പ്രാരംഭ മുറകൾക്ക് ശേഷം
പ്രിയപ്പെട്ടവരെ... വളരെ സന്തോഷം നിറഞ്ഞ ഈ വേളയിൽ വളരെ ഗൗരവമേറിയ ഒരു വിഷയത്തെ കുറിച്ച് അല്പം കാര്യങ്ങൾ നിങ്ങളെ ഓർമ്മപ്പെടുത്തുകയാണ് ഈ പ്രബന്ധത്തിലൂടെ.
ഇവിടെ നമ്മുടെ കൊച്ചു കേരളത്തിൽ നടന്ന ഒരു സംഭവത്തിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ്
കോഴിക്കോട്ടെ പ്രമുഖ സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്കും പത്താം ക്ലാസ് കഴിഞ്ഞിറങ്ങുന്നവർക്കും ഒരുമിച്ചൊരു യാത്രയയപ്പ്. സെന്റ്ഓഫ് പൊളിച്ചടുക്കുമെന്ന് വിദ്യാർഥികൾ. നിശാക്ലബ്ബ് പോലെ അവർ ക്ലാസ്മുറി അലങ്കരിച്ചു. പിന്നെ കാതടപ്പിക്കുന്ന ഡി.ജെ മ്യൂസിക്, മിന്നിത്തിളങ്ങുന്ന ലൈറ്റ്, താളംചവിട്ടുന്ന വിദ്യാർഥിക്കൂട്ടം. ആർക്കും ഒരു ക്ഷീണവുമില്ല. എന്തൊരു സ്റ്റാമിനയാണ് ഈ കുട്ടികൾക്ക്; പ്രധാനാധ്യാപികയുടെ ആത്മഗതം. എന്നാൽ അവർ ശരീരത്തിലേക്ക് വലിച്ചുകയറ്റിയ ലഹരിയെക്കുറിച്ച് മറ്റ് അധ്യാപകർ പറഞ്ഞപ്പോഴാണ് പ്രധാനാധ്യാപിക ഞെട്ടിയത്. അതിരുവിടുന്ന സെന്റോഫ് പാർട്ടികൾക്ക് അതോടെ സ്‌കൂൾ അധികൃതർ ഫുൾസ്റ്റോപ്പിട്ടു. സംസ്ഥാനത്ത് എൽ.പി തലം മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾ വരെ ലഹരിവസ്തുക്കൾ പ്രത്യക്ഷമായും പരോക്ഷമയും ഉപയോഗിക്കുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. മാരകമായ ലഹരിമരുന്നുകള്‍ അതിവേഗം പിടിമുറുക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറുകയാണ്. പിടിക്കപ്പെടുന്ന മയക്കുമരുന്നുകളുടെ അളവിലെ വര്‍ധനയും വില്‍പനക്കാരുടെ എണ്ണം കൂടുന്നതും വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഇടയിലെ അതിവേഗ വ്യാപനവും കേരളത്തെ ഭയപ്പെടുത്താന്‍ മാത്രം മതിയായ സംഗതികളാണ്.
മയക്കുമരുന്നു കേസുകളില്‍ പിടിക്കപ്പെടുന്നവരില്‍ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളും യുവതികളും ദമ്പതികളും ഏറെയുണ്ടാവുന്നു എന്നതാണ് പുതിയ കണക്കുകളില്‍ വ്യക്തമാകുന്ന സവിശേഷത. അന്തര്‍സംസ്ഥാന-വിദേശ ബന്ധവും മയക്കുമരുന്നു കണ്ണികളുടെ വലുപ്പം വ്യക്തമാക്കുന്നു. ചെന്നൈയിലും കോയമ്പത്തൂരിലും ആന്ധ്രയിലും ഗോവയിലും മംഗലാപുരത്തും പിടിക്കപ്പെടുന്ന മയക്കുമരുന്നുകളിലേറെയും കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരാനുള്ളതായിരുന്നു എന്ന് അന്വേഷണങ്ങളില്‍ വ്യക്തമാകുന്നു. സമീപ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി ലോറികളില്‍ പാലക്കാട് ജില്ല വഴി കേരളത്തിലേക്ക് എത്തിക്കുന്ന നിരവധി സംഘങ്ങള്‍ സമീപകാലത്ത് പിടിയിലായെങ്കിലും മയക്കുമരുന്നൊഴുക്കിന് കുറവുണ്ടാകുന്നില്ല. ബോധവൽക്കരണപ്രവർത്തനങ്ങളും പോലീസിന്റെയും രക്ഷിതാക്കളുടെയും 'ടോം ആൻഡ് ജെറി' മോഡൽ വേട്ടകളും നിർബാധം നടക്കുന്നുണ്ടെങ്കിലും ലഹരിയുടെ ഉപഭോഗവും കടത്തുകളുമെല്ലാം വർധിച്ചുകൊണ്ടിരിക്കുന്നു. പല കുടുംബങ്ങളും അവരുടെ കുട്ടികൾ എത്തിനിൽക്കുന്ന ദുരവസ്ഥയുടെ യഥാർത്ഥ വിവരങ്ങൾ പുറത്തുവിടാതെ ലജ്ജ കാരണത്താൽ ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്നതാണ് യാഥാർത്ഥ്യം.
