അസ്സലാമു അലൈക്കും...
ബഹുമാനപ്പെട്ട അധ്യക്ഷൻ, എൻറെ ശബ്ദം ശ്രവിക്കുന്ന കൂട്ടുകാരെ..,
വൃത്തിയെ കുറിച്ചും അതിൻറെ
ഇസ്ലാമിക വീക്ഷണങ്ങളെ കുറിച്ചും അല്പം ചില കാര്യങ്ങള് നിങ്ങൾക്ക് മുന്നിൽ
അവതരിപ്പിച്ച് ഞാൻ അവസാനിപ്പിക്കാം...,
പ്രിയപ്പെട്ടവരെ, ഇസ്ലാമിൽ വൃത്തിക്ക് വലിയ സ്ഥാനമുണ്ട്. മറ്റേതൊരു മതത്തിലും
പ്രസ്ഥാനത്തിലും ഇത്രയധികം പ്രാധാന്യം വൃത്തിക്ക് കല്പിച്ചതായി കാണാവതല്ല. ഖുർആനിക
വചനങ്ങളിലും പ്രവാചക അധ്യാപനങ്ങളിലും അവ വിശദീകരിച്ച പണ്ഡിത രചനകളിലും ഇതു
സ്പഷ്ടമാകും. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാക്കുകയോ നിത്യ ജീവിതത്തില് കൊണ്ട്
വരണമെന്ന് സാമാന്യമായി ഉപദേശിക്കുകയോ ചെയ്യുന്നതിനപ്പുറം അത് വിശ്വാസത്തിന്റെ
തന്നെ ഭാഗമാണെന്ന് കൂടി ഈ ദീൻ മാലോകരെ പഠിപ്പിച്ചു. ഒരു പൊതു
ഉദ്ബോധനത്തിലൊതുക്കാതെ ദൈനംദിന ചര്യയായി അത് നിലനിറുത്തേണ്ട മാർഗ്ഗങ്ങളും ഇടങ്ങളും
അത് നിർദ്ദേശിച്ചു തന്നു. നിൻറെ നാഥനെ നീ വാഴ്ത്തുക എന്ന ഖുർആൻ വാക്യത്തോടൊപ്പം
തന്നെ നിൻറെ വസ്ത്രം നീ ശുദ്ധിയാക്കണേ എന്ന് കൂടി ഖുർആനിൽ വന്നതു തന്നെ ഇതിൻറെ
പ്രാധാന്യം വിളിച്ചോതുന്നു. ഫിഖ്ഹ് ഗ്രന്ഥങ്ങൾ സകലതും നല്ലൊരു ഭാഗം
ശുദ്ധിയെകുറിച്ച് ചർച്ച ചെയ്യാനാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. തികച്ചും
ശ്ലേഛമായി ജീവിച്ചിരുന്ന ഒരു ജനതയെയാണ് ഇത്രമേൽ വൃത്തിയും വെടിപ്പും കാത്തു
സൂക്ഷിക്കുന്ന സമുദായമാക്കി ഇസ്ലാം പരിവർത്തിപ്പിച്ചത്. ചത്തതും ചീഞ്ഞതും
ഭക്ഷിക്കുകയും രക്തവും മൂത്രവും കുടിക്കുകയും രക്തം പുരട്ടുന്നതും മൃഗങ്ങളുടെ
കാഷ്ടം വെച്ചുതേക്കുന്നതും പുണ്യമെന്നു വിചാരിക്കുകയും ചെയതിരുന്നു ആ ജനത. മരുഭൂ
വാസികളായ അറബികളിൽ ബഹുഭൂരിഭാഗവും മാസങ്ങളോളം കുളിക്കാത്ത പ്രകൃതരായിരുന്നു.
