മത സൗഹാർദത്തിൻ്റെ പ്രസക്തി

ബഹുമാന്യരായ ഉസ്താദുമാർ, ശബ്ദം ശ്രവിക്കുന്ന കൂട്ടുകാരെ..,

മത സൗഹാർദത്തിൻ്റെ പ്രസക്തിയെ കുറിച്ച് അല്പം കാര്യങ്ങൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് ഞാൻ അവസാനിപ്പിക്കാം...

അല്ലാഹു തുണക്കട്ടെ, ആമീൻ.

നമുക്കറിയാം, വർത്തമാന കാലത്ത് ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെടുന്ന മതവും മതാനുയായികളും ഇസ്ലാമും മുസ്‌ലിംകളുമാണ്.  

ബഹുസ്വര സമൂഹത്തിലെ ഇസ്‌ലാമിക പ്രതിനിധാനം എന്നത് വീണ്ടും പല അര്‍ഥങ്ങളിലും ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന സന്ദര്‍ഭവുമാണിത്. അടുത്ത കാലത്തായി നടന്നിട്ടുള്ള പല സംഭവങ്ങളും ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. മതപ്രബോധനം എന്നത് ബഹുസ്വര സമൂഹത്തില്‍ വളരെ സൂക്ഷമതയോടെ നിര്‍വ്വഹിക്കേണ്ട ധര്‍മ്മമാണ്. ഈ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന സൂക്ഷമതക്കുറവ് പലപ്പോഴും അത് സമൂഹത്തില്‍ വിപരീത ഫലം ഉളവാക്കും. മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചെടുത്തോളം ഇത്തരം വിഷയങ്ങളില്‍ വളരെ ജാഗ്രത ഉണ്ടായിരിക്കേണ്ട സന്ദര്‍ഭമാണിത്. പ്രത്യേകിച്ചും മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും സമൂഹത്തിനകത്ത് വളരെ എളുപ്പത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്ന വര്‍ത്തമാന സന്ദര്‍ഭത്തില്‍.

മതസൗഹാര്‍ദത്തിനു കേളികേട്ട നാടാണ് നമ്മുടെ കേരളം. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യനും മതമുള്ളവനും ഇല്ലാത്തവനുമെല്ലാം പരസ്പരം ഒരുമയോടെ ജീവിച്ച് രാജ്യത്തിനു മാതൃക കാണിച്ച സംസ്ഥാനം. വര്‍ഗീയതയുടെ വിഷ വിത്തുകള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേരോട്ടമുണ്ടായപ്പോഴും ശാന്തിയും സമാധാനവും സഹിഷ്ണതയും പുലര്‍ത്തി നമ്മുടെ ‘ദൈവത്തിന്റെ നാട്’ മാതൃകതീര്‍ത്തിരുന്നു. മാലിക് ബ്‌നു ദിനാറും സംഘവും കേരളത്തില്‍ എത്തിയപ്പോള്‍ ഇവിടുത്തെ സമൂഹം വളരെ ഹാര്‍ദ്ദവമായിട്ടായിരുന്നു അവരെ സ്വീകരിച്ചത്്. അവിടെ നിന്ന് ഇങ്ങോട്ട് മത സൗഹാര്‍ദ്ദത്തിന്റെ മഹത്തായ നിരവധി അടയാളങ്ങള്‍ നമുക്ക് ചരിത്രത്താളുകളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും. കേരളത്തിന്റെ തന്നെ ചരിത്രത്തോളം പഴക്കമുണ്ട് മത സൗഹാര്‍ദ്ദത്തിന്റെയും ചരിത്രത്തിന്. അധിനിവേശ ശക്തികളില്‍ നിന്നും നാടിനെ മോചിപ്പിക്കുന്നതിന് വേണ്ടി മുസ്‌ലിമല്ലാത്ത സാമൂതിരിയോടൊപ്പം ചേര്‍ന്ന പടപൊരുതുന്നതിനെ കേരളത്തിലെ ഏറ്റവും മഹാനായ മത പണ്ഡിതാനായിരുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം അദ്ദേഹത്തിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന കൃതിയില്‍ ജിഹാദായിട്ടാണ് വിശേഷിപ്പിക്കുന്നത്. അഥവാ പൊതുസമൂഹത്തില്‍ അവരോടൊപ്പം ചേര്‍ന്ന പ്രവര്‍ത്തിക്കുന്നതിന് അദ്ദേഹത്തെപ്പോലുള്ള മഹാന്മരായ പണ്ഡിതന്മാര്‍ യാതൊരുവിധ പ്രശ്‌നവും കണ്ടില്ലെന്നു മാത്രമല്ല അതിനെ പരമാവധി പ്രോത്സാഹിപ്പിക്കുക കൂടിയാണ് ചെയ്തത്.

മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് നമ്മുടെ നാട്ടില്‍ മത സൗഹാര്‍ദ്ദം ദൃഢമായി നിലനില്‍ക്കാനുള്ള കാരണം മുഴുവന്‍ സമൂഹങ്ങളും പരസ്പരം ഇടപഴകി ജീവിക്കുന്നു എന്നതാണ്. വിശ്വാസങ്ങളിലും ആചാരങ്ങളിലും ജീവിത രീതികളിലും വ്യത്യാസമുണ്ടായിരിക്ക തന്നെ യോജിപ്പിന്റെ മേഖലകളില്‍ പരമാവധി യോജിക്കാനും വിയോജിക്കുമ്പോഴും ജനാധിപത്യ മര്യാദ ഉയര്‍ത്തിപ്പിടിക്കാനും ആഘോഷങ്ങളിലും സന്തോഷ ദുഖങ്ങളിലും പരസ്പരം പങ്കുചേരാനും നാം കാണിക്കുന്ന ജാഗ്രതക്ക് മത സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുണ്ട്. മത സൗഹാര്‍ദ്ദം തകര്‍ക്കുക എന്നത് വര്‍ഗീയ വാദികളുടെ വലിയ സ്വപ്‌നമാണ്. അത് തകരുന്നതിലൂടെ ഒഴുകുന്ന ചോരച്ചാലുകളിലൂടെ മാത്രമേ അവര്‍ക്ക് വളരുവാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ ഇതിനുള്ള ശ്രമം പല ഭാഗങ്ങളില്‍ നിന്നുമുണ്ടാകുന്നത്. പ്രത്യേകിച്ചും ഹിന്ദുത്വ ശക്തികളില്‍ നിന്നും. വളരെ ചെറിയ സംഭവങ്ങള്‍പ്പോലും വര്‍ഗീയവത്കരിച്ച് അതില്‍ നിന്നും മുതലെടുപ്പ് നടത്താന്‍ ഇത്തരം ശക്തികള്‍ നിതാന്ത ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു എന്നത് വാസ്തവമാണ്.

ഭരണ സിരകളിൽ ഫാസിസം കലരുകയും  രാജ്യത്താകമാനം വർഗ്ഗീയ ചേരിതിരിവുകളുണ്ടാവുകയും ചെയ്തുതുടങ്ങിയപ്പോഴാണ് മതസൗഹാർദ്ദത്തിനു വിള്ളലേറ്റിട്ടുണ്ടെന്ന ധാരണ പലർക്കും വന്നുതുടങ്ങിയത്. അങ്ങനെ മതകീയാദർശങ്ങൾ പോലും ബലി നൽകി സൗഹാർദ്ദം ഉണ്ടാക്കിത്തീർക്കേണ്ട ദുര:വസ്ഥയിലേക്ക് നമ്മുടെ നാട്ടകങ്ങൾ എത്തിയിട്ടുണ്ടെന്നാണ് പലരുടെയും

ധാരണ. ഇതര മതചടങ്ങുകളിൽ സംബന്ധിക്കുകയും അവരുടെ മതീകയാചാരങ്ങളിൽ പങ്കുകൊള്ളുകയും ആഘോഷിക്കുകയും ചെയ്തില്ലെങ്കിൽ ഇവിടെ വർഗീയ സാഹചര്യങ്ങലും കലാപാന്തരീക്ഷവും സൃഷ്ടിക്കപ്പെടുമെന്ന് പോലും പലരും ധരിച്ചുവശായിരിക്കുകയാണ്.

