തെരുവുനായയെ കൊല്ലണോ വളർത്തണോ?ഇസ്ലാമിക വീക്ഷണം

തെരുവുനായയെ കൊല്ലണോ വളർത്തണോ?ഇസ്ലാമിക വീക്ഷണം Vision of islam on killing dogs


വീട്ടുവരാന്തയിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികളെ തെരുവു നായ്ക്കൾ കടിച്ചു കീറിയ വാർത്ത വായിച്ചപ്പോൾ നടുക്കം തോന്നി. ചേർത്തല അർത്തുങ്കലിൽ പട്ടി കടിച്ചത് വീട്ടുകാരിൽ നിന്ന് മറച്ചു വെച്ചതിനെ തുടർന്ന് പതിനാലുകാരൻ പേവിഷബാധ മൂലം മരിച്ച വാർത്തയും കാലിന് തെരുവ് നായയുടെ മാന്ത് ഏറ്റിട്ടും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാതെ അവഗണിച്ച വയനാട് സുൽത്താൻ ബത്തേരി മുത്തങ്ങയിൽ നിന്നുള്ള മുപ്പതുകാരനായ യുവാവ് മരണപ്പെട്ട വാർത്തയും കേട്ടിരുന്നു. തെരുവുനായകളും അവ മൂലമുണ്ടാകുന്ന പ്രയാസങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ ശരിയായ ദിശയിലുള്ള പരിഹാരങ്ങൾ ആരായേണ്ടതുണ്ട്.

നായകളെ_കൊല്ലാമോ?

മദീനയിൽ ഒരിക്കൽ തെരുവുനായ ശല്യം രൂക്ഷമായി. വഴികളിലും കവലകളിലും നായകളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. വീട്ടുമുറ്റത്തേക്കു പോയിട്ടു പലപ്പോഴും വരാന്തയിലേക്കു പോലും ഇറങ്ങാൻ വയ്യാത്ത നില. അന്നൊക്കെ ഇന്നത്തേ പോലെ ഭദ്രമായ പാർപ്പിട സൗകര്യങ്ങൾ കുറവായിരുന്നല്ലോ. അടച്ചുറപ്പുള്ള വാതിലിനു പകരം തുണി കൊണ്ടുള്ള കർട്ടണോ ഈന്തപ്പനയോല കൊണ്ടുള്ള മറയോ ഒക്കെയാണ് വ്യാപകമായി ഉപയോഗിച്ചിരുന്നത്. അതിനുള്ളിലൂടെയെല്ലാം നൂണ്ടു കയറി വീട്ടിനകത്തും കട്ടിലിനടിയിലും നായ കിടക്കുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. പലർക്കും ഉപദ്രവമേറ്റു. ഈ സന്ദർഭത്തിലാണ് നായ്ക്കളെ കൊല്ലാനുള്ള ഉത്തരവ് ഉണ്ടാകുന്നത്.
നായ ശല്യം കാരണം പൊറുതി മുട്ടിയിരുന്ന മദീനക്കാർ തെരുവുനായ്ക്കളെ കൊന്നൊടുക്കി കുഴിച്ചുമൂടി. ശല്യം ഏറെക്കുറെ ഒതുങ്ങിയിട്ടും പലരും നായയെ എവിടെ കണ്ടാലും ഓടിച്ചിട്ടു കൊല്ലുന്നത് തുടർന്നു. ഗ്രാമങ്ങളിൽ നിന്നു പല തരത്തിലുള്ള ദൈനംദിന ആവശ്യങ്ങൾക്കും മറ്റുമായി പട്ടണത്തിലേക്ക് (മദീന) വരുന്ന ഒറ്റക്കു സഞ്ചരിച്ചിരുന്ന സ്ത്രീകൾ അവരുടെ സുരക്ഷിതത്വത്തിന് കൂടെ കൂട്ടിയിരുന്ന നായ്ക്കളെ വരെ കൊല്ലപ്പെടുന്ന അനുഭവങ്ങളുണ്ടായി. വിവരമറിഞ്ഞ തിരുനബി ﷺ അവയെ വംശനാശം വരുത്തരുതെന്നും ഉപദ്രവകാരികളായ ഇനത്തെ മാത്രമേ കൊല്ലാവൂ എന്നും നിർദ്ദേശിച്ചു.
عَنْ عَبْدِ اللَّهِ بْنِ مُغَفَّلٍ، قالَ: قالَ رَسُولُ اللَّهِ ﷺ: لَوْلا أنَّ الكِلابَ أُمَّةٌ مِنَ الأُمَمِ لَأمَرْتُ بِقَتْلِها، فاقْتُلُوا مِنها الأسْوَدَ البَهِيمَ
നായകളും നിങ്ങളെപ്പോലെ ഒരു ജീവിവർഗം അല്ലായിരുന്നെങ്കിൽ വംശഹത്യ നടത്താൻ ഞാൻ കല്പിക്കുമായിരുന്നു; നിങ്ങളവയിലെ കടും കറുപ്പു നിറത്തിലുള്ള പട്ടികളെ മാത്രമേ കൊല്ലാവൂ (സുനനു അബീദാവൂദ് 3/108).
جابر بن عبد الله ، يقول : أمرنا رسول الله صلى الله عليه وسلم بقتل الكلاب، حتى إن المرأة تقدم من البادية بكلبها، فنقتله، ثم نهى النبي صلى الله عليه وسلم عن قتلها، وقال : " عليكم بالأسود البهيم ذي النقطتين ؛ فإنه شيطان

