ആരോഗ്യം | ഇസ്ലാമിക വീക്ഷണങ്ങൾ

ബഹുമാന്യരായ ഉസ്താദുമാർ, ശബ്ദം ശ്രവിക്കുന്ന കൂട്ടുകാരെ..,

ആരോഗ്യത്തെ ക്കുറിച്ചുള്ള ഇസ്ലാമിക വീക്ഷണങ്ങൾ അല്പം ചിലത് പറയാൻ വേണ്ടിയാണ് ഞാൻ നിങ്ങൾക്ക് മുന്നിൽ എഴുന്നേറ്റ് നിൽക്കുന്നത്. നാഥൻ തുണക്കട്ടെ, ആമീൻ.

പ്രിയപ്പെട്ടവരെ, അല്ലാഹു നല്‍കുന്ന അമൂല്യമായ അനുഗ്രഹമാണ് ആരോഗ്യം. ജീവിതത്തിലുടനീളം ആരോഗ്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മനുഷ്യന്റെ ധര്‍മങ്ങളും കര്‍മങ്ങളും നിര്‍വഹിക്കാന്‍ ആരോഗ്യമുള്ള മനസ്സും ശരീരവും അനിവാര്യമാണ്. ആരോഗ്യത്തിന് ന്യൂനത സംഭവിച്ചാല്‍ ചികിത്സ നടത്തി തിരിച്ചുപിടിക്കുക എന്നതിലല്ല ആരോഗ്യ സംരക്ഷണം അടിസ്ഥാനപ്പെടുത്തുന്നത്. ആരോഗ്യവ്യവസ്ഥക്കു ക്ഷതമേല്‍ക്കാതെ സംരക്ഷിക്കാനുപകരിക്കുന്ന ജീവിത ശീലങ്ങള്‍ അനുവര്‍ത്തിക്കുകയാണു വേണ്ടത്. ചികിത്സാരീതികളും സംവിധാനങ്ങളും വര്‍ധിച്ചുവരുന്നതും ഉല്‍ഭൂതമാവുന്നതും നന്മവിചാരത്തില്‍ നിന്നാണെന്ന് കരുതിയാലും അതിനൊരു മറുവശമുണ്ട്. ആരോഗ്യത്തെക്കുറിച്ച് മനുഷ്യന്റെ ആധിയും ആരോഗ്യശീലങ്ങളെ അവലംബിക്കുന്നതില്‍ സംഭവിക്കുന്ന കുറ്റകരമായ അനാസ്ഥയെയും അലംഭാവത്തെയും അതു പ്രതിഫലിപ്പിക്കുന്നു.

ആരോഗ്യത്തിനും അതിനു ഗുണകരമാവുന്ന ജീവിത, കര്‍മ, ധര്‍മശീലങ്ങള്‍ക്കും ഇസ്‌ലാം മുന്തിയ പരിഗണന നല്‍കുന്നുണ്ട്.സത്യവിശ്വാസത്തിലധിഷ്ഠിതമായ ബാധ്യതകള്‍ നിര്‍വഹിക്കുന്നതിന് ആരോഗ്യമില്ലാതെ കഴിയില്ല. ആരോഗ്യ സംരക്ഷണവും രോഗപ്രതിരോധവും സാധിക്കുന്ന ജീവിതശീലങ്ങളാണ് ഇസ്‌ലാം മനുഷ്യനില്‍ നിന്നും ആവശ്യപ്പെടുന്നത്. ജൈവധര്‍മമെന്ന നിലയിലും ജീവസുരക്ഷ എന്ന നിലയിലും നിര്‍വഹിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങളെ ഇസ്‌ലാം പുണ്യമാക്കി നിശ്ചയിച്ചിരിക്കുകയാണ്. അവ നിര്‍വഹിക്കുന്നതിലൂടെ ആത്മീയവും ഭൗതികവുമായ ഗുണങ്ങള്‍ ലഭ്യമാവുന്നു.

