പ്രിയപ്പെട്ടവരെ, അല്ലാഹുവിന്റെ വിധികളില്‍ അവന്‍ വെല്ലുവിളിക്കാനുപയോഗിച്ചിട്ടുള്ള ഒരേ ഒരു നിയമം മരണം മാത്രമാണ്. "നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടും. നിങ്ങള്‍ ഭദ്രമായി കെട്ടിപ്പൊക്കിയ കോട്ടകള്‍ക്കകത്തായാലും മരണം നിങ്ങളുടെ അടുത്തെത്തുമെന്ന്" ഖുർആനിൽ അല്ലാഹു പറയുന്നത് കാണാം.
മരണം രുചിക്കാത്ത
ആത്മാവില്ല. അല്ലാഹു തന്റെ അടിമകളുടെ കാര്യത്തില്‍ എടുത്തിട്ടുള്ള തീരുമാനമാണത്.
ആധുനിക ശാസ്ത്രത്തോടും, പ്രകൃതിയെ
നിയന്ത്രിക്കുന്നത് തങ്ങളാണെന്ന് വാദിക്കുന്നവരോടും പറയാനുള്ളത്, നിങ്ങള്‍ക്കുള്ള മുഴുവന്‍ സംവിധാനങ്ങളും സാങ്കേതികവിദ്യയും
ഉപയോഗിച്ച് മരണത്തിന്റെ പിടിയില്‍ നിന്നും നിങ്ങള്‍ രക്ഷപ്പെടുവിന്‍, എന്നാല്‍ നിങ്ങള്‍ തന്നെയാണ് ഏറ്റവും ശക്തര്‍. ദൈവികമായ ഈ
വെല്ലുവിളി ഖുര്‍ആന്‍ ഒട്ടേറെ സ്ഥലങ്ങളില്‍ ആവര്‍ത്തിക്കുന്നുണ്ട്.
ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളുടെ കപ്പലിനെ ഈ ലോകത്ത് നിയന്ത്രിച്ച്
കൊണ്ടിരിക്കുന്ന മനുഷ്യന്‍ ഈ വെല്ലുവിളിക്ക് മുന്നില്‍ പരാജയപ്പെടുന്നതാണ് നാം
കാണുന്നത്. വളരെ നിസ്സാരമായ ഒരു ഈച്ച ചാവുന്നത് പോലെ തന്നെയാണ് അവനും ഈ ലോകത്തോട്
വിടപറയുന്നത്. ഇഹലോകവാസികള്‍ക്ക് മേല്‍ അല്ലാഹു നിശ്ചയിച്ചിട്ടുള്ള യാഥാര്‍ത്ഥ്യമാണത്.
അത് ലോകാവസാനം വരെ അങ്ങനെ തന്നെ തുടരുകയും ചെയ്യും.
ഭൗതിക ജീവിതത്തെ ഒരു സഞ്ചാരിയോടുപമിച്ചതായി
കാണാം. യാത്രാക്ഷീണം തീര്‍ക്കാന്‍ സഞ്ചാരികള്‍ക്കുവേണ്ടി ഒരുക്കിയ സത്രമാണു ഭൂമി.
മനുഷ്യന്റെ ആത്യന്തിക ലക്ഷ്യം പാരത്രികമാണ്. അങ്ങോട്ടുള്ള യാത്രയില്‍ ഒരു
ഇടത്താവളം. ഒന്നു ക്ഷീണം തീര്‍ക്കാന്‍, ഒരു രാത്രി അന്തിയുറങ്ങാന്‍. ക്ഷീണം മാറിയാല്‍, പ്രഭാതമായാല്‍ യാത്ര തുടരണം. വഴിയമ്പലങ്ങളില്‍ വന്നു
തങ്ങുന്നവരെല്ലാം സ്ഥിരതാമസക്കാരായാലുള്ള അവസ്ഥ ആലോചിച്ചു നോക്ക് നിങ്ങൾ.
