▪️ സമയമായെന്ന് ഉറപ്പായാൽ ഉടൻ നോമ്പ് തുറക്കൽ സുന്നത്താണ്.
▪️ അസ്തമിച്ചോ എന്ന സംശയത്തോടെ പകലിന്റെ അവസാനസമയം ഭക്ഷണം കഴിക്കൽ ഹറാമാണ്. അവന്റെ ഗവേഷണത്താൽ പകൽ കഴിഞ്ഞെന്ന ധാരണ വന്നെങ്കിലെ കഴിക്കാവൂ. എന്നാലും സുക്ഷ്മത ഉറപ്പാക്കും വരെ കാത്തിരിക്കലാണ്
▪️ പകലിന്റെ തുടക്കത്തിലോ ഒടുക്കത്തിലോ ഗവേഷണം ചെയ്ത് പകലല്ലെന്ന് ധരിച്ച് ഭക്ഷണം കഴിക്കുകയും പിന്നീട് പകലാണ് ഭക്ഷണം കഴിച്ചതെന്ന് വ്യക്തമാവുകയും ചെയ്താൽ നോമ്പ് നഷ്ടമാവും.
▪️ ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കൽ സുന്നത്താണ്. അത് ലഭിക്കാതെ വന്നാല്‍ കാരക്കയും അതും ലഭിക്കാതെ വന്നാല്‍ മൂന്ന് ഇറക്ക് വെള്ളം. ഇപ്രകാരമാണ് സുന്നത്തായ ക്രമം
▪️ സംസം വെള്ളമാണെങ്കിൽ പോലും മുൻഗണന കൊടുക്കേണ്ടത് ഈത്തപ്പഴത്തിനും കാരക്കക്കുമാണ്.
▪️ തുറക്കാന്‍ വെള്ളമായാല്‍ മൂന്ന് ഇറക്കും ഈത്തപ്പഴമോ കാരക്കയോ ആണെങ്കില്‍ മൂന്നെണ്ണവും ആകുന്നതും സുന്നത്താണ്.
▪️ വെള്ളം കൊണ്ടാണെങ്കിൽ വേഗം നോമ്പു തുറക്കാൻ സാധിക്കുകയും കാരക്ക കൊണ്ടാണെങ്കിൽ വൈകുകയും ചെയ്യുന്ന സാഹചര്യത്തിൽ വെള്ളം കൊണ്ട് വേഗത്തിൽ നോമ്പ് തുറക്കുകയാണ് വേണ്ടത്. കാരക്കയിൽ ഹറാമിന്റെ കലർപ്പ് ശക്തവും വെള്ളത്തിൽ കുറവുമാണെങ്കിൽ വെള്ളം തന്നെയാണ് അഭികാമ്യം
▪️ നോമ്പ് തുറന്നയുടൻ
اللهمَّ لكَ صمتُ، وعلى رِزْقِكَ أفطرتُ
(അല്ലാഹുവേ, നിനക്ക് ഞാന്‍ നോമ്പനുഷ്ഠിച്ചു. നീ നൽകിയ ഭക്ഷണം കൊണ്ട് നോമ്പുതുറക്കുകയും ചെയ്തു) എന്നു ചൊല്ലൽ സുന്നത്താണ്. തുറക്കുന്നതിന് മുമ്പോ, തുറക്കുമ്പോഴോ അല്ല.
വെള്ളം കൊണ്ട് നോമ്പ് തുറന്നാൽ
ذَهَبَ الظَّمَأُ، وَابْتَلَّتِ الْعُرُوقُ، وَثَبَتَ الْأَجْرُ إِنْ شَاءَ اللَّهُ عَزَّ وَجَلَّ
( ദാഹം നീങ്ങി, ഞരമ്പുകൾ നനഞ്ഞു. അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം സ്ഥിരപ്പെടുകയും ചെയ്തു.) എന്നുകൂടി ചൊല്ലൽ സുന്നത്തുണ്ട്.
വെള്ളം കൊണ്ടല്ല തുറന്നതെങ്കിലും ഇത് സുന്നത്തുണ്ടെന്ന് ബുജൈരിമിയിൽ കാണാം. ദാഹം നീങ്ങുന്ന സമയമായി എന്നാണുദ്ദേശ്യമെന്നാണ് വിശദീകരണം.
(ഫത്ഹുൽ മുഈൻ, ഇആനത്ത്).
✍️മുഹമ്മദ് ശാഹിദ് സഖാഫി
إرسال تعليق