ഹഫ്സ(റ) ബിൻത് ഉമറുബ്നുൽ ഖതാബ് (റ) | Hafsa Beevi(R)

പിതാവ് രണ്ടാം ഖലീഫ ഉമറുബ്നുൽ ഖതാബ് (റ)
മാതാവ് സൈനബ് ബിൻത് മള്ഊൻ(റ)
ഗോത്രം ബനൂ അദിയ്യ് (ഖുറൈശി)
ജനനം നുബുവ്വത്തിൻറെ അഞ്ചുവർഷം മുമ്പ്
മഖ്ബറ ജന്നത്തുൽ ബഖീഹ്
വിവാഹം ഹിജ്റ മൂന്നിൽ
വിയോഗം ഹിജ്റ 45 ശഅ്ബാനിൽ മുആവിയ്യ(റ)യുടെ ഭരണകാലത്ത്
പ്രായം 60 വയസ്സ്

ഖുർആനിന്റെ സൂക്ഷിപ്പുകാരി


രണ്ടാം ഖലീഫ ഉമർ(റ)ന്റെ ആദ്യപുത്രിയാണ് ബീവി ഹഫ് സ(റ). തിരുനബിയുടെ പത്നിമാരിൽ ആയിശാ(റ) ബീവി യോട് തൊട്ടടുത്ത സ്ഥാനമാണ് ഹഫ് സ(റ)ക്കുള്ളത്.


മക്കയിൽ ഇസ്ലാമിന്റെ പ്രാരംഭകാലം വിരലിലെണ്ണാവുന്ന മുസ്ലിംകൾ ശത്രുക്കളുടെ പീഢനങ്ങളും മർദ്ദനങ്ങളുമേറ്റ് വിഷമിച്ചു ദിനങ്ങളെണ്ണിക്കൊണ്ടിരുന്നു.


ഉമറുബ്നുൽ ഖത്താബും അംറുബ്നു ഹിശാമും (അബൂജഹ്ൽ) മക്കയിലെ ധീരകേസരികളാണ്. ഇവരിൽ ആരെങ്കിലുമൊ രാൾ ഇസ്ലാം പുൽകുന്നത് തിരുനബി(സ) ഏറെ കൊതിച്ചു. പീഢിതരായി കഴിയുന്ന മുസ്ലിംകൾക്ക് അതിലൂടെ പ്രതാപം കുട്ടുമെന്ന് തിരുനബി നിരീക്ഷിച്ചു. അവിടുന്ന് പ്രാർത്ഥിച്ചു: “അല്ലാ ഹുവേ, ഉമറുബിനുൽ ഖത്താബ്, അംറുബ്നു ഹിശാം. ഈ പേരിൽ നിനക്കിഷ്ടപ്പെട്ടവരെക്കൊണ്ട് നീ ഇസ്ലാമിനെ ശക്തിപ്പെ ടുത്തേണമേ…



ജനനം


പ്രവാചകത്വ ലബ്ധിയുടെ അഞ്ച് വർഷം മുമ്പ്. ഖുറൈശി കഅ്ബ പുതുക്കിപ്പണിതുകൊണ്ടിരിക്കുന്ന സമയത്താണ് സൈനബ് ബിൻത് മള്ഊൻ ഹഫ് സ(റ)യെ പ്രസവിക്കുന്നത്. സത്കർമ്മങ്ങൾക്ക് പേരുകേട്ടവരാണ് ബനൂ അദിയ്യ് ഗോത്രക്കാർ. പിതാവിന്റെ ധൈര്യവും നീതിബോധവും ഹഫ് സ(റ)ക്കും പാരമ്പര്യമായി പകർന്നു കിട്ടിയിരുന്നു. പിതാവ് ഉമർ(റ) ഇസ്ലാമിലേക്ക് കടന്നുവരുമ്പോൾ ഹഫ് സ(റ)വിന് പതിനൊന്ന് വയസ്സാണ്. ഉമർ(റ) വിൻറെ ഇസ്ലാമിലേക്കുള്ള വരവ്, അതൊരു പരിവർത്തന ത്തിന്റെ നാന്ദിയായിരുന്നു.


