ബഹുമാന്യരായ ഉസ്താദുമാർ, ശബ്ദം ശ്രവിക്കുന്ന കൂട്ടുകാരെ..,
റമളാനിൻ്റെ പവിത്രതകളെ കുറിച്ചും നോമ്പിൻ്റെ പ്രാധാന്യത്തെ
കുറിച്ചും അല്പം കാര്യങ്ങള് നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ച് ഞാൻ
അവസാനിപ്പിക്കാം...
അല്ലാഹു തുണക്കട്ടെ, ആമീൻ.
പ്രിയപ്പെട്ടവരെ..,അടിയാറുകളാകുന്ന നമുക്കെല്ലാം ഒരുടമയുണ്ട്. നമ്മുടെ ശരീരവും
ആത്മാവും ചിന്തകളും സർവ്വാധികാരങ്ങളെല്ലാമും അവൻ സൃഷ്ടിച്ചതാണ്. സ്വന്തമായി
അവകാശപ്പെടാൻ നമുക്ക് യാതൊന്നുമില്ല. ഈ ബോധ്യമുൾക്കൊണ്ട് ജീവിതം സമ്പൂർണ്ണമായി
അവനു സമർപ്പിക്കലാണ് ഒരു വിശ്വാസിയായ മുസ്‌ലിമിന് ചെയ്യാനുള്ളത്. നമ്മെ ഇക്കാണുന്ന
പ്രപഞ്ചത്തിലേക്ക് തെര്യപ്പെടുത്തിയതു തന്നെ ഇതിനു വേണ്ടിയാണ്. ഇക്കാര്യം ഖുർആനിലെ
സൂറത്തുദ്ദാരിയാത്ത്, സൂറത്തുൽ
ബയ്യിന: തുടങ്ങിയ പല അധ്യായങ്ങളിലും സൂചിപ്പിക്കുന്നുണ്ട്.
കാര്യം അങ്ങനെയാണെങ്കിലും, ഇതൊരു പരീക്ഷണം കൂടിയാണ്. ഭൂമിയിൽ ഈ വസ്തുതക്കെതിരിൽ
പടപ്പുകളെ വികലപ്പെടുത്താനും, ദുർനടപ്പിലാക്കാനും
ശൈത്വാൻ എന്ന വർഗ്ഗത്തെ കൂടി അവൻ സംവിധാനിച്ചിട്ടുണ്ട്. ഓരോ മനുഷ്യൻ്റെയും സകല
സ്വഭാവങ്ങളിലും കടന്നുകൂടാനുളള ത്രാണിയും സ്വാതന്ത്ര്യവും അവർക്കല്ലാഹു
നൽകിയിട്ടുണ്ട്. ഇത് മുഖവിലക്കെടുത്ത്, പിശാചിൻ്റെ മായാവലയങ്ങളിൽ ഭ്രമപ്പെടാതെ ചിട്ടയായ ജീവിതം
കെട്ടിപ്പടുക്കൽ ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളവും വളരെ ശ്രമകരമായ ദൗത്യമാണ്.
ശത്രുവിനെ കീഴ്പ്പെടുത്താനും ഉപരോധിക്കാനുമുള്ള മാർഗ്ഗങ്ങൾ നമ്മൾ
സൃഷ്ടിക്കേണ്ടതുണ്ട്. അത് പൂർണമായി സാധ്യമാകുമ്പോഴാണ് ഉൾ തഖ്‌വയുടെ ഹഖീഖത്തിലേക്ക്
നമുക്ക് എത്തിച്ചേരാനാവുക. അപ്പോഴേ നമ്മൾ യഥാർത്ഥ മുത്തഖീങ്ങൾ ആവുകയുള്ളൂ.
