ശൈഖ് രിഫാഈ | Shaik Rifaee

 അസ്സലാമു അലൈക്കും വറഹ്മത്തുള്ളാഹി വബറകാത്തുഹു..

ബഹുമാനപ്പെട്ട അധ്യക്ഷൻ, എൻറെ ശബ്ദം ശ്രവിക്കുന്ന പ്രിയപ്പെട്ട കൂട്ടുകാരെ...

 

വളരെ മഹത്തായ ഈ സദസ്സിൽ നിങ്ങൾക്ക് മുന്നിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു. ഒരു ചരിത്രം പറഞ്ഞു കൊണ്ട് ഞാനെൻറെ പ്രസംഗം ആരംഭിക്കുകയാണ്.

'പതിനായിരക്കണക്കിന് ശിഷ്യൻമാർ ജ്ഞാനാഭ്യാസം നടത്തുന്ന ശൈഖ് അബൂ മുഹമ്മദ് ശംബക്കി(റ)യുടെ സദസ്സ്. മഹാന്റെ സദസ്സിൽ തബർറുക്കിനും ദുആ ചെയ്യിക്കാനുമായി രാജാക്കൻമാരും മറ്റു പ്രമുഖ വ്യക്തികളും പതിവ് സന്ദർശകരായിരുന്നു. പക്ഷേ, അവർക്കൊന്നും സാധാരണയിൽ കവിഞ്ഞ ഒരു സ്ഥാനവും അവിടെ ഉണ്ടായിരുന്നില്ല. എന്നാൽ ഇതിനപവാദമായിരുന്നു അവിടെസന്ദർശിച്ചിരുന്ന ഉമ്മുൽ ഫാത്തിമ അൻസ്വാരിയ്യ എന്ന മഹതിയോട് ശൈഖ് അവർകൾ കാണിച്ചിരുന്ന സമീപനം. മഹതി വരുമ്പോൾ ശൈഖ് അവർകൾ എഴുന്നേറ്റ് നിൽക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ചു ചോദിച്ച ശിഷ്യരോട് മഹാൻ പറഞ്ഞത്: ”ഇലാഹീ സാമീപ്യം കൊണ്ടനുഗൃഹീതനായ ഒരു പുണ്യപുരുഷന്റെ മാതാവാണവർ, വരും കാലത്ത് ആത്മീയ ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്ന ആ മഹാനോടുള്ള ആദരസൂചകമായിട്ടാണ് ഞാൻ എഴുന്നേറ്റു നിൽക്കുന്നത്..!'

പിറന്നുവീഴുന്നതിനു മുമ്പേ തന്റെ സന്താനം വഴി ബഹുമാനാദരവുകൾ ഏറ്റുവാങ്ങിയ ആ മഹതി 'സുൽത്താൻ ആരിഫീൻ' എന്ന സ്ഥാനപ്പേരിലറിയപ്പെടുന്ന ശൈഖ് രിഫായിയുടെ മാതാവായിരുന്നു. ക്രിസ്താബ്ദം 1106-ൽ വിസ്തൃതമായ ബത്വാഇഹ് എന്ന പ്രദേശത്ത് ഭൂജാതനായ അദ്ദേഹത്തിന്റെ ജനനം പല മഹാൻമാരും മുന്നേ പ്രവചിച്ചിരുന്നു. ശൈഖ് രിഫാഈ(റ) ജനിക്കുന്നത് തന്നെ തന്റെ വലതുകൈ നിസ്കരിക്കുന്നയാൾ വെക്കുന്നത് പോലെ നെഞ്ചിനു താഴെയും ഇടതുകൈ തന്റെ ഗുഹ്യസ്ഥാനത്ത് വച്ചുകൊണ്ടുമായിരുന്നു. ഈ വിവരം അറിഞ്ഞ ശൈഖ് മൻസൂറുസ്സാഹിദ് എന്ന മഹാൻ പറഞ്ഞത് 'മുഹമ്മദീയ പ്രകാശം ഞങ്ങളുടെ വീട്ടിൽ പ്രകടമാക്കിയ അല്ലാഹുവിന്ന് സർവ്വസ്തുതിയും' എന്നാണ്. അത്ഭുതങ്ങളുടെ കലവറയായിരുന്നു ശൈഖ് റിഫാഈയുടെ ബാല്യം. തന്റെ മകൻ തൊട്ടിലിൽ വച്ച് സംസാരിച്ചതും തസ്ബീഹ് ചൊല്ലിയതും കേട്ട മാതാവ് തന്റെ മകൻ അസാധാരണ കഴിവുകളുള്ളവനാണെന്ന് മനസ്സിലാക്കിയിരുന്നു. മഹാനവർകൾ വലതു മുല മാത്രമാണ് കുടിച്ചിരുന്നത്. മുലകുടി പ്രായത്തിൽ റമളാനിൽ മുലപ്പാലും അന്നപാനീയങ്ങളും ഒഴിവാക്കിയാണ് അവിടുന്ന് വളർന്നത്. ചെറുപ്രായത്തിൽ തന്റെ സമപ്രായക്കാരിൽ നിന്ന് വ്യത്യസ്തമായി വേറിട്ട മനസുമായി സ്വസ്ഥമായി ഇബാദത്ത് ചെയ്തുകൊണ്ടിരുന്നു ആ മഹാൻ്റ് ബാല്യം. ബാലനായിരിക്കെ തന്നെ അദ്ദേഹം മഹാൻമാരുടെ അടുത്തും വിജ്ഞാന സദസ്സുകളിലും പോയി ഇരിക്കുമായിരുന്നു.