ആദ്യവിവാഹം


ഖുനൈസുബ്നു ഹുദാഫക്ക് ആയിരുന്നു ഹഫ് സ(റ) നെ ആദ്യം വിവാഹം ചെയ്തത്. അദ്ദേഹം സമ്ഹ് ഗോത്രക്കാരനായിരുന്നു. മക്കയിൽ മുസ്ലിംകൾക്ക് പീഢനങ്ങൾ സഹിക്ക വയ്യാതായപ്പോൾ ഖുനൈസും ഹഫ് സ(റ)യും എത്യോപ്യയിലേക്ക് പലായനം ചെയ്തു. തിരിച്ചു മദീനയിൽ വന്ന അദ്ദേഹം ബദ്റിലും ഉഹ്ദിലും പങ്കെടുത്തു. ഉഹ്ദിലേറ്റ മാരകമായ മുറിവ് അദ്ദേഹത്തിന്റെ ജീവനെടുത്തു. ഇന്നാലില്ലാഹി....


വിവാഹാലോചന


ഖുനൈസിൻറെ വിയോഗത്തിൽ മകളെക്കാളേറെ ദുഃഖം സഹിച്ചത് ഉമർ(റ) ആയിരുന്നു. പിന്നീട് അദ്ദേഹം ഹഫ് സ(റ) വിന് അനുയോജ്യമായ ബന്ധങ്ങ ളന്വേഷിച്ചു. ഉസ്മാൻ(റ)ന്റെ ഭാര്യയായിരുന്ന തിരുനബിയുടെ പുത്രി റുഖിയ്യ (റ) വഫാത്തായ സമയമായിരുന്നു അത്. ഉമർ(റ) ഉസ്മാൻ(റ) നോട് തന്റെ മകൾ ഹഫ്സ്വയെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ടു.


അൽപദിവസം കഴിയട്ടെ എന്നായിരുന്നു ഉസ്മാൻ(റ) വിൻറെ മറുപടി. പിന്നീട് ഉസ്മാൻ(റ) പ്രതികരണമാരാഞ്ഞപ്പോൾ ഞാനിപ്പോൾ വിവാഹം ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു മറുപടി. ഉമർ(റ) അസ്വസ്ഥനായി, അദ്ദേഹം തന്റെ ഉറ്റ കൂട്ടുകാരൻ അബൂബക്ർ(റ) നോട് ഹഫ് സയുടെ കാര്യം പറഞ്ഞു. മൗനമായിരുന്നു പ്രതികരണം. ഉസ്മാന്റെ മറുപടിയേക്കാൾ അബൂബകറിന്റെ മൗനമാണെന്നെ ഉമർ(റ)നെ  ചൊടിപ്പിച്ചത്.


ഒരു ദിവസം ഉമർ(റ) പള്ളി യിലിരിക്കുകയാണ്. തിരുനബി അവിടേക്ക് കടന്നുവന്നു. ഉമർ(റ)ന്റെ മനഃപ്രയാസം കണ്ട നബി(സ) കാര്യമന്വേഷിച്ചു. ഉമർ(റ) ഉണ്ടായ സംഭവങ്ങളൊക്കെയും വിശദീകരിച്ചു. തിരുനബി(സ) പറഞ്ഞു. ഹഫ് സ(റ)യെ ഉസ്മാനെക്കാൾ ശ്രേഷ്ഠനായൊരാൾ വിവാഹം ചെയ്യും. ഉസ്മാൻ(റ), ഹഫ് സ(റ)യെക്കാൾ ശ്രേഷ്ഠയായ ഒരുത്തിയേയും വിവാഹം കയിക്കും. അൽഹംദുലില്ലാഹ്...


