ഹജ്ജത്തുൽ വിദാഅ് | Hajjathul wida

ഏറ്റവും ആദരണീയരായ ഉസ്താദുമാരെ, പ്രിയപ്പെട്ട കൂട്ടുകാരെ... ഈ സദസ്സിൽ ഹജ്ജത്തുൽ വിദാഇനെ സംബന്ധിച്ച് ഒരൽപം സംസാരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിന് അവസരം തന്ന നാഥനെ ആദ്യമായി ഞാൻ സ്തുതിക്കുന്നു. അൽഹംദുലില്ലാ..

 

ഹിജ്റ പത്താം വർഷം നബി(സ്വ) ഹജ്ജത്തുൽ വിദാഇൽ വിട വാങ്ങൽ ഹജ്ജ് നടത്തി. ഒരു ലക്ഷത്തിലധികം പേർ നബി (സ്വ)യോടൊപ്പം ഈ ഹജ്ജ് കർമ്മത്തിൽ പങ്കെടുത്തു. ചരിത്രപ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗം നടത്തി. ഇസ്ലാം സമ്പൂർണമാണെന്ന് പ്രഖ്യാപിക്കുന്ന ആയത്ത് അറഫയിൽ അവതരിച്ചു. 'ഇന്നു നിങ്ങളുടെ മതത്തെ ഞാൻ സമ്പൂർണമാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹത്തെ നിങ്ങൾക്ക് ഞാൻ പൂർത്തീകരിച്ച് തരികയും ചെയ്തിരിക്കുന്നു'.

 

അറഫയിലെ ആ പ്രസംഗം ഒരു സംഭവമായിരുന്നു. നബി (സ്വ) സ്വഹാബാക്കളോട് ചോദിച്ചു: ഇന്ന് ഏതാണ് ദിവസം? സ്വഹാബാക്കൾ പറഞ്ഞു: ഇന്ന് അറഫയാണ് നബിയേ.. വീണ്ടും ചോദിച്ചു: ഏതാണ് ഈ മാസം? അവർ പറഞ്ഞു: ഇത് ദുൽഹജ്ജ് മാസം ആണ്, നബി(സ്വ) ചോദിച്ചു; ഏതാണ് ഈ സ്ഥലം? അവർ പറഞ്ഞു: പരിശുദ്ധ ഹറം, നബി(സ്വ) പറഞ്ഞു: ഈ ദിവസവും ഈ മാസവും ഈ സ്ഥലവും പവിത്രമായതുപോലെ നിങ്ങളുടെ രക്തവും സമ്പത്തും അഭിമാനവും പരസ്പരം പവിത്രമാണ്. ആരും ആരുടെയും അഭിമാനം കളങ്കപ്പെടുത്തരുത്. ആരും ആരുടെയും രക്തം ചിന്തുകയും ആരും ആരുടെയും സമ്പത്ത് അനധികൃതമായി എടുക്കുകയും ചെയ്യരുത്. അന്നേദിവസം പലിശ എന്ന മഹാവിപത്തിനെ നബി(സ്വ) കൊട്ടിയടച്ചു. മൂലധനം മാത്രം തിരികെ വാങ്ങി ബാക്കിയുള്ളത് ഒഴിവാക്കാൻ അശ്റഫുൽ ഖൽഖ് റസൂലുല്ലാഹി(സ്വ) ആജ്ഞാപിച്ചു. ആ പ്രസംഗത്തിൽ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഗൗരവമായി സംസാരിച്ചു. സ്ത്രീകളോട് മാന്യമായി പെരുമാറണമെന്ന് അവിടുന്ന് പറഞ്ഞു. ആ ചെറിയ പ്രസംഗത്തിൽ ഒരു സമൂഹത്തോട് ഖിയാമത്ത് നാൾ വരെയുള്ള മുഴുവൻ സംഭവങ്ങളും നബി(സ്വ) വിവരിച്ചുകൊടുത്തു. നബി(സ്വ) എല്ലാ കാര്യങ്ങളും അവിടെ പ്രഖ്യാപിച്ചു. അവസാനമായി അവിടുന്ന് പറഞ്ഞു: ഇവിടെ ഹാജറുള്ളവർ ഹാജരില്ലാത്തവർക്ക് ഈ സുവിശേഷം എത്തിച്ചു കൊടുക്കണം. ഈ വർഷത്തിനു ശേഷം നിങ്ങൾ എന്നെ കണ്ടില്ലെന്ന് വന്നേക്കാം. ഈ ലോകത്തു നിന്നും അവിടുന്ന് യാത്രയാകുന്നതിന്റെ ഒരു സൂചനയായിരുന്നു അത്. ഈ സങ്കടകരമായ അവസ്ഥ അറിയിച്ചുകൊണ്ടാണ് നബി(സ്വ) ഹജ്ജത്തുൽ വിദാഇൽ നിന്നും വിട വാങ്ങിയത്.

 

പ്രിയരെ, എത്ര ദുഃഖ സാന്ദ്രമായിരിക്കും ആ രംഗം. അവിടുത്തെ ജീവനു തുല്യം സ്നേഹിച്ച ഒരു സമൂഹത്തിന്റെ മുമ്പിൽ ആണ് ഈ വിടവാങ്ങൽ പ്രസംഗം നടത്തുന്നത്. ആ ചരിത്രപ്രസിദ്ധമായ പ്രഭാഷണം ലോകം ഇന്നും സ്മരിക്കപ്പെടുകയാണ്. ഇത്രയും പറഞ്ഞുകൊണ്ട് എന്റെ ചെറിയ പ്രഭാഷണം ഞാൻ ചുരുക്കട്ടെ. അസ്സ ലാമു അലൈക്കും വറഹ്മതുല്ലാഹി വബറകാതുഹു... 



Post a Comment

أحدث أقدم

Hot Posts