ചെറുപ്രായത്തിൽ തന്നെ മഹാനിൽ വിലായത്തിന്റെ പ്രഭയുണ്ടെന്ന് പ്രഖ്യാപിച്ചവർ നിരവധിയാണ്. ശൈഖ് അവർകളുടെ പഠനം ശൈഖ് മൻസൂർ(റ)ൽ നിന്നായിരുന്നു. മഹാനവർകളുടെ പ്രഥമ ഗുരുവും ശൈഖ് മൻസൂർ(റ) തന്നെ. സ്വപ്നത്തിലൂടെ നബിയിൽനിന്ന് നിർദേശം ലഭിച്ചതനുസരിച്ച് ശൈഖ് രിഫാഈ(റ) അവർകൾക്ക് ഉന്നത വിദ്യാഭ്യാസം നൽകാൻ തീരുമാനിച്ച മൻസൂർ(റ) നബിയുടെ നിർദേശപ്രകാരം വിശ്രുത ഖാരിഉം പണ്ഡിതനുമായ അബുൽ ഫള്ല് അലിയ്യുൽ വാരി വാസിത്വിയുടെ ദർസിൽ രിഫാഈയെ ചേർത്തു. കുഞ്ഞ കാലം കൊണ്ട് ഖുർആൻ ഹൃദിസ്ഥമാക്കി. മറ്റു വിജ്ഞാനശാഖകളിലും വളരെ പെട്ടെന്ന് അവഗാഹം നേടി. കർമ്മശാസ്ത്രത്തിൽ അബൂ ഇസ്ഹാഖുശ്ശീറാസി എന്ന പണ്ഡിതന്റെ കിതാബുത്തൻബീഹ് ഹൃദിസ്ഥമാക്കി. അതുപോലെ തന്നെ മഹാനവർകൾ കർമശാസ്ത്ര പണ്ഡിതനായിരുന്ന ശൈഖ് അബുല്ലൈസ്(റ)ന്റെ സദസിൽ പോയി അറിവു മൂർച്ച കൂട്ടിയിരുന്നു. മഹത്തായ വ്യക്തികളോടുള്ള സഹവാസത്തെ ഇഷ്ടപ്പെട്ടിരുന്ന രിഫാഈ(റ)യുടെ ആത്മീയ ഗുരുക്കൾ ശൈഖ് മൻസൂറുസാഹിദും ശൈഖ് അലിയ്യുൽ വാസിത്വിയുമാണ്.