പിശാചിന് നമ്മെ
അധീനപ്പെടുത്താനുള്ള മാർഗ്ഗങ്ങളും ഹേതുക്കളുമെല്ലാം നമുക്കിടയിൽ തന്നെ പരീക്ഷണാർഥം
അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. അവയിൽ നിന്ന് രക്ഷപ്പെടാനുള്ള വഴികൾ ബുദ്ധിയും
വിവേകവും ഉപയോഗിച്ച് കണ്ടുപിടിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. ഒന്നുകൂടി
വിശദമായിപ്പറഞ്ഞാൽ, ദേഹം ഇച്ഛിക്കുന്ന ആഗ്രഹങ്ങളോട് സമരപ്പെട്ട് അവയോട്
രാജിയാകാതെ, ഹൃദയത്തിൽ നിന്ന്
അതിൻ്റെ വേരുകൾ പിഴുതുമാറ്റി അതിനെ സ്ഫുടം ചെയ്ത്, പിന്നീട് ഹബീബ് മുത്ത്നബി (സ്വ) തങ്ങളുടെ സ്വഭാവ
സവിശേഷതകളാർജ്ജിച്ച് മനസ്സിൽ ഈമാനും തഖ്‌വയും ഹിദായത്തും നിറച്ച് ഖൽബ്
ലങ്കുന്നവരായി നാം മാറേണ്ടതുണ്ട്. അത്രമേൽ ശരീരത്തെ മെരുക്കിയെടുക്കാൻ സാധിച്ചാൽ
അതിനകത്ത് കുടിപ്പാർക്കുന്ന ആത്മാവിന് വലിയ ഉന്നതികൾ കൈവരിക്കാൻ കഴിയും. ഇതാണ്
നമ്മുടെ ജീവിതപാത. വിശ്വസിക്കേണ്ടവ വിശ്വസിച്ചും, അനുഷ്ഠിക്കേണ്ടവ അനുഷ്ഠിച്ചും ഉടമയായ റബ്ബ് എന്നെ
നിരീക്ഷിക്കുന്നുണ്ടെന്ന മാനസികമായ പേടി ഉൾക്കൊണ്ട് ജീവിക്കാനാണ് ഇസ്‌ലാം
ശാസിക്കുന്നത്.
അനുഷ്ഠാന കർമ്മങ്ങൾ
പരിശോധിച്ച് നോക്കിയാൽ ഇപ്പറഞ്ഞ വസ്തുത കാണാനാവും. കലിമശഹാദ ചൊല്ലി നമ്മൾ
മുസ്ലിമാവണം. ദൈനംദിനം നിശ്ചിത സമയങ്ങളിൽ പൂർണ്ണമായ ശുദ്ധിയോടെ റബ്ബിന് മുന്നിൽ
നിസ്ക്കരിക്കണം. നിർബന്ധമായ ഫർളുകൾക്കൊപ്പം സുന്നത്തുകൾ കൂടി വളരെ കൃത്യമായി
പരിശീലിക്കണം. അത് മർമ്മമാണ്. ഇവയിലെ പ്രധാനപ്പെട്ട കർമ്മമാണ് റമളാനുശ്ശരീഫിലെ
നോമ്പ് അനുഷ്ഠിക്കൽ. നോമ്പ് അല്ലാഹുവിന് മാത്രമുള്ള ആരാധനയാണെന്ന് പ്രമാണങ്ങളിൽ
കാണാനാവും. കാരണം, ഒരു
വ്യക്തി വ്രതമെടുത്തത്തും എടുക്കാത്തത്തും അയാൾക്കും അവൻ്റെ റബ്ബിനും മാത്രമേ
അറിയാനാവൂ. വേറൊരാൾക്കും അതിനാവില്ല. അങ്ങനെയൊരു കർമ്മം വേറെയൊന്നില്ല.
നോമ്പിൽ എല്ലാ ഘടകങ്ങളും
അടങ്ങിയിട്ടുണ്ട്. ഒന്നാമതായി ഹൃദയശുദ്ധീകരണമാണ് അതിൻ്റെ കാതലായ തന്തു. ഹൃദയത്തിന്
അഞ്ച് മരുന്നുകൾ ഉണ്ടെന്ന് മഹാന്മാർ പറഞ്ഞിട്ടുണ്ട്.
"വദവാഉ ഖൽബിൻ ഖംസത്തുൻ ഫതിലാവതുൻ
ബിതദബ്ബുരിൽ മഅ്നാ വലിൽ ബത്വനിൽ ഖലാ
വഖിയാമു ലയ്ലിൻ വത്തളറുഇ ബിസ്സഹർ
വമുജാലസാത്തു സ്സ്വാലിഹീനൽ ഫുള്ളലാ..."
വയറ് ശൂന്യമാക്കുക, രാത്രിയിൽ ഉറക്കമൊഴിച്ച് സുന്നത്ത് നിസ്ക്കരിക്കുക, അത്താഴ സമയത്ത് പ്രത്യക്ഷപ്പെട്ട് റബ്ബിന് താഴ്മ ചെയ്യുക, അർത്ഥം ചിന്തിച്ച് ഖുർആൻ പാരായണം ചെയ്യുക, അതുപോലെ, ബന്ധപ്പെടുന്ന
സഹചരും സഹപാഠികളും ഇത്തരം സുകൃതങ്ങൾ പാലിച്ച് ജീവിക്കുന്നവരാവുക എന്നിവയാണ് അവ.