"നായ്ക്കളെ കൊല്ലാൻ റസൂലുല്ലാഹി ﷺ ഞങ്ങളോടു ഉത്തരവിട്ടു. ഞങ്ങളാവട്ടെ, മരുഭൂമിയിൽ നടന്നു വരുന്ന സ്ത്രീയോടൊപ്പമുള്ള നായയെ വരെ കൊല്ലാൻ തുടങ്ങി. അപ്പോൾ തിരുനബി ﷺ നായ്ക്കളെ ഒന്നടങ്കം കൊല്ലുന്നതിനു നിരോധനം ഏർപ്പെടുത്തി. അവിടുന്ന് പ്രഖ്യാപിച്ചു : "കണ്ണിൽ പുള്ളികളുള്ള, കടും കറുപ്പു നിറത്തിലുള്ള നായയെ മാത്രം കൊന്നാൽ മതി. അതു ഉപദ്രവകാരിയാണ്" (മുസ്‌ലിം : 1572).
കടും കറുപ്പുള്ള ഇനത്തെ കൊല്ലാൻ അനുവദിച്ചത് അന്നത്തെ അവിടെ ഉണ്ടായിരുന്ന പ്രാദേശിക സാഹചര്യത്തിലെ ഉപദ്രവകാരികളായ ഒരു ഇനത്തെയാണ്. ആ അനുവാദവും പിന്നീട് റദ്ദാക്കപ്പെട്ടിട്ടുണ്ട്.
സുൽത്വാനുൽ ഉലമാഅ് എന്ന പേരിൽ പ്രസിദ്ധനായിരുന്ന വിശ്രുത ശാഫിഈ കർമശാസ്ത്ര വിശാരധനായ അൽ ഇമാം ഇസ്സുദ്ദീനി ബ്നു അബ്ദിസ്സലാം റ. തന്റെ الغاية في اختصار النهاية എന്ന ഗ്രന്ഥത്തിൽ വിവിധ തരം കച്ചവടങ്ങളെ സംബന്ധിച്ചു വിശദമായി ചർച്ച നടത്തുന്ന ഭാഗത്ത് പട്ടിയുടെയും ഇതര ജീവികളുടെയും വിൽപന (باب بيع الكلاب وغيرها) എന്ന ഒരു അധ്യായമുണ്ട്. അവിടെ ഗ്രന്ഥകർത്താവ് രേഖപ്പെടുത്തുന്നതിങ്ങനെ:
ويحرم قتل الكلاب وإن لم يُنتفع بها، إلّا الكَلِبَ والعقورَ الضاريَ بطبعه بالإفساد، ولا يُتوانى في قتل الكَلبِ العَقور؛ لعِظَم شرِّه، وقد نُسخ جواز قتل الأسود البهيم

നായ്ക്കളെ കൊണ്ടു പ്രയോജനമില്ലെങ്കിൽ കൂടി അവയെ കൊല്ലാൻ പാടില്ല, പേവിഷ ബാധയുള്ളതോ പ്രകൃത്യാ ആക്രമണ സ്വഭാവമുള്ള ഉപദ്രവകാരിയായതോ ആയവ ഒഴിച്ച്. ആക്രമണ സ്വഭാവമുള്ള കടിക്കുന്ന പട്ടിയെ, അതുകൊണ്ടുള്ള ഉപദ്രവം ഗുരുതമായതിനാൽ കൊല്ലുന്നതിനു തടസ്സമില്ല. "കടും കറുപ്പു നിറത്തിലുള്ള" നായയെ കൊല്ലാനുള്ള അനുമതി റദ്ദാക്കപ്പെട്ടിട്ടുണ്ട് (الغاية في اختصار النهاية ٣/‏٣٤٨).
നായയുടെ നിറത്തിനല്ല, ആക്രമണ സ്വഭാവത്തിനാണ് കൊല്ലപ്പെടാമോ എന്നതിൽ പരിഗണന അർഹിക്കുന്നത് എന്ന കാര്യം ഊന്നിപ്പറയാനാണ് ഇതിത്രയും പറഞ്ഞത്. മറ്റാെരു ഹദീസിൽ ഇങ്ങനെ വായിക്കാം:
عن عائشة رضي الله عنها، قالت : قال رسول الله صلى الله عليه وسلم : " خمس من الدواب كلها فواسق تقتل في الحرم : الغراب، والحدأة، والكلب العقور ، والعقرب، والفأرة ".

