തു, കാറ്റ്!. വെറുതെ പറയുന്നതല്ല. ഖുര്‍ആന്‍ പറയുന്ന ചരിത്രമാണ്. സുലൈമാന്‍ നബി ഇന്ന സ്ഥലത്തെത്തണം എന്ന് മനസ്സില്‍ കരുതിയാല്‍ മതി, അത്ഭുതം! കാറ്റ് നിമിഷങ്ങള്‍ക്കകം അദ്ദേഹത്തെ അവിടെ എത്തിക്കും. നല്ല സുഖമുള്ള യാത്രയായിരിക്കും അല്ലേ.

ഏതു ജോലിയും അദ്ദേഹത്തിന് നിഷ്പ്രയാസമായിരുന്നു. ജിന്നുകളും ശൈത്വാന്‍മാരുമായിരുന്നു തൊഴിലാളികള്‍. പണിമുടക്കില്ല. സമരമില്ല. കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികള്‍. മണിക്കൂറുകള്‍ കൊണ്ട് മണിമാളിക പണിയും. മസ്ജിദുല്‍ അഖ്‌സാ പണിതതും ഈ തൊഴിലാളികളാണെന്നാണ് ചരിത്രം.

ഇത്രയും കഴിവും പ്രാപ്തിയും അധികാരവുമുണ്ടായിട്ടും നമ്മുടെ വലിയ ചക്രവര്‍ത്തി അഹങ്കരിച്ചില്ല. തന്റെ കഴിവുകളെല്ലാം സത്യമത പ്രബോധനത്തിനായി വിനിയോഗിച്ചു. വിനയാന്വിതനായ ജീവിച്ചു.

എത്ര നല്ല മാതൃക അല്ലേ. നോക്കൂ... ഇനിയാണ് കഥയിലേക്ക് കടക്കുന്നത്. ബയ്ത്തുല്‍ മഖദ്ദസ് എന്നറിയപ്പെടുന്ന മസ്ജിദുല്‍ അഖ്‌സ്വാ പള്ളിയെ പറ്റി പറഞ്ഞല്ലോ. പള്ളിയുടെ പണി പൂര്‍ത്തിയായി. സുലൈമാന്‍ നബി അല്ലാഹുവിന് നന്ദി പറഞ്ഞു. ഒരു വിഷമവുമില്ലാതെ തന്റെ അതിശക്തരായ തൊഴിലാളികള്‍ നിര്‍മിച്ച പള്ളി കണ്ട് അദ്ദേഹം അത്യധികം സന്തോഷിച്ചു.

ഒരു ദിവസം തന്റെ സന്തത സഹചാരികളുമൊത്ത് ഒരു ഉല്ലാസയാത്ര നടത്താന്‍ സുലൈമാന്‍ നബി തീരുമാനിച്ചു. കൂട്ടുകാര്‍ ആരൊക്കെയാണെന്നല്ലേ. മനുഷ്യര്‍, ജിന്നുകള്‍, പക്ഷികള്‍, പലതരം മൃഗങ്ങള്‍..

അങ്ങനെ ഒരുപാടു കൂട്ടൂകാര്‍. ആലോചിച്ചു നോക്കൂ, ബഹുരസമുള്ള കൂട്ടുകെട്ട്. നല്ല കൂട്ടുകാര്‍. ഗംഭീരമായ ടൂര്‍.

പ്രാപഞ്ചിക ശക്തിയായ കാറ്റ് - അതാണല്ലോ അവരുടെ വാഹനം- സഞ്ചാരികളെയും കൊണ്ട് പറന്നുയര്‍ന്നു. ഉല്ലാസ യാത്രക്കാര്‍ താഴേക്കു നോക്കി.

ഹാ എന്തൊരു കാഴ്ച! പച്ചക്കുന്നുകളും കൊച്ചരുവികളും നിറഞ്ഞ താഴ്‌വരകള്‍. വന്‍മരങ്ങളും വള്ളിപ്പടര്‍പ്പുകളും തിങ്ങിയ വനാന്തരങ്ങള്‍ !!.

എല്ലാം ഒരു മിന്നല്‍ പോലെ. മിനുട്ടുകള്‍ക്കകം അവര്‍ ലക്ഷ്യ സ്ഥലത്തെത്തി. പാവനമായ മക്കാ ശരീഫില്‍!!.





Post a Comment

Previous Post Next Post

Hot Posts