അൽകഹ്ഫ് കഥകൾ 1 | surah kahf story in malayalam


1 ഗുഹാ വാസികള്‍

ഈസാനബി(അ)ക്കു ശേഷം ഒരു കാലത്ത് ക്രിസ്ത്യാനികള്‍ ദുര്‍മാര്‍ഗത്തില്‍ മുഴുകുകയും അവര്‍ക്കിടയില്‍ ബിംബാരാധന പ്രചരിക്കുകയും ചെയ്തു.

അക്കാലത്ത് ‘ദഖ്യാനൂസ്’ എന്ന് പേരായ ഒരു രാജാവുണ്ടായിരുന്നു. അയാള്‍ ജനങ്ങളെ ബിംബാരാധനക്ക് നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.
അതിന് വഴങ്ങാത്ത കുറച്ചു യുവാക്കള്‍ രാജാവ് നാട്ടിലില്ലാത്ത ഒരു സന്ദര്‍ഭത്തില്‍ സ്ഥലംവിട്ടു.
അവരുടെ നാട്ടിന്റെ നാമം ‘ഉഫ്സൂസ്’ എന്നോ ‘ഥറസൂസ്’ എന്നോ ആയിരുന്നു (തുര്‍ക്കിയിലെ സ്മീര്‍ണാ പട്ടണത്തിനടുത്ത് സമുദ്രതീരത്ത്
നിന്നും രണ്ടുമൂന്ന് നാഴിക അകലെയായി സ്ഥിതി ചെയ്തിരുന്ന ഒരു പ്രധാന റോമന്‍ പട്ടണമായിരുന്നു ഉഫ്സൂസ്. ഥറസൂസാകട്ടെ,
തുര്‍ക്കിയുടെ തെക്കേ കടലോര പ്രദേശത്ത് കിഴക്കോട്ട് നീങ്ങി നില്‍ക്കുന്നു).
അങ്ങനെ അവര്‍ നാട്ടിനടുത്തുള്ള യന്‍ജലൂസ് എന്ന മലയിലെ ഒരു ഗുഹയില്‍ അഭയം പ്രാപിച്ചു.
ഏഴു പേരുണ്ടായിരുന്ന ആ യുവാക്കളുടെ കൂട്ടത്തില്‍ ഒരു നായയും വന്നു ചേര്‍ന്നു.

അതിനെ ആട്ടിക്കളയാന്‍ വളരെ പണിപ്പെട്ടുവെങ്കിലും അതവരെ പിന്തുടരുക തന്നെയായിരുന്നു.
സംഘത്തിന് രഹസ്യമായി ഭക്ഷണവും മറ്റും കൊണ്ടുവന്നിരുന്നത്
തങ്ങളുടെ പാര്‍ട്ടിയില്‍ പെട്ട തംലീഖാ ആയിരുന്നു. ഒരിക്കല്‍ അദ്ദേഹം പട്ടണത്തില്‍ പോയി തിരിച്ചു
വന്നപ്പോള്‍ രാജാവ് സ്ഥലത്തെത്തിയിട്ടുണ്ടെന്നും തങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നുമുള്ള വിവരം കിട്ടി.
അവര്‍ വലിയ ദുഃഖത്തിലും പരിഭ്രമത്തിലുമായി. അങ്ങനെ എല്ലാവരും പരസ്പരം വസ്വിയ്യത്ത് ചെയ്തും
അല്ലാഹുവിനോടുള്ള പ്രാര്‍ഥനയില്‍ നിരതരായും ഇരിക്കെ അവരെയും നായയെയും അല്ലാഹു ഉറക്കിക്കളഞ്ഞു.
സൂര്യാസ്തമനത്തിന് മുമ്പായിരുന്നു അത്.
രാജാവാകട്ടെ, അവരുടെ വിവരം അന്വേഷിച്ചറിഞ്ഞ് പരിവാര സമേതം സ്ഥലത്തെത്തി.
ഉറങ്ങിക്കിടക്കുന്ന യുവാക്കളെ അകത്താക്കി ഗുഹാമുഖം അടച്ചു കളഞ്ഞു.
സത്യവിശ്വാസം ഉള്ളില്‍ മറച്ചു വെച്ചിരുന്ന രണ്ടുപേര്‍ രാജാവിന്റെ പരിവാരങ്ങളിലുണ്ടായിരുന്നു. ബൈദറൂസ് എന്നും
റൂനാസ് എന്നുമായിരുന്നു അവരുടെ നാമങ്ങള്‍. അവര്‍ ആ യുവാക്കളുടെ പേരുകളും ചരിത്രവും രണ്ട്
കല്‍പലകകളില്‍ രേഖപ്പെടുത്തി. ഒരു ചെമ്പുപെട്ടിയിലാക്കി അവിടെ രഹസ്യമായി സൂക്ഷിച്ചു. അന്ത്യകാലത്തിന്
മുമ്പായി ഈ യുവാക്കളെ അല്ലാഹു സത്യവിശ്വാസികള്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുമെന്നും അപ്പോള്‍ ഇവരുടെ ചരിത്രം
അവര്‍ അറിയുമെന്നുമുള്ള ഉത്തമവിശ്വാസത്തോടെയാണ് അവരങ്ങനെ എഴുതി വെച്ചത്.
കാലചക്രം അതിവേഗം കറങ്ങി. ദഖ്യാനൂസ് രാജാവും അയാളുടെ ഭരണവുമെല്ലാം കാലയവനികക്കുള്ളില്‍ അന്തര്‍ദ്ധാനം ചെയ്തു.