അഞ്ചു ജീവികൾ - അവ ഓരോന്നും ഉപദ്രവകാരികളാണ് - ഹറമിൽ വെച്ച് പോലും കൊല്ലൽ അനുവദനീയമാണ് : കാക്ക, പ്രാപ്പിടിയൻ, കടിക്കുന്ന ആക്രമണ സ്വഭാവമുള്ള പട്ടി, തേൾ, എലി എന്നിവയാണവ" (മുസ്‌ലിം : 1198).
ചില ഹദീസുകളിൽ തേളിന് പകരം പാമ്പിനെ പരാമർശിച്ചിരിക്കുന്നു. ചിലതിൽ കാക്കയെ ”അൽ ഗുറാബുൽ അബ്കഅ്” (وَالْغُرَابُ الأَبْقَعُ) എന്ന് പ്രത്യേകമായി വിശേഷിപ്പിച്ചിട്ടുണ്ട്.
ഇമാം ബദ്റുദ്ദീനിൽ ഐനി റ. രേഖപ്പെടുത്തുന്നു: “ ഉപദ്രവകാരികളായ ജീവികളുടെ ഗണത്തിൽ കാക്കയെ എണ്ണിയപ്പോൾ, “വെള്ളയും കറുപ്പും നിറം കലർന്ന കാക്ക” (وَالْغُرَابُ الأَبْقَعُ) എന്ന് ഒരു ഹദീസിൽ പ്രത്യേകമായി വിശേഷിപ്പിച്ചിരിക്കുന്നല്ലോ. കാക്കയെ കൊല്ലാൻ അനുവാദം നൽകിയത് കാക്ക ഇങ്ങോട്ട് ഉപദ്രവിക്കുന്നു എന്നതിനാലാണ്. “വെള്ളയും കറുപ്പും നിറം കലർന്ന കാക്ക”കളാണ് ഇങ്ങോട്ട് ഉപദ്രവിക്കുക. അതല്ലാത്ത, ഉപദ്രവകാരികളല്ലാത്ത കാക്കകളെ കൊല്ലാൻ പാടില്ല എന്നും ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം.” (ഉംദത്തുൽ ഖാരി 10:180)
മനുഷ്യനെ കടിക്കുകയും ആക്രമിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന പുലി, സിംഹം, ചെന്നായ എന്നിവയും കടിക്കുന്ന നായയുടെ സ്ഥാനത്ത് തന്നെയാണെന്നു ഇമാം മാലിക് റ.വിനെ ഉദ്ധരിച്ച് ഇമാം അബുൽ വലീദിൽ ബാജീ റ. താൻ മുവത്വക്കെഴുതിയ വിശദീകരണമായ അൽ മുൻതഖാ 2/262ൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇമാം ഇബ്നു ഹജരിൽ അസ്ഖലാനി റ. പറഞ്ഞു: “കൊല്ലാൻ അനുവാദം നൽകിയതിന് കാരണം മനുഷ്യരെ ഉപദ്രവിക്കുക എന്നതാണെന്നാണ് ഈ ഹദീസിന്റെ ആശയം. അപ്പോൾ മനുഷ്യരെ ഉപദ്രവിക്കുന്ന ഏത് ജീവിയേയും ആവശ്യഘട്ടത്തിൽ "ഉപദ്രവകാരികൾ" എന്നതിൽ ഉൾപ്പെടുത്താം.” (ഫത്ഹുൽ ബാരി: 4:30)
ഈ വിഷയത്തിൽ ഇസ്‌ലാം മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാട് എന്താണ് എന്ന് മനസ്സിലാക്കാൻ ഈ വിശദീകരണം തന്നെ ധാരാളമായിരിക്കും. മനുഷ്യനാണ് നമ്മുടെ മുഖ്യപ്രമേയം. അവന്റെ ആത്യന്തികമായ നൻമയും അപായ രഹിതമായ ജീവിത സാഹചര്യവും ഉറപ്പു വരുത്തുന്നതിനാണ് പ്രഥമ പരിഗണന.