കിടയറ്റ വസ്ത്രങ്ങൾ ധരിക്കുകയും വിലപിടിപ്പുള്ള സുഗന്ധങ്ങൾ ഉപയോഗിക്കുകയും
ചെയ്തിരുന്ന ഒരു ന്യൂനപക്ഷമായ വരേണ്യ വിഭാഗം അവർക്കിടയിൽ ഉണ്ടായിരുന്നുവെങ്കിലും
പൊതുവേ അകവും പുറവും ചളി പുരണ്ടതായിരുന്നു അവരുടെ ജീവിതം. ശുദ്ധീകരണത്തിനു വേണ്ടി
വെള്ളം ഉപയോഗിക്കുന്നത് ജലത്തോടു ചെയ്യുന്ന അനാദരവായി കണ്ടിരുന്നു അന്നത്തെ
മജൂസികൾ. ക്രിസ്ത്യാനികളും വൃത്തിയിലും ശുദ്ധീകരണത്തിലും വേണ്ടത്ര കണിശതയോ
വ്യക്തതയോ
പുലർത്തിയിരുന്നില്ല.
അഴുക്കും അടിക്കാട്ടും വീടുകൾക്കത്തും പരിസരത്തും കുന്നുകൂട്ടിയിട്ടിരുന്നു. യഹൂദർ
വൃത്തികേടിൻറെ പര്യായമായിരുന്നു. തളികകളിൽ ഭക്ഷണം ബാക്കി വെക്കുന്നത് ഒരു പുണ്യം
പോലെ അവർ കണ്ടിരുന്നു. വൃത്തിഹീനതയുടെ കാര്യത്തിൽ നിങ്ങൾ യഹൂദരെ പോലെയാവരുതെന്ന്
നബി(സ) ആവർത്തിച്ചുപദേശിച്ചിരുന്നു. അല്ലാഹുവേ, നീ എന്നെ ശുദ്ധിയുള്ളവരിൽ ഉൾപ്പെടുത്തേണമേ എന്ന് പൊതുവായും
ചില സന്ദർഭങ്ങളിൽ പ്രത്യേകിച്ചും ദുആ ചെയ്യാൻ ദീൻ കല്പിക്കുന്നു. അല്ലാഹു
ശുദ്ധിയുള്ളവരെ ഇഷ്ടപ്പെടുന്നുവെന്ന് ഒന്നിലധികം തവണ ഖുർആനിൽ പറഞ്ഞിട്ടുണ്ട്.
ശുദ്ധിയെന്നത് അതിൻറെ സമഗ്രമായ ആശയത്തിലാണ് ഇസ്ലാം ഉൾക്കൊള്ളുന്നത്. അത് മനുഷ്യൻറെ
ബാഹ്യവും ആന്തരികവുമായ ശുദ്ധിയാണ് ശാരീരികവും ആത്മീയതയുമായ ശുദ്ധി, ചിന്തയിലും അനുവർത്തനങ്ങളിലും പെരുമാറ്റങ്ങളിലും
പരിസരങ്ങളിലുമുള്ള ശുദ്ധി, സാമൂഹികവും
വ്യക്തിപരവുമായ ശുദ്ധി. ആത്മീയമായ ശുദ്ധി അത് മേഛമായ ചിന്തകളിൽ നിന്നും
സ്വഭാവങ്ങളിൽ നിന്നും മനസിനെ സംസ്കരിച്ചെടുക്കലാണ്. അതിൻറെ ബഹിർസ്ഫുരണങ്ങളായി
നമ്മുടെ പ്രവർത്തനങ്ങളിലും പെരുമാറ്റങ്ങളിലും അന്യതാ വിശുദ്ധി കടന്നു വരും.