തൻറെ മകൾ ഹഫ് സ(റ)യെ തിരുനബി(സ) വിവാഹം ചെയ്യാനുദ്ദേശിക്കുന്നു. ഉമർ(റ)ൻറെ മനസ്സ് തുടികൊട്ടി.  ഉസ്മാൻ(റ) വിന് നബി(സ) യുടെ പുത്രി ഉമ്മുകുൽസൂമിനെ വിവാഹം ചെയ്തുകൊടുക്കുന്നു. ആത്മഹർഷത്തോടെ അദ്ദേഹം വീട്ടിലേക്ക് മടങ്ങി.


തിരുനബി(സ) ഹഫ് സ(റ)യെ വിവാഹമന്വേഷിച്ചതോടെ അബൂ ബക്ർ(റ) ഉമർ(റ)വിനടുത്തെത്തി. അദ്ദേഹം പറഞ്ഞു. ഹഫ സയുടെ കാര്യം എന്നോട് പറഞ്ഞപ്പോൾ ഞാൻ മൗനം പാലിച്ചതിൽ നിങ്ങൾക്കുണ്ടായ മനഃപ്രയാസം  എനിക്കറിയാം. എന്നോടു ക്ഷമിക്കൂ... നിശ്ചയം, തിരുനബി ഹഫ് സയെ വിവാഹം ചെയ്യുന്ന തിനെക്കുറിച്ച് സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു. പക്ഷെ, തിരുനബിയുടെ രഹസ്യം പുറത്തറിയരുതെന്ന് ഞാനാഗ്രഹിച്ചു. തിരുനബി(സ) ഹഫ് സ(റ)യെ ക്കുറിച്ച് സംസാരിച്ചിരുന്നില്ലെങ്കിൽ തീർച്ച യായും ഞാനവളെ വിവാഹം ചെയ്യുമായിരുന്നു.


വളരെ ലളിതമായ ചടങ്ങായിരുന്നു. നാനൂറ് ദിർഹം മഹ്റിന് പകരം ഉമർ(റ) ഹഫ് സ(റ)യെ തിരുനബിക്ക് വിവാഹം ചെയ്തു ക്കൊടുത്തു. തിരുനബിയുടെ കുടുംബത്തിൽ ആയിശാബീവിക്കും സൗദ ബീവിക്കുമൊപ്പം ഹഫ് സ(റ) കൂടി അംഗമായി. വിശ്വാസിക ളുടെ മാതാവെന്ന സ്ഥാനപ്പേരിന് ഹഫ് സ(റ)  അർഹയായി. ഹിജ്റ മൂന്നിലായിരുന്നു ഈ സംഭവം.


ത്വലാഖ്


ഒരു വേള തിരുനബി(സ) ഹഫ് സ(റ)യെ ത്വലാഖ് ചൊല്ലാനുദ്ദേശിച്ചിരുന്നു. മകളെ തങ്ങൾ ത്വലാഖ് ചൊല്ലിയെന്ന് ധരിച്ച ഉമർ(റ) വിഷമത്താൽ തലയിൽ മണ്ണുവാരിയിട്ടു. ഹഫ് സയുടെയും ഉമറിന്റെയും നാശം എന്ന് അദ്ദേഹം പറയുകയും ചെയ്തു. ഹഫ് സ(റ) ഏറെ നിസ്കരിക്കുന്ന വരും നോമ്പുനുഷ്ഠിക്കുന്നവരുമാണ്. അങ്ങയുടെ സ്വർഗ്ഗീയ പത്നിയുമാണ് അതിനാൽ ഹഫ് സയെ നിങ്ങൾ തലാഖ് ചൊല്ലരുതെന്ന് ജിബ്രീൽ(അ) ആഗതനായി തിരുനബിയോട് പറഞ്ഞു. അങ്ങളെ തങ്ങൾ ആ ഉദ്യമത്തിൽ നിന്നും പിൻവാങ്ങി. അവരെ ഭാര്യയായി നിലനിർത്തി.