ഓരോ വിശ്വാസിക്കും സ്വന്തം മതത്തിൽ നിലകൊള്ളാനുള്ള സാതന്ത്ര്യം അനുവദിച്ചുകൊടുക്കലാണ് യഥാർഥ മതസൗഹാർദ്ദം വിവക്ഷിക്കുന്നത്; അതായിരുന്നു നമ്മുടെ പൂർവിക മാതൃകയും. വിവിധ മതങ്ങൾക്കിടയിൽ ഐക്യത്തോടെ ജീവിക്കണമെന്ന് മതപണ്ഡിതന്മാർ അനുയായികളെ പ്രത്യേകം ബോധവാന്മാരാക്കിയിരുന്നു.

മമ്പുറം തങ്ങളും സാമൂതിരി രാജാവുമെല്ലാം കേരള ചരിത്രത്തിൽ ഇന്നും സ്മരിക്കപ്പെടുന്നതും ഈയൊരു കാരണത്താലാണ്. പള്ളികളിൽ ബാങ്കുവിളിക്കുന്നവരെ നിശ്ചയിക്കാനും അവർക്ക് മാസപ്പടി നൽകാനും പ്രത്യേകം താത്പര്യം കാണിച്ച കോഴിക്കോട്ടെ സാമൂതിരി രാജാവും ജാതിവൈജാത്യങ്ങളുടെ പേരിൽ അരികുവ്തകരിക്കപ്പെട്ടിരുന്ന ഒരു വിഭാഗത്തിന് അവരുടെ മതാഘോഷങ്ങൾക്കു വേണ്ടി അനുയോജ്യ സമയവും സ്ഥലവും നിർണയിച്ചു നൽകിയ മമ്പുറം തങ്ങളും കാണിച്ച മതസൗഹാർദ്ദ മനോഭാവമാണ് നാം അനുവർത്തിക്കേണ്ടതും അംഗീകരിക്കേണ്ടതും.

മതങ്ങൾക്കിടയിലെ സൗഹാർദാന്തീക്ഷം സൃഷ്ടിച്ചെടുക്കാൻ മത നിയമങ്ങളുടെ സർവ സീമകളും ലംഘിച്ചുകൊണ്ടിരിക്കുകയാണ് പുതിയകാലത്തെ ചില രാഷ്ട്രീയ പ്രതിനിധികളും സാമൂഹികവാദികളും. വിവിധ മതസ്ഥർക്കിടയിൽ ഐക്യത്തോടെ വർത്തിക്കുകയും അവരുടെ മതാചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും തടസ്സം നിൽക്കാതിരിക്കുകയും ചെയ്യലാണ് യഥാർഥ മതസൗഹാർദ്ദം ലക്ഷ്യമാക്കുന്നത്.

മതേതരഇന്ത്യയിലെ ഇസ്ലാമിക കാഴ്ചപ്പാടും അതുതന്നെയാണ്. പകരം നാട്ടിലെ മത സൗഹാർദ്ദവാദികളുടെയും അന്യമതസ്ഥരുടെയും ദേശീയ മുസ്ലിംകളുടെയും ലിബറൽ ആശയക്കാരുടെയുമിടയിൽ

പൊതുസ്വീകാര്യനാവാനും അവരുടെ ആഘോഷപരിപാടികളിൽ മതമുള്ള മതേതര രാഷ്ട്രീയ പ്രതിനിധിയായി വേഷമണിയാനും വേണ്ടി മതം വിലക്കിയ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഭാഗഭാക്കാകുന്നതിനെ ഇസ്ലാം ന്യായീകരിക്കുന്നില്ല.