കറുത്തനായ_ശയ്ത്വാനാണോ?

നടേ ഉദ്ധരിച്ച "കണ്ണിൽ പുള്ളികളുള്ള, കടും കറുപ്പു നിറത്തിലുള്ള നായയെ മാത്രം കൊന്നാൽ മതി. അതു ഉപദ്രവകാരിയാണ്" എന്ന ഹദീസിന്റെ അറബി വാചകത്തിൽ വന്നിട്ടുള്ള فإنه شيطان എന്ന പദപ്രയോഗം കണ്ടാണ് ചില സാധുക്കൾ തിരുനബി ﷺ ഒരു മിണ്ടാപ്രാണിയെ പിശാച് എന്നു ആക്ഷേപിച്ചു എന്നു അട്ടഹസിക്കുന്നത്. അവസാനം ഉദ്ധരിച്ച ബീവി ആഇശ റ.യുടെ ഹദീസ് നോക്കൂ, സമാനമായ ഒരു പരാമർശം അതിലും ഉണ്ട് - അഞ്ചു ജീവികൾ ഫാസിഖുകളാണ് എന്ന്! അതിന്റെ അർഥം തെമ്മാടി എന്നല്ല. അറബി ഭാഷയെ സംബന്ധിച്ച് തെല്ലും വിവരമില്ലാത്തവരാണ് അർത്ഥശൂന്യമായ ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്.
ശയ്ത്വാൻ എന്ന പദത്തിന്റെ അർത്ഥം متمرد / ധിക്കാരി, شرير / ഉപദ്രവകാരി എന്നെല്ലാമാണ്. അനുസരിക്കാനും വിധേയപ്പെടാനും നൽകുന്ന നിർദ്ദേശങ്ങളിൽ നിന്ന് ധിക്കാരപൂർവ്വം മാറിനിന്നു എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ശത്വന എന്ന പദത്തിൽ നിന്നാണ് ഈ വാക്ക് നിഷ്പന്നമായിരിക്കുന്നത്. ഹദീസിന്റെ പശ്ചാത്തലം വായിച്ചാൽ ഇവിടെ ആ അർത്ഥത്തിൽ ആലങ്കാരികമായാണ് ഈ പദം ഉപയോഗിച്ചിട്ടുള്ളത് എന്ന് ആർക്കും മനസ്സിലാക്കാവുന്നതാണ്. ഉപദ്രവകാരികളായ അഞ്ചു ജീവികളെ ഫാസിഖുകൾ എന്നു പറഞ്ഞതും ഇങ്ങനെ ആലങ്കാരികാർത്ഥത്തിൽ തന്നെ. പല സന്ദർഭങ്ങളിലായി ഇക്കാര്യം ആവർത്തിച്ചിട്ടുള്ളതിനാൽ ദൈർഘ്യം ഭയന്ന് ഒഴിവാക്കുന്നു. ഹദീസിന്റെ വ്യാഖ്യാനത്തിൽ മുബാറക് ഫൂരി റ. നൽകുന്ന വിശദീകരണം കാണുക:
وجعل الكلب الأسود البهيم شيطانا لخبثه، فإنه أضر الكلاب وأعقرها، والكلب أسرع إليه منه إلى جميعها، وهي مع هذا أقلها نفعا وأسوءها حراسة وأبعدها من الصيد وأكثرها نعاسا - تحفة الأحوذي 5/ 53

