തഹജ്ജുദ്: ഇരുലോക വെളിച്ചത്തിനുള്ള മാര്‍ഗ്ഗം | Perform Tahajjud prayer

ഈ ലോകവും അതിലുള്ളത് മുഴുവനും ലഭിക്കുന്നതിനേക്കാള്‍ ഉത്തമമാണ് തഹജ്ജുദ് നിസ്കാരം 

ഖിയാമുല്ലൈല്‍’ എന്നും ഇതിന് പേരുണ്ട്. അബൂഹുറൈറ(റ) നിവേദനം. നബി(സ്വ) പറയുന്നു: “”റമളാന്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠതയുള്ള നോമ്പ് മുഹര്‍റത്തിലേതാണ്. ഫര്‍ള് നിസ്കാരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠതയുള്ള നിസ്കാരം രാത്രിയിലെ സുന്നത്ത് നിസ്കാരം അഥവാ തഹജ്ജുദാണ്” (മുസ്‌ലിം, അബൂദാവൂദ്).


രാത്രി ഒന്നുറങ്ങി എഴുന്നേറ്റതിന് ശേഷമാണ് ഇതിന്റെ സമയമെന്നതുകൊണ്ട് തന്നെ രാത്രി തീരെ ഉറങ്ങാത്തവര്‍ക്ക് തഹജ്ജുദ് നിസ്കാരമില്ല. തഹജ്ജുദ് നിസ്കാരം ചുരുങ്ങിയത് രണ്ട് റക്അത്താണ്. കൂടിയാല്‍ എത്രയുമാവാം. ദിവസവും മുന്നൂറും അഞ്ഞൂറും റക്അത്ത് വീതം തഹജ്ജുദ് നിസ്കാരം നിര്‍വഹിച്ചവര്‍ മുന്‍ഗാമികളിലുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു.


ഉറക്കമൊഴിയുക’ എന്നാണ് “തഹജ്ജുദ്’ എന്ന അറബി പദത്തിനര്‍ത്ഥം. വിശുദ്ധ ഖുര്‍ആനില്‍ പോലും പ്രത്യക്ഷമായും പരോക്ഷമായും ഈ നിസ്കാരത്തിന്റെ ശ്രേഷ്ഠതകള്‍ വിവരിച്ചതായി കാണാം.

ഫജ്റ് വെളിവാകുന്നതോടെയാണ് തഹജ്ജുദ് നിസ്കാരത്തിന്റെ സമയം അവസാനിക്കുക. പതിവായി ചെയ്യല്‍ ഉത്തമമായ ഈ നിസ്കാരം, പിശാചില്‍ നിന്ന് നല്ലൊരു പരിച കൂടിയാണ്. അതുകൊണ്ടുതന്നെ പതിവാക്കി വരുന്നവന്‍ ഉപേക്ഷിക്കുന്നത് ദുര്‍ലക്ഷണമായി കണക്കാക്കപ്പെടും.

രാത്രി നിസ്കാരം പതിവാക്കിയതിന്റെ ശേഷം അത് ഉപേക്ഷിക്കാനിടയായ ഒരാളെപ്പോലെ താങ്കള്‍ ആവരുതെന്ന് നബി(സ്വ) തങ്ങള്‍ സ്വഹാബിവര്യനായ അംറുബ്നുല്‍ ആസ്വ്(റ)നെ ഉപദേശിച്ചിട്ടുണ്ട്. ഉന്മേഷം ലഭിക്കാനും ഹൃദയ ശുദ്ധിക്കും വളരെ ഉത്തമമാണ് തഹജ്ജുദ് നിസ്കാരം.