പറഞ്ഞു വരുന്നത് നിലവിളക്ക് കൊളുത്തു ന്നതും ഓണം ആഘോഷിക്കുന്നതുമാണ്. ഇസ്ലാമിക ശരീഅത്ത് മുസ്ലിംകൾ മാത്രമുള്ള ലോകം മുന്നിൽ കണ്ട് ആവിഷ്കരിക്കപ്പെട്ടതല്ലെന്ന കാര്യം നാം മനസ്സിലാക്കണം. മറിച്ച്, ഇതര ദർശനങ്ങളും മതങ്ങളും ഉൾക്കൊള്ളുന്ന ബഹുസ്വര സമൂഹത്ത പരിഗണിച്ച് തന്നെയാണ് ഇസ്ലാമിക സംഹിതകൾ നിലവിൽ വന്നിട്ടുള്ളത്. ഇതര മതവിഭാഗങ്ങളുടെ ആഘോഷങ്ങളും ആചാരങ്ങളും മുസ്ലിംകൾ അനുഷ്ഠിക്കുന്നതും കൊണ്ടാടുന്നതും നിഷിദ്ധമാണ്. ഇതര വിഭാഗങ്ങളുടെ മതപരമോ, സാമൂദായികമോ ആയ ആചാരങ്ങളിൽ ക്ഷണം സ്വീകരിച്ച് പങ്കെടുക്കുന്നതും ജനജാഗരണത്തിനു സഹായകമായ പ്രഭാഷണങ്ങൾ നടത്തുന്നതും നിഷിദ്ധമാണെന്ന് ഇപ്പറഞ്ഞതിനർത്ഥമില്ല. എന്നാൽ അത്തരം ചടങ്ങുകളിൽ പങ്കെടുക്കുകയെന്നത് അവ ആഘോഷിക്കാനോ, അവരുടെ മതാചാരങ്ങൾ നിർവഹിക്കുവാനോ ഉള്ള അനുവാദമല്ല. സ്വന്തമായ അസ്തിത്വം നിലനിർത്തിക്കൊണ്ട് തന്നെ ഇതര വിശ്വാസികളുടെ ആഘോഷാചാരങ്ങളെ കാണാനാകുമ്പോഴാണ് യഥാർത്ഥ ഇസ്ലാമിക ചൈതന്യം പ്രകടമാവുന്നത്.

ഇവിടെയാണ് വിളക്ക് കത്തിക്കുന്നതും ഓണം ആഘോഷിക്കുന്നതും ചർച്ചയാവുന്നത്. ഇവരണ്ടും ഹൈന്ദവ സഹോദരങ്ങളുടെ മതകീയ ചിഹ്നങ്ങളാണ്. മറിച്ചൊരഭിപ്രായത്തിന് ചരിത്രപരമായ യാതൊരു നിലനിൽപ്പുമില്ല. ഓണം കേവലം ദേശീയ ഉത്സവമായി പരിചയപ്പെടുത്താൻ ചിലർ പാഴ്ശ്രമം നടത്താറുണ്ടെങ്കിലും അതിന്റെ പ്രാരംഭ ചരിത്രം പരിശോധിച്ചാൽ ആ വാദം തീർത്തും ബാലിശമാണെന്നു കാണാം. നിലവിളക്കിന്റെ സാംസ്കാരിക പൈതൃകവും ചരിത്രപരമായ നാൾവഴിയും തഥൈവ.

