“ജാഹിലിയ്യാ കാലത്ത് തന്നെ സൈനബ്(റ) ഉമ്മുൽ മസാകീൻ അഥവാ ദരിദ്രരുടെ മാതാവ് എന്ന് വിളിക്കപ്പെട്ടിരുന്നു
ഇമാം സുഹ്രി
സൈനബ് ബിൻത് ഖുസൈമ(റ)
പിതാവ് | ഖുസൈമതുബിൻ ഹാരിസ ബിൻ അബ്ദില്ലാഹി ബിൻ ഉമർ |
മാതാവ് | ഔഫിന്റെ പുത്രി ഹിന്ദ് |
ഗോത്രം | ബനൂ ഹിലാൽ |
ജനനം | നുബുവ്വത്തിന്റെ പതിനാലു വർഷം മുമ്പ് |
അപരനാമം | ഉമ്മുൽ മസാകീൻ (ദരിദ്രരുടെ മാതാവ്) |
മഖ്ബറ | ജന്നത്തുൽ ബഖീഹ് |
വിവാഹം | ഹിജ്റ റണ്ടിൽ റമളാൻ മാസം |
വിയോഗം | ഹിജ്റ മൂന്ന് റബീഉൽ ആഖിർ |
പ്രായം | മുപ്പതു വയസ്സ് |
ഔദാര്യത്തിന്റെ ആരാമം
ബനൂഹിലാൽ ഗോത്രക്കാരൻ
ഹാരിസുബ്നു ഖുസൈമയുടെ പുത്രിയാണ് സൈനബ്(റ). ആലംബഹീനരോടും പാവങ്ങളോടു മുള്ള ദയാവായ്പും
കാരുണ്യവും തിരുപത്നിമാരിൽ സൈനബ്(റ)ന്റെ സ്ഥാനം ഉത്കൃഷ്ടമാക്കുന്നു. ഖുറൈശികളല്ലാത്തവരിൽനിന്നും
തരുനബി വിവാഹം ചെയ്യുന്ന ആദ്യ വനിതായണിവർ.
ജനനം
തിരുനബി(സ)ക്ക് നുബുവ്വത്
ലഭിക്കുന്നതിന് ഏകദേശം പതിനാലു വർഷം മുമ്പാണ് ഖുസൈമതിനും ഔഫിന്റെ പുത്രി ഹിന്ദിനും
സൈനബ് പിറക്കുന്നത്. തിരുനബിയുടെ ഭാര്യയായ മൈമൂന(റ)യുടെ ഉമ്മഭാഗത്തൂടെയുള്ള സഹോദരിയാണ്
ബീവി സൈനബ്. ചെറുപ്പത്തിലേ ത്യാഗമനഃസ്ഥിതിയും ഔദാര്യശീലവും സൈനബിന്റെ മുഖമുദ്രായായിരുന്നു.
ഇല്ലാത്തവരെ തേടിപ്പിടിച്ച് നൽകാനും ദരിദ്രരെ സൽക്കരിക്കാനും അവർക്ക് വല്ലാത്ത ആവേശമായിരുന്നു.
സ്ത്രീകൾ പ്രകൃത്യാ ദാനശീലരാണ്. എന്നാലത് കേവലമൊരുപിടി അരിയിലോ നാണയത്തുട്ടുകളിലോ ഒതുങ്ങുകയാണ്
പതിവ്. താൻ പട്ടിണി കിടക്കേണ്ടിവന്നാലും പാവപ്പെട്ടവന്റെ പശിയടക്കാൻ കുഴച്ച മാവുപോലും
ദാനം ചെയ്യുന്ന ചര്യയാണ് സൈനബ്(റ) ലോകത്തെ പഠിപ്പിക്കുന്നത്.
