ബ്രിട്ടീഷ് ഇന്ത്യ അധിനിവേശത്തിന്റെയും കോളനിവൽക്കരണത്തിന്റെയും ദുരിതമനുഭവിക്കുന്ന കാലഘട്ടം. നാടു വാഴുന്ന ജന്മിത്തം അടിമകളാക്കിയ കർഷകർ ഒരു ഭാഗത്ത്. നാട്ടുരാജാക്കന്മാരുടെ കീഴിൽ ജീവിതം ദുസ്സഹമായി പട്ടിണിയും പരിവട്ടവും കഴിയുന്ന ജനവിഭാഗം മറുഭാഗത്ത്. ഭരണകൂടത്തിന്റെ മറവിൽ ക്രിസ്തുമതം പ്രചരിക്കുന്നു. മുസ്‌ലിംകളും കർഷകരും താഴ്ന്ന ജാതിക്കാരും പൊതുവെ അടിച്ചമർത്തലുകൾക്കു വിധേയരാവുന്നു.
സാഹചര്യം ഇങ്ങനെ പോകുന്നതിനിടയിലാണ് ഹിജ്‌റ 1183 റമളാൻ 19ന് യമനിലെ അൽമുതല്ലാ തുറമുഖത്ത് നിന്നൊരു ചരക്ക് കപ്പൽ കോഴിക്കോട്ടെത്തുന്നത്. അതിൽ 17 വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. സയ്യിദ് മുഹമ്മദ് അലവി എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പാണ്ഡിത്യവും പക്വതയും നിറഞ്ഞ പെരുമാറ്റം. അദ്ദേഹം അമ്മാവൻമാരായ ശൈഖ് മുഹമ്മദുൽ ജിഫ്രി(1726-1808), ശൈഖ് ഹസൻ ജിഫ്രി(1764) എന്നിവരെ സന്ദർശിക്കാനും അവരുടെ ദഅ്‌വാ പ്രവർത്തനങ്ങളിൽ പങ്കാളിയാവാനും ക്ഷണപ്രകാരം വന്നതായിരുന്നു. പക്ഷേ അദ്ദേഹം എത്തിയപ്പോഴേക്കും സയ്യിദ് ഹസൻ ജിഫ്രി വഫാത്തായിരുന്നു. സയ്യിദ് മുഹമ്മദ് ജിഫ്രിയും സഹോദര പുത്രൻമാരും അദ്ദേഹത്തെ സ്വീകരിച്ചു. പിന്നീട് കോഴിക്കോട്ട് നിന്നും മമ്പുറത്തെത്തി അമ്മാവനെ സിയാറത്തു ചെയ്തു.
കുടുംബം
പ്രവാചക സന്തതി പരമ്പരയിലെ മൗലദ്ദവീല ശൃംഖലയിലെ ശൈഖ് മുഹമ്മദ് ബിൻ സഹൽ(റ)ന്റെയും മറ്റൊരു പരമ്പരയായ ജിഫ്രി കുടുംബത്തിലെ സയ്യിദത്ത് ഫാത്തിമ ബീവിയുടെയും മകനായി ഹിജ്‌റ 1166 (ക്രിസ്താബ്ദം 1783) ദുൽഹിജ്ജ 23 ശനിയാഴ്ച രാത്രി യമനിലെ ഹളർ മൗത്തിലെ തരീമിലായിരുന്നു ജനനം. ചെറുപ്രായത്തിൽ തന്നെ ഉപ്പയും ഉമ്മയും മരണപ്പെട്ടതിനാൽ യത്തീമായി തീർന്ന കുട്ടിയെ മാതൃസഹോദരി സയ്യിദത്ത് ഹമീദ(റ)യാണ് വളർത്തിയത്. അവരിൽ നിന്നാണ് അമ്മാവൻമാരായ സയ്യിദ് മുഹമ്മദ് ജിഫ്രി( റ), സയ്യിദ് ഹസൻ ജിഫ്രി(റ) എന്നിവരെക്കുറിച്ച് അറിയുന്നത്. തുടർന്ന് അവരുടെ സമ്മത പ്രകാരം കേരളത്തിലേക്കു പുറപ്പെടുകയായിരുന്നു.