ബാഹ്യമായ ശുദ്ധീകരണങ്ങളെ നമുക്ക് രണ്ടായി തിരിക്കാം. ഒന്ന് വിശിഷ്ഠമായ ആരാധനയോ
അത്തരം ആരാധനകളുടെ ഭാഗമോ നിബന്ധനയോ ആയി വരുന്ന ശുദ്ധീകരണങ്ങൾ. വുളൂഅ്, ജനാബത്ത് കുളി, നജസിൽ നിന്ന് വൃത്തിയാവുക തുടങ്ങിയവ ഉദാഹരണങ്ങൾ. ഇവക്ക്
പ്രത്യേകം നിബന്ധനകളും രീതികളും ക്രമങ്ങളും ശറഅ് നിർദ്ദേശിച്ചിട്ടുണ്ട്. മറ്റൊന്ന്
ഇതുപോലെ നിബന്ധനകളോ ക്രമങ്ങളോ പ്രത്യേകമായി നിർദ്ദേശിക്കപ്പെടാത്ത, നിത്യ ജീവിതത്തിൽ അനുവർത്തിച്ച് പോരേണ്ട വെടിപ്പുകളാണ്. ആ
വൃത്തിയെകുറിച്ചാണ് ഇവിടെ വിസ്മരിക്കുന്നത്. അല്ലാഹു ഭംഗിയുള്ളവനാണ്. അവൻ ഭംഗിയെ
ഇഷ്ടപ്പെടുകയും ചെയ്യുന്നു, അല്ലാഹു
വൃത്തിയുള്ളവനാണ്. അവൻ വൃത്തിയെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. തുടങ്ങിയ പ്രവാചക
വചനങ്ങൾ പൊതുവേ ഒരു മുസ്ലിം വൃത്തിയുള്ളവനായിരിക്കണമെന്ന് കല്പിക്കുന്നതോടൊപ്പം
വൃത്തി പ്രകടമാക്കേണ്ട മേഖലകൾ കൂടി അക്കമിട്ട് പറയുന്നുണ്ട്.
മനുഷ്യൻറെ ആരോഗ്യം
നിലനിർത്തുന്നതിൽ പല്ലും വായയും വൃത്തിയാക്കി വെക്കുന്നതിൽ വലിയ പങ്ക്
വഹിക്കുന്നുണ്ട്. അതുപോലെ
വായ്നാറ്റത്തിൽ നിന്ന് രക്ഷപ്പെടാനും ഭംഗി വർദ്ധിപ്പിക്കാനും അത് സഹായിക്കുന്നു.
അതിനാൽ ഇസ്ലാമിൽ
മിസ്വാക്കിനും വായ വൃത്തിയാക്കുന്നതിനും വലിയ പ്രാധാന്യമുണ്ട്. പല്ലു തേക്കുന്നത്
വായക്ക് വൃത്തിയും അല്ലാഹുവിന് തൃപ്തിയുമാണെന്ന് ഒരിക്കൽ നബി(സ) പറയുകയുണ്ടായി.
ജിബ്രീൽ (അ) മിസ്വാക്ക് ചെയ്യാൻ കല്പിച്ച്കൊണ്ടേയിരുന്നു. അത് എൻറെ ഉമ്മത്തിനു
നിർബന്ധമാക്കപ്പെടുമോ എന്ന് പോലും ഞാൻ പേടിച്ച് പോയി. എൻറെ ഉമ്മത്തിനു മിസ്വാക്ക്
ചെയ്യൽ പ്രയാസകരമാകുകയില്ലെങ്കിൽ അത് അവർക്ക് നിർബന്ധമാക്കിയേനെ. തുടങ്ങി
മിസ്വാക്കിനെ പ്രോത്സാഹിപ്പിക്കുന്ന ഒട്ടനവധി ഹദീസുകൾ നമുക്ക് കാണാം. പല്ലു
മഞ്ഞളിച്ച ചില സ്വഹാബികളെ കണ്ട് നബി(സ) പറഞ്ഞു. എന്താണ് നിങ്ങൾ മഞ്ഞളിച്ച പല്ലുമായി
വരുന്നത്. പോയി പല്ലു തേക്കൂ എന്നാണവിടുന്ന് അവരോട് കൽപ്പിച്ചത്.
