തിരു ശേഷിപ്പ് കൊണ്ട് ബർക്കത്ത് എടുക്കൽ

ആദരണീയരായ ഉസ്താദുമാരെ, പ്രിയപ്പെട്ട നാട്ടുകാരെ, സ്നേഹനിധികളായ സുഹൃത്തുക്കളെ..,

ഈ സുദിനത്തിൽ നബി തങ്ങളുടെ തിരു ശേഷിപ്പ് കൊണ്ട് ബർക്കത്ത് എടുക്കുന്നതിന്റെ പുണ്യത്തെ സംബന്ധിച്ചു സംസാരിക്കാനാണ് ഞാനുദ്ദേശിക്കുന്നത്. നബി (സ്വ) ഒരു അസാധാരണ മനുഷ്യനായിരുന്നു. ലോകത്ത് തുല്യതയില്ലാത്ത ഒരു നേതാവാണ് നബി തങ്ങൾ. അവിടത്തെ ശരീരത്തിനും ഏറെ മഹത്വമുണ്ട്. ഇതു മനസ്സിലാക്കിയവരായിരുന്നു വലിയ ബുദ്ധിമാൻമാരായ സ്വഹാബാക്കൾ.

ഹജ്ജത്തുൽ വദാഇന്റെ ദിവസം നബി (സ്വ) മുടി മുറിച്ചു. ആ മുടി അ ബൂത്വൽഹ(റ)വിനെ ഏൽപ്പിച്ചു. എന്നിട്ട് അത് ജനങ്ങളിലേക്ക് വീതിച്ചു നൽകാൻ പറഞ്ഞു. അബൂ ത്വൽഹ(റ) സ്വഹാബാക്കൾക്കിടയിൽ അത് വീതിച്ചുനൽകി. അതു ലഭിച്ച സ്വഹാബാക്കൾ സൂക്ഷിച്ചുവെക്കുകയും ബർകത് എടുക്കുകയും ചെയ്തു. നബി (സ്വ)യുടെ വിയർപ്പിലും മുടിയിലും മറ്റ് അവശിഷ്ടങ്ങളിലും ബർക്കത്ത് ഉണ്ട്. നബി (സ്വ)യുടെ വിയർപ്പിന് കസ്തൂരിയെക്കാൾ സുഗന്ധം ഉണ്ടായിരുന്നു. ഉമ്മു സുലൈം (റ) നബി (സ്വ) യുടെ വിയർപ്പ് എടുത്തു കുപ്പിയിലാക്കി. അപ്പോൾ നബി (സ്വ) ചോദിച്ചു: എന്താണ് ഉമ്മുസുലൈം ഈ കാണിക്കുന്നത്? അവർ പറഞ്ഞു ബർക്കത്തിനും സുഖത്തിനും വേണ്ടിയാണ് ഇത് എടുത്തത് നബിയേ... നബി (സ്വ) പ്രതികരിച്ചു: നീ പറഞ്ഞത് വാസ്തവമാണ്.

മറ്റൊരു സംഭവം നോക്കൂ, അസ്മാ ബീവി (റ) നബി (സ്വ)യുടെ ജുബ്ബ സൂക്ഷിച്ചി രുന്നു. കുട്ടികൾക്ക് രോഗം വരുമ്പോൾ ഇത് വെള്ളത്തിൽ മുക്കി ബർക്കത്തിന് വേണ്ടി കുട്ടികൾക്ക് അതിന്റെ വെള്ളം കൊടുക്കുമായിരുന്നു. നബി(സ്വ) സാധാരണ മനുഷ്യനല്ല എന്നതിന് ഇതുപോലുള്ള പല തെളിവുകളും ഉണ്ട്. പല അചേതന വസ്തുക്കളും ജീവജാലങ്ങളും നബി(സ്വ)യോട് സംസാരിച്ചിട്ടുണ്ട്. വൃക്ഷങ്ങളും കല്ലുകളും നബി (സ്വ)യോട് സലാം പറഞ്ഞിട്ടുണ്ട്, പരാതി പറഞ്ഞിട്ടുണ്ട്. നബി (സ്വ)യു ടെ മുറിക്കപ്പെട്ട നഖങ്ങൾ മുആവിയ (റ) സൂക്ഷിച്ചുവെച്ചു. ഞാൻ മരിക്കുമ്പോൾ എന്റെ കഫം പുടവയിൽ അവ വെക്കണമെന്ന് വസ്വിയത് ചെയ്യുകയും ചെയ്തു.

നബി (സ്വ) യുടെ ശേഷിപ്പുകൾ കൊണ്ട് ബർകത് എടുക്കൽ തൗഹീദിന്റെ ഭാഗമാണ്. അല്ലാഹുവിലും റസൂലിലുമുള്ള വിശ്വാസത്തിന്റെ ഭാഗമാണ്. അവയെ ബഹുമാനി ക്കുകയും ബർക്കത്ത് എടുക്കുകയും ചെയ്യൽ പുണ്യമുള്ള കാര്യങ്ങളാണ്. ഈ വേദിയിൽ അഹ്ലുസ്സുുന്നയുടെ വിശ്വാസത്തിന്റെ ഭാഗമായ ബർക്കത്തെടുക്കൽ പുണ്യമാണെന്ന സന്ദേശം നൽകി ഈ ചെറിയ പ്രഭാഷണം ഞാൻ നിർത്തട്ടെ,

 

അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹു..


Post a Comment

Previous Post Next Post

Hot Posts