വിവാഹം
തുഫൈലുബ്നു ഹാരിസയാണ്
സൈനബിനെ ആദ്യം വിവാഹം ചെയ്തത്. തുഫൈൽ വിവാഹമോചനം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ സഹോദരൻ
ഉബൈദ്ബനു ഹാരിസ് അവരെ വിവാഹം ചെയ്തു. അദ്ദേഹം ബദർ രണാങ്കണത്തിൽ ശഹീദായി. ശേഷം അബ്ദുല്ലാഹിബിനു
ജഹ്ഷ്(റ) അവരെ വിവാഹം ചെയ്തു. അൽപകാലം ആ ദാമ്പത്യവല്ലരി പടർന്നു.
പരീക്ഷണഘട്ടം
ഉഹ്ദ് യുദ്ധം മുസ്ലിംകൾക്ക്
മുമ്പിൽ കടുത്ത പരീക്ഷണമായിരുന്നു. ബദ്റിലേറ്റ പരാജയത്തിന് കണക്കു ചോദിച്ചുവന്നതായിരുന്നു
ശത്രുക്കൾ. ഘോരമായ യുദ്ധത്തിൽ എഴുപതോളം മുസ്ലിംകൾ രക്തസാക്ഷികളായി.
വീരമൃത്യുവരിച്ചവരുടെ
ആശ്രിതർ ദുഃഖം കടിച്ചമർത്തി. ദിനങ്ങൾ തള്ളിനീക്കി. ഈ കുടുംബങ്ങളെ പുനരുദ്ധരിക്കേണ്ടതും
പുനരധിവസിപ്പിക്കേണ്ടതും തിരുനബിയുടെ ബാധ്യതയായി. തന്റെ അനുയായികൾക്ക് മുഴുവനും മാതൃകയായി
നബി(സ) ആ കൂട്ടത്തിലെ ഏറ്റവും പ്രയാസമനുഭവിക്കുന്ന
ഒരാളെ തെരഞ്ഞടുത്ത് ഇണയാക്കി. സ്വഹാബാക്കളൊക്കെയും തിരുനബി()യുടെ മാതൃകസ്വീകരിച്ച്
പല കുടുംബങ്ങളുടെയും ഭാരമേറ്റെടുക്കാൻ ഈ വിവാഹം കാരണമായി.
നബി(സ)യോടൊത്ത്
ഉഹ്ദിൽ തന്റെ ഭർത്താവ്
ശഹീദായ വ്യസനത്തിലാണ് സൈനബ്(റ). പലരും അവരോട് വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും എല്ലാം
അവർ നിരസിച്ചു. തന്റെ കുടുംബക്കാരാണെങ്കിലോ ദരിദ്രരിൽ ദരിദ്രരാണ്. തന്റെ ജീവിതഭാരം
കൂടി താങ്ങാനുള്ള ത്രാണിയില്ലാത്ത അവസ്ഥയിലാണവർ.
ഈ സമയത്താണ് തിരുനബി(സ)
ശ്രേഷ്ഠർ സൈനബി(റ)നെ വിവാഹമന്വേഷിക്കുന്നത്. സമ്മതം നൽകുന്നതിന് തടസ്സങ്ങളൊ ന്നുമുണ്ടായിരുന്നില്ല.
ലോകനേതാവിന്റെ പത്നീപദമലങ്കരിക്കാനും മുഴുവൻ വിശ്വാസികളുടെയും മാതൃപട്ടമണിയാനും കൊതിക്കാത്ത
മഹിളകളുണ്ടാകുമോ?