വുളൂഅ്, നിസ്കാരം, ഖുർആൻ
ഓതുക,
ഉറങ്ങുക, ഉറക്കത്തിൽ
നിന്നെഴുന്നേൽക്കുക, പല്ലിനു
മഞ്ഞനിറം വരുക, വായ്നാറ്റമുണ്ടാവുക, ഭക്ഷണം കഴിക്കുക തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം മിസ്വാക്ക്
പ്രത്യേക സുന്നത്താണ്. മിസ്വാക്ക് ചെയ്യുമ്പോൾ മിസ്വാക്ക് കൊണ്ട് തന്നെ നാവും
വൃത്തിയാക്കണം. അതാണ് സുന്നത്ത്. ടങ് ക്ളീനർ പോലുള്ളവ ഉപയോഗിച്ച് നാവ്
വടിക്കുന്നത് നാവിൻറെ ആരോഗ്യത്തെ ബാധിക്കും. സാധാരണ ബ്രഷുകൾ
ഉപയോഗിക്കുന്നതിനേക്കാൾ ഉത്തമം അറാക്കിൻറെ കമ്പ് ഉപയോഗിക്കലാണ്. ആമാശയത്തിലേക്കിറങ്ങിയാൽ
നമ്മുടെ ദഹനവ്യവസ്ഥയെയും മറ്റും ബാധിക്കുന്ന രാസവസ്തുക്കളടങ്ങിയ
ടൂത്ത്പേസ്റ്റുകളെക്കാൾ വീര്യമുള്ള അണുനാശിനിയാണ് അറാക്ക്. എന്നാൽ യാതൊരു
പാർശ്വഫലങ്ങളുമില്ല തന്നെ. University of Rostock ലെ Germinology വിഭാഗം തലവൻ 1961ൽ Journal of German Oriental Society (നാലാം ലക്കം)
എന്ന മാഗസിനിൽ അറാക്കിൻറെ
ബാക്ടീരിയകളെയും മറ്റു രോഗാണുക്കളെയും നശിപ്പിക്കാനുള്ള കഴിവ് പരീക്ഷണങ്ങളിലൂടെ
തെളിഞ്ഞതായി എഴുതിയിട്ടുണ്ട്.
മുടി കൊണ്ടും താടി കൊണ്ടും വിവിധ തരത്തിലുള്ള
കോലംകെട്ടലുകളാണ് ഇന്ന് നിലവിലുള്ളത്. പല പേരിലായി പല സ്റ്റൈലുകൾ ദിനംപ്രതി
ഇറങ്ങുന്നു. എന്നാൽ, ശരീര
രോമങ്ങളുടെ കാര്യത്തിൽ പോലും ഇസ്ലാം നിഷ്കർഷത പാലിക്കുന്നുണ്ട്. നബി (സ്വ)
പറയുന്നു “ആർക്കെങ്കിലും മുടി ഉണ്ടെങ്കിൽ അവൻ അതിനോട് മാന്യത കാണിക്കട്ടെ."
ഇബ്നു ഉമർ (റ) റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ ഖസ്അ് നിരോധിച്ചതായി കാണാം. ഖസ്അ്
എന്നാൽ മുടി അൽപ്പം മുറിക്കലും ബാക്കിയുള്ളത് മുറിക്കാതെ നിർത്തലുമാണ്.
ധാരാളം മുടി വളർത്തി അതിനെ
പാറിക്കളിക്കുന്ന രൂപത്തിൽ ഇടുന്നതിന് പകരം ചീകി അടക്കി നിർത്താനാണ് നബി (സ്വ) പല
സന്ദർഭങ്ങളിലായി നിർദേശിച്ചത്. കാരണം മുടിയോടുള്ള മാന്യത അതിനെ ചീകി അടക്കിനിർത്തലാണ്.