അബൂഹുറൈറ(റ) നിവേദനം: നബി(സ്വ) തങ്ങള്‍ പറഞ്ഞു: “”നിങ്ങളിലൊരാള്‍ ഉറങ്ങുമ്പോള്‍ പിശാച് വന്ന് പിരടിയില്‍ മൂന്ന് കെട്ടുകളിടും. എന്നിട്ടവന്‍ പറയും, നീണ്ട രാത്രി ഇനിയും ബാക്കിയുണ്ട്. സുഖമായി ഉറങ്ങിക്കോളൂ!”
“”തല്‍സമയം ഉണര്‍ന്ന് അല്ലാഹുവിനെ സ്മരിച്ചാല്‍ ഒരു കെട്ട് അഴിഞ്ഞുപോവും. പിന്നീട് വുളൂ എടുക്കുമ്പോള്‍ രണ്ടാം കെട്ടും അഴിയും. അങ്ങനെയവന്‍ തഹജ്ജുദ് നിസ്കാരത്തിന് ഒരുങ്ങിയാല്‍ മൂന്നാമത്തെ കെട്ടും അഴിഞ്ഞ് പോകും. നേരം പുലരുമ്പോള്‍ അവന്‍ ഉന്മേഷവാനും ശുദ്ധ മനസ്കനുമായി കാണപ്പെടും. മേല്‍പ്രകാരം പ്രവര്‍ത്തിച്ചില്ലെങ്കിലോ, അലസനായും ദുശിച്ച മനസ്സിനുടമയുമായാണവന്‍ പ്രഭാതം കാണുക!” (ബുഖാരി, മുസ്‌ലിം).

ശുദ്ധിയോടെ ഉറങ്ങുക, അമിത ഭക്ഷണം വര്‍ജിക്കുക, നേരത്തെ ഉറങ്ങുക, അനാവശ്യ സംസാരങ്ങള്‍ ഒഴിവാക്കുക, ഉറങ്ങുമ്പോഴുള്ള സുന്നത്തുകള്‍ പാലിക്കുക, ദിക്റുകള്‍ വര്‍ധിപ്പിക്കുക ഇവയെല്ലാം തഹജ്ജുദ് നിസ്കാരത്തെ സഹായിക്കുന്ന ഘടകങ്ങളാണ്. തഹജ്ജുദ് നിസ്കാരം പതിവാക്കല്‍ സുന്നത്തുള്ളതുപോലെ തഹജ്ജുദ് നിസ്കരിക്കുമെന്ന് പ്രതീക്ഷയുള്ളവരെ വിളിച്ചുണര്‍ത്തലും സുന്നത്തുണ്ട്. ഞാന്‍ തഹജ്ജുദിന് എഴുന്നേല്‍ക്കുമെന്ന് കരുതി ഉറങ്ങല്‍ പോലും സുന്നത്താണ്. നല്ല കാര്യം ചെയ്യണമെന്ന് കരുതുന്നത് പോലും നന്മയാണെന്നതാണതിന് കാരണം.

 

തഹജ്ജുദ് നിസ്കാരത്തില്‍ ഏത് സൂറത്തും ഓതാമെങ്കിലും ആദ്യത്തെ രണ്ട് റക്അത്തില്‍ സൂറത്തുല്‍ കാഫിറൂനയും സൂറത്തുല്‍ ഇഖ്ലാസും ഓതുന്നതാണ് നല്ലത്. വലിയ സൂറത്തുകള്‍ ഓതുന്നതും നിര്‍ത്തം ദീര്‍ഘിപ്പിക്കുന്നതും പ്രത്യേകം സുന്നത്താണ്. 

ഖുര്‍ആന്‍ മനഃപാഠമാക്കിയവര്‍ക്ക് ക്രമപ്രകാരം ഓതിവരുന്നതാണ് ഉത്തമം. തമീമുദ്ദാരി(റ), നബി(സ്വ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു. “”ഒരാള്‍ രാത്രി പത്ത് ആയത്തുകള്‍ ഓതി തഹജ്ജുദ് നിസ്കരിച്ചാല്‍ അവന് ഒരു കൂമ്പാരം പ്രതിഫലമുണ്ട്. ഈ ലോകവും അതിലുള്ളത് മുഴുവനും ലഭിക്കുന്നതിനേക്കാള്‍ ഉത്തമമായിരിക്കും അത്. ഖിയാമത്ത് നാളില്‍ അല്ലാഹു അവനോട് പറയും: “”നീ ഓതുക! ഓരോ ആയത്തിനനുസരിച്ചും ഓരോ പടികള്‍ കയറിക്കൊള്ളുക. ആയത്തുകള്‍ തീരുംവരെ ഇങ്ങനെ തുടരുക. അങ്ങനെ എത്ര ആയത്തോതി നിസ്കരിക്കുന്നുവോ അതിനനുസരിച്ച് അദ്ദേഹം ഉയര്‍ന്ന പദവിയിലെത്തിച്ചേരും” (ത്വബ്റാനി).