"കടും കറുപ്പു നിറത്തിലുള്ള നായയെ ശയ്ത്വാൻ എന്നു പ്രയോഗിച്ചത് അതിന്റെ ദ്രോഹം അത്രയേറെ ഉള്ളതിനാലാണ്. നായ്ക്കളിൽ ഏറ്റവും അക്രമണ സ്വഭാവിയും ഉപദ്രവകാരിയും അതാണ്. ഇപ്പറഞ്ഞവയിലേക്കെല്ലാം ശയ്ത്വാനേക്കൾ ഊറ്റം ഈ തരം നായക്കാണ്. അതോടൊപ്പം, നായ്ക്കളെ കൂട്ടത്തിൽ ഉപകാരം ഏറ്റവും കുറഞ്ഞതും കാവൽ നിൽക്കുന്നതിൽ ഏറ്റവും മോശമായതും വേട്ടയാടാനുള്ള മികവു വളരെയധികം അന്യം നിൽക്കുന്നതും ഉറക്കം ഏറ്റവും കൂടുതലുള്ളതും ഈ ഇനത്തിനാണ്" (തുഹ്ഫതുൽ അഹ്​വദീ 5/53).
ആക്ഷരികമായി പിശാച് എന്ന അർഥത്തിനാണ് അതു ഉപയോഗിച്ചതെന്നും കൊല്ലാൻ നിർദ്ദേശിക്കപ്പെട്ടിരുന്ന, അന്നു മദീനയിൽ ഉപദ്രവം ഉണ്ടാക്കിയിരുന്ന ആ കറുത്ത നായ്ക്കൾ ശയ്ത്വാൻ "കൂടുമാറ്റം" നടത്തിയതാണെന്നും ചിലയാളുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ദേഷ്യം വരുമ്പോൾ "നീ പോടാ ശയ്ത്വാനേ" എന്നു വിളിക്കാറില്ലേ ചിലർ. അതിനർഥം വിളിക്കപ്പെട്ടയാൾ പിശാചു വർഗത്തിൽ പെട്ടതാണെന്നല്ലല്ലാേ. സത്യമതത്തിന്റെ പ്രബോധനത്തിനെതിരായി പൊതുജനങ്ങളെ ഇളക്കിവിടാനും പ്രകോപിപ്പിക്കാനും സൂത്രോക്തികളും കുതന്ത്രങ്ങളും സംശയാശങ്കകളും ഉപയോഗിക്കുന്നവരെ "മനുഷ്യരിലെ ശയ്ത്വാൻമാർ" എന്നു സൂറതുൽ അൻആം 112 ൽ പരാമർശിച്ചതു പോലെയുള്ള ഒരു പ്രയോഗമാണിതും. സമാനമായ ഒരു വിശദീകരണം ഇമാം ഇബ്നു ഖയ്യിമിൽ ജൗസിയ്യ നൽകുന്നുണ്ട്.
وإن كان المراد به أن الكلب الأسود شيطان الكلاب فإن كل جنس من أجناس الحيوانات فيها شياطين، وهي ماعتا منها وتمرد، كما أن شياطين الإنس عتاتهم ومتمردوهم - إعلام الموقعين عن رب العالمين 2/ 93

ശ്വാനവർഗത്തിലെ ശയ്ത്വാനാണ് കറുത്ത നായ എന്നാണു ഉദ്ദേശ്യമെങ്കിൽ: തീർച്ചയായും എല്ലാ ജീവിവർഗത്തിലും ശയ്ത്വാൻമാർ ഉണ്ട് - അതാതു വർഗത്തിലെ ഏറ്റവും ധിക്കാരിയും അക്രമണകാരിയും ആയവയാണവ. മനുഷ്യവർഗത്തിലെ ഏറ്റവും ധിക്കാരികളും ഉപദ്രവകാരികളും ആയവർ അവരിലെ ശയ്ത്വാൻമാർ ആയ പോലെ (ഇഅ്ലാമുൽ മൂഖിഈൻ 2/93).
കൊല്ലാൻ കല്പിക്കപ്പെടും വിധം ഉപദ്രവകാരികളായിരുന്നതിനാൽ ആലങ്കാരികമായാണ് അങ്ങനെ വിളിച്ചിട്ടുള്ളത് എന്നു സംക്ഷിപ്തം.
സുൽത്വാനുൽ ആരിഫീൻ ശയ്ഖ് രിഫാഈ റ. ഒരിക്കല്‍ ഉമ്മു അബീദാ ഗ്രാമത്തില്‍ കഠിനമായ രോഗത്താല്‍ ശരീരം മുഴുവന്‍ വ്രണം പൊട്ടിയലിക്കുന്ന ഒരു നായയെ കാണാനിടയായി. അസഹ്യമായ ദുര്‍ഗന്ധം മൂലം നാട്ടുകാര്‍ അതിനെ ഗ്രാമത്തിനു പുറത്തേക്കു ആട്ടിപ്പായിച്ചു. ഇതറിഞ്ഞ ശയ്ഖ് രിഫാഈക്ക് വേദന തോന്നി.
അദ്ദേഹം ആവശ്യമായ മരുന്നും ഭക്ഷണവും വെള്ളവും എടുത്തു നായയെ തേടി പുറപ്പെട്ടു. നായയെ കണ്ടെത്തി ഒരു പുഴയിൽ കൊണ്ടുപോയി കുളിപ്പിച്ചു.
പിന്നീട് ഒരു കൂടാരം നിര്‍മിച്ച് അവിടെ താമസിപ്പിച്ചു. ദിവസവും ഭക്ഷണവും മരുന്നും നല്‍കി ശുശ്രൂഷിച്ചു. നാല്‍പത് ദിവസങ്ങള്‍ക്ക് ശേഷം നായ പൂര്‍ണ ആരോഗ്യം പ്രാപിക്കുകയും അതിനെ പഴയ സ്ഥലത്ത് തന്നെ കൊണ്ടുവിടുകയും ചെയ്തു.
ഒരു നായയെ ഇത്രമേല്‍ ശുശ്രൂഷിക്കേണ്ടതുണ്ടോ? എന്ന് അത്ഭുതം കൂറിയ നാട്ടുകാരോട് ശയ്ഖ് പറഞ്ഞു: ‘നാളെ, പാരത്രിക ലോകത്ത് അല്ലാഹുവിന്റെ കോടതിയിൽ ഈ നായ കാരണം ചോദ്യം ചെയ്യപ്പെടലിനെ ഞാന്‍ ഭയക്കുന്നു.’
തീരെ ഉപദ്രവകാരികളല്ലാത്ത, ശല്യമോ അപായമോ വരുത്താത്ത തെരുവു നായ്ക്കളെ എന്തു ചെയ്യണം? എന്ന ചോദ്യം ഉയരുമ്പോഴെല്ലാം ഈ സംഭവമാണ് മനസിലേക്കു തള്ളിക്കയറി വരാറുളളത്. സഗൗരവം ആലോചിക്കേണ്ട വിഷയവും സമയവുമാണിത്.
നായ്ക്കളെ വംശഹത്യ ചെയ്യാൻ നമുക്ക് അനുമതിയില്ല. എങ്കിൽ പിന്നെ പോറ്റി വളർത്താമോ? നോക്കൂ, സ്വഹീഹു മുസ്‌ലിമിലെ ഒരു അധ്യായത്തിന്റെ തലവാചകം ഇങ്ങനെയാണ്:
باب الْأَمْر بِقَتْلِ الْكِلَابِ، وَبَيَانُ نَسْخِهِ، وَبَيَانُ تَحْرِيمِ اقْتِنَائِهَا إِلَّا لِصَيْدٍ، أَوْ زَرْعٍ، أَوْ مَاشِيَةٍ، وَنَحْوِ ذَلِكَ -