അനന്തരം രണ്ടര നൂറ്റാണ്ടുകള്‍ക്കുശേഷം ബൈദറൂസ് എന്ന് പേരായ രാജാവുണ്ടായി. 68 കൊല്ലത്തോളം ഭരണം
നടത്തിയ അദ്ദേഹം സത്യവിശ്വാസിയും മത ഭക്തനുമായിരുന്നു. പ്രജകളില്‍ സത്യവിശ്വാസികളും അവിശ്വാസികളും ഉണ്ട്.
ഇത് രാജാവിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. പരലോകജീവിതത്തെക്കുറിച്ച് അല്ലാഹു വ്യക്തമായ ഒരു തെളിവ്
നല്‍കിയെങ്കില്‍ എന്ന് അദ്ദേഹം ആത്മാര്‍ഥമായി ആഗ്രഹിച്ചു. അല്ലാഹുവിനോട് നിഷ്കളങ്കമായി പ്രാര്‍ഥിച്ചു.
ഇതിനിടക്ക് ഒരാട്ടിടയന്‍ തന്റെ ആടുകള്‍ക്ക് താവളം ശരിപ്പെടുത്തേണ്ടതിനായി ആ ഗുഹാമുഖത്ത് ചെന്നു. പഴയ ഭിത്തി പൊളിച്ചു.
അപ്പോഴായിരുന്നു നൂറ്റാണ്ടുകളായി അതിനുള്ളില്‍ നിദ്രയില്‍ ലയിച്ചു കിടന്നിരുന്ന യുവാക്കളെ അല്ലാഹു ഉണര്‍ത്തിയത്.
ഉറങ്ങിയപ്പോള്‍ ഉണ്ടായിരുന്നത് പോലെയല്ലാതെ യാതൊരു വ്യത്യാസവും തങ്ങളുടെ ദേഹത്തില്‍ അവര്‍ കണ്ടില്ല.
പിന്നെ പതിവു പോലെ ഭക്ഷണം വാങ്ങുവാനായി തങ്ങളുടെ പക്കലുണ്ടായിരുന്ന വെള്ളിയുമായി തംലീഖയെ അവര്‍
പട്ടണത്തിലേക്കയച്ചു.



ദഖ്യാനൂസ് രാജാവിനെ ഭയന്ന് വളരെ കരുതലോടെയാണ് അദ്ദേഹം
അങ്ങാടിയില്‍ കടന്നത്. ഹാ, എന്തൊരദ്ഭുതം! പട്ടണത്തിന്റെ സ്ഥിതിയാകെ മാറിക്കഴിഞ്ഞിരിക്കുന്നു.
പരിചയക്കാരെ ആരെയും കാണുന്നില്ല. ഈസാ നബി(അ)ന്റെ നാമം കേള്‍ക്കുന്നു….. അദ്ദേഹം ആകെ ചിന്താധീനനായി.
ഏതായാലും ഒരു കടയില്‍ കയറി ഭക്ഷണ സാധനത്തിനായി തന്റെ പക്കലുണ്ടായിരുന്ന വെള്ളി കൊടുത്തു.
കച്ചവടക്കാരന്‍ ആ നാണയം ആശ്ചര്യപൂര്‍വം തിരിച്ചും മറിച്ചും നോക്കി. ‘ഇത് പണ്ടുണ്ടായിരുന്ന ദഖ്യാനൂസ്
രാജാവിന്റെ കാലത്തെ നാണയമാണല്ലോ. തങ്ങള്‍ക്കെവിടന്നാണ് നിക്ഷേപം കിട്ടിയത്?’ അയാള്‍ ചോദിച്ചു. അപ്പോഴേക്കും
അവിടെ പലരും ഒരുമിച്ചുകൂടി. അവര്‍ തംലീഖയെ രാജാവിന്റെ മുമ്പില്‍ ഹാജറാക്കി.
കൊട്ടാരത്തിലെത്തിയ തംലീഖാ, രാജാവിനും അനുയായികള്‍ക്കും തങ്ങളുടെ ചരിത്രം വിവരിച്ചു കൊടുക്കുകയും
കൂട്ടുകാര്‍ ഗുഹയിലുണ്ടെന്നു ഉണര്‍ത്തുകയും ചെയ്തു.