അംറുബ്നുല്‍ ആസ്വ്(റ) നിവേദനം. നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: “”പത്ത് ആയത്തുകള്‍ ഓതി ഒരാള്‍ തഹജ്ജുദ് നിസ്കരിച്ചാല്‍ അവന്‍ ഒരിക്കലും അശ്രദ്ധരില്‍ ഉള്‍പ്പെടില്ല. നൂറ് ആയത്തുകള്‍ ഓതി നിസ്കരിച്ചാല്‍ അവന്‍ ആബിദീങ്ങളില്‍ ഉള്‍പ്പെടും. ആയിരം ആയത്തുകള്‍ ഓതി നിസ്കരിച്ചാലോ അവന്റെ നാമം ഏറ്റവും ഉയര്‍ന്ന പ്രതിഫലക്കാരുടെ പട്ടികയില്‍ രേഖപ്പെടുത്തും!” (അബൂദാവൂദ്, ഇബ്നു ഖുസൈമഃ).
 

ഏതൊരു പ്രവര്‍ത്തനത്തിനും ഇഖ്ലാസ് (ആത്മാര്‍ത്ഥത) അനുസരിച്ചാണ് അല്ലാഹു പ്രതിഫലം നല്‍കുക. രാത്രിയിലെ നിസ്കാരം ഒരു വ്യക്തിയുടെ ഇഖ്ലാസിന് തെളിവാണ്. അല്ലാഹുവിന്റെ തൃപ്തി മാത്രം ആഗ്രഹിക്കുന്നവര്‍ക്കേ ആ സമയത്ത് എഴുന്നേല്‍ക്കാനാവൂ. രിയാഅ് അഥവാ ലോകമാന്യം ഭയപ്പെടാനില്ലാത്ത ആരാധനയാണ് തഹജ്ജുദ് നിസ്കാരമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നതും അതുകൊണ്ട് തന്നെയാണ്.

അനസ്(റ) പറയുന്നു: ഒരിക്കല്‍ നബി(സ്വ) തങ്ങള്‍ ഞങ്ങളോട് പറഞ്ഞു: “”എന്റെ ഈ പള്ളി (മസ്ജിദുന്നബവി)യില്‍ വെച്ചുള്ള നിസ്കാരം മറ്റു സ്ഥലങ്ങളിലെ പതിനായിരം നിസ്കാരത്തിന് തുല്യമാണ്. മക്കയിലെ മസ്ജിദുല്‍ ഹറാമിലുള്ള നിസ്കാരം ഒരു ലക്ഷം നിസ്കാരത്തിന് സമാനമാണ്. സമരമുഖത്ത് വെച്ചുള്ള നിസ്കാരം രണ്ടായിരം നിസ്കാരത്തിന് സമമാണ്. എന്നാല്‍ അതിനേക്കാളെല്ലാം പ്രതിഫലം ലഭിക്കുന്ന നിസ്കാരം അല്ലാഹുവിന്റെ തൃപ്തി മാത്രം ആഗ്രഹിച്ച് ഒരടിമ രാത്രിയില്‍ നിസ്കരിക്കുന്ന രണ്ട് റക്അത്ത് നിസ്കാരമാണ്” (ഇബ്നു ഹിബ്ബാന്‍).