രണ്ടു പേരിൽ നിന്നും മഹാനവർകൾ സ്ഥാനവസ്ത്രം (ഖിർഖ) സ്വീകരിച്ചിട്ടുണ്ട്. ശൈഖ് അബ്ദുൽ മലിക്കിൽ ഖർനൂബി എന്ന ഗുരുവിനെ വർഷത്തിലൊരിക്കൽ സന്ദർശിക്കുകയും ദുആ ചെയ്യിക്കുകയും ഉപദേശം തേടുകയും ചെയ്തിരുന്നു അദ്ദേഹം.പ്രവാചകചര്യയുടെ അനുധാവനമായിരുന്നു ശൈഖിന്റെ ജീവിതവും സ്വഭാവവും. ശൈഖ് മക്കിയ്യുൽ വാസിത്വി പറയുകയാണ്:

 

മഹാനവർകളുടെ കൂടെ ഒരൊറ്റ രാത്രി ഞാൻ താമസിച്ചു. ആ രാത്രിയിൽ മാത്രം നബി(സ്വ)യുടെ പാവന സ്വഭാവങ്ങളിൽ നാൽപ്പതോളം എണ്ണം ഞാൻ ശൈഖ് അവർകളിൽ കണ്ടു. അല്ലാഹുവിന്റെ മാർഗത്തിലല്ലാതെ ഒരു നിമിഷം പോലും കഴിഞ്ഞുപോകരുതെന്ന് നിർബന്ധ ബുദ്ധിയുള്ള ശൈഖിനു സ്ഥിരമായി വുളൂഅ് ഉണ്ടായിരിക്കും. ഇടതും വലതും തിരിഞ്ഞു നോക്കാതെയാണ് ശൈഖ് അവർകൾ വഴിയിലൂടെ നടന്നിരുന്നത്. നടന്നുപോകുമ്പോൾ വഴിയിൽ കാണുന്ന ബുദ്ധിമുട്ടുകൾ സ്വന്തം കൈകൊണ്ട് എടുത്ത് മാറ്റുമായിരുന്നു. ശൈഖ് അവർകൾ ഭൗതികമായ താൽപര്യങ്ങളിൽ വിരക്തി പ്രകടിപ്പിച്ചിരുന്നു.

'കരുണ ചെയ്യാത്തവൻ കരുണ ചെയ്യപ്പെടുകയില്ല” എന്ന നബി വചനം പകർത്തിയതായിരുന്നു ശൈഖ് അവർകളുടെ ജീവിതം. സ്നേഹ കാരുണ്യ പ്രവർത്തനങ്ങളാൽ ആർദ്രമായ ഒരു മനസിനുടമയായിരുന്നു ശൈഖ് രിഫാഈ(റ). പാവങ്ങളെയും രോഗികളെയും സ്നേഹവായ്പാൽ പൊതിഞ്ഞു. കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി അവർക്ക് കവചം തീർത്തു. മിണ്ടാപ്രാണികളോടും സൂക്ഷ്മ ജീവികളോടും കാരുണ്യത്തോടെ ഇടപെട്ടു. ഒരിക്കൽ ശൈഖും ശിഷ്യരും നടന്നുപോകുമ്പോൾ മാറാവ്യാധി പിടിപെട്ട ഒരു നായയെ കാണാനിടയായി. ശൈഖ്(റ) അതിനെ പുഴയിൽ കൊണ്ടുപോയി കുളിപ്പിച്ചു. വീട്ടിൽ കൊണ്ടുപോയി നാൽപതു ദിവസം പരിചരിച്ചു. രോഗം ഭേദമായി. ഇതറിഞ്ഞ ഒരു സുഹൃത്ത് ചോദിച്ചു: ഈ നായക്ക് വേണ്ടി ഇത്രക്ക് ബുദ്ധിമുട്ടുകയോ? ശൈഖ് അവർകൾ പറഞ്ഞു: ഈ ജീവിയുടെ കാര്യത്തിൽ അന്ത്യനാളിൽ ചോദിക്കപ്പെട്ടാൽ ഞാനെന്ത് മറുപടി പറയും?!