തഖ്‌വ സാധ്യമാക്കാൻ ഇവയഞ്ചും അനിവാര്യ ഘടകങ്ങളാണ്. അവയിലെ വയറ് കാലിയാവുക എന്നതാണ്
നോമ്പിൻ്റെ മർമ്മപ്രധാനമായ ഭാഗം. പകൽ സമയത്ത് ഉണർന്നിരിക്കുന്ന നേരത്ത് വിശപ്പിനെ
അറിയുകയും ആസ്വദിക്കുകയും ചെയ്യുക, അതിൻ്റെ ഗൗരവം മനസ്സിലാക്കുക എന്നതാണതു കൊണ്ടുള്ള
ഉദ്ദേശ്യം. അതിലൂടെ, പട്ടിണി
കിടക്കുന്നവൻ്റെ വിഷമമെന്താണെന്ന് തിരിച്ചറിയാൻ സാധിക്കുന്നു. വിശപ്പനുഭവിക്കുമ്പോൾ
മനസ്സിൻ്റെ അവസ്ഥകൾ താഴ്മയിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയും വിനയാന്വിതമായ
സ്വഭാവവിശേഷണത്തിലേക്ക് ഹൃദയം തുറക്കപ്പെടുകയും ചെയ്യുന്നു.
വിശപ്പറിഞ്ഞതുമൂലം മാത്രം
ഹൃദയ ശുദ്ധീകരണം സാധ്യമാവില്ല. റമളാനിൽ മാത്രം പ്രത്യേകമായ തറാവീഹ് സുന്നത്ത് നിസ്കാരം
കൊണ്ട് രാത്രിയെ ധന്യമാക്കണം. പ്രത്യുത, അത്തായത്തിനുണർന്ന് ഉറക്കും ക്ഷീണവും മാറാനുതകുന്ന തരത്തിൽ
എന്തെങ്കിലും ചെറുത് കഴിക്കണം. അത്താഴം സുന്നത്തായ സൽക്കർമ്മമാണ്. അത്തായത്തിന്
ശേഷം ബാക്കി സമയം തഹജ്ജുദ് നിസ്ക്കരിച്ചും റബ്ബിങ്കലേക്ക് പൊട്ടിക്കരഞ്ഞ് ഇരന്നും
താഴ്മ ചെയ്യണം. ഖുർആൻ അവതീർണമായ മാസം കൂടിയാണ് റമളാൻ. അത് നല്ലത് പോലെ പാരായണം
ചെയ്യണം. അർത്ഥം ചിന്തിച്ച് തന്നെ ഓതണം.
മാന്യരായവരോട് മാത്രം
ബന്ധപ്പെടുക. അതിനാണ് റമളാനിൽ പ്രത്യേകമായി തറാവീഹും വിത്റ് ജമാഅത്ത് ആയും
സുന്നത്ത് ആക്കിയത്. മുൻഗാമികൾ പഠിപ്പിച്ചതുപോലെ ദിക്റിൻ്റെയും സ്വലാത്തിൻ്റെയും
സദസ്സുകളിൽ സംഘടിക്കുകയും സംഘടിപ്പിക്കുകയും ചെയ്ത് നല്ല കൂട്ടുകാരെ
സൃഷ്ടിക്കുകയും അതുമുഖേന ഹൃദയ വിമലീകരണം സാധ്യമാക്കുകയും ചെയ്യണം.
ഇത്രയും സൽകർമ്മങ്ങൾക്ക്
തുച്ഛമായ പ്രതിഫലമല്ല അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. റമളാനിൽ പറുദീസയുടെ കവാടങ്ങൾ
മുഴുവനും തുറക്കപ്പെടും. നരകം കൊട്ടിയടക്കപ്പെടും. പിശാചിനെ തുറങ്കിലടക്കപ്പെടും.
