കുട്ടിക്കാലത്തെ കളികള്‍ വെറും കളികളല്ല playing is important in childhood

കുട്ടിക്കാലത്തെ കളികള്‍ വെറും കളികളല്ല  playing is important in childhood


വെറും കളിയെന്ന വിചാരം മാത്രമേയുള്ളുവെന്ന് മക്കളെ കുറ്റപ്പെടുത്താത്ത മാതാപിതാക്കളില്ല. പഠനത്തില്‍ പിറകോട്ട് വന്നാലും മാര്‍ക്ക് കുറഞ്ഞാലും കേള്‍ക്കുന്ന പതിവ് വാചകമാണത്. എന്നാല്‍ മക്കള്‍ കളിക്കേണ്ടതില്ലേ?. വെറും പുസ്തകപ്പുഴുക്കളായി വളര്‍ന്നാല്‍ മതിയോ.. മക്കളുടെ ശാരീരിക മാനിസിക വളര്‍ച്ചക്ക് കളികള്‍ക്കുള്ള പങ്കിനെ കുറിച്ചാണ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ വളര്‍ച്ച് അതിപ്രധാനമാണെന്ന് ആദ്യം നാം മനസ്സിലാക്കണം. പുതിയ കാലത്ത് കളികളിലും സ്‌പോര്‍ട്‌സ് ആക്ടിവിറ്റികളിലും ഏര്‍പ്പെടാത്ത കുട്ടികള്‍ നിരവധിയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

അമിത വണ്ണവും പ്രതിരോധ ശേഷിക്കുറവും വിവിധ രോഗങ്ങളും സമ്മര്‍ദങ്ങളും ഇപ്പോഴത്തെ കുട്ടികളില്‍ കണ്ടുവരുന്നതിന്റെ പ്രധാന കാരണം മൊബൈല്‍, ഇലക്ട്രോണിക് ഡിവൈസുകളുടെ ഉപയോഗം മാത്രമല്ല, സ്‌പോര്‍ട്‌സ് ആക്ടിവിറ്റികളില്‍ ഏര്‍പ്പെടാത്തതുമാണ്. പഴയ കാലത്ത് ഗ്രൗണ്ടുകള്‍ നിരവധിയായിരുന്നു. ചെറിയ കുട്ടികള്‍ക്ക് കളിക്കാനൊരിടം, മുതിര്‍ന്നവര്‍ക്ക് വേറെ, ചെറുപ്പക്കാര്‍ക്ക് വേറെയെന്ന രൂപത്തില്‍ കളിക്കളങ്ങള്‍ സുലഭമായിരുന്നു നമ്മുടെ പ്രദേശങ്ങളില്‍. പക്ഷേ, ഇന്ന് ഗ്രൗണ്ടുകള്‍ കുറഞ്ഞു. എല്ലാം ടര്‍ഫ് പോലെ ഇടുങ്ങിയതായി മാറി. കളിക്കാന്‍ പണവും കാത്തിരിപ്പും വേണ്ടി വരുന്ന അവസ്ഥ. മക്കള്‍ ഇലക്ട്രോണിക് ഡിവൈസുകളിലേക്ക് ചുരുങ്ങാന്‍ കാരണം വേറെയന്വേഷിക്കേണ്ടതില്ല.

മൊബൈലും മറ്റും ഒരുതരം അഡിക്ഷനാണ്. വീട്ടിനുള്ളില്‍ സുഖമായി ഏതു ഗെയിമുകളും കളിച്ചും സോഷ്യല്‍ മീഡിയകള്‍ പരതിയും സമയം കളയുന്ന കുട്ടികള്‍ ഇന്ന് ആ അഡിക്ഷനിലാണ്. ശരീരമനങ്ങാതെയുള്ള ക്രിക്കറ്റും ഫുഡ്ബാളും ഗെയിമുകളുമാണ് കുട്ടികളുടെ ഇന്നത്തെ ലോകം. അതിന്റെ കൂടെ ഫാസ്റ്റ് ഫുഡ് സിസ്റ്റവുമായപ്പോള്‍ പറയുകയേ വേണ്ട. കുടവയറും അമിതഭാരവും മറ്റു അസ്വസ്ഥകള്‍ക്കും കാരണം തേടിപ്പോകേണ്ടതില്ല. പഠനം മാത്രമാണ് ആവശ്യമെന്ന് കരുതുന്ന രക്ഷിതാക്കളേ, ഓര്‍ക്കുക. കളിയും അനിവാര്യമാണ്. ഇലക്ട്രോണിക് ഡിവൈസുകളിലൂെടയുളള കളിയല്ല. ഗ്രൗണ്ടിലിറങ്ങി ചളിയും പൊടിയും ഏല്‍ക്കുന്ന കളികള്‍. പൊടിയും ചളിയും രോഗം വരുത്തിവെക്കുമെന്ന ഭയമുള്ള രക്ഷിതാക്കളേ, നിങ്ങളുടെ ധാരണ വിപരീത ഫലമാണുണ്ടാക്കുക.