ഇമാം മാലിക് (റ) മുവത്വയിൽ വിശദീകരിക്കുന്ന ഒരു സംഭവം കാണാം. നബി (സ്വ) പള്ളിയിൽ
ഇരിക്കുമ്പോൾ
പാറിപ്പറക്കുന്ന മുടിയുമായി ഒരാൾ കയറിവന്നു. അദ്ദേഹത്തോട് മുടിയും താടിയും
നന്നാക്കാൻ കൽപ്പിക്കുന്ന പോലെ നബിതങ്ങൾ ആംഗ്യം കാണിച്ചു. അദ്ദേഹം അതെല്ലാം ചീകിയൊതുക്കി
വൃത്തിയായി വന്നപ്പോൾ പ്രവാചകർ (സ്വ) ചോദിച്ചു “പിശാചിനെപ്പോലെ പാറിപ്പറക്കുന്ന
മുടിയുമായി വരുന്നതിനേക്കാൾ ഇതല്ലേ നല്ലത്'. മറ്റൊരു സംഭവം ജാബിർ (റ) പറയുന്നു: “ഞങ്ങളുടെ വീട്ടിലേക്ക്
നബിതങ്ങൾ സന്ദർശകനായി വന്നു. അപ്പോൾ തലമുടി പിഞ്ഞിനിൽക്കുന്ന ഒരാളെ നബി (സ്വ)യുടെ
ശ്രദ്ധയിൽപ്പെട്ടു. നബി (സ്വ) പറഞ്ഞു: "ഇയാൾക്ക് തന്റെ തലമുടി അടക്കിനിർത്താൻ
ഉള്ളതൊന്നും ലഭിച്ചില്ലയോ”. ചളിപുരണ്ട വസ്ത്രം ധരിച്ച മറ്റൊരാളെ കണ്ടപ്പോൾ സ്വന്തം
വസ്ത്രം കഴുകാൻ ഉള്ളതൊന്നും ലഭിച്ചില്ലേ എന്നും നബി (സ്വ) ചോദിച്ച സംഭവങ്ങൾ ഹദീസിൽ
കാണാൻ കഴിയും.
മറ്റൊരിക്കൽ റസൂൽ (സ്വ)യെ
കുറച്ചുപേർ കാത്തുനിൽക്കുകയായിരുന്നു. അവരിലേക്ക് പോകുന്നതിനുമുമ്പ് വീട്ടിലെ
വെള്ളം നിറച്ച പാത്രത്തിലെ പ്രതിബിംബം നോക്കി നബി(സ്വ) താടിയും മുടിയും
ശരിയാക്കിവെച്ചു. ഇതുകണ്ട് ആഇശ ബീവി ചോദിച്ചു: “ഓ അല്ലാഹുവിന്റെ റസൂലേ....അങ്ങും
ഇങ്ങനെ ചെയ്യുകയാണോ?" അപ്പോൾ
നബി (സ്വ) തങ്ങൾ പറഞ്ഞു: “ഒരാൾ തന്റെ സഹോദരങ്ങളെ കാണാൻ ചെല്ലുമ്പോൾ സ്വന്തം
രൂപഭംഗി വരുത്തണം. അല്ലാഹു സൗന്ദര്യം ഉള്ളവനാണ്, അവൻ സൗന്ദര്യത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. യാത്ര കഴിഞ്ഞ്
നാട്ടിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അവിടുന്ന് അനുയായികളോട് പറയുമായിരുന്നു
“നിങ്ങൾ നിങ്ങളുടെ സഹോദരങ്ങളുടെ അടുത്തേക്ക് ചെല്ലുകയാണ്, അതിനാൽ നിങ്ങളുടെ വസ്ത്രം നന്നാക്കുകയും ജനങ്ങൾക്കിടയിൽ
നല്ല ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്യുക. അല്ലാഹു വൃത്തികേടും വൃത്തിയില്ലായ്മയും
ഇഷ്ടപ്പെടുന്നില്ല”.
ഇങ്ങനെ ജീവിതത്തിൻറെ നിഖില
മേഖലകളിലും വൃത്തി കാത്തു സൂക്ഷിക്കണമെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നതായി നമുക്ക്
കാണാൻ സാധിക്കും. അതൊക്കെ കൊണ്ടു തന്നെയാണ് ഇസ്ലാം സാർവ്വ ലൗകികവും സാർവ്വ
കാലികവുമായ മതമാണെന്ന് പറയുന്നത്. വൃത്തിയുള്ളവരാവാനും അതുവഴി പരലോക വിജയം നേടാനും
അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് മാത്രം ഓർമ്മപ്പെടുത്തി ഞാൻ അവസാനിപ്പിക്കുന്നു....
إرسال تعليق