ഖുർആനിന്റെ സൂക്ഷിപ്പുകാരി


അബൂബക്ർ സിദ്ധീഖ്(റ)ൻറെ കാലശേഷം ഉമർ(റ)ൻറെ കൈവ ശമാണ് വിശുദ്ധ ഖുർആൻറെ ക്രോഡീകരിച്ച പകർപ്പ് ഉണ്ടായിരുന്നത്. ഉമർ(റ)ൻറ വഫാതിനു ശേഷം മുസ്ഹഫ് സൂക്ഷിക്കാനുള്ള സൗഭാഗ്യം ലഭിച്ചത് ബീവി ഹഫ് സ(റ)വിനാണ്. ഭരണകാലത്തിരിക്കുമ്പോൾ ഉസ്മാൻ (റ) ഹഫ് സ ബീവിക്ക് അവരുടെ കയ്യിലുള്ള മുസ്ഹഫ് കൊടുത്തയക്കാൻ ആവശ്യപ്പെട്ട് ഒരു കത്തെഴുതി. പകർപ്പുകളെടുത്തശേഷം തിരിച്ചേൽപ്പിക്കാം എന്നും പറഞ്ഞു.അങ്ങളെ ബീവി മുസ്ഹഫിൻറെ പ്രതി ഉസ്മാൻ(റ)ന് കൊടുത്ത യച്ചു. അവർ പകർപ്പുകളെടുത്ത് ഇസ്ലാമിക രാഷ്ട്രങ്ങളിലേക്കയച്ചു കൊടത്തു. പിന്നെ അവരുടെ വിയോഗം വരെ മുസ്ഹഫ് ഭദ്രമായി അവർ സൂക്ഷിച്ചു.

ഒരിക്കൽ മർവാനുബിനുൽഹകം മുസ്ഹഫ് കൊടുത്തയക്കാൻ വേണ്ടി ആളെ അയച്ചുവെങ്കിലും ഹഫ്സ(റ) അതു നൽകിയില്ല.

എഴുത്തും വായനയും


ബീവി ഹഫ്സ(റ)യുടെ പ്രധാന വിനോദം എഴുത്തും വായനയുമായിരുന്നു. പകൽ സമയങ്ങളിൽ അവർ എഴുത്തും വായനക്കുമായി വിനിയോഗിക്കും രാത്രിയിൽ നിസ്കാരത്തിനും മറ്റു പ്രവർത്തനങ്ങളുമായി കഴിയും. മിക്ക ദിവസങ്ങളിലും നോമ്പനു ഷ്ഠിക്കുക ബീവിയുടെ പതിവായിരുന്നു. അറബി സാഹിത്യത്തിൽ നിപുണയായ ബീവി ചുരുങ്ങിയ കാലം കൊണ്ട് ഖുർആൻ മുഴുവനും മനഃപാഠമാക്കി. ബീവിയിൽ നിന്നും അറബ് സാഹിത്യ ലോകത്ത് നിരവധി ഉദ്ദരണികളുണ്ട്. തിരുനബിയിൽ നിന്നും 60 ഹദീസുകൾ ബീവി റിപ്പോർട്ട് ചെയ്തു. ഇതിൽ മൂന്നെണ്ണം ഇമാം ബുഖാരിയും മുസ്ലിമും, ആറെണ്ണം മുസ്ലിം തനിച്ചും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിട


മുആവിയ്യ(റ)യുടെ ഭരണകാലത്താണ് ബീവി ഹഫ് സ(റ) ഇഹലോകവാസം വെടിയുന്നത്, ഹിജ്റ 45 ശഅ്ബാനിൽ. പിതാവ് തന്നെ ഏൽപിച്ച സമ്പത്ത് സഹോദരൻ അബ്ദുല്ലയെ വഫാതിനു മുന്നെ തന്നെ മഹതി ഏൽപിക്കുകയും. തന്റെ പേരിൽ കുറെ സ്വദഖ ചെയ്യണമെന്ന് വസിയ്യത്ത് പറയുകയും ചെയ്തിരുന്നു. ബീവിയോടൊപ്പം സ്വർഗ്ഗീയാരാമം പുൽകാൻ നാഥൻ വിധിയേകട്ടെ. ആമീൻ



Post a Comment

أحدث أقدم

Hot Posts