ഒരു നിർബന്ധവൃത്തിക്ക് 70 ഫർളിൻ്റെ
പ്രതിഫലവർദ്ധനവ് ഉണ്ടാകുന്നു. ഒരു സുന്നത്തിന്, നിർബന്ധ കർമ്മത്തിൻ്റെ വേതനം നൽകപ്പെടും. ഇങ്ങനെ തുടങ്ങി
മറ്റു പതിനൊന്ന് മാസങ്ങൾക്കുമില്ലാത്ത നിരവധി ബഹുമാനങ്ങളും സവിശേഷതകളും
ഉൾപ്പെടുത്തി തൻ്റെ നിസ്വാർഥരായ അടിയാറുകൾക്കു വേണ്ടി അല്ലാഹു പ്രത്യേകം
കാഴ്ചവെക്കുന്ന മാസമാണ് റമളാൻ. റമളാൻ കൊണ്ടുള്ള നമ്മുടെ ലക്ഷ്യം ഇതൊക്കെ
നേടിയെടുക്കാലാവണം.
റമളാനിനെ തന്നെ അല്ലാഹു
ഇത്തരം സുകൃതങ്ങൾക്ക് തിരഞ്ഞെടുത്തതിന് ചില കാരണങ്ങളുണ്ട്. നമ്മുടെ
കർമ്മകാണ്ഡങ്ങളുടെയെല്ലാം അടിസ്ഥാനം ഖുർആൻ ആണ്. പിശാചിനെ അടിയറവ് പറയിപ്പിച്ച്, ഹൃദയം സ്ഫുടം ചെയ്ത്, മുത്ത് നബിയുടെ ചര്യകൾ കൊണ്ട് ജീവിതം ക്രമബദ്ധമാക്കി
സാരസമ്പൂർണമായ ആത്മാവായി രൂപാന്തരപ്പെടുത്തുന്നതിന് വഴി തെളിച്ചു നൽകുന്നത് ഖുർആനിക
ദർശനങ്ങളാണ്. ഉടമക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച അടിമ, മുന്നോട്ടുള്ള പഥങ്ങളിൽ നിർമാർജ്ജനം ചെയ്യേണ്ടതും
ചിട്ടപ്പെടുത്തേണ്ടതുമായ വിഷയങ്ങളെയാണ് വിശുദ്ധ ഗ്രന്ഥത്തിൽ പരാമർശിക്കുന്നത്.
അതിലുള്ളത് മുഴുവൻ ഉടമയുടെ കലാമുകളാണ്. അത് അനാദിയുമാണ്. എന്ന ബഹുമാനവും ആദരവും
അനുസരിച്ച് തദ്വിഷയങ്ങളിൽ നമ്മുടെ ഹൃദയം മുക്തമാവാനാണ് റമളാനിൽ മേൽ
നിർദ്ദേശിക്കപ്പെട്ടവ കൊണ്ട് ആരാധന ചെയ്യാൻ നമ്മോട് കൽപ്പിക്കപ്പെട്ടത്. നോമ്പിനെ
നിങ്ങൾക്ക് തെര്യപ്പെടുത്തിയത് തഖ്‌വ കൊണ്ട് ഹൃദയം ധന്യമാകാൻ വേണ്ടിയാണെന്ന് ഖുർആൻ
തന്നെ പരാമർശിക്കുന്നുമുണ്ട്. ഖുർആനെ പറ്റി പരാമർശിക്കുന്നിടത്ത് സൂറത്തു ബഖറയിൽ, തഖ്‌വയുള്ളവർക്ക് വഴിയൊരുക്കാൻ ആണ് ഖുർആൻ എന്ന് പറയുന്നു.
അതേ സമയം,
ഖുർആൻ അവതരിക്കപ്പെട്ടു എന്ന് പറയുന്നിടത്ത് ബഖറ
അധ്യായത്തിൽ തന്നെ പൊതുജനങ്ങൾക്ക് വഴിയൊരുക്കാൻ ആണ് ഖുർആൻ അവതീർണമായതെന്ന്
പറയുന്നുണ്ട്. കാരണം, സർവ്വ
ജനങ്ങൾക്കും സുവിശേഷമായാണ് ഖുർആൻ അവതരിക്കപ്പെട്ടത്. എന്നാലും പ്രസ്തുത
സുവിശേഷത്തെ വിശേഷാൽ ഉൾക്കൊള്ളുന്നവർക്ക് മുത്തഖീങ്ങൾ എന്ന് പറയപ്പെടുന്നു.
