നാം നമ്മുടെ കുട്ടികളെ മടിയന്മാരാക്കുന്നോ... | Prevent your child from becoming lazy

ഏതാനും മാസങ്ങൾക്കുമുമ്പ് ഒരു സ്‌കൂളിൽ ചില പരിഷ്‌കാരങ്ങൾ വരുത്തി. അക്കൂട്ടത്തിൽ സ്‌കൂൾ ബസ്, സ്കൂളിൽ നിന്ന് 300 മീറ്റർ അകലെ നിർത്തി കുട്ടികളെ ഇറക്കാൻ തീരുമാനിച്ചു . അത് നടപ്പാക്കിയപ്പോൾ ചില രക്ഷകർത്താക്കൾ കലിതുള്ളി ടീച്ചറുടെ അടുത്തെത്തി . " എന്റെ കുട്ടി ഇത്രദൂരം നടക്കണോ?"

ടീച്ചർ ഉത്തരമല്ല പറഞ്ഞത് , തിരിച്ചൊരു ചോദ്യമാണ് ." 300 മീറ്റർ നടക്കാനുള്ള സ്വാതന്ത്ര്യം പോലും നിങ്ങൾ ആ കുട്ടിക്ക് കൊടുക്കില്ലേ ? അതിനു കഴിയില്ലെങ്കിൽ കുട്ടിയെ സ്‌കൂളിൽ നിന്ന് മാറ്റിക്കോളൂ " .

ഇന്നത്തെ പല മാതാപിതാക്കളുടെയും ചോദ്യങ്ങൾ ഇതുപോലുള്ളതാണ്. കുട്ടികളെ മേലനങ്ങാതെ വളർത്തണം. പിഞ്ചുകുട്ടികൾ പാവക്കുട്ടിയെ കൊണ്ട് നടക്കുന്നപോലെയാണ് അവർ മുതിർന്ന കുട്ടികളെ കൊണ്ട് നടക്കുന്നത് .

അവരേക്കൊണ്ട് ഒന്നും ചെയ്യിക്കാൻ പാടില്ല . പഠിക്കുക ,ഭക്ഷണം കഴിക്കുക , മൊബൈൽ നോക്കുക കൂട്ടുകാരുമായി ചാറ്റ് ചെയ്യുക. മറ്റൊന്നും അറിയേണ്ട .കുട്ടികളെ ഇങ്ങനെ 'സുഖിപ്പിച്ചു' നശിപ്പിക്കുന്ന ധാരാളം മാതാപിതാക്കളുണ്ട് .


സ്കൂൾ കുട്ടികളെ ക്യാമ്പിന് കൊണ്ടുപോകുമ്പോൾ

8 -10 കിലോമീറ്ററൊക്കെ കാട്ടിലൂടെ നടത്താറുണ്ട് .ചിലരൊക്കെ മടികാണിക്കും. വയ്യെന്ന് പറയും. ജീവിതത്തിൽ ഒരിക്കലും രണ്ടുകിലോമീറ്റർപോലും നടക്കാത്ത എത്രയോ കുട്ടികൾ .ആരാണ് ഇവരെ ജീവനുള്ള മൃതശരീരങ്ങളാക്കിയത് ? ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴാണ് അവർ പഠിക്കുന്നത്. കാണാത്ത വശങ്ങൾ കാണുന്നത് . പുതിയ അറിവുകൾ കിട്ടുന്നത്.

ബാങ്കിൽ പോയി ഒരു ഫോം ഫിൽ ചെയ്യാൻ പോലും അറിയാത്ത ധാരാളം കോളേജ് കുട്ടികളുണ്ട്. പത്രം വായിക്കാത്തവരുണ്ട് . ചുരുങ്ങിയത് തൊഴിൽ - വിദ്യാഭ്യാസം പേജെങ്കിലും കുട്ടികൾക്ക് വായിച്ചുകൂടെ ? .

മുറ്റം തൂത്തുവാരാനും പാത്രം കഴുകാനും കറിക്കു കഷ്ണം അരിയാനും അമ്മിയിൽ തേങ്ങ അരക്കാനും പുല്ലരിയാനും ആവശ്യത്തിന് കിളക്കാനും മരംകയറാനും പപ്പായ പറിക്കാനും ഒക്കെ പഠിച്ചാൽ നല്ലത് . നഗരവാസികൾക്ക് ഇതിൽ പലതും ആവശ്യമില്ല . പക്ഷെ ഗ്രാമത്തിൽ വേണം .

ഒരു ബൾബ് മാറ്റിയിടാൻ എത്രപേർക്കറിയാം?.

സ്റ്റൂളിൽ കയറി പൊക്കത്തുനിന്നു എന്തെങ്കിലും എടുക്കുമ്പോൾ തല്ലിയലച്ച് വീഴുന്നവരുണ്ട് . കാരണം സ്റ്റൂളിൽ നിൽക്കുമ്പോഴുള്ള ബാലൻസ് അവർക്കറിയില്ല.