നായ്ക്കളെ കൊല്ലാൻ കല്പിച്ചതും ആ നിയമം അസാധുവാക്കിയതിന്റെ വിശദീകരണവും വേട്ടയാടൽ, കൃഷി, നാൽക്കാലികളെ മേയ്ക്കൽ തുടങ്ങിയ പ്രയോജനങ്ങൾക്കു വേണ്ടിയല്ലാതെ നായ്ക്കളെ വളർത്തരുതെന്ന വിശകലനവും തരുന്ന അധ്യായം. അഥവാ, ഇത്തരം പ്രയോജനങ്ങൾക്കു വേണ്ടി അവയെ വളർത്തൽ അനുവദനീയമാണ് എന്നർഥം.
ഖുർആനിൽ മൂന്ന് സന്ദർഭങ്ങളിൽ നായ പരാമർശിക്കപ്പെടുന്നുണ്ട്. രണ്ടിടങ്ങളിൽ വ്യക്തമായും ഒരിടത്ത് വ്യംഗ്യമായും. ഒരിടത്ത് തന്നെ നാല് വട്ടം നായയുടെ അറബി വാക്കായ 'കൽബ്' പ്രയോഗിക്കപ്പെടുന്നു, അൽ കഹ്ഫ് അധ്യായത്തിൽ. വ്യംഗമായ പരാമർശം ഭക്ഷ്യയോഗ്യമായ വസ്തുക്കളെ വിവരിക്കുന്ന കൂട്ടത്തിലാണ്. അൽമാഇദ അധ്യായം നാലാം വചനത്തിൽ ഇങ്ങനെ വായിക്കാം:
وما عَلَّمْتُمْ مِنَ الجَوارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمّا عَلَّمَكُمُ اللَّهُ فَكُلُوا مِمّا أمْسَكْنَ عَلَيْكم واذْكُرُوا اسْمَ اللَّهِ عَلَيْهِ.

