ശവ്വാൽ നോമ്പും മഹത്വങ്ങളും | Savval Nomb

    


പരിശുദ്ധ റമദാന്‍ മാസത്തെ തുടര്‍ന്ന് ശവ്വാലിൽ ആറ് ദിവസത്തെ നോമ്പിന് വലിയ ശ്രേഷ്ഠതയുണ്ട്. നിര്‍ബന്ധ വ്രതാനുഷ്ഠാനമായ റമദാനിലെ നോമ്പിന് ശേഷം ഏറ്റവും പ്രബലമായ സുന്നത്തുകളില്‍ ഒന്നാണ് ശവ്വാല്‍ വൃതം.
നബി(സ) പറയുന്നു: റമദാനില്‍ നോമ്പ് നോല്‍ക്കുകയും തുടര്‍ന്ന് ശവ്വാലിലെ ആറ് നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവന്‍ കാലം മുഴുവന്‍ നോമ്പെടുത്തവനെ പോലെയാണ്. (മുസ് ലിം)
    
    കാലം മുഴുവന്‍ എന്നാല്‍, ഒരു വര്‍ഷം പൂര്‍ത്തിയായി നോമ്പനുഷ്ഠിച്ചവനെ പോലെയാണെന്ന് ഇമാം നവവി പറയുന്നു. റമദാന്‍ അവസാനിക്കുമ്പോള്‍ ഈ നോമ്പുകള്‍ നോല്‍ക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഒരാള്‍ക്ക് റമദാനിലെ നോമ്പ് ‘ഖദാഅ്’ വീട്ടാനുണ്ടെങ്കില്‍, ആദ്യം ‘ഖദാഅ്’ വീട്ടാനുള്ള നോമ്പാണ് എടുക്കേണ്ടത്. ശേഷം ശവ്വാലിലെ ആറ് നോമ്പെടുക്കണം.
ഈ നോമ്പ് പെരുന്നാൾ ദിവസത്തിന്റെ പിറ്റേ ദിവസം മുതൽ അനുഷ്ടിക്കലും തുടർച്ചയായി അനുഷ്ടിക്കലുമാണ് ഉത്തമം. അതേ സമയം സുന്നത്ത് വീടാൻ ശവ്വാൽ മാസത്തിൽ പെരുന്നാൾ ദിവസമല്ലാത്ത ഏത് ദിവസവും നോറ്റാൽ മതി. തുടരെയാവണമെന്നില്ല. നന്മകളില്‍ കൂടുതല്‍ സ്ഥിരിത ലഭിക്കാനും നോമ്പില്ലാത്ത വേളകളിലുണ്ടാകുന്ന അലംഭാവങ്ങളില്‍ നിന്നും മാറി നില്‍ക്കാനും കൂടുതല്‍ അനുയോജ്യം തുടരെ പിടിക്കലാണ്.


    ഒരാള്‍ ഖദാഅ് വീട്ടാനുള്ള നോമ്പ് വീട്ടുന്നതിന് മുമ്പ് ശവ്വാലിലെ ആറ് നോമ്പ് പിടിച്ചാല്‍, ആ നോമ്പിന്റെ പ്രതിഫലം ലഭിക്കില്ല. കാരണം നിര്‍ബന്ധ നോമ്പ് അവന് വീട്ടാനുണ്ട് എന്നതു തന്നെ. നിര്‍ബന്ധ നോമ്പ് കഴിഞ്ഞതിന് ശേഷമാണ് ഐഛിക നോമ്പ് അവന്‍ എടുക്കേണ്ടത്.

    ഒരു നന്മക്ക് അല്ലാഹു പത്ത് ഇരട്ടിയാണ് പ്രതിഫലം നല്‍കുന്നത്. ഒരു മാസത്തിന് പത്തു മാസത്തിന്റെ പ്രതിഫലം. അപ്പോള്‍ ശവ്വാലിലെ ആറ് നോമ്പിന് അറുപതു ദിവസത്തേ പ്രതിഫലവും അങ്ങിനെ ഒരു വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചതിന്റെ പ്രതിഫലമാണ് ലഭിക്കുന്നത്.
  
സ്ത്രീകള്‍ക്ക് ആര്‍ത്തവം മൂലം ഏതാനും നോമ്പുകള്‍ എല്ലാ വര്‍ഷവും നോറ്റു വീട്ടാനുണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ‘ഖദാഅ്’ ആയ നോമ്പ് ആദ്യം പിടിക്കണം.
ആരെങ്കിലും റമദാനില്‍ നോമ്പനുഷ്ഠിക്കുകയും, അതിനെ തുടര്‍ന്ന് ശവ്വാലിലെ ആറ് നോമ്പനുഷ്ഠിക്കുകയും ചെയ്താല്‍ അവന്‍ ഒരു വര്‍ഷം നോമ്പനുഷ്ഠിച്ചവനെ പോലെയാണ്’ എന്ന പ്രവാചക വചനത്തില്‍ പറഞ്ഞ പ്രകാരം, പ്രതിഫലം പ്രതീക്ഷിക്കുന്ന സ്ത്രീകള്‍ റമദാനിലെ നോമ്പ് ആദ്യം പിടിച്ചു വീട്ടുന്നതാണ് ഉത്തമം. ഹദീസില്‍ സൂചിപ്പിച്ച പ്രകാരമുള്ള പ്രതിഫലം കരസ്ഥമാക്കാന്‍ അതാണ് നല്ലത്. അവര്‍ക്ക് റമദാനിലെ നോമ്പ് പിന്നീടുള്ള പതിനൊന്ന് മാസങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും പിടിച്ചു വീട്ടാനുള്ള അനുവാദമുണ്ട്. ശവ്വാലിലെ നോമ്പിന് നല്‍കപ്പെട്ടിരിക്കുന്ന പ്രതിഫലം റമദാനിലെ മുഴുവന്‍ നോമ്പും അനുഷ്ഠിച്ചവര്‍ക്കാണ്. അത് പൂര്‍ത്തീകരിച്ച ശേഷം ശവ്വാലിലെ നോമ്പെടുക്കുന്നതാണ് ഉത്തമം.

    വിശുദ്ധ റമദാൻ അനുകൂലമായി സാക്ഷി നിൽക്കുന്നവരിലും നരകത്തിൽ നിന്ന് മോചനം കിട്ടുന്നവരിലും നമ്മെയും നമ്മുടെമാതാപിതാക്കളെയും ,ഭാര്യ മക്കളെയും ഉൾപ്പെടുത്തട്ടെ. ഇനിയും ആഫിയത്തോടെയും ആത്മാർത്ഥതയോടെയും അനേകം റമദാനുകളിൽ നോമ്പനുഷ്ടിക്കാനും സത്കർമ്മങ്ങൾ ചെയ്യാനും നമുക്കും അവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ.

Post a Comment

أحدث أقدم

Hot Posts