ആത്മാര്‍ത്ഥതയോടെ തഹജ്ജുദ് നിസ്കാരം നിര്‍വഹിക്കുന്നവര്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട പ്രതിഫലങ്ങള്‍ വളരെ വലുതാണ്. തഹജ്ജുദ് നിസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഹദീസുകള്‍ക്ക് കയ്യും കണക്കുമില്ല. അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം. നബി(സ്വ) തങ്ങള്‍ പറഞ്ഞു: “”നിശ്ചയം സ്വര്‍ഗത്തില്‍ ഒരു മണിമാളികയുണ്ട്. ഉള്ളില്‍നിന്ന് പുറത്തേക്കും പുറത്തുനിന്ന് ഉള്ളിലേക്കും കാണാവുന്നവിധം തിളക്കമുള്ളതാണത്.” അബൂമാലിക് എന്ന സ്വഹാബി ചോദിച്ചു: “”അല്ലാഹുവിന്റെ ദൂതരേ! ആര്‍ക്കുള്ളതാണിത്?” അവിടുന്ന് പറഞ്ഞു: “”ജനങ്ങളോട് നല്ല വാക്ക് പറയുകയും വിശന്നവര്‍ക്ക് ഭക്ഷണം നല്‍കുകയും ജനങ്ങള്‍ ഉറങ്ങവെ രാത്രി നിസ്കരിക്കുകയും ചെയ്യുന്നവര്‍ക്ക്!” (തിര്‍മുദി, ഇബ്നു ഹിബ്ബാന്‍).

അസ്മാ(റ) നിവേദനം. നബി(സ്വ) തങ്ങള്‍ പറയുന്നു: “”പുനരുത്ഥാരണ നാളില്‍ ജനങ്ങളെയെല്ലാം ഒരിടത്ത് ഒരുമിച്ച് കൂട്ടപ്പെടും. അപ്പോള്‍ ഇങ്ങനെ വിളിച്ച് പറയപ്പെടും. “”ശയ്യകളില്‍ നിന്നെഴുന്നേറ്റ് തഹജ്ജുദ് നിസ്കരിക്കുന്നവരെവിടെ?” അപ്പോള്‍ ഒരുപറ്റം ആളുകള്‍ മുന്നോട്ട് വരും. വളരെ കുറവായിരിക്കും അവര്‍. അങ്ങനെയവര്‍ വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കും. പിന്നീടാണ് മറ്റുള്ളവരെ വിചാരണക്കെടുക്കുക” (ബൈഹഖി).


പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന സമയം കൂടിയാണ് തഹജ്ജുദിന്റെ സമയം. ആ സമയത്ത് അല്ലാഹുവിനോട് ഐഹികമോ പാരത്രികമോ ആയ ഏത് കാര്യം ചോദിച്ചാലും അല്ലാഹു ഉത്തരം നല്‍കും. അല്ലാഹു അവനെക്കുറിച്ച് മലക്കുകളോട് അഭിമാനം പറയുകയും ചെയ്യും. ജാബിര്‍(റ) നിവേദനം. നബി(സ്വ) തങ്ങള്‍ പറയുന്നതായി ഞാന്‍ കേട്ടു. തീര്‍ച്ചയായും രാത്രിയില്‍ ഒരു പ്രത്യേക സമയമുണ്ട്. ആ സമയത്ത് ഒരു മുസ്‌ലിം അല്ലാഹുവിനോട് എന്ത് ചോദിച്ചാലും (ദുന്‍യാവിലേതായാലും ആഖിറത്തിലേതായാലും) അല്ലാഹു നല്‍കാതിരിക്കില്ല. എല്ലാ രാത്രിയിലും ആ സമയമുണ്ട്” (മുസ്‌ലിം).

 