നഗരത്തിലെ താല്‍ക്കാലിക പാര്‍പ്പിടങ്ങളോ ലോഡ്ജു മുറികളോ വാടകത്താമസക്കാര്‍
സ്ഥിരവാസത്തിനെടുത്താല്‍ എങ്ങനെയിരിക്കും? ഇന്നു മുറിയെടുത്തവര്‍ നാളെ ഒഴിഞ്ഞുകൊടുക്കുന്നു. പുതിയ
പാര്‍പ്പുകാര്‍ വരുന്നു, പോകുന്നു.
ഇതാണ് ജീവിതവും മരണവും. ശാശ്വത ഭവനം പാരത്രികം മാത്രം. വിരുന്നു വരുന്നവര്‍ ഒരു
കാരണവശാലും വീട്ടുടമയാവുകയില്ല. ഭൂമിയിലേക്കു വിരുന്നു വന്നതാണു മനുഷ്യന്‍. അതിഥിയുടെ
അവസരം നശ്വരമാണ്. ഭൂമിയില്‍ നീ സഞ്ചാരിയോ വിരുന്നുകാരനോ മാത്രമാണ്. നിന്റെ
ശരീരത്തെ പരേതാത്മാക്കളുടെ കൂട്ടത്തില്‍ എണ്ണിക്കോ എന്നാണ് ഹദീസുകളിൽ
ഓർമ്മപ്പെടുത്തുന്നത്.
മരണം അനിവാര്യമാകുന്നതെന്തു
കൊണ്ടാണെന്നതിന് ലളിതമായ മറുപടിയുണ്ട്. അതു ജീവിച്ചിരിക്കുന്നവരുടെയും ഇനിയും
ജനിക്കാനിരിക്കുന്നവരുടെയും അവകാശമാണ്. വിഭവസമൃദ്ധമായ ഈ ഭൂമി ആരും കുത്തകയാക്കി
വെച്ചുകൂടാ. ഭൂവിഭവങ്ങള്‍ പൊതുസ്വത്താണ്. അനന്തകാലം ഒരാള്‍ തന്നെ അതനുഭവിക്കുന്നത്
അനീതിയും ചൂഷണവുമാകും. മരണമില്ലെങ്കില്‍ ദുരാഗ്രഹം മനുഷ്യനെ അന്ധനാക്കും.
ദുരയ്ക്കും ദുഷ്ടിനും അന്ത്യമില്ലാതാകും. ഞാന്‍ അമരനാണെന്ന ചിന്ത ഉണ്ടാക്കാവുന്ന
ആപത്തുകളെ കുറിച്ചു ചിന്തിച്ചു നോക്കുക. ഇഹലോകം പാരത്രിക ലോകത്തേക്കുള്ള
കൃഷിയിടമാണെന്നു നബി(സ്വ) അരുളുന്നു. കൃഷിഭൂമിയില്‍ ആരും അന്തിയുറങ്ങുന്നില്ല.
കൃഷി ചെയ്തുണ്ടാക്കുന്ന വിഭവങ്ങള്‍ അനുഭവിക്കാന്‍ മനുഷ്യന്‍
വാസസ്ഥലങ്ങളിലെത്തുന്നു. ഇഹലോകം കൃഷിയിടവും ആരാധനകള്‍ കാര്‍ഷികോല്‍പന്നങ്ങളും
പാരത്രികം ഈ ഉല്‍പന്നങ്ങള്‍ അനുഭവിക്കാനുള്ള ശാശ്വത ഭവനവുമാണ്. കൃഷിയിടത്തില്‍
ക്ളേശങ്ങള്‍ മാത്രമേ കാണൂ. അവിടെ ആകെയുള്ള സന്തോഷം ഉല്‍പന്നങ്ങള്‍ പിന്നീട്
അനുഭവിക്കാമല്ലോ എന്ന ആശ്വാസചിന്തയാണ്. പകലന്തിയോളം പണിയെടുത്താല്‍ വീട്ടില്‍
സുഭിക്ഷമായി കഴിയാം. ജീവിതവും മരണവും ഇത്തരത്തിലാണു ജ്ഞാനികള്‍ താരതമ്യം
ചെയ്യുന്നത്. നിങ്ങള്‍ ധരിച്ചിരിക്കുന്ന ചെരുപ്പിന്റെ വാറിനേക്കാള്‍ മരണം
നിങ്ങളോടടുത്തിരിക്കുന്നു എന്നു ഖലീഫാ അബൂബക്കര്‍ സ്വിദ്ദീഖ്(റ) ഒരിക്കൽ
പറയുകയുണ്ടായി.