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആരോഗ്യകരവും ആത്മീയവുമായ ഗുണം സമ്പാദിക്കാന്‍ ചില ഇബാദത്തുകള്‍ ഉപകരിക്കുന്നുണ്ട്. ഇസ്‌ലാമിക നിയമങ്ങള്‍ അനുഷ്ഠിക്കാന്‍ ബാധ്യതയും പ്രചോദനവും ഉള്ളവനെന്ന നിലയില്‍ ആരോഗ്യ ശീലങ്ങള്‍ എന്ന തലക്കെട്ടില്‍ അവ അടുക്കിവെച്ചിട്ടുണ്ടാവില്ല. എന്നാലും അവ അനുഷ്ഠിക്കുന്നതിലൂടെ ആത്മീയമായ അച്ചടക്കവും പുണ്യവും കൈവരിക്കാനാവുന്നു. ഒപ്പം ആരോഗ്യവും രോഗപ്രതിരോധവും നേടാനുമാവും. ഒരിക്കൽ അബ്ബാസ് (റ) നബി തങ്ങളോട്, നബിയെ ഞാനെന്താണ് അല്ലാഹുവിനോട് ചോദിക്കേണ്ടത് എന്ന് ആരാഞ്ഞു. അന്നേരം, അബ്ബാസെ നീ ആരോഗ്യത്തെ ചോദിക്ക് എന്നാണ് നബി തങ്ങൾ പ്രതിവചിച്ചത്. ഏതാനും ദിവസം കഴിഞ്ഞ ശേഷവും അബ്ബാസ് (റ) വീണ്ടും ഇതേ ചോദ്യം അവിടുത്തോട് ഉന്നയിച്ചു. അപ്പോഴും അവിടുന്ന് പറഞ്ഞത്, ഇഹത്തിലും പരത്തിലും നീ ആരോഗ്യത്തെ അല്ലാഹുവിനോട് ചോദിക്കുക എന്നായിരുന്നു.  അബുദ്ദര്‍ദാഅ്(റ) ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്: ഒരിക്കൽ നബി(സ്വ) ആരോഗ്യത്തെക്കുറിച്ചും അതിന് നന്ദി ചെയ്താല്‍ ലഭിക്കുന്ന മഹത്തായ പ്രതിഫലത്തെക്കുറിച്ചും പറഞ്ഞു, പരീക്ഷണങ്ങളെ ക്ഷമിച്ചാല്‍ അവനു ലഭിക്കുന്ന മഹത്തായ പ്രതിഫലത്തെക്കുറിച്ചും വിശദീകരിച്ചു. അപ്പോള്‍ നബി(സ്വ)യുടെ സമീപത്തിരിക്കുകയായിരുന്ന അബുദ്ദര്‍ദാഅ്(റ) പറഞ്ഞു: എനിക്കെല്ലാവരെക്കാളും പ്രിയങ്കരനായ തിരുദൂതരേ, എനിക്ക് ആരോഗ്യമുണ്ടാവുകയും എന്നിട്ട് ഞാന്‍ നന്ദി ചെയ്യുകയും ചെയ്യുന്നതാണ് ഞാന്‍ പരീക്ഷിക്കപ്പെടുകയും ക്ഷമിക്കുകയും ചെയ്യുന്നതിനെക്കാള്‍ എനിക്കിഷ്ടം. അപ്പോള്‍ നബി(സ്വ): അല്ലാഹുവിന്റെ ദൂതരും നിന്റെ കൂടെ ആരോഗ്യത്തെ ഇഷ്ടപ്പെടുന്നു’ എന്നാണ് പ്രതിവചിച്ചത്. ആരോഗ്യവും രോഗപീഡകളില്ലാത്ത അവസ്ഥയും അല്ലാഹുവില്‍ നിന്ന് ചോദിച്ചുവാങ്ങേണ്ടതാണ്. അതു ചോദിക്കുന്നത് അല്ലാഹുവിനിഷ്ടവുമാണ്. നബി(സ്വ)ക്കും ഇഷ്ടംതന്നെ. സത്യവിശ്വാസത്തിനൊപ്പം ആരോഗ്യം കൂടിയാവുമ്പോള്‍ വിശ്വാസിയുടെ ജീവിതത്തിന് പുഷ്കലാവസ്ഥയുണ്ടാവുമെന്നുറപ്പാണ്. അതുകൊണ്ടാണ് നബി(സ്വ)യോട് അബുദ്ദര്‍ദാഅ്(റ) ആരോഗ്യമുണ്ടായി നന്ദി ചെയ്തു ജീവിക്കുന്നവനായിത്തീരാനുള്ള ഇഷ്ടമറിയിച്ചപ്പോള്‍ നബി(സ്വ) അതിനെ പിന്തുണച്ച് അഭിപ്രായമറിയിച്ചത്.