സുൽത്താനുൽ ആരിഫീൻ എന്ന സ്ഥാനപ്പേര് ലഭിച്ചതിനു കാരണം ശൈഖ് അവർകൾ തന്നെ പറയുന്നു: "അറഫാ സുദിനത്തിൽ അല്ലാഹുവിന്റെ ചൈതന്യ പ്രഭയുടെ ലയനത്തിൽ നിലകൊള്ളുന്ന അവസ്ഥയിൽ അല്ലാഹുവിന്റെ ദിവ്യപ്രഭയുടെ ചൈതന്യം എനിക്ക് അനുഭവപ്പെട്ടു. തത്സമയം അല്ലാഹു ആത്മീയ ഉൾക്കാഴ്ച എനിക്ക് തുറന്ന് നൽകിയപ്പോൾ ആ ദൃശ്യരഹസ്യങ്ങളുടെ കലവറകൾ കണ്ടു. അല്ലാഹുവിന്റെ ഖുദ്സിയ്യായ സന്നിധിയിൽ എനിക്ക് ഇൽമ് കിട്ടി. പിന്നെ അല്ലാഹു എന്നെ അഭിസംബോധന ചെയ്തു പറഞ്ഞു: യാ സുൽത്താനുൽ ആരിഫീൻ! നീ എന്നെ സ്നേഹിക്കുന്നവനും അതിനാൽ നിന്നെ ഞാനും സ്നേഹിക്കുന്നവനുമാകുന്നു. നിന്റെ ഉദ്ദേശ്യലക്ഷ്യ സാക്ഷാത്കാരമായി എന്റെ തിരുസന്നിധിയിലേക്ക് നിന്നെ എത്തിച്ചിരിക്കുന്നു.

ശൈഖ് അവർകൾ പറയുന്നു: അതിനു ശേഷം നബിയും സ്വഹാബത്തും എന്റെടുത്ത് വന്നു. പ്രവാചകരും എന്നെ സുൽത്താനുൽ ആരിഫീൻ എന്ന് വിളിച്ചു. എന്റെ നെറ്റിത്തടത്തിൽ ചുംബിച്ചു എനിക്കു വേണ്ടി പ്രാർത്ഥിച്ചു. അതിനുശേഷം ഞാൻ അറഫയിൽ നിന്ന് വാസ്വിത്വിലേക്ക് തിരിച്ചുവന്നു. അപ്പോൾ എല്ലാ വലിയ്യുകളും എഴുന്നേറ്റുനിന്ന് എന്റെ കൈ ചുംബിച്ച് എന്നെ സുൽത്താനുൽ ആരിഫീൻ എന്ന് അഭിസംബോധന ചെയ്തു. ഗർഭാശയത്തിൽ വച്ചു തന്നെ ഉമ്മയോട് സംസാരിച്ച് കറാമത്ത് പ്രകടമാക്കിയ മഹാനാണ് ശൈഖ് രിഫാഈ(റ).

അദൃശ്യകാര്യങ്ങളെ അറിയാനുള്ള മഹാന്റെ കഴിവ് കറാമത്തുകളിൽ പെട്ടതാണ്. മരണശേഷവും ശൈഖ് അവർകൾ കറാമത്തുകളിലൂടെ വെളിച്ചവും ആശ്വാസവുമാണ്. മരണശേഷം കറാമത്ത് മുറിയുമെന്ന വാദം അബദ്ധജഡിലമാണ്.

മഹാനായ സുയൂത്വി(റ) തൻവീർ എന്ന ഗ്രന്ഥത്തിൽ പറയുന്നു: ”ശൈഖ് രിഫാഈ(റ) ക്രി. 1160-ൽ ഹജ്ജിനു പോയി. മക്കയിൽ കർമങ്ങൾ പൂർത്തിയായതിനുശേഷം മഹാനവർകൾ മദീനയിൽ നബിയുടെ റൗളാശരീഫിൽ എത്തി. അവിടെ എത്തിയപ്പോൾ ശൈഖ് പാടി:

വിദൂരതയിലായിരിക്കെ ഞാനെൻ ആത്മാവിനെ പറഞ്ഞയച്ചിരുന്നു. ഞാൻ ഇപ്പോൾ അങ്ങയുടെ തിരുസവിധത്തിലേക്ക് എത്തിയിരിക്കുന്നു. അങ്ങയുടെ വലതുകരം ഒന്ന് നീട്ടിത്തന്നാലും,

അതിനാൽ ഞാനെൻ അധരങ്ങളെ മധുരമാക്കട്ടെ.”