ലോകത്ത്
കോടിക്കണക്കിനാളുകള്‍ മരിച്ചു കഴിഞ്ഞു. ഇവരൊന്നും മരിച്ചില്ലെങ്കില്‍ ഈ ഭൂമുഖത്ത്
സൂചി കുത്താനിടമില്ലാത്ത വിധം മനുഷ്യര്‍ കുമിഞ്ഞുകൂടുമായിരുന്നില്ലേ? മനുഷ്യരെ മേല്‍ക്കുമേല്‍ അട്ടിയായി വെച്ചാല്‍ പോലും
ഭൂമിയില്‍ സ്ഥലം മതിയാകാത്ത അവസ്ഥ വരും.
മരണമില്ലാത്ത
കാലത്തെക്കുറിച്ച് ‘കാലനില്ലാത്ത കാലം’ എന്ന പേരില്‍ കുഞ്ചന്‍ നമ്പ്യാരുടെ ഒരു
ഹാസ്യ കവിതയുണ്ട്. നമ്പ്യാര്‍ തമാശയായി പാടിയതാണെങ്കിലും സംഗതി ഗൌരവമുള്ളതാണ്.
ഒരായിരം വര്‍ഷത്തിനിപ്പുറും ഒരു ചെറിയ ഗ്രാമത്തില്‍ ഒരാളും മരിച്ചില്ല എന്നു സങ്കല്‍പിക്കുക.
എന്താവും സ്ഥിതി? ഇന്നുള്ള
ചെറിയ വീടുകള്‍ പതിനഞ്ചിരട്ടിയെങ്കിലും വലുപ്പം വേണ്ടിവരും. അതായത് പതിനഞ്ച്
തലമുറയിലെ അംഗങ്ങളെങ്കിലും ജീവിക്കുന്നുണ്ടാവും. ഇപ്പോള്‍ പത്തുപേരുള്ള
കുടുംബത്തില്‍ ശരാശരി നൂറ്റമ്പതു പേര്‍! ഓരോ വീട്ടിലും വൃദ്ധന്മാരുടെയും പടുവൃദ്ധന്മാരുടെയും
വലിയ പട തന്നെയുണ്ടാകും. എല്ലാവരുടെയും ശരീരപ്രകൃതി ഒന്നുപോലെയായിരിക്കില്ലല്ലോ.
ദുര്‍ബലരും രോഗികളുമുണ്ടാകും. ഇവരെ പരിചരിക്കാന്‍ കഴിയാതെ വരും. മരുന്നു വാങ്ങാന്‍
ഔണ്‍സ് കുപ്പിക്കു പകരം വീപ്പകള്‍ തന്നെ വേണ്ടി വരും. ഭക്ഷണക്കാര്യം നോക്കുക. ഓരോ
വീട്ടിലും വെച്ചുവിളമ്പാന്‍ ചാക്കുകണക്കിന് അരി വേണ്ടിവരും. ചെറിയ അടുപ്പുകളും
വെപ്പുപാത്രങ്ങളും മാറി കൂറ്റന്‍ അടുപ്പുകളും പാത്രങ്ങളും ആവശ്യമാകും. ഇത്രയും
ഭീമമായ തോതില്‍ ഭക്ഷണം ഉല്‍പാദിപ്പിക്കാന്‍ ഈ ഭൂമിക്ക് കഴിയുമോ? നമ്മൾ ചിന്തിക്കേണ്ടതുണ്ട്.