സയ്യിദ് ജിഫ്രി(റ) തന്റെ സന്തത സഹാചാരിയും തിരൂരങ്ങാടി ഖാസിയുമായിരുന്ന ജലാലുദ്ദീൻ മഖ്ദൂമിയോട് വഫാത്തിനു മുമ്പായി ഇങ്ങനെ വസ്വിയ്യത്ത് ചെയ്യുകയുണ്ടായി: ‘എന്റെ സഹോദരീ പുത്രൻ ഹളർമൗത്തിൽ നിന്നും വരും. അദ്ദേഹത്തിന് മാത്രമേ എന്റെ മകൾ ഫാത്തിമയെ വിവാഹം ചെയ്തു കൊടുക്കാവൂ. അങ്ങനെ ആ നികാഹ് നടക്കുകയും അവരുടെ വീട്ടിൽ താമസിക്കുകയും ചെയ്തു. സയ്യിദ് ഹസൻ ജിഫ്രിയുടെ പ്രബോധന പ്രവർത്തനങ്ങളിലും ആധ്യാത്മികതയിലും ആകൃഷ്ടനായ മുതവല്ലിയും മഖ്ദൂമുമായിരുന്ന കമ്മു മൊല്ല ദാനമായി നൽകിയതായിരുന്നു പഴയ മാളിയേക്കൽ എന്ന ആ വീട്. സയ്യിദ് ജിഫ്രി അതിന്റെ സമീപം ഒരു സാവിയ പണിത് അതു കേന്ദ്രീകരിച്ച് ഏറനാട്ടിലും വള്ളുവനാട്ടിലും ഉൾപ്രദേശങ്ങളിലും ഇസ്‌ലാമിക ദഅ്‌വത്തിന് നേതൃത്വം നൽകിപ്പോന്നു.
പ്രബോധന ഗോദയിലേക്ക് ഇറങ്ങിയ സയ്യിദ് അവർകൾക്ക് പ്രധാനമായും മൂന്ന് വിഭാഗം ആളുകളിൽ നിന്നാണ് എതിർപ്പ് നേരിടേണ്ടിവന്നത്. ഒന്ന്, വൈദേശിക ശക്തികൾ. രണ്ട്, ജന്മിമാർ. മൂന്ന്, കൊണ്ടോട്ടി കേന്ദ്രീകരിച്ച് പ്രചരിച്ചിരുന്ന കള്ളത്വരീഖത്ത്. ഈ എതിർപ്പുകളെ പക്വതയോടെ ചെറുത്തു തോൽപിച്ചതിനാൽ ജനങ്ങളിൽ വലിയ സ്വാധീനം നേടാനും ഇവരുടെ ക്രൂരപീഡനം ഏൽക്കേണ്ടി വന്ന മഹാഭൂരിപക്ഷത്തിന്റെ നായകനും രക്ഷകനുമാവാനും സയ്യിദവർകൾക്കു കഴിഞ്ഞു.
പ്രധാനമായും അദ്ദേഹത്തിനൊപ്പം ചേർന്നത് രണ്ട് വിഭാഗം ജനങ്ങളായിരുന്നു. ജന്മി-കുടിയാൻ സമ്പ്രദായത്താൽ അടിമകളാക്കപ്പെട്ട, അയിത്ത ദുരാചാരം അനുഭവിച്ചിരുന്ന താഴ്ന്ന ജാതിക്കാരാണ് ഒന്നാമതായി. ആരെയും കൂസാത്ത സയ്യിദവർകൾ ജന്മിമാരുടെ കിരാത നയങ്ങൾക്കെതിരെ നിലകൊണ്ടു. കർഷകരുടെ ശബ്ദവും രക്ഷകനുമായി ജനം അദ്ദേഹത്തെ കണ്ടു. ഇസ്‌ലാമിൽ ആകൃഷ്ടരായ അവ കൂട്ടമായി സത്യമതം സ്വീകരിച്ചു. വൈദേശികാധിപത്യത്തിനെതിരായ പോർമുഖം അപ്പോഴേക്കും തുറന്നിരുന്ന മുസ്‌ലിംളും.