ആരോഗ്യം അമൂല്യമായ ഒരനുഗ്രഹം കൂടിയാണ്. അതിന് അല്ലാഹുവിനോട് നന്ദി ചെയ്യേണ്ടതുണ്ട്. കാരണം അമൂല്യമായ ആ അനുഗ്രഹത്തെ അവഗണിക്കാന്‍ നമുക്ക് പാടില്ല. ആരോഗ്യമെന്ന അനുഗ്രഹത്തെ നന്മകള്‍ക്കും നിര്‍മാണപരമായ കാര്യങ്ങള്‍ക്കും വിനിയോഗിക്കണം. അതിന് ക്ഷതവും നാശവും സംഭവിക്കാതെ പരിരക്ഷിക്കുകയും വേണം. വല്ല ന്യൂനതയും സംഭവിക്കുന്നുവെങ്കില്‍ ചികിത്സിക്കണം. ആരോഗ്യമുള്ളപ്പോള്‍ അതിന്റെ വിലയെക്കുറിച്ച് ബോധ്യമില്ലാതിരിക്കുന്നത് വലിയ അബദ്ധവും അപരാധവുമാണ്.

 മതപരവും ധാര്‍മികവുമായ ബാധ്യതകള്‍ പലതും ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കുന്ന കാലമാണ് ആരോഗ്യകാലം. അപ്പോള്‍ അപ്രധാനവും അനാവശ്യവുമായ കാര്യങ്ങളില്‍ സമയം നഷ്ടപ്പെടുത്തി ആരോഗ്യശോഷണം സംഭവിക്കുമ്പോള്‍ നഷ്ടബോധം വന്നതുകൊണ്ടായില്ല. ഇത് മനുഷ്യജീവിതത്തില്‍ സംഭവ്യമായ ഒരു അവസ്ഥയാണെന്നാണ് നബി(സ്വ) പഠിപ്പിക്കുന്നത്. ആരോഗ്യം അമൂല്യമാണ് എന്നതിനാല്‍ തന്നെ അതു വിചാരണ ചെയ്യപ്പെടുമെന്ന് നബി(സ്വ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതോടെ അതില്ലാതാവുന്ന അവസ്ഥക്കുമുമ്പ് ആരോഗ്യകാലത്തെ ഉപയോഗപ്പെടുത്തണമെന്നും പ്രവാചകര്‍ പഠിപ്പിച്ചു.

അഞ്ചുകാര്യങ്ങളെ അല്ലെങ്കിൽ അഞ്ച് അവസ്ഥകളെ അതിന് വിരുദ്ധമായവക്ക് മുമ്പ് ഉപയോഗപ്പെടുത്തണമെന്ന് നബി(സ്വ) പറഞ്ഞതിലൊന്ന് ആരോഗ്യമാണ്. രോഗാവസ്ഥക്കു മുമ്പ് ആരോഗ്യത്തെ നീ മുതലെടുക്കുക’ (ഹാകിം).

നബി(സ്വ)യുടെ പ്രാര്‍ത്ഥനയിലും അവിടുന്ന് നിര്‍ദേശിച്ച പ്രാര്‍ത്ഥനകളിലും സ്വിഹ്ഹത്തും ആഫിയത്തും കാണാം.

അല്ലാഹുവേ, ഇഹത്തിലും പരത്തിലും ആഫിയത്തിനെ നിന്നോടു ഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ, എന്റെ ദീനീകാര്യത്തിലും ദുന്‍യാവിന്റെ കാര്യത്തിലും കുടുംബത്തിന്റെയും സമ്പത്തിന്റെയും കാര്യത്തിലും ഞാന്‍ നിന്നോട് ആഫിയത്തിനെയും അഫ്വിനെയും ചോദിക്കുന്നു’ എന്നവിടുന്ന് ദുആ ചെയ്യാറുണ്ടായിരുന്നു.

