ചെയ്തു കൂട്ടിയ തെറ്റുകൾ പൊറുത്തു കിട്ടാൻ, ചുമ്മാതിരുന്നാൽ മതിയെന്നോ...?

ചെയ്തു കൂട്ടിയ തെറ്റുകളാൽ പൊറുത്തുകിട്ടേണ്ടേ..., കാര്യമായ പ്രയാസമൊന്നും ഇല്ലാതെ അതൊക്കെ ഒന്നു മാഞ്ഞു കിട്ടണം?  എന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്.... 

ഒരു സൂപ്പർ ഉപായമുണ്ട്. നിസ്കരിച്ച ഉടനെ മുസ്വല്ലയിൽ നിന്ന് എഴുന്നേറ്റ് ഓടാതിരിക്കുക. അത്ര തന്നെ! കുറച്ചു നേരം കൂടി അവിടെ ചന്തിയുറപ്പിച്ചിരിക്കുക. എങ്ങോട്ടാണീ ഓട്ടം? എത്ര നേരം ഇരിക്കാനൊക്കുമോ അത്രയും നന്ന്. ആ ഇരുപ്പിൽ ദിക്റോ ദുആയോ ഒന്നും നടത്തിയില്ലെങ്കിലും കുഴപ്പമില്ല, പക്ഷേ ആരോടും മിണ്ടാനും പറയാനുമൊന്നും നില്ക്കരുത്.

കാരണം മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങൾ പറഞ്ഞതായി ഇമാം ബുഖാരി റഹിമഹുല്ലാഹ് ഉദ്ധരിച്ചിട്ടുണ്ട്; മുസ്വല്ലയിൽ അങ്ങനെ ഇരിക്കുന്ന നേരത്തോളം ടിയാനു വേണ്ടി മലക്കുകൾ ദുആ ചെയ്തു കൊണ്ടിരിക്കും, അല്ലാഹുവേ, ഇവന്നു നീ പൊറുത്തു കൊടുക്കണേ, അല്ലാഹുവേ, ഇവന്നു നീ കരുണ ചെയ്യണേ... എന്നിങ്ങനെ. പക്ഷേ കൊച്ചുവർത്തമാനം പറയാൻ പോകാതെ, നാവും പൂട്ടി ചുമ്മാതിരിക്കണമെന്ന നിബന്ധനയുണ്ട്. അതല്ലെങ്കിൽ ദിക്റു-ദുആകളിൽ മുഴുകാം. വാ തുറന്ന് ആരോടെങ്കിലും സംസാരിക്കുന്നതോടെ മലക്കുകൾ ഇപ്പണി നിർത്തി അവരുടെ പാടു നോക്കിപ്പോകും. 

ഈ ഹദീസിന്റെ തുടർഭാഗത്തു മറ്റൊരു സുവിശേഷം കൂടിയുണ്ട്, നിസ്കാരത്തിന്നു വേണ്ടിയുളള കാത്തിരിപ്പിനെയും നിസ്കാരക്കണക്കിൽ ഉൾപ്പെടുത്തുമെന്നതാണത്. അഥവാ എത്ര നേരം കാത്തിരുന്നുവോ അത്രയും നേരം നിസ്കരിച്ച പ്രതിഫലം. 

ഈ കാത്തിരിപ്പുകൂലി ആണുങ്ങൾക്കു മാത്രം സംവരണം ചെയ്യപ്പെട്ടതൊന്നുമല്ല. ബാ(വാ)ങ്കും പ്രതീക്ഷിച്ചു വീട്ടിലെ മുസ്വല്ലയിൽ കുത്തിയിരിക്കുന്ന പെണ്ണൊരുത്തിയ്ക്കും ഇതിന്നവകാശമുണ്ട്. 

അതിരിക്കട്ടെ, ഒരു മനുഷ്യന്നു വേണ്ടി മലക്കുകൾ ഇങ്ങനെ നിരന്തരം ദുആ ചെയ്തു കൊണ്ടിരുന്നാൽ അല്ലാഹു പിന്നെ എന്തു ചെയ്യും? ചോദിച്ചാൽ കൊടുക്കുന്നതാണല്ലോ അവന്റെ പ്രകൃതം. അതും അവന്റെ ഇഷ്ടദാസരായ മലക്കുകൾ ചോദിച്ചാൽ പിന്നെ എങ്ങനെ നിരാശപ്പെടുത്തും? 

യെസ്, മലക്കുകളുടെ ദുആയുടെ ബറകത്തിനാൽ ഇവന്റെ റെക്കോഡ് ബുക്ക് ക്ലീനാകും. 

ഇമാം ഇബ്നു ബത്ഥാൽ റഹിമഹുല്ലാഹിയുടെ ഉപദേശമാണിത്.

റെക്കോഡ് ബുക്ക് വലതു കൈ കൊണ്ടു സ്വീകരിക്കാൻ തൗഫീഖ് തരണേ അല്ലാഹ്  ആമീൻ 


Post a Comment

Previous Post Next Post

Hot Posts