സർവശക്തനായ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും താദാത്മ്യം പ്രാപിക്കാത്തതോ ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസമായ തൗഹീദിനു നിരക്കാത്തതോ ആയ ആചാരങ്ങളും ആരാധനകളും നിർവഹിക്കുന്നതും ബഹുദൈവ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നവരുടെ കോലം കെട്ടുന്നതും ഇസ്ലാം കർശനമായി വിലക്കിയതാണ്. മറ്റുള്ളവരുടെ ആരാധനയുടെ ഭാഗമായ നിലവിളക്ക് കത്തിക്കുക, ഭസ്മം തൊടുക, പരദൈവങ്ങളുമായി ബന്ധപ്പെട്ടും അവയുടെ സ്മരണകൾ അയവിറക്കിക്കൊണ്ടും ഓണം ആഘോഷിക്കുക തുടങ്ങിയ കാര്യങ്ങൾ ഈയർത്ഥത്തിൽ നിഷിദ്ധമാണ്. അത്തരം കാര്യങ്ങൾ മതഭ്രഷ്ടിനു വരെ കാരണമാകുമെന്നാണ് പണ്ഡിതന്മാർ പ്രതിപാദിച്ചിരിക്കുന്നത്. പ്രവാചകൻ തിരുമേനി (സ്വ) മദീനയിലെത്തിയ കാലത്ത് ചിലർ കളിയിലേർപ്പെടുന്നത് കണ്ടപ്പോൾ കാര്യമന്വേഷിച്ചു. ഞങ്ങൾ അജ്ഞതാ യുഗത്തിൽ ഈ ദിനം ആഘോഷിക്കാറുണ്ടെന്നായിരുന്നു അവരുടെ മറുപടി. എന്നാൽ നിങ്ങൾക്ക് അതിനേക്കാൾ ഉത്തമമായ രണ്ട് ദിനങ്ങൾ അല്ലാഹു പകരം നൽകിയിട്ടുണ്ടെന്നായിരുന്നു തിരുനബിയുടെ പ്രതികരണം. ചെറിയ പെരുന്നാളും വലിയ പെരുന്നാളുമായിരുന്നു നബിയുടെ വിവക്ഷ. അതായത് ഇതര മതങ്ങളുടെ ആചാരങ്ങളും ആഘോഷദിനങ്ങളും കൊണ്ടാടുന്നതും ഇതര സമുദായങ്ങളെയും അവരുടെ മതകീയ ശീലങ്ങളെയും അത്തരമൊരു പരിപ്രേക്ഷ്യത്തിൽ അനുകരിക്കുന്നതും ഇസ്ലാമിൽ വിലക്കിയിട്ടുണ്ടെന്നർത്ഥം.

ഒരർത്ഥത്തിൽ ഓണാഘോഷങ്ങളിലും ഗണേശാദി ഉത്സവങ്ങളിലും പങ്കെടുക്കുന്നതും വേദിയിൽ തന്റെ മതത്തിന്റെ സന്ദേശം പങ്കുവെക്കുന്നത് വിമർശിക്കപ്പെടുകയില്ല. മറിച്ച്, ഓണപ്പൂക്കളമിടുമ്പോഴും തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുമ്പോഴും നിലവിളക്ക് കത്തിക്കുമ്പോഴുമാണ് പ്രശ്നം. പ്രവാചകൻ തിരുനബി (സ്വ) പ്രബോധനത്തിന്റെ ആദ്യകാലങ്ങളിലൊക്കെ കഅ്ബാലയത്തിന്റെ തിരുമുറ്റത്തായിരുന്നു ഇസ്ലാമിക സന്ദേശ കൈമാറ്റത്തിനായി തന്റെ അനുചരരോടൊപ്പം സന്നിഹിതനായിരുന്നത്. അവിടെ നഗ്നരായി പ്രദക്ഷിണം നടത്തുന്നവരും അശ്ലീലതകളും ബഹുദൈവവിശ്വാസത്തിലധിഷ്ഠിതമായ കാര്യങ്ങളും പ്രവർത്തിക്കുന്നവരുമുണ്ടായിരുന്നു താനും. പക്ഷെ, വിവിധ നാടുകളിൽ നിന്നു ഹജ്ജിനായെത്തുന്നവരെ സമീപിക്കാനും അവർക്ക് ഇസ്ലാമികാദർശങ്ങൾ കൈമാറാനും തന്നെ സന്ദർശിക്കാൻ വരുന്നവരുമായി ഇടപഴകാനും പ്രവാചകൻ (സ്വ) ഈയവസരം ഉപയോഗപ്പെടുത്തി.

ഇന്ന് രാജ്യത്തെ പൊതുസാംസ്കാരിക ബോധം സവർണമയമാണ്. ഫാസിസം സൃഷ്ടിച്ചെടുക്കുന്ന പൊതുബോധത്തെ അംഗീകരിച്ച്, അവർ മുന്നോട്ടുവെക്കുന്ന ആശയങ്ങളും ആഘോഷങ്ങളും ആരാധനാപരവും വിശ്വാസപരവുമായി ബഹുമാനിക്കുന്ന തരത്തിൽ നമ്മുടെ സാമുദായിക-രാഷ്ട്രീയ അസ്തിത്വത്തെ ബലി നൽകുന്നിടത്താണ് പ്രശ്നങ്ങളുടെ കാതൽ. മുസ്ലിം സമൂഹത്തിന്റെ അഭിമാനകരമായ അസ്തിത്വത്തിന്റെ വീണ്ടെടുപ്പിനായി ജന്മമെടുത്ത സാമുദായിക പാർട്ടിയിലെ ചിലരുടെ ആത്മഹത്യാപരമായ 'പുരോഗമന'  ചിന്തകൾ മുഖേനെ ഏറെ വിനാശകരമായ