"… അല്ലാഹു നല്‍കിയ അറിവു പ്രകാരം നിങ്ങൾ പരിശീലിപ്പിച്ചെടുത്ത നായാട്ടു മൃഗങ്ങൾ പിടിച്ചു തരുന്നതും ഭക്ഷിക്കാവുന്നതാണ്. അതിൻമേൽ ബിസ്മി ചൊല്ലുകയും വേണം…."
ഈ വചനത്തിൻ്റെ വ്യാഖ്യാന പ്രകാരം പരിശീലിപ്പിച്ചെടുത്ത നായാട്ടു മൃഗങ്ങളോ പറവകളോ പിടിച്ചു കൊണ്ട് വന്ന ഇരകൾ ഭക്ഷ്യയോഗ്യമാണ്. ആയതിൽ പറഞ്ഞ الجَوارِحُ / നായാട്ടു മൃഗങ്ങൾ എന്നതിൽ കേവലം നായ്ക്കൾ മാത്രമല്ല ഉൾപ്പെടുന്നത്.
والجَوارِحُ يَعْنِي: الكِلابَ، والفُهُودَ، والصُّقُورَ، وأشْباهَها
(الدر المنثور — جلال الدين السيوطي (٩١١ هـ)

പരിശീലനം നൽകപ്പെടുന്ന വേട്ടമൃഗങ്ങളിൽ മുൻപന്തിയിലുള്ളത് നായയാണ് എന്നുമാത്രം. അത് കൊണ്ടാണ് ആ പരിശീലനത്തെ കുറിക്കാൻ 'കല്ലബ' / 'തക്‌ലീബ്' എന്ന അറബി വാക്ക് ഉപയോഗിച്ചത്. അത് നായയെ കുറിക്കുന്ന കൽബ് എന്ന ദാതുവിൽ നിന്നുള്ളതാണ്. നരി, കഴുകൻ, രാജ കിളി പോലുള്ളവയും ഇങ്ങനെ വേട്ടയ്ക്ക് ഉപയോഗിക്കാറുണ്ട് എങ്കിലും സമാന്യവൽക്കരണത്തിൻ്റെ ഭാഗമായി അവയും കല്ലബ എന്ന വാക്കിൻ്റെ വിവക്ഷയിൽ വരികയാണ്. നമ്മുടെ ഭാഷയിൽ പോലും വേട്ടയ്ക്ക് നായാട്ട് എന്ന് പ്രയോഗമുണ്ടല്ലോ. പരിശീലനം നേടുന്ന വിഷയത്തിൽ നായകൾ അത്രയേറെ മുൻപന്തിയിലാണ് എന്ന സൂചന കൂടി ആ പദത്തിൽ ഉണ്ട്.
മുകളിൽ പറഞ്ഞ ആയത്തിന്റെ വാചക ഘടന ശ്രദ്ധിച്ചോ? നിങ്ങൾ പരിശീലനം നൽകി പഠിപ്പിച്ചെടുത്തവ നായാടി കൊണ്ടുവന്നത് എന്ന അടിസ്ഥാന ആശയത്തിന് പുറമേ സന്ദർഭോചിതം ചേർത്തിട്ടുള്ള ഒരു അധിക വാചകം അവിടെയുണ്ട് - تُعَلِّمُونَهُنَّ مِمّا عَلَّمَكُمُ اللَّهُ - അല്ലാഹു നിങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുള്ള അറിവ് പ്രകാരമാണ് നിങ്ങൾ അവയെ പഠിപ്പിക്കുന്നത് എന്ന്! തീർച്ചയായും മൃഗങ്ങളെ വേട്ടയാടാൻ പഠിപ്പിക്കുന്നതും മറ്റു ആവശ്യങ്ങൾക്ക് വേണ്ടി പരിശീലിപ്പിക്കുന്നതും അല്ലാഹു തആല നമുക്ക് തന്നിട്ടുള്ള സവിശേഷ സിദ്ധിയുടെ ഭാഗം തന്നെ.
നായക്കാവട്ടെ, മറ്റേതു ജീവിക്കും ആവട്ടെ - പരിശീലനം ലഭിക്കണമെങ്കിൽ നാം ബോധപൂർവ്വം പരിശീലിപ്പിക്കണമല്ലോ. അതാണ് നേരത്തെ പറഞ്ഞ തക്‌ലീബ്. കേവലം വിനോദത്തിനും ആസ്വാദനത്തിനും വേണ്ടി നായകളെ വളർത്തുവാൻ പാടില്ല. അതേസമയം നടേ സൂചിപ്പിച്ചതു പോലെയുള്ള മനുഷ്യോപകാരപ്രദമായ പല കാര്യങ്ങൾക്കും തക്‌ലീബിലൂടെ ആവശ്യമായ വിഭവശേഷി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. അതും മതം വിലക്കിയിട്ടില്ലാത്ത കാര്യമാണ്. കൃത്യമായ പരിശീലനം നൽകുന്ന Dog Training Centre കൾ ഇക്കാലത്ത് ധാരാളം ഉണ്ട്. പലപ്പോഴും ഫേസ്ബുക്കിലോ യൂടൂബിലോ ആ തരത്തിലുള്ള ധാരാളം വീഡിയോകൾ നാം കണ്ടവരാണ്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈനായും ഓഫ്‌ലൈനായും ഡോഗ് ട്രെയിനിങ് കോഴ്സുകൾ നടത്തുന്നുണ്ട്. നമ്മുടെ പോലീസ് ഫോഴ്സിന്റെ ഭാഗമായി ഈ തരത്തിലുള്ള ട്രെയിനിങ് നടക്കുന്നുണ്ട്. പല തരത്തിലുള്ള ഗാർഹിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും പലയിടങ്ങളിലും ഡോഗ് ഫോഴ്സിനെ പ്രയോജനപ്പെടുത്തുന്നുണ്ട്. അത്തരം പരിശീലനം നേടിയ നായകളെ കൊല ചെയ്യാൻ പാടില്ല എന്ന് ഇസ്‌ലാമിൽ നിയമമുണ്ട് എന്നുകൂടി ഓർക്കുക.
ശാഫിഈ കർമ ശാസ്ത്രത്തിലെ പ്രശസ്തമായ ബുശ്റൽ കരീം രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ് :
ويحرم قتل الكلب المعلم اتفاقا، وكذا ما لا نفع فيه ولا ضرر على الأصح.
പരിശീലനം നേടിയ നായകളെ കൊല്ലുന്നത് നിഷിദ്ധമാണ്. ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നതയില്ല. അതുപോലെ, പ്രയോജന രഹിതവും എന്നാൽ ഉപദ്രവ രഹിതവുമായവയെ കൊല്ലുന്നതും ഏറ്റവും ശരിയായ അഭിപ്രായം അനുസരിച്ച് നിഷിദ്ധം തന്നെ (بشرى الكريم بشرح مسائل التعليم ١/‏١٣٨).
തെരുവിൽ അലയുന്ന നായകളെ - ഉപദ്രവകാരികൾ അല്ലെങ്കിൽ - ഭയപ്പെടുത്താതിരിക്കുക, ഉപദ്രവിക്കാതിരിക്കുക. സാധ്യമാകുമെങ്കിൽ തക്‌ലീബ് സെന്ററുകൾ ആരംഭിക്കുകയും ആവശ്യമായ പരിശീലനങ്ങൾ നൽകി വീടിന് പുറത്തുള്ള ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യുക. വീടിനകത്ത് നായ കയറിയാൽ അനുഗ്രഹത്തിന്റെ മാലാഖമാർ വരില്ലെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. തക്‌ലീബ് സെന്ററുകൾക്ക് സർക്കാറിനോ സന്നദ്ധ സംഘടനകൾക്കോ നേതൃത്വം നൽകാവുന്നതാണ്. പരിശീലന മുറക്ക് ചെലവാകുന്ന തുക മാത്രം ഈടാക്കി സംരക്ഷിക്കാൻ സാധ്യമാകുന്നവർക്ക് വിട്ടു കൊടുക്കണം. തെരുവിൽ അലയുന്ന മനുഷ്യരെ നാം സംരക്ഷിക്കാറില്ലേ, അതുപോലെ ഇവയെ കൂടി സംരക്ഷിക്കാനും പ്രായോഗികമായി നമ്മുടെ വിഭവശേഷിയുടെ ഭാഗമാക്കി മാറ്റാനും സാധിക്കും.
ശ്രദ്ധിക്കുക, നായ നനഞ്ഞ നിലയിലാേ അല്ലെങ്കിൽ നനഞ്ഞ വസ്തുവിനെയോ സ്പർശിച്ചാൽ ഏഴു തവണ കഴുകണമെന്നും അതിലൊന്ന് മണ്ണ് കലക്കിയ വെള്ളം കൊണ്ട് ആകണമെന്നും മതം അനുശാസിക്കുന്നുണ്ട്. നായയെ സംരക്ഷിക്കാനും പ്രയോജനപ്പെടുത്താനും മുതിരുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം. കൃഷിക്കോ കാവലിനോ ഡിറ്റക്ടീവ് വർക്കുകൾക്കോ നായകളെ വളർത്തുന്നവർ മറ്റുള്ളവർക്ക് ഉപദ്രവം ആകുന്നില്ലെന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം. മനുഷ്യരുടെ സ്വതന്ത്രവും സ്വൈര്യവുമായ ജീവിത സാഹചര്യങ്ങളാണ് പ്രഥമ പരിഗണന അർഹിക്കുന്നത് എന്ന കാര്യം വിട്ടു പോകരുത്.
കടപ്പാട്: സജീര്‍ ബുഖാരി

Post a Comment

Previous Post Next Post

Hot Posts