മനുഷ്യൻ ഏറ്റവും ഉത്കൃഷ്ടനായ ജീവിയാണ്. മനുഷ്യന്റെ ഏറ്റവും വലിയ സൗന്ദര്യം ബുദ്ധിയും ചിന്താശേഷിയുമാണ്. അവ രണ്ടും നഷ്ടപ്പെട്ടാൽ ഇതര ജീവജാലങ്ങളിൽ നിന്നുള്ള അവന്റെ വ്യതിരിക്തതയുടെ അതിർവരമ്പുകൾ നേർത്തില്ലാതാവും. മനുഷ്യന്റെ ഈ സവിശേഷതയെ ഖുർആൻ അഞ്ഞൂറിലധികം തവണ പരാമർശിച്ചിട്ടുണ്ട്. മനുഷ്യനിൽ അന്തർലീനമായിട്ടുള്ള സ്വഭാവദൂഷ്യങ്ങളെ തിരുത്തുന്നതിന് നല്ല പരിശ്രമവും ക്ഷമയും അവധാനതയും ആവശ്യമാണ്. വിശ്വാസികളായി എന്നതുകൊണ്ടോ അനുഷ്ഠാനമുറകൾ ദിവസേന ശീലിക്കുന്നവരാണ് എന്നതുകൊണ്ടോ ഒരിക്കലും സ്വഭാവദൂഷ്യങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കണമെന്നില്ല. വിശ്വാസം ദൈവഭയത്തിലും സമൂഹനന്മയിലും അധിഷ്ഠിതമാകുമ്പോഴാണ് മനസ്സുകളിൽ ഇളക്കം സംഭവിക്കുക. യാന്ത്രികമായ അനുഷ്ഠാനങ്ങൾ മനുഷ്യനെ വിമലീകരിക്കുകയില്ല. മദ്യം എന്ന സാമൂഹികതിന്മയിൽ നിന്നും മാനവരാശിയെ സംരക്ഷിക്കാൻ ഇസ്ലാം സമർപ്പിച്ച ആത്മാർത്ഥമായ നിർദ്ദേശങ്ങളും നടപടിക്രമങ്ങളും ലോകം അംഗീകരിച്ചിട്ടുള്ളതാണ്. അവ ക്ഷമാപൂർവം നടപ്പാക്കാൻ വ്യക്തികളും കുടുംബങ്ങളും മഹല്ലുകളും സംഘടനകളും തയ്യാറായാൽ നമ്മുടെ യുവാക്കളെയും പരിസരത്തെയും ലഹരിമുക്തമാക്കാൻ സാധിക്കും. ഇസ്ലാം, മദ്യം ഒരു സുപ്രഭാതത്തിൽ നിരോധിക്കുകയല്ല ചെയ്തത്. മറിച്ച്, ആദ്യം അതിന്റെ ദൂഷ്യങ്ങൾ പറഞ്ഞുകൊടുക്കുകയും പിന്നീട് ആരാധനാവേളകളെപ്പോലെ പാവനമായ സന്ദർഭങ്ങളിൽ പാടില്ലെന്ന് ഉപദേശിക്കുകയും ഒടുവിൽ പൂർണ്ണമായും വിരമിക്കാൻ ആഹ്വാനം ചെയ്യുകയുമാണുണ്ടായത്. അതുകൊണ്ടാണ് മദ്യം നിരോധിച്ചപ്പോൾ ജീവിതത്തിൽ നിന്നും മദ്യത്തെ പൂർണ്ണമായും പിഴുതെറിയാൻ പ്രവാചകാനുയായികൾക്ക് സാധിച്ചതും മദ്യം നിറച്ചുവെച്ച പീപ്പകൾ തച്ചുടച്ച് അവ മദീനയുടെ തെരുവീഥികളിൽ ഒഴുക്കിക്കളയാൻ അവർ തയ്യാറായതും. കേവലം മദ്യം എന്ന പാനീയം മാത്രമല്ല, മനസ്സിനെ മയക്കിക്കിടത്തുന്ന എന്തും ഇസ്ലാം നിരോധിച്ചിട്ടുണ്ട്. 'എല്ലാ ലഹരിയും നിഷിദ്ധമാണ്' എന്ന പ്രവാചകവചനം അതാണ് പഠിപ്പിക്കുന്നത്. മദ്യമോ ലഹരിയോ കഴിക്കുന്നത് മാത്രമല്ല നിഷിദ്ധമാകുന്നത്. അതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും നിഷിദ്ധമാണെന്നും ഹദീസുകളിൽ നിന്ന് കാണാൻ കഴിയും.
സ്‌കൂൾ പരിസരത്ത് പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് കഴിഞ്ഞ ആറ് മാസത്തിനിടെ 612 പേർക്കെതിരേയാണ് പൊലിസ് കേസെടുത്തത്. 18 വയസിൽ താഴെയുള്ളവർക്ക് പുകയില വിൽപ്പന നടത്തിയതിന് 1074 പേർക്കെതിരേയും കേസെടുത്തു. പാൻമസാല ഉൽപ്പന്നങ്ങളും സിഗരറ്റുകളും വിൽപ്പന നടത്തിയതിനാണ് നടപടി. സ്‌കൂൾ പരിസരത്ത് ഇവ വിൽപ്പന നടത്തുന്ന കടകളുടെ മറവിലാണ് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കലാലയങ്ങളിലേക്ക് എത്തുന്നത്. ഈ ലഹരിയിൽ നിന്നാണ് എം.ഡി.എം.എ ഉൾപ്പെടെയുള്ള മറ്റു മാരക ലഹരികളിലേക്ക് വിദ്യാർഥികൾ നിലതെറ്റി വീഴുന്നത്.
ജാഗ്രതയോടെയുള്ള സമീപനം അനിവാര്യമാണ്. മയക്കുമരുന്നു വിപണിയില്‍ ലക്ഷങ്ങളാണ് മതിപ്പു വില. അതുകൊണ്ടു തന്നെ കച്ചവട താല്പര്യാര്‍ഥം വലിയ വലക്കണ്ണികള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. നിയമസംവിധാനവും പൊതുസമൂഹവും ജാഗ്രതയോടെ ഇടപെട്ടില്ലെങ്കില്‍ ചുറ്റിമുറുകിക്കൊണ്ടിരിക്കുന്ന വല പൊട്ടിക്കാനാവില്ല. വലക്കെണിയില്‍ നിന്ന് മോചിപ്പിക്കേണ്ടത് കരുതലോടെയും ജാഗ്രതയോടെയും ഗുണകാംക്ഷയോടെയുമാകണം. വളർന്നു വരുന്ന തലമുറ ഭാവിയുടെ നിർമ്മാതാക്കളാണ്. അലസരും ലഹരി വിഭ്രാന്തികൾക്കടിമകളുമായ വിദ്യാർത്ഥികൾ, സമൂഹത്തിന്റെ ആരോഗ്യകരമായ വികാസത്തിന് വിഘാതമാണെന്ന ബോധം നമുക്കേപ്പോഴുമുണ്ടാകണം. ബോധവൽക്കരണങ്ങൾ നൽകി പ്രതീക്ഷയുള്ള നാളെകൾ സൃഷ്ടിക്കാൻ അവരെ ഉൽബുദ്ധരാക്കുവാൻ നമുക്ക് മുന്നിട്ടിറങ്ങാം. ഇത്രയും ഓർമപ്പെടുത്തി ഞാനെൻറെ പ്രബന്ധം അവസാനിപ്പിക്കുന്നു...
Post a Comment