പര്യവസാനത്തിനായിരിക്കും വഴിതെളിക്കുക. അതുവഴി ഒരു ബഹുസ്വര സമൂഹത്തിൽ ഒരന്യ മതത്തിന്റെ ആചാരവും അനുഷ്ഠാനവും അനുകരിക്കാത്തവരെ രാജ്യദ്രോഹികളായി മുദ്രണം ചെയ്യപ്പെടുന്ന അതിദാരുണാവസ്ഥയിലേക്ക് നാം എത്തിപ്പെടുകയും ചെയ്യും.

പുതിയ സാഹചര്യത്തില്‍ ഇസ്ലാമിന്‍റെ ബഹുസ്വരതയെ കാത്തുവെക്കാനുള്ള ആഹ്വാനങ്ങള്‍ക്ക് സമകാലിക ലോകത്ത് ഏറെ പ്രസക്തിയുണ്ട്.’സംരക്ഷണ ബാധ്യതയുള്ള അമുസ്ലിമിനെ വധിച്ചവന് സ്വര്‍ഗത്തിന്‍റെ വാസന പോലും ലഭിക്കുകയില്ലെന്ന’ മുത്ത് നബിയുടെ വാക്കിനെക്കാള്‍ പ്രസക്തമായ ഒരു മുദ്രാവാക്യവും ഇന്നത്തെ പ്രതിസന്ധികള്‍ മറികടക്കാന്‍ നമ്മുടെ മുന്നിലില്ല.’നിന്‍റെ അയല്‍വാസി അമുസ്ലിമാണെങ്കില്‍ പോലും നീ അവനെ ബഹുമാനിക്കണമെന്ന’ പ്രവാചകാധ്യാപനം ഇവിടെ പ്രായോഗിക തലത്തില്‍ വന്നാല്‍ ആത്യന്തിക സമാധാനത്തിന്‍റെ പാതയുടെ സുഗന്ധവും സൗന്ദര്യവും എല്ലാവര്‍ക്കും ആസ്വദിക്കാനും അനുഭവിക്കാനും സാധിക്കുന്നതാണ്.

ചുരുക്കത്തില്‍ ഇസ്ലാമിന്‍റെ മുഖ മുദ്രയും വിനിമയ ഭാഷയും നീതിയുടേതും പരസ്പര സഹകരണത്തിന്‍റേതും ഐക്യത്തിന്‍റേതുമാണ്.ആ വഴിയിലേക്കുള്ള മനസ്സ് തുറന്നുള്ള സഞ്ചാരമാണ് ആധുനിക ലോകത്തിന് അനിവാര്യമായിരിക്കുന്നത്.അത് വൈകുന്നതിനനുസരിച്ച് പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിച്ച് കൊണ്ടേയിരിക്കും.ഓരോ മുസ്ലിമിനും തന്‍റെ വൈയക്തിക ജീവിതത്തിലൂടെ ഇസ്ലാമിന്‍റെ ശോഭനമായ സൗഹാര്‍ദ്ദ ചിത്രങ്ങള്‍ സമൂഹമധ്യേ സമര്‍പ്പിക്കാന്‍ ബാധ്യസ്ഥരും ഉത്തരവാദപ്പെട്ടവരുമാണ്.അത്തരം ആലോചനകള്‍ എല്ലാ അര്‍ത്ഥത്തിലും വിഭാഗീയതകള്‍ക്കധീതമായി ഉയര്‍ന്നു വരട്ടെ. അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് ദുആ ചെയ്ത് ഞാൻ അവസാനിപ്പിക്കുന്നു.



Post a Comment

Previous Post Next Post

Hot Posts