അതിരിക്കട്ടെ, ഭൂമിക്ക് ഇത്രയേറെ മനുഷ്യരെ ഉള്‍ക്കൊള്ളാന്‍ കഴിയുമോ? ഒരു വരള്‍ച്ച വന്നെന്നിരിക്കട്ടെ. ഓരോ തുള്ളി ജലം തൊണ്ടയില്‍
ഉറ്റിച്ചുകൊടുക്കാന്‍ തികയുമോ? ഇന്നു
കാണുന്ന സ്നേഹബന്ധങ്ങളും സൌഹൃദങ്ങളും കടമകളെക്കുറിച്ചുള്ള ബോധവും നിലനില്‍ക്കുമോ? ഭക്ഷണത്തിനും വെള്ളത്തിനും വസ്ത്രത്തിനും വേണ്ടി പരസ്പരം
മത്സരിച്ചു തമ്മിലടിച്ചു എല്ലാ ബ ന്ധങ്ങളും തകരില്ലേ? എന്തു നരകമായിരിക്കും ആ ജീവിതം? മരണമില്ലാത്ത അവസ്ഥയെക്കുറിച്ചു ആലോചിക്കുമ്പോള്‍
ബോധ്യമാകും മരണം അനിവാര്യമാണെന്ന്. മരണം മനുഷ്യരാശിയുടെ സുഗമമായ നിലനില്‍പിന്
അത്യന്താപേക്ഷിതമാണെന്ന്.
നബി(സ്വ)യുടെ സമീപത്തുകൂടെ
ഒരു ജനാസ കൊണ്ടുപോയപ്പോള്‍ അവിടുന്നു പറഞ്ഞു: ‘ആശ്വാസം നേടിയവന്‍ അല്ലെങ്കില്‍
അവനെതൊട്ട് ആശ്വാസം നേടപ്പെട്ടവന്‍.’ സ്വഹാബികള്‍ തങ്ങൾ പറഞ്ഞതിൻറെ വിശദീകരണം
ചോദിച്ചു. മരിച്ച വ്യക്തി സത്യവിശ്വാസിയും സല്‍കര്‍മ്മിയുമാണെങ്കില്‍ അവന്‍
ലോകത്തെ പ്രയാസങ്ങളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും ആശ്വാസം നേടി അല്ലാഹുവിന്റെ
അനുഗ്രഹത്തിലേക്കു പോകുന്നു. ദുര്‍മാര്‍ഗിയാണെങ്കില്‍ മരണത്തോടെ അവന്‍
കാരണമായുണ്ടാകുന്ന നാശത്തില്‍ നിന്നു മനുഷ്യരും ജീവജാലങ്ങളും ലോകവും ആശ്വാസം
നേടുന്നു എന്നു നബി(സ്വ) വിശദീകരിച്ചു. മരിക്കുന്നത് ആരായാലും അത് അനുഗ്രഹമാണെന്ന്
അബൂഖതാദ(റ) യില്‍ നിന്ന് ബുഖാരിയും മുസ്ലിമും സംയുക്തമായി നിവേദനം ചെയ്ത ഈ ഹദീസില്‍
നിന്നു വ്യക്തമാകുന്നു.
മരണത്തെ ആഗ്രഹിക്കാന്‍ പാടില്ലാത്തതുപോലെ
രോഗം വന്നാല്‍ ചികിത്സിക്കാതെ ശരീരത്തെ പീഢിപ്പിക്കുന്നതും തെറ്റാണ്. എല്ലാ
രോഗത്തിനും മരുന്നുണ്ടെന്നാണു നബിവചനം. പക്ഷേ, ചില രോഗത്തിനുള്ള മരുന്നുകള്‍ കണ്ടുപിടിച്ചിട്ടില്ല
എന്നുവരാം. എല്ലാ മരുന്നുകളും നൂറുശതമാനം ഫലപ്രദമാകണമെന്നുമില്ല.
Post a Comment