കുട്ടികളുടെ ശാരീരിക മാനിസിക വളര്‍ച്ചക്ക് പ്രധാനമായ കുട്ടിക്കാലത്ത് അവര്‍ കളിച്ചു തന്നെ വളരട്ടെ. ഓടിയും ചാടിയും കളിച്ചും നീന്തിയും അവര്‍ സമയം ചെലവിടട്ടെ. അത്തരം കളികള്‍ അവരുടെ ശാരീരിക മാനസിക വളര്‍ച്ചക്ക് കൂടുതല്‍ ഊര്‍ജമേകും. രോഗങ്ങള്‍ അകന്നു നില്‍ക്കും. 

കളികള്‍ക്കൊപ്പം അവര്‍ മത്സരങ്ങളിലും പങ്കെടുക്കട്ടെ. വമ്പന്‍ കമ്പനികള്‍ പരസ്പരം മത്സരിച്ച് പ്രോഡക്ടുകള്‍ ഇറക്കിയാണ് നേട്ടങ്ങള്‍ കൊയ്യുന്നത്. അതേ പോലെ കുട്ടികള്‍ പരസ്പരം മത്സര കളികളില്‍ ഏര്‍പ്പെടുന്നത് അവരുടെ കഴിവുകള്‍ വര്‍ധിപ്പിക്കാനും ഉന്നതങ്ങളില്‍ എത്തിപ്പെടാനും കാരണമാകും. മത്സരങ്ങളില്‍ പങ്കെടുത്താല്‍ അപകടങ്ങള്‍ വരുത്തിവെക്കുമെന്ന ഭയവും പഠനത്തില്‍ മാത്രം ശ്രദ്ധ മതിയെന്നു പറയുന്നരും മാറ്റി ചിന്തിക്കേണ്ടതുണ്ട്. 

മത്സരങ്ങളിലെ ജയമെന്ന പോലെ പരാജയവും പ്രധാനപ്പെട്ടതു തന്നെയാണ്. കുട്ടികള്‍ ജയിക്കണമെന്ന വാശി പാടില്ല. സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും കഴിവുകള്‍ കൂടുതല്‍ പുറത്തെടുക്കാനും വെല്ലുവിളികളെ സ്വീകരിക്കാനും സാധിക്കാന്‍ പരാജയം കൂടിയേ തീരു. 

മത്സര ബുദ്ധിയാണ് ഇന്നത്തെ കാലത്ത് ആവശ്യം. വലിയ കമ്പനികളുടെ ഇന്റര്‍വ്യൂകള്‍ നോക്കൂ. മാര്‍ക്കിനേക്കാള്‍ പരിശോധന കഴിവുകളിലേക്കാണ്. നിശ്ചയ ദാര്‍ഢ്യവും പൊരുതാനുള്ള മനസ്സും നേതൃത്വ പാഠവും ഉണ്ടാകണമെങ്കില്‍ മത്സര ബുദ്ധിയും ആവശ്യമാണ്. അതിനാല്‍ പഠനത്തില്‍ എങ്ങനെ ശ്രദ്ധ കൊടുക്കുന്നുവോ അത്രത്തോളം കുട്ടികളുടെ കളികളിലും മത്സരങ്ങളിലും ശ്രദ്ധ കൊടുക്കണം. 

Post a Comment

Previous Post Next Post

Hot Posts