പുഞ്ചിരി എന്ന സുന്നത്തിനെ അത്രമേൽ ഹയാത്താക്കിയ പ്രിയ ഉസ്താദ്.
പുഞ്ചിരിച്ചു കൊണ്ടല്ലാതെ കണ്ടിട്ടില്ല. പുഞ്ചിരിച്ചു കൊണ്ടല്ലാതെ സംസാരിക്കാറുമില്ല...!
1950 ലാണ് കരുവൻപൊയിൻ ചേക്കുട്ടി ഹാജിയുടെയും ആയിശ ഹജ്ജുമ്മയുടെയും മൂത്ത മകനായി വിനയവും ലാളിത്യവും കൈമുതലാക്കിയ കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാർ എന്ന പണ്ഡിത പ്രതിഭ പിറന്നത്. രണ്ടാം വയസ്സിൽ തന്നെ പ്രിയപ്പെട്ട പിതാവ് ഈ ലോകത്തോട് വിട പറഞ്ഞു. ശേഷം പിതാമഹനാണ് അദ്ദേഹത്തെ വളർത്തിയത്. അക്കാലത്ത് നാട്ടിലെ സ്ത്രീ പുരുഷന്മാർക്ക് ഖുർആൻ പഠിപ്പിച്ച് കൊടുത്ത് സമൂഹത്തിന്റെ ഗുരുവായി മാറിയ ആളായിരുന്നു ഉപ്പാപ്പ. ക്ലാസുകൾ വീട്ടിൽ വെച്ചായിരുന്നതിനാൽ ചെറുപ്രായത്തിൽ തന്നെ മുഹമ്മദ് മുസ്ലിയാർ ആ ക്ലാസുകളിൽ ചെന്നിരിക്കാറുണ്ടായിരുന്നു. വിശുദ്ധ ഗ്രന്ഥവും വിജ്ഞാനവും വളരെ നേരത്തെ കേട്ടുണർന്ന മനസ്സായിരിക്കാം ഈ മഹാനായ പ്രതിഭയുടെ മുന്നേറ്റം എളുപ്പമാക്കിയത്.
പിതാവിന്റെ സ്നേഹപൂർവ്വമുള്ള ശിക്ഷണവും ആ ജീവിതത്തെ രൂപകൽപ്പന ചെയ്യുന്നതിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ ദിവസവും ഓരോ ജുസ്അ് വീതം ഖുർആൻ ഓതി തീർക്കാനും ഇശാഅ് മഗ്രിബിനിടയിൽ ഉപ്പയുടെ പേരിൽ യാസീൻ ഓതി ദുആ ചെയ്യാനും അദ്ദേഹത്തെ പരിശീലിപ്പിച്ചു. കുട്ടിയുടെ നിസ്കാര കാര്യത്തിലും വല്യുപ്പ വളരെ ശ്രദ്ധാലുവായിരുന്നു. അഞ്ചാം വയസ്സിൽ കരുവൻപൊയിൽ സിറാത്യുൽ മുസ്തഖീം മദ്രസ്സ യിൽ ചേർന്നു. കരുവൻപൊയിൽ കാസിം മുസ്ലിയാർ, മുഹമ്മദ് മുസ്ലിയാർ കൊടിയത്തൂർ, സി.എച്ച്. അഹ്മദ് കുട്ടി മുസ്ലിയാർ ഊർക്കടവ് എന്നിവരായിരുന്നു മദ്രസ്സയിലെ അധ്യാപകർ.
അഞ്ചാം തരം വരെയാണ് സ്കൂളിൽ പോയത്. അക്കാലത്ത് തന്നെ ഇംഗ്ലീഷ് ഭാഷയും പഠിച്ചിരുന്നു. വല്ല്യുപ്പ തന്നെയാണ് ദർസിലയക്കാനും മുൻകയ്യെടുത്തത്. നാടിന്നടുത്ത പ്രദേശമായ തലപ്പെരുമണ്ണയിലാണ് ആദ്യം ഓതാൻ പറഞ്ഞയച്ചത്. പുല്ലാര അഹ്മദ് കുട്ടി മുസ്ലിയാരായിരുന്നു ഉസ്താദ്. രണ്ടു വർഷമായിരുന്നു അവിടെ ഓതിയത്. പത്ത് കിത്താബും മീസാനും സൻജാനുമെല്ലാം ഓതിയത് ആ കാലത്താണ്. തുടർന്ന് രണ്ട് വർഷം നാട്ടിൽ, കരുവൻപൊയിലിൽ തന്നെ ഓതി. ഒരു വർഷം കൊടിയത്തൂർ അബ്ദുൽ അസീസ് ഖാളിയുടെ മരുമകൻ അബൂബക്കർ മുസ്ലിയാരും ഒരു വർഷം അണ്ടോണ അബ്ദുല്ല മുസ്ലി യാരുടെ ഉസ്താദ് എടവണ്ണപ്പാറക്കടുത്ത് ചാലിപ്പാലം സ്വദേശി അബ്ദുല്ല മുസ്ലിയാരുമായിരുന്നു ഉസ്താദുമാർ.
ഓതി പഠിക്കാൻ താൽപര്യമുള്ള ഒരു മുതഅല്ലിമിന് തുടരാൻ പറ്റാത്ത ഒരുപാട് സാഹചര്യങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. പിതാവില്ലാത്ത ഒരു കുടുംബത്തിലെ മൂത്ത കുട്ടിക്ക് സ്വാഭാവികമായി ഉണ്ടാകാവുന്ന കുടുംബ കാര്യങ്ങളായിരുന്നു ഒന്നാമത്. പിന്നെ ദർസിലെ വിദ്യാർത്ഥികൾക്ക് കഞ്ഞിവെക്കുക എന്ന പണിയും, നാട്ടുകാരനെന്ന നിലക്ക് വന്ന് ചേർന്നു. അതിനു പുറമെ ഉസ്താദിന് ഭക്ഷണം എത്തിക്കേണ്ട ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ടി വന്നു. സത്യത്തിൽ ദാരിദ്ര്യത്തിന്റെ വിഹ്വലതകളിൽ നിന്ന് രക്ഷപ്പെടുത്താനാണ് ഈ ജോലികളെല്ലാം അദ്ദേഹത്തിന് നൽകാൻ കമ്മിറ്റിക്കാർ തയ്യാറായത്. ഉസ്താദിനും മുതഅല്ലിമീങ്ങൾക്കുമുള്ള സേവനമായതിനാലും വിശപ്പറിയാതെ രക്ഷപ്പെട്ടു പോകുമെന്നതിനാലും അത് നിർവ്വഹിക്കാൻ താൽപര്യമുണ്ടായിരുന്നു. പക്ഷേ, അൽഫിയ്യയും ഫത്ഹുൽ മുഈനും ഓതിക്കൊണ്ടിരിക്കുന്ന സമയത്ത് സംതൃപ്തനാവുന്നത് വരെ കിതാബുമായി കൂടാൻ കഴിയാത്ത അവസ്ഥ വന്നു. അങ്ങനെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ കരുവംപൊയിൽ നിന്നു മങ്ങാട് എത്തുന്നത്. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരായിരുന്നു മങ്ങാട് മുദരിസ്, ഉസ്താദ് ദർസ് തുടങ്ങിയതിന്റെ മൂന്നാം കൊല്ലമായിരുന്നു അത്. 40 ലേറെ മുതഅല്ലിമുക ളുണ്ടായിരുന്നു അന്ന്. 1966 ന്റെ അവസാനത്തിലാണ് അവിടെയെത്തിച്ചേരുന്നത്. ജലാലൈനിയും ഫത്ഹുൽ മുഈൻ ബാക്കി ഭാഗങ്ങളും, പിന്നീട് വലിയ കിതാബുകളുമെല്ലാം ഉസ്താദിൽ നിന്നു തന്നെ ഓതി. ബൈളാവിയും മുല്ലാഹസനും ബുഖാരിയും അകൂട്ടത്തിലുണ്ടായിരുന്നു. എ.പി. ഉസ്താദ് മങ്ങാട് നിന്നും കോളിക്കിലേക്ക് മാറിയപ്പോഴും പിന്നീട് കാന്തപുരത്തെ ത്തിയപ്പോഴും ഈ ശിഷ്യൻ കൂടെയുണ്ടായിരുന്നു. ഏഴു വർഷക്കാലമാണ് ഉസ്താദിന്റെ അടുത്ത് ഓതിയത്. ആ കാലഘട്ടമാണ് ജീവിതം കൂടുതൽ ക്രമപ്പെടുത്തി യത്. ഊണിലും ഉറക്കത്തിലും ഇരിപ്പിലും നടപ്പിലും എല്ലാം മുതഅല്ലിമു കളിൽ വലിയ സ്വപ്നം കാണുന്ന ഉസ്താദിന്റെ കണ്ണുകളുണ്ടാവും. ഇ ശാഅത്തുസ്സുന്ന' എന്ന പേരിൽ ഉസ്താദ് തന്നെ മുൻകയ്യെടുത്ത് രൂപീകരിച്ച സാഹിത്യ സമാജ വേദിയിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രസംഗങ്ങൾ നേരിട്ടും മറഞ്ഞുനിന്നു കേട്ടും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുമായിരുന്നു
എ.പി ഉസ്താദ് പ്രസംഗിക്കാനേറ്റ പല സ്ഥലങ്ങളിലും പകരം പോവാൻ അവസരം ലഭിച്ചതും അതുവഴി നേരിട്ടു തന്നെ പരിപാടികൾക്ക് ആളുകൾ തേടിവന്നതും അക്കാലത്താണ്. 1973 ലാണ് ബാഖിയാത്തിലേക്ക് ഉപരിപഠനത്തിന് എ.പി ഉസ്താദിന്റെ നിർദ്ദേശ പ്രകാരം പുറപ്പെടുന്നത്. 1974 ന്റെ അവാസാനത്തിൽ ബാഖിയാത്തിൽ നിന്നു ബിരുദമെടുത്ത് തിരിച്ചെത്തിയ മുഹമ്മദ് മുസ്ലിയാർക്ക്, ഇഷ്ടഗുരു കാന്തപുരത്ത് തന്നെ നിയമനം കൊടുത്തു. മൂന്നര പതിറ്റാണ്ട് കാലം കാന്തപുരത്ത് തുടർന്നു. ഇപ്പോൾ ആ മഹാപ്രതിഭ കാരന്തൂർ മർകസിൽ വിജ്ഞാനദാഹികൾക്ക് ദർസ് നടത്തുന്നു. അനേകം ശിഷ്യരുടെ പ്രിയ ഗുരുവായി 'ചെറിയേപ്പി ഉസ്താദ്' എന്ന ആ വലിയ പണ്ഡിതൻ തിളങ്ങി നിൽക്കുന്നു.
إرسال تعليق