അനസ്(റ) പറയുന്ന ഒരു ഹദീസുണ്ട്: ഏതു ദൂആആണ് നബിയേ ഏറ്റുവും ശ്രേഷ്ഠകരമായത് എന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ പ്രവാചകര്‍ പറഞ്ഞു. നീ നിന്റെ നാഥനോട് ഇഹത്തിലും പരത്തിലുമുള്ള വിടുതിയും ആരോഗ്യവും ചോദിക്കുക. രണ്ടാം ദിവസവും അദ്ദേഹം ആ ചോദ്യം തന്നെ ആവര്‍ത്തിച്ചു. നബി(സ്വ) അതേ മറുപടി നല്‍കുകയും ചെയ്തു. മൂന്നാം നാള്‍ ഇതേ മറുപടി പറഞ്ഞ ശേഷം പറഞ്ഞു: ഇഹത്തിലും പരത്തിലുമുള്ള അഫ്വും ആഫിയത്തും നിനക്ക് ലഭിച്ചാല്‍ നീ വിജയിച്ചു. മറ്റൊരിക്കല്‍ നബി(സ്വ) മുആഫാത് കൂടി ചോദിക്കാന്‍ ആവശ്യപ്പെട്ടു.

അഫ്വ്, ആഫിയത്ത്, മുആഫാത്ത് എന്നിവ സൗഖ്യത്തെയും സുരക്ഷയെയും സൂചിപ്പിക്കുന്ന പദങ്ങളാണ്. അഫ്വ് എന്നാല്‍ ജീവിതത്തില്‍ ചെയ്ത അനര്‍ത്ഥങ്ങളുടെ ദുരിതം പേറേണ്ടി വരാതെ രക്ഷപ്പെടുത്താനായി അത് മാപ്പാക്കലാണ്. ആഫിയത്ത് എത്തിനില്‍ക്കുന്ന സാഹചര്യത്തിലും പരിസ്ഥിതിയിലും ബാധിച്ചേക്കാവുന്ന രോഗപീഡകളും മറ്റും ഏല്‍ക്കുന്നതില്‍ നിന്ന് കാവല്‍ ലഭിക്കലാണ്. മുആഫാത്ത് എന്നാല്‍ അപരനുമായി ബന്ധപ്പെട്ട പരസ്പരം സുഖം കെടുത്തുന്ന സാഹചര്യം ഇല്ലാതാകലാണ്. യഥാര്‍ത്ഥത്തില്‍ സമ്പൂര്‍ണ സൗഖ്യവും സ്വസ്ഥതയും ആവശ്യപ്പെടലാണ് ആ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുന്നത്. ഇഹത്തിലും പരത്തിലും മതകാര്യത്തിലും ഭൗതിക കാര്യത്തിലും ആരോഗ്യം ഉണ്ടായിത്തീരുന്നതിനുള്ള പ്രാര്‍ത്ഥന നടത്താനാണ് നബി(സ്വ) പഠിപ്പിക്കുന്നത്.