ഞാൻ ഒരുപാട് കഷ്ടപ്പെട്ടു . മക്കൾ അങ്ങനെ കഷ്ടപ്പെടാൻ പാടില്ല ! നിരവധി മാതാപിതാക്കളുടെ ഡയലോഗാണിത് .ഒരു സത്യമുണ്ട് . കഷ്ടപ്പാടുകൾ മനുഷ്യ ജന്മത്തിൽ അനുഭവിക്കണം . അച്ഛൻ അനുഭവിച്ച തരത്തിലുള്ളതല്ല മക്കൾ അനുഭവിക്കുന്നതെന്നു മാത്രം.വിഷമങ്ങളും കഷ്ടപ്പാടുകളും ഇല്ലാത്ത ഒരാളെപ്പോലും ഭൂമിയിൽ കാണാനാവില്ല. എന്താണ് കഷ്ടപ്പാട് ? കാറിൽ പോകുന്നതിനു പകരം ബസ്സിൽ പോകുന്നതോ ? ഓട്ടോയിൽ പോകുന്നതിനു പകരം നടക്കുന്നതോ?ഒരുനേരം ചിക്കൻ ഇല്ലാതെ കഞ്ഞികുടിക്കുന്നതോ? ലളിതജീവിതം നയിക്കുന്നതോ ?

ദേഹത്ത് എല്ലാ അവയവങ്ങളും ഉണ്ടെങ്കിലും സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്തവർ ശരിക്കും വികലമായ അംഗങ്ങൾ ഉള്ളവരല്ലേ ? സ്വന്തം കാഴ്ച്ചകൾക്കപ്പുറത്തേക്കു കണ്ണുകൾ എത്താത്തിടത്തോളം കാലം നമ്മിൽ തിരുത്തലുകൾ ഉണ്ടാവില്ല.

ഒരു ബന്ധുവിന്റെ വീട്ടിൽ ചെന്നപ്പോൾ 3 വയസ്സുള്ള ഒരു കുട്ടിയെ കണ്ടു . ആ കുഞ്ഞിന് പഞ്ചസാര വേണം . അമ്മ കൊടുക്കാൻ തയ്യാറായി . പക്ഷെ മുത്തശ്ശി സമ്മതിച്ചില്ല . കുട്ടി കരഞ്ഞു വീടുപൊളിച്ചിട്ടും മുത്തശ്ശി അനങ്ങാതായപ്പോൾ ഞാൻ പതുക്കെ ഇടപെട്ടു. പക്ഷെ അവർ വഴങ്ങിയില്ല " ലോകത്ത് ഒരുകുട്ടിയും പഞ്ചസാര കിട്ടാത്തതുകൊണ്ട് കരഞ്ഞു മരിച്ചിട്ടില്ല' എന്നായിരുന്നു അവരുടെ ഉത്തരം . അവർപറയുന്നതിലും കാര്യമില്ലേ? ലോകം മുഴുവൻ കുട്ടികളുടെ(പിടി ) വാശിക്ക് നിൽക്കണമെന്ന് പറഞ്ഞാൽ കുട്ടിക്ക് വലുതായാലും സങ്കടപ്പെടാനേ നേരം കാണൂ . ഈയ്യിടെ ദുബായ് മാസികയിൽ ജപ്പാനിലെ സ്‌കൂൾ കുട്ടികളെ എഴുതിയിരുന്നു . അവിടെ സ്‌കൂളിൽ ജോലിക്കാരൊന്നുമില്ല.

ടോയ്‌ലറ്റും സ്‌കൂളുമൊക്കെ വൃത്തിയാക്കുന്നത് കുട്ടികളാണ് . അധ്യാപകരെ ബഹുമാനിച്ചും പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് കുട്ടികൾ പഠിക്കുന്നത് . കുട്ടികളിൽ learning experience വളർത്താനാണിത്. ഈ മനോഭാവം ഉള്ളതുകൊണ്ടാണ് സഹകരണ മനോഭാവവും രാജ്യസ്നേഹവും അലസതയില്ലാതെ അധ്വാനിക്കാനുള്ള മനസ്സും അവർക്കുണ്ടായത് ! ഇതൊക്കെ ഇവിടെ കൊണ്ടുവന്നാലോ ? കുട്ടി വെയില് കൊള്ളുന്നതു ശിക്ഷയായി കാണുന്ന രാജ്യമാണിത് . ഇവൻ പിന്നീട് ഒരു പണിയും കിട്ടാതെ ഗൾഫിലെ 50 ഡിഗ്രി ചൂടിൽ പണിയുമ്പോൾ ?

കുട്ടികൾക്ക് സ്വാതന്ത്ര്യം വേണം . പക്ഷെ അത് ശ്രദ്ധയോടെ അവൻ ഉപയോഗിക്കുണ്ടോ എന്ന് നമ്മൾ ശ്രദ്ധിക്കണം ( എപ്പോളും സാധ്യമല്ലെങ്കിലും).

എല്ലാ അച്ഛന്മാരും ഒരുപോലെയല്ല , അതുപോലെ എല്ലാ മക്കളും! കാലം ചില ചിത്രങ്ങൾ വരക്കുമ്പോൾ നടന്ന ചില വഴികൾ ശരിയല്ലെന്നും സ്വന്തം കാലിൽ മക്കളെ വളർത്താൻ അല്പം കഷ്ടപ്പാടൊക്കെ കൊടുത്ത മാതാപിതാക്കളായിരുന്നു ശരിയെന്നും തിരിച്ചറിയും.


_Dr. Vasudevan
_Senior paediatrician

4 Comments

  1. സത്യം

    ReplyDelete
  2. ഞങൾ ജപ്പാനിൽ ആണ്. ഇവിടെ ഒന്നാം ക്ലാസ്സ്‌ മുതൽ നടന്നു പോകണം. 6 മുതൽ cycle. School vehicle ഒന്നുമില്ല. ക്ലീനിങ് kids തന്നെ. ഇതൊക്കെയാണ് മക്കൾ ആദ്യം പഠിക്കേണ്ടത്

    ReplyDelete

Post a Comment

Previous Post Next Post

Hot Posts