സത്യാവസ്ഥ അറിഞ്ഞു വരാന്‍ രാജാവ് രണ്ടു പ്രമുഖ
ഉദ്യോഗസ്ഥന്മാരെ നിയോഗിക്കുകയും ഒരു വമ്പിച്ച ജനാവലിയും തംലീഖയുമൊന്നിച്ച് അവര്‍
ഗുഹാമുഖത്തെത്തുകയുമുണ്ടായി. തംലീഖാ അകത്ത് കടന്നു. കൂട്ടുകാരെ വിവരമറിയിച്ചു. അല്‍പം കഴിഞ്ഞ്
അകത്ത് കടന്നപ്പോള്‍ രാജ ദൂതന്‍മാര്‍ അദ്ഭുത പരതന്ത്രരായിപ്പോയി! കല്‍കെട്ടിന്റെ അവശിഷ്ടങ്ങളില്‍ നിന്നും
ചെമ്പുപെട്ടികിട്ടി. അത് തുറന്ന് നോക്കിയപ്പോള്‍ അതില്‍ എഴുതി വെച്ചിരുന്ന പലകകളില്‍ നിന്നും കാര്യം മനസ്സിലാക്കുകയും
അവര്‍ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്തു.



രാജാവ് ഈ വിവരങ്ങളെല്ലാം അറിഞ്ഞു വളരെ സന്തോഷിച്ചു. താനാഗ്രഹിച്ചത്
പോലെയുള്ള ഒരു ദൃഷ്ടാന്തം കാണിച്ചു കൊടുത്തതില്‍ അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു. താമസിയാതെ രാജാവും സ്ഥലത്തെത്തി
ഗുഹയില്‍ കടന്ന് യുവാക്കളെ ആലിംഗനം ചെയ്തു. അവര്‍ രാജാവിന് വേണ്ടി പ്രാര്‍ഥിച്ചു.
അങ്ങനെയിരിക്കെ രാജാവ് നോക്കിനില്‍ക്കെത്തന്നെ അവര്‍ തങ്ങളുടെ സ്ഥാനങ്ങളില്‍ ചെന്ന് കിടക്കുകയും ഉറങ്ങുകയും
ചെയ്തു-അവസാനത്തെ ഉറക്കം. അവരെ അല്ലാഹു മരണപ്പെടുത്തുകയുണ്ടായി. സ്വര്‍ണത്തിന്റെ ഓരോ പെട്ടിയുണ്ടാക്കി
അതില്‍ അവരെ കിടത്തുവാന്‍ ഉത്തരവിട്ടു രാജാവ് മടങ്ങിപ്പോന്നു.

തദനന്തരം അദ്ദേഹം ഉറങ്ങിയപ്പോള്‍ യുവാക്കളെ
സ്വപ്നം കാണുകയും അവര്‍ ഇങ്ങനെ പറയുകയും ചെയ്തു: ‘തങ്ങള്‍ സ്വര്‍ണം കൊണ്ടോ വെള്ളി കൊണ്ടോ സൃഷ്ടിക്കപ്പെട്ടവരല്ല;
മണ്ണു കൊണ്ട് സൃഷ്ടിക്കപ്പെട്ടവരാണ്. അതിനാല്‍ അന്ത്യകാലം വരെ മണ്ണില്‍ കിടക്കുവാനാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്’.
പിന്നീട് ഗുഹാമുഖത്തൊരു പള്ളി നിര്‍മിക്കുവാനും അത് കൊണ്ട് ഗുഹാമുഖം അടക്കുവാനും കൊല്ലത്തിലൊരിക്കല്‍
അവിടെ എല്ലാവരും ഒരുമിച്ചുകൂടി ഒരു സുദിനമായി കൊണ്ടാടുവാനും
രാജാവ് കല്‍പന കൊടുത്തു


അൽകഹ്ഫ് കഥകൾ  2

അൽകഹ്ഫ് കഥകൾ  3

Post a Comment

Previous Post Next Post

Hot Posts