മുത്ത്നബിയുടെ ഭക്ഷണ രീതികളും ക്രമീകരണങ്ങളും അവിടുന്ന് നിര്‍ദ്ദേശിച്ച പ്രകൃതി ദത്തമായ ഔഷധങ്ങളും ചികിത്സാ മുറകളും നടപ്പിലാക്കിയാല്‍ ആരോഗ്യത്തോടെ തന്നെ നമ്മുടെ ശരീരത്തെ നമുക്ക് നിലനിറുത്താന്‍ സാധിക്കും.ധാരാളം പ്രകൃതി ദത്തമായ ഔഷധങ്ങള്‍ അല്ലാഹുവിന്‍റെ ഹബീബ് പഠിപ്പിക്കുന്നുണ്ട്. കരിഞ്ചീരകം, തേന്‍, ഇഞ്ചി, മഞ്ഞള്‍, കൂണ്‍ തുടങ്ങി ആ പട്ടിക നീണ്ട് പോകുന്നു. ഈ മരുന്നുകളൊക്കെ നാം പരിശോധിക്കുമ്പോള്‍ രോഗത്തിന് ശമനം നല്‍കുന്നതിന് പുറമെ ആരോഗ്യം പരിപോഷിപ്പിക്കുക കൂടി ചെയ്യുന്നു എന്ന് കാണാൻ കഴിയും. ഉദാഹരണത്തിന് ഒരു സംഭവം പറയാം. ഒരാള്‍ നബി തങ്ങളോട് വന്ന് പറഞ്ഞു: നബിയേ.. എന്‍റെ സഹോദരന് വയറിളക്കമാണ്. അന്നേരത്ത് നബി തങ്ങള്‍: നീയവന് തേന്‍ കൊടുക്കുക എന്ന് പ്രതിവചിച്ചു. അങ്ങനെ അദ്ദേഹം തേന്‍ നല്‍കുകയും ശേഷം വീണ്ടും നബിയുടെ അടുത്ത് വന്ന് തേന്‍ കുടിപ്പിച്ചെങ്കിലും വയറിളക്കം വര്‍ദ്ധിക്കുകയേ ഉണ്ടായുള്ളൂവെന്ന് പരാതിപ്പെടുകയും ചെയ്തു. അങ്ങനെ മൂന്ന് തവണ പരാതിയുമായി വന്നപ്പോഴും നബി തങ്ങള്‍ തേന്‍ നല്‍കാന്‍ തന്നെയാണ് നിര്‍ദ്ദേശിച്ചത്. പിന്നീട് നാലാം തവണയും അദ്ദേഹം നബിയോട് പരാതിപ്പെട്ടു. അപ്പോഴും തേൻ നൽകാൻ തന്നെയാണ് നബി തങ്ങള്‍ കല്പിച്ചത്.നാലാമത്തെ പ്രാവശ്യം തേന്‍ കൊടുത്തപ്പോള്‍ രോഗം സുഖപ്പെട്ടു. ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത് ശരീരം അതിലുള്ള മാലിന്യത്തെ പുറത്തെത്തിക്കാനുള്ള പരിശ്രമമാണ് വയറിളക്കം. തേനിന് വയറിള ക്കത്തെ തടഞ്ഞ് നിർത്താന്‍ കഴിയില്ല. തേന്‍ യഥാര്‍ത്ഥത്തില്‍ വയറിളക്കത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മാലിന്യം വയറില്‍ ശേഷിക്കലാണല്ലോ ഏറ്റവും വലിയ ആരോഗ്യ പ്രശ് നം. മാലിന്യത്തെ ശേ ഷിപ്പിക്കുന്ന അനാരോഗ്യ സമീപനം റസൂലില്‍ നിന്നുണ്ടാവില്ല. പരമാവധി വയറിളക്കുകയും മാലിന്യം പുറത്തെത്തുകയും ചെയ്തപ്പോള്‍ വയറിളക്കം നിന്നു. ഇവിടെ ചിന്തിക്കേണ്ടത് വയറിളക്കത്തെ സഹായിക്കാന്‍ തേനിനെത്തന്നെ എന്തിന് തെരെഞ്ഞെടുത്തുവെന്നതാണ്. വയറിളക്കത്തെ സഹായിക്കുന്നതോടൊപ്പം തന്നെ തേന്‍ ആരോഗ്യത്തെ പരിപോഷിപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്യും. അതൊരു ആരോഗ്യ സംവര്‍ദ്ധക വസ്തുവാണ്. അത് തന്നെയാണ് ഏറ്റവും വലിയ ഔഷധവും.

ആരോഗ്യം വലിയൊരു അനുഗ്രഹമാണെന്ന് മനസ്സിലാക്കുകയും അതിനനുസരിച്ച ജീവിത ക്രമങ്ങൾ നാം പാലിക്കുകയും വേണമെന്ന് മാത്രം ഉണർത്തി ഞാൻ അവസാനിപ്പിക്കുന്നു.



Post a Comment

Previous Post Next Post

Hot Posts