ഹിജ്റയുടെ മൂന്നാം
വർഷം റമളാനിൽ തിരുനബി(സ)യുമായി സൈനബി(റ)ന്റെ വിവാഹം നടന്നു. അഞ്ഞൂറ് ദിർഹമായിരുന്നു
മഹ്റ് നിശ്ചയിച്ചിരുന്നത്. അതേ മാസം തന്നെ അവരോട് വീട് കൂടുകയും ചെയ്തു. ഖുറൈശികളിൽ
നിന്നല്ലാതെ തിരുനബി ആദ്യം വിവാഹം ചെയ്ത വനിതയാണ് ബീവി സൈനബ്(റ)
ഉമ്മുൽ മസാകീൻ
സൈനബ് എന്ന പേരിനേക്കാൾ
അവർ അറിയപ്പെട്ടത് ഉമ്മുൽ മസാകീൻ അഥവാ ദരിദ്രരുടെ ഉമ്മ എന്ന നാമധേയത്തിലാണ്. ദാനത്തിന്റെ
പര്യായമായിരുന്നു സൈനബ്(റ). മട്ടുപ്പാവുള്ള കൊട്ടാരങ്ങൾക്കു മാത്രമല്ല കുടിലിനും കുരക്കും
പാവപ്പെട്ടവന്റെ പട്ടിണി മാറ്റാൻ കഴിയുമെന്നവർ ലോകത്തെ പഠിപ്പിച്ചു. ഒരിക്കൽ ഒരു സാധുവന്ന്
അവരോട് ഭക്ഷണമാവശ്യപ്പെട്ടു. അവരുടെ കയ്യിൽ അവർക് ഒരു നേരത്തേക്കുള്ള ഗോതമ്പ് മാത്രമേയുള്ളൂ.
ഇല്ലായന്ന് പറഞ്ഞ് തിരിച്ചയക്കുന്നതിന് പകരം തന്റെ പട്ടിണിയെ വിലവെക്കാതെ ഉള്ള ഗോതമ്പെടുത്ത്
ആ പാവത്തിന് അവർ നൽകി സന്തോഷത്തോടെ യാത്രയയച്ചു.
ധാരാളം കൈവശമുണ്ടായാലും
ധാരാളമായി കൊടുക്കാൻ മടിക്കുന്നവരുടെ മനം മാറ്റാൻ ഈ സംഭവം ധാരാളമാണ്.
വിയോഗം
തന്റെ ഇരുപത്തിയൊമ്പതാം
വയസ്സിലാണവർ തിരുനബി(സ)ക്ക് ഇണയാകുന്നത്. കൂടുതൽ കാലം തിരുനബി(സ)യോടൊത്ത് ജീവിക്കാൻ
അവർക്കായില്ല. വിധി അവരെ നാഥനിലേക്ക് തിരിച്ചുവിളിച്ചു. ഹിജ്റ മൂന്ന് റബീഉൽ ആഖിറിൽ
അവർ ഈ ലോകത്തോട് വിടപറഞ്ഞു. തിരുനബി(സ)യോടൊപ്പം ഏകദേശം എട്ടു മാസമാണവർ ജീവിച്ചത്. മൂന്ന്
മാസം മാത്രമാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. അന്നവർക്ക് മുപ്പത് വയസ്സ് പ്രായമായിരുന്നു.
തിരുനബിയുടെ ജീവിതകാലത്ത് മരണപ്പെട്ട ഭാര്യമാർ ഖദീജ(റ)യും ബീവി സൈനബ്(റ)യുമാണ്. എന്നാൽ
തിരുനബി ജനാസ നിസ്കരിച്ച പത്നി സൈനബ്(റ) മാത്രമാണ്.
ഖദീജാ ബീവി(റ) വഫാത്തായ
സമയത്ത് ജനാസ നിസ്കാരം പ്രാബല്യ ത്തിൽ വന്നിട്ടുണ്ടായിരുന്നില്ല. തന്റെ മൂന്ന് സഹോദരൻമാരാണ്
ഖബറിലിറങ്ങി ശേഷക്രിയകൾ ചെയ്തത്.
റളിയല്ലാഹു അൻഹാ..
അല്ലാഹു അവർക്കൊപ്പം നമ്മെയും ഇഷ്ട ജനങ്ങളെയും സ്വർഗ്ഗത്തിലൊരുമിച്ച് കൂട്ടട്ടെ. ആമീൻ.
إرسال تعليق