തെറ്റുകളെ നിസ്സാരമായി കാണാന്‍ പാടില്ല; അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുക



ചെയ്തുപോയ തെറ്റുകളുടെ പേരില്‍ ആത്മാര്‍ഥമായി ഖേദിക്കുന്നവര്‍ക്കായി അല്ലാഹു കരുണയുടെ കവാടം തുറന്നു കാത്തിരിക്കുകയാണ്. തിരുദൂതരില്‍ നിന്ന് ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ഇപ്രകാരമാണ്. ‘പകല്‍ തെറ്റു ചെയ്യുന്നവരുടെ പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു തന്റെ കരങ്ങള്‍ രാത്രി നീട്ടിപ്പിടിക്കുന്നു. രാത്രി തെറ്റു ചെയ്യുന്നവരുടെ പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു പകല്‍ സമയത്ത് അവന്റെ കരങ്ങള്‍ നീട്ടി കാത്തിരിക്കുന്നു, സൂര്യന്‍ കിഴക്കുനിന്ന് ഉദിക്കുവോളം.’

THOUBAPDF FILES


സംഭവിച്ച തെറ്റുകളെ നിസ്സാരമായി കാണാന്‍ പാടില്ല. അതു വലിയ അപരാധമാണ്. തെറ്റ് ആവര്‍ത്തിക്കാനും തൗബ ചെയ്യാതിരിക്കാനും അതു കാരണമാകും. ലാഘവ ബോധത്തോടെ ചെറിയ തെറ്റുകള്‍ ചെയ്താല്‍ അതു വന്‍ കുറ്റങ്ങളായി പരിഗണിക്കപ്പെടും. അബ്ദുല്ലാഹിബ്ന്‍ മസ്ഊദ് (റ) പറയുന്നു: ‘പാപങ്ങളെ വിശ്വാസി ഒരു പര്‍വതം കണക്കെയാണ് കാണുക. അതെപ്പോള്‍ വേണമെങ്കിലും അവന്റെ മേല്‍ പതിച്ചേക്കാമെന്ന് അവന്‍ ഭയപ്പെടും. എന്നാല്‍ അവിശ്വാസി പാപങ്ങളെ കാണുക, തന്റെ മൂക്കിന്‍ തുമ്പത്തിരിക്കുന്ന ഈച്ചയെ പോലെയാണ്. അത് അല്‍പ്പം കഴിഞ്ഞാല്‍ പറന്നുപോകുമെന്ന് അവന്‍ കരുതുന്നു’. അതായത് തനിക്കു സംഭവിച്ച തെറ്റിനെ നിസാരമായി കാണുന്നവന്‍ കപടവിശ്വാസിയാണെന്നു ചുരുക്കം.

ഇമാം ഔസാഇ പറയുന്നു: ‘നിങ്ങള്‍ ചെയ്യുന്ന പാപങ്ങളുടെ വലുപ്പവും ചെറുപ്പവുമല്ല നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്, മറിച്ച് അതിലൂടെ ദൈവ ധിക്കാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിങ്ങള്‍ ഓര്‍ക്കണം’. അതിനാലാണ് പ്രവാചകന്‍(സ) പാപങ്ങളെ നിസ്സാരമായി കാണാതിരിക്കാന്‍ നമ്മോട് ആവശ്യപ്പെട്ടത്. അതു നിസ്സാരമായി കാണുന്നവനു വലിയ നാശമാണ് ഉണ്ടാകുകയെന്ന് തിരുനബി (സ) മുന്നറിയിപ്പു നല്‍കിയത് കാണാം. പ്രവാചകന്‍(സ) പറഞ്ഞു: ‘അല്ലാഹു ഇഷ്ടപ്പെടാത്ത വര്‍ത്തമാനം പറഞ്ഞ മനുഷ്യന് അതുമൂലം ഇഹലോകത്ത് നഷ്ടമൊന്നുമുണ്ടായില്ലെങ്കിലും അവന്‍ നരകത്തില്‍ വലിച്ചെറിയപ്പെട്ടേക്കാം’ (ബുഖാരി). മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: ‘അടിമയുടെ വര്‍ത്തമാനങ്ങള്‍ ഇഹലോകത്ത് പ്രത്യേക പരിണിതികള്‍ ഒന്നുമുണ്ടാക്കിയില്ലെങ്കിലും അവന്റെ നരക പ്രവേശനത്തിന് അതു കാരണമായേക്കും’ (ബുഖാരി, മുസ്‌ലിം).

Post a Comment

Previous Post Next Post

Hot Posts