അതോടൊപ്പം, പ്രാര്‍ത്ഥന ഏറ്റവും കൂടുതല്‍ സ്വീകരിക്കപ്പെടുന്ന സമയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അഞ്ച് ഫര്‍ള് നിസ്കാരങ്ങള്‍ക്ക് ശേഷവും രാത്രിയുടെ ഉള്ളിലും എന്നായിരുന്നു നബി(സ്വ) തങ്ങളുടെ മറുപടി. ഇബ്നു മസ്ഊദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു നബിവചനം ഇപ്രകാരമാണ്. “”രണ്ട് വ്യക്തികളുടെ കാര്യത്തില്‍ അല്ലാഹു അത്ഭുതപ്പെടും. കൊടും തണുപ്പുള്ള രാത്രിയില്‍ എഴുന്നേറ്റ് വുളൂ ചെയ്ത് നിസ്കാരത്തിന് നില്‍ക്കുന്നവനാണൊരാള്‍. അവനെ കാണുമ്പോള്‍ അല്ലാഹു മലക്കുകളോട് അഭിമാനം പറയും. “”മലക്കുകളേ! എന്റെ അടിമയെക്കണ്ടില്ലേ? തന്റെ വിരിപ്പും പുതപ്പും ഭാര്യയെയുമെല്ലാം വിട്ടകന്ന് എന്റെ പ്രതിഫലം മോഹിച്ച് നിസ്കരിക്കുന്നത്. തീര്‍ച്ചയായും അവന്‍ ചോദിച്ചതെല്ലാം ഞാന്‍ നല്‍കും. അവന്‍ ഭയപ്പെടുന്നതില്‍ നിന്നെല്ലാം ഞാനവനെ നിര്‍ഭയനാക്കും” (അഹ്മദ്, ത്വബ്റാനി).


ഇവക്കെല്ലാം പുറമെ രോഗങ്ങള്‍ തടയാനും ദോഷങ്ങള്‍ പൊറുക്കാനും നല്ലൊരു മാര്‍ഗം കൂടിയാണ് തഹജ്ജുദ് നിസ്കാരം. സല്‍മാന്‍(റ) നിവേദനം. നബി(സ്വ) തങ്ങള്‍ പറഞ്ഞു: “”നിങ്ങള്‍ തഹജ്ജുദ് നിസ്കാരം പതിവാക്കുക. കാരണം നിങ്ങള്‍ക്ക് മുമ്പുള്ള സജ്ജനങ്ങളുടെ നടപടിയാണത്. അതോടൊപ്പം രക്ഷിതാവായ അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതും ദോഷങ്ങള്‍ പൊറുപ്പിക്കുന്നതും കുറ്റകൃത്യങ്ങള്‍ തടയുന്നതും ശരീരത്തില്‍ നിന്ന് രോഗങ്ങളെ ആട്ടിയകറ്റുന്നതുമാണ്” (ത്വബ്റാനി, അഹ്മദ്).


ദമ്പതികള്‍ ഒരുമിച്ച് തഹജ്ജുദ് നിസ്കരിക്കുന്നതിനും ഏറെ പുണ്യമുണ്ട്. അങ്ങനെ നിസ്കരിക്കുന്നവരുടെ കുടുംബജീവിതത്തില്‍ എ്വെര്യമുണ്ടാവുമെന്നും സന്താനങ്ങള്‍ സ്വാലിഹീങ്ങളാകുമെന്നും അവര്‍പോലും വിചാരിക്കാത്ത ഭാഗത്തിലൂടെ അവര്‍ക്ക് വേണ്ടതെല്ലാം ലഭിക്കുമെന്നും പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ വിശിഷ്ട അടിമകളില്‍ അത്തരം ദമ്പതികളെ മലക്കുകള്‍ രേഖപ്പെടുത്തുമെന്നും ഹദീസില്‍ കാണാം.


അബൂമാലികില്‍ അശ്അരി(റ) നിവേദനം: നബി(സ്വ) തങ്ങള്‍ പറഞ്ഞതായി ഞാനോര്‍ക്കുന്നു. “”ദമ്പതികള്‍ രണ്ടുപേരും ഒരുമിച്ച് എഴുന്നേറ്റ് തഹജ്ജുദ് നിസ്കരിക്കുകയും ദിക്ര്‍ ചൊല്ലിക്കൊണ്ടിരിക്കുകയും ചെയ്താല്‍ അവര്‍ രണ്ടുപേരുടെയും എല്ലാ ദോഷങ്ങളും അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്. ദിക്ര്‍ ചൊല്ലുന്നവരില്‍ അല്ലാഹു അവരെ ഉള്‍പ്പെടുത്തുകയും ചെയ്യും” (ത്വബ്റാനി)

 