ഈ വരികൾ ആലപിക്കേണ്ടതാമസം നബിയുടെ കരം റൗളയിൽ നിന്നും പ്രത്യക്ഷപ്പെട്ടു. ശൈഖ് അവർകൾ തൃക്കരങ്ങളെ ചുംബിച്ചു.ഈ കറാമത്തിനെ നിഷേധിക്കുന്നത് സത്യനിഷേധമാണെന്ന് പണ്ഡിതൻമാർ പറയുന്നു. കാരണം, അവർ

നിഷേധിക്കുന്നത് നബിയുടെ മുഅ്ജിസത്ത് കൂടിയാണ്.

 

ശൈഖ് രിഫാഈ(റ)ന്റെ ആദ്യവിവാഹം തന്റെ ശൈഖായ ശൈഖ് അബൂബക്ർ വാസിത്വിയുടെ മകളായ ഖദീജ അൻസ്വാരിയ്യയുമായാണ്. ആ ബന്ധത്തിൽ സയ്യിദ ഫാത്തിമ, സയ്യിദ സൈനബ എന്നീ പുത്രിമാർ ജനിച്ചു. ഹിജ്റ 553-ൽ ആദ്യഭാര്യയുടെ വിയോഗാനന്തരം ഭാര്യാസഹോദരിയായ സയ്യിദ റാബിയയെ വിവാഹം ചെയ്തു. അവർ സയ്യിദ് സ്വാലിഹ് ഖുതുബുദ്ദീൻ എന്ന പുത്രന് ജന്മം നൽകി. പിതാവിന്റെ കാലത്ത് തന്നെ ശൈഖ് സ്വാലിഹ് മരണപ്പെട്ടു. ശൈഖി(റ)ന്റെ പേരമക്കളെല്ലാം വലിയ്യുകളായിരുന്നു. തന്റെ പെൺകുട്ടികളുടെ സന്താന പരമ്പരകളിലൂടെയാണ് ശൈഖ് അവർകളുടെ ത്വരീഖത്ത് കടന്നുവരുന്നത്. ഹി: 578(570)ൽ ജമാദുൽ ഊലാ 12ന് വ്യാഴാഴ്ച ഉച്ചസമയത്ത് മഹാനവർകൾ വഫാത്തായി. ശൈഖ് അവർകളുടെ വഫാത്തിനു നിമിത്തമായ അസുഖം വയറിളക്കമായിരുന്നു. ശൈഖ് ജൗഹറുൽ യമാനി(റ) എന്നവർ പറയുന്നു: രോഗമില്ലാത്ത സമയത്ത് തന്നെ ശൈഖ് മരണ സമയത്തെ കുറിച്ച് പറഞ്ഞിരുന്നു. രോഗം മൂർഛിച്ചപ്പോൾ വുളൂഅ് എടുത്ത് രണ്ടു റക്അത്ത് നിസ്കരിച്ചു. പിന്നെ അല്ലാഹുവിങ്കലേക്ക് പോയി. അവിടുത്തെ മരണശേഷം മുതൽ ഞങ്ങൾക്ക് പരിചയമില്ലാത്ത ഏഴു വെള്ളവസ്ത്രധാരികളെ കണ്ടു. അവർ ശൈഖി(റ)നെ കുളിപ്പിക്കാനും തിരുശരീരം വഹിക്കാനുമെല്ലാം ഭക്തിയോടെ നേതൃത്വം വഹിച്ചു. ശൈഖിന്റെ ജനാസയെ മുമ്പൊന്നും കാണാത്തവിധം പച്ചപക്ഷികൾ ബർക്കത്തെടുക്കാൻ വലയം ചെയ്തിരുന്നു..

ശൈഖ് രിഫാഈയുടെ ബർക്കത്ത് കൊണ്ട് അല്ലാഹു നമ്മളെയെല്ലാം ഇരുലോക വിജയികളിൽ ഉൾപ്പെടുത്തട്ടെ എന്ന് ദുആ ചെയ്തു കൊണ്ട് ഞാൻ എൻ്റെ പ്രസംഗം അവസാനിപ്പിക്കുന്നു...

Post a Comment

Previous Post Next Post

Hot Posts