രക്തത്തിൻ്റെ
ഊർജ്ജമനുസരിച്ചാണ് പിശാചിന് നമ്മുടെ മേലുള്ള സ്വാധീനമെന്ന് നബി (സ്വ) തങ്ങൾ
പറഞ്ഞിട്ടുണ്ട്. രക്തയോട്ടം നടക്കുന്ന സർവ്വ സ്ഥലികളിലും അവന് എത്തിപ്പെടാൻ
കഴിയും. രക്തപ്രവാഹത്തിൻ്റെ ആവേഗത്തിനനുസരിച്ച് ചലനവേഗം കൈവരിക്കാനും അവനു
സാധിക്കും. അപ്പോൾ, ശരീരത്തെ
പട്ടിണിയാൽ ക്ഷയിപ്പിക്കുമ്പോൾ സ്വാഭാവികമായും പിശാചും തളരും. പിശാച്
ബലഹീനമാകുമ്പോഴാണ് നമ്മുടെ ദേഹത്തിൻ്റെ ഇച്ഛകൾ ദുർബലപ്പെടുന്നത്.
അമ്മാറത്തുന്നഫ്സ് അവശമാകുമ്പോൾ അനുസരണമുള്ള ഹൃദയം രൂപപ്പെടുകയും ചെയ്യും.
ഇപ്പറഞ്ഞതാണ് സമകാല ലോകവും മുൻഗാമികളും തമ്മിലുള്ള അന്തരം. പൂർവ്വസൂരികൾ, വിശപ്പറിഞ്ഞ് ഈമാൻ കൈമോശം വരാതെ ജീവിച്ച് മരണപ്പെട്ടവരാണ്.
പുതിയ കാലത്തെ ആഭാസകരമായ പ്രവണതകൾ അക്കാലത്ത് ഉണ്ടായിരുന്നില്ല. ദീനീൻ്റെ
വിഷയത്തിൽ വലിയ താൽപ്പര്യം പ്രകടിപ്പിച്ചവരാണ് അക്കാലത്തെ ജനങ്ങൾ. ഇന്നതല്ല അവസ്ഥ.
വിശപ്പ് മറന്നു പോയ സമൂഹമാണ് നമ്മുടേത്. നാല് നേരം മൂക്കുമുട്ടെ ഭുജിക്കാൻ
മാത്രമുള്ള ശേഷി കൈവരിച്ചപ്പോൾ, അല്ലാഹു
എന്ന വിശ്വാസധാരയിൽ നിന്നും അതനുസരിച്ചുള്ള പ്രയോഗവൽക്കരണങ്ങളിൽ നിന്നും മനുഷ്യൻ
വ്യതിചലിക്കാൻ തുടങ്ങി. എന്ന് മാത്രമല്ല, വിശ്വാസത്തെ നിസാരപ്പെടുത്താനും അവഹേളിക്കാനും മനുഷ്യർ
സംഘടിക്കാൻ ആരംഭിച്ചു. വളരെ കരുതലോടെയും ജാഗ്രത്തായും നീങ്ങേണ്ട കലികാലമാണിത്.
ഇത്തരം ദുർഗ്ഗങ്ങളിൽ നിന്നുമുള്ള പരിച കൂടിയാണ് റമളാൻ മാസം. റമളാനിൻ്റെ സർവ്വ
പവിത്രതോടെയും കൂടെ അതിനെ സ്വീകരിക്കുമ്പോൾ മനസ്സിൽ പൈശാചിക സമ്മർദ്ദം നിലക്കുകയും
മതം അനുശാസിക്കുന്ന ചിട്ടവട്ടങ്ങളിലേക്ക് ഹൃദയം പരിണയിക്കപ്പെടുകയും ചെയ്യും.
അപ്പോഴാണ് കർമ്മങ്ങൾ അതിൻ്റെ കാതലുൾക്കൊണ്ട് നിർവഹിക്കാനുള്ള ആസക്തി
രൂപപ്പെടുന്നുള്ളൂ. അതുവഴി, തഖ്‌വയുടെ
ഉന്നതങ്ങളിലേക്ക് ദേഹവും ദേഹിയും എത്തിച്ചേരുകയെന്നതാണ് വ്രതാനുഷ്ഠാനം കൊണ്ടുള്ള
ലക്ഷ്യം. അതിൻ്റെ സർവ്വവിധ ബഹുമാനങ്ങളോടെയും പൂർത്തിയാക്കി ചെയ്യാൻ നമുക്കളളാഹു
ഉതവി നൽകട്ടെ..., ആമീൻ.
ഇത്രയും പറഞ്ഞു കൊണ്ട്
ഞാനെൻ്റെ പ്രസംഗം അവസാനിപ്പിക്കുന്നു.
Post a Comment