കറാമത്തും വിലായത്തും
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരിൽ ഉന്നത പദവി അലങ്കരിക്കുന്നവരാണ് ഖുത്വുബ്. മഹാൻ ആ കാലഘട്ടത്തിലെ ഖുത്വുബും മുജദ്ദിദും ആയിരുന്നുവെന്നതിൽ മുസ്‌ലിംകൾക്കിടയിൽ തർക്കമില്ല. ഉമർ ഖാളി(റ) രചിച്ച ഖസ്വീദത്തുൽ മർസിയ്യ അലാ സയ്യിദ് അലവി മൗലദ്ദവീല, മദീനയിലെ മുഫ്തി ഉമറുൽബററ് രചിച്ച മൗലിദുൻ ഫീ മനാഖിബി സയ്യിദ് അലവി മൻഫുറമീ, സമസ്തയുടെ സ്ഥാപകരിലൊരളും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ലിയാർ രചിച്ച അന്നഫഹാത്തുൽ ജലീൽ എന്നീ ഗ്രന്ഥങ്ങളെല്ലാം സയ്യിദവർകൾ ഖുത്വുബായിരുന്നുവെന്നു സമർത്ഥിച്ച രചനകളാണ്.
അദ്ദേഹത്തിൽ നിന്നു പ്രകടമായ അത്ഭുത സിദ്ധികൾ ഏറനാട്ടിലും വള്ളുവനാട്ടിലും എല്ലാ ജാതി മത വിഭാഗങ്ങൾക്കിടയിലും സുപരിചിതമാണ്. ചെറുപ്രായത്തിൽ തന്നെ സയ്യിദവർകളിൽ നിന്നു കറാമത്തുകൾ പ്രകടമായിരുന്നു. ഒരിക്കൽ തിരൂരങ്ങാടി പള്ളിയിൽ ജുമുഅ നിസ്‌കരിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് തങ്ങൾ കൈ അഴിച്ചു ളുഹ്ർ നിസ്‌കരിച്ചു. സലാം വീട്ടിയ ശേഷം ജനങ്ങൾ കാരണം തിരക്കിയപ്പോൾ പറഞ്ഞത് ‘ഇമാം നിസ്‌കാരത്തിൽ ഒരു കാളയുടെ പിന്നാലെ പോയതുകൊണ്ടാണ്’ എന്നാണ്. ഇക്കാര്യം ഇമാമിനെ ധരിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ‘ഞാന ങ്ങനെ ചിന്തിച്ചു പോയിട്ടുണ്ട്’ എന്നാണ്. ഇത്തരം അത്ഭുതസിദ്ധികളുടെ പ്രതിഫലനമാണ് ഇന്നും മമ്പുറം മഖാമിലേക്ക് ജനങ്ങളെ എത്തിക്കുന്നത്.
മതം മനുഷ്യർക്കിടയിൽ വേലിക്കെട്ടുകൾ തീർക്കുന്നുവെന്നു മതവിരോധികളും ശാസ്ത്രവാദികളും ജൽപിക്കാറുണ്ട്. കേരളം കണ്ട നവോത്ഥാന നായകനായ മമ്പുറം തങ്ങൾ മറ്റു മതസ്ഥരോട് ബഹുമാനത്തോടെയും സഹവർത്തിത്തത്തോടെയും പെരുമാറി. അദ്ദേഹത്തിന്റെ കാര്യസ്ഥൻ ഹൈന്ദവനായ കോന്തുണ്ണി നായരായിരുന്നുവെന്നത് മതസൗഹാർദത്തിന് വലിയ തെളിവാണ്. രാജ്യത്തിന്റെ പൊതുസമ്പത്ത് കൊള്ളയടിക്കാനുള്ള സൗകര്യത്തിനു വേണ്ടി മത വിദ്വേഷം ഇളക്കിവിടാനുള്ള ശ്രമം ഭരണകൂടങ്ങൾ എന്നും നടത്തുന്നതാണ്. ബ്രിട്ടീഷുകാരാണ് ഇതിന്റെ ഏറ്റവും പ്രായോജകർ. മമ്പുറം തങ്ങൾ ഇക്കാര്യം ജനങ്ങളെ ഉണർത്തി. മതത്തിന്റെ പേരിൽ നാം ഭിന്നിക്കരുതെന്നും അത് ബാഹ്യ ശക്തികൾക്ക് നമ്മെ കീഴ്‌പ്പെടുത്താൻ സൗകര്യമൊരുക്കുമെന്ന സത്യം അദ്ദേഹം ജനങ്ങളെ ബോധിപ്പിക്കുകയും ഒറ്റക്കെട്ടായി നിലനിർത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ നിലപാട് അന്യമതസ്ഥർക്കിടയിൽ വലിയ ബഹുമാനവും ആദരവുമുണ്ടാക്കി. അങ്ങനെ മലപ്പുറം ജില്ലയിലെ മമ്പുറം നാനാ വിഭാഗം ജനങ്ങളുടെയും ആശ്രയ കേന്ദ്രമായി മാറി.