തഹജ്ജുദ് നമുക്ക് നഷ്ടപ്പെടുന്നതിന്റെ കാരണങ്ങൾ

  • ആഖിറത്തിലെ ഭയാനതകളെ കുറിച്ച് ചിന്തിക്കാതെ ദുനിയാവിന്റെ കാര്യങ്ങൾക്ക് മുൻഗണന നൽകൽ
  • ഭൗതീക സംസാരം പാഴ്‌വാക്കുകൾ ഉച്ചത്തിലുള്ള സംസാരം എന്നിവയിൽ മുഴുകൽ
  • പകലിൽ കഠിനാധ്വാനം ചെയ്തു അവയവങ്ങൾ തളർത്തൽ 
  • ധാരാളം ഭക്ഷണം കഴിക്കൽ വർദ്ധിച്ച തീറ്റ ഉറക്കം ക്ഷണിച്ചു വരുത്തും.... 

 

 പ്രിയമുള്ളവരെ തഹജ്ജുദ് നമസ്കാരത്തിന് അള്ളാഹു തആലാ മഹത്തായ പ്രതിഭലം ആണ് ഒരുക്കി വെച്ചിരികുന്നത് നാം അത് ഇവിടെ വെച്ച് തന്നെ ഒരുമിച്ച് കൂട്ടുകയാണെങ്കിൽ അത് നാളെ പടച്ചവന്റെ കോടതിയിൽ നമ്മുക്ക് ഒരു മുതൽ കൂട്ടാവും എന്ന കാര്യം മറക്കരുത്..!!!

 

യഥാര്‍ത്ഥ രൂപത്തില്‍ ആരാധനകള്‍ നിര്‍വ്വഹിക്കാനും അവ സ്വീകാര്യമാവാനും ബാക്കിയുള്ള കാലം ഉറച്ച വിശ്വാസത്തോടെ ജീവിക്കാനും അവസാനം ഈമാനോടെ മരിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

 

രൂപം, സമയം, നിയ്യത്ത്


രാത്രി ഉറങ്ങുകയും ഇശാ നിസ്കരിക്കുകയും ചെയ്താല്‍ തഹജ്ജുദിന്‍റെ സമയമായി. സ്വുബ്ഹ് നിസ്കാരത്തിന്‍റെ സമയം തുടങ്ങുന്നത് വരെ തഹജ്ജുദ് നിസ്കരിക്കാം. ഉറക്കം സംഭവിക്കുന്നത് ഇശാ നിസ്കാരത്തിന് മുമ്പോ ഇശാഇന്‍റെ സമയമാകുന്നതിന് മുമ്പോ ആയാലും മതിയെന്നാണ് പ്രബലമായ അഭിപ്രായം.

തഹജജുദ് നിസ്കാരം രാത്രിയുടെ രണ്ടാംപകുതിയാവല്‍ ശക്തിയായ സുന്നത്താണ്. അത്താഴ സമയത്താവല്‍ അത്യുത്തമമാണ്.

രാത്രിയില്‍ സുന്നത്തുള്ള നിസ്കരാം(തഹജ്ജുദ്) ഞാന്‍ നിസ്കരിക്കുന്നു എന്നതാണ് നിയ്യത്തിന്‍റെ ചുരുങ്ങിയ രൂപം. സാധാരണ നിസ്കാരത്തിന്‍റെ നിയ്യത്തില്‍ സുന്നത്തുള്ള കാര്യങ്ങളൊക്കെ ഇവിടെയും സുന്നത്താണ്. തഹജ്ജുദ് നിസ്കാരത്തിന്‍റെ റക്അതുകള്‍ക്ക് പരിധിയില്ല, എത്രയും നിസ്കരിക്കാം.

ഉറങ്ങിയ ഒരു വ്യക്തി ഇശാ നിസ്കരിച്ച ശേഷം രാത്രി നിസ്കരിക്കുന്ന ഏതു നിസ്കാരം കൊണ്ടും തഹജ്ജുദിന്‍റെ പ്രതിഫലം ലഭിക്കുന്നതാണ്.

Post a Comment

Previous Post Next Post

Hot Posts