സയ്യിദ് മുഹമ്മദ് ജിഫ്രിയുടെയും ഹസൻ ജിഫ്രിയുടെയുമൊക്കെ നേതൃത്വത്തിൽ കേരളത്തിൽ ഇസ്‌ലാമിക മുന്നേറ്റങ്ങൾ നടന്നിട്ടുണ്ടെങ്കിലും മമ്പുറം തങ്ങളുടെ വരവോടു കൂടിയാണ് അത് കൂടുതൽ ശക്തിയാർജിക്കുന്നതും ജനകീയത കൈവരുന്നതും. പുതിയ നായകനെ കിട്ടിയ സന്തോഷത്തിലായിരുന്നു ജനങ്ങൾ. ആരാധനയുമായി ഒതുങ്ങിക്കൂടുന്നതിനു പകരം സാമൂഹിക പ്രവർത്തനങ്ങൾ ഇബാദത്തായി ഗണിച്ചു അദ്ദേഹം. ഏറനാട്ടിലും വള്ളുവനാട്ടിലും പൊന്നാനി പരിസരങ്ങളിലും നിരവധി മസ്ജിദുകൾ ഉയർന്നുവന്നു. കൊടിഞ്ഞി പള്ളി, താനൂരിലെ വടക്കെ പള്ളി, എടവണ്ണ പള്ളികൾ പ്രസിദ്ധം.
എട്ടാം വയസ്സിൽ ഖുർആൻ മനഃപാഠമാക്കുകയും 17 വയസ്സ് ആയപ്പോഴേക്കും നാല് മദ്ഹബിലും ഫത്‌വ കൊടുക്കാനുള്ള പ്രാപ്തി നേടുകയും ചെയ്തു. അറബി ഭാഷയിൽ അവഗാഹം നേടി ബാഅലവീ ത്വരീഖത്തിന്റെ ശൈഖും ഖാദിരിയ്യാ ത്വരീഖത്തിന്റെ പ്രചാരകനുമായി. ഉമർ ഖാളി(റ), ബൈത്താൻ മുഹമ്മദ് മുസ്‌ലിയാർ(ന.മ) അവുക്കോയ മുസ്‌ലിയാർ(ന.മ) തുടങ്ങിയവർ അദ്ദേഹത്തിന്റെ മുരീദുമാരിൽ പ്രധാനികളാണ്.
പോരാട്ടങ്ങളും പ്രതിരോധങ്ങളും
നാടിനെ നശിപ്പിക്കുന്ന വൈദേശിക ശക്തികളോടുള്ള യുദ്ധം വിശ്വാസത്തിന്റെ ഭാഗമാണെന്ന് നിലപാടെടുത്ത അദ്ദേഹം സ്വാതന്ത്ര്യം നേടുന്നതു വരെ പോരാടാനും അതിനിടെ ശഹീദായാൽ സ്വർഗമാണ് പ്രതിഫലമെന്നും ജനങ്ങളെ പ്രചോദിപ്പിച്ചു. ആത്മീയ ഹൽഖകളിലൂടെയും പള്ളി മിഹ്‌റാബുകളിലൂടെയും ഈ സന്ദേശം ജനങ്ങളിൽ ഊട്ടിയുറപ്പിച്ചു. മകനായ സയ്യിദ് ഫള്ൽ തങ്ങൾ(റ), ശിഷ്യൻ ഉമർ ഖാളി(റ) തുടങ്ങിയവർ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ നേതൃത്വത്തിലേക്കു വന്നു.
പ്രമുഖ ചരിത്രകാരനായ ഡോ. സികെ കരീം പറയുന്നതിങ്ങനെ: ‘ഉണ്ണിമൂസ മൂപ്പൻ, അത്തൻ കുരിക്കൾ, ചെമ്പൻ പോക്കർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന രക്തരൂഷിത ഇംഗ്ലീഷ് വിരുദ്ധ പോരാട്ടങ്ങളിൽ അവർക്ക് ഉത്തേജനവും ഉപദേശവും സയ്യിദവർകൾ നൽകി എന്നാണ് ബ്രിട്ടീഷുകാർ വിശ്വസിച്ചിരുന്നത്. ഇവരിൽ അത്തൻ കുരിക്കൾ തിരൂരങ്ങാടിയിൽ ചെന്ന് തങ്ങളെ സ്ഥിരം സന്ദർശിക്കാറുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 1801-1802 വർഷങ്ങളിൽ തന്നെ സയ്യിദ് അലവി തങ്ങളെക്കൂടി അറസ്റ്റ് ചെയ്യാൻ ആലോചന നടന്നിരുന്നു. മലബാറിലെ തെക്കും വടക്കും മാപ്പിള നേതാക്കളുടെയും പഴശ്ശിരാജയുടേയും സംഘടിത ശക്തികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സന്ദിഗ്ധ ഘട്ടത്തിൽ ലോകാദരണീയനായ അലവി തങ്ങളെക്കൂടി അറസ്റ്റ് ചെയ്താലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ആലോചിച്ച് തൽക്കാലം അനങ്ങാതിരിക്കുകയായിരുന്നു അധികാരികൾ (കേരള മുസ്‌ലിം ഡയറക്ടറി).
സയ്യിദവർകളുടെ സമരപോരാട്ടത്തിനു പ്രധാനമായും മൂന്നു ഘട്ടങ്ങളാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ശിഷ്യന്മാരായ പോരാളികളെ ചെറുക്കാൻ കഴിയാതെ വന്ന ബ്രിട്ടീഷ് പട്ടാളം അവരെ ലക്ഷ്യമാക്കി പല ആക്രമണങ്ങളും അഴിച്ചുവിട്ടു. ചെമ്പൻ പോക്കരെ കൊന്ന് മൃതദേഹം വികൃതമാക്കി സയ്യിദ് അവർകളുടെ പള്ളിയുടെ സമീപത്ത് കൊണ്ടുവന്നു കെട്ടിത്തൂക്കി. അത്തൻ ഗുരുക്കളെ വകവരുത്തി സ്വത്ത് കണ്ടുകെട്ടാൻ ശ്രമിച്ച വൈദേശിക ശക്തികൾക്കെതിരെ അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് കോയയുടെ നേതൃത്വത്തിൽ ജനങ്ങൾ തങ്ങളെ സമീപിക്കുകയും അദ്ദേഹത്തിന്റെ പ്രചോദനത്താൽ ശക്തമായ തിരിച്ചടിക്കു തയ്യാറാവുകയും ചെയ്തു. എല്ലാ സമര സേനാനികൾക്കും പ്രചോദനം മമ്പുറം തങ്ങളാണെന്നുറപ്പിച്ചെങ്കിലും അറസ്റ്റ് ചെയ്താലുണ്ടാകാവുന്ന ജനരോഷം അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
‘സൈഫുൽ ബത്താർ’ (മൂർച്ചയുള്ള വാൾ) എന്ന ഗ്രന്ഥം സമൂഹത്തിനു സമർപ്പിക്കുന്നത് രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി കാണാം. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ജിഹാദിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന അമൂല്യ കൃതിയായിരുന്നു ഇത്. ഇത് പ്രചരിച്ചാൽ ഉണ്ടായേക്കാവുന്ന അപകടം മനസ്സിലാക്കി ബ്രിട്ടീഷ് ഗവൺമെന്റ് ആ ഗ്രന്ഥം നിരോധിച്ചപ്പോൾ മകൻ സയ്യിദ് ഫസൽ തങ്ങൾ അത് ഈജിപ്തിൽ നിന്നും പ്രസിദ്ധീകരിച്ച് വിതരണം ചെയ്തു. ഈ രണ്ട് ഘട്ടത്തിലും സയ്യിദവർകൾ നേരിട്ട് പോർക്കളത്തിൽ ഇറങ്ങിയിരുന്നില്ല. എന്നാൽ മൂന്നാം ഘട്ടത്തിൽ അദ്ദേഹം നേരിട്ട് പങ്കെടുക്കുക തന്നെ ചെയ്തു.
മുട്ടിച്ചിറ സമരം
മലപ്പുറം ജില്ലയിലെ മൂന്നിയൂർ മുട്ടിച്ചിറ ഭാഗത്ത് ഇസ്‌ലാമിലേക്ക് കടന്നുവന്ന താഴ്ന്ന ജാതിക്കാർക്ക് സയ്യിദ് അലവി തങ്ങൾ ഒരു പള്ളി പണിതു കൊടുക്കുകയുണ്ടായി. പള്ളിയിലേക്ക് ആരാധനക്കു വരുന്ന ഇവർ കീഴ്ജാതിക്കാരായതിനാൽ അയിത്തമാണെന്നു പറഞ്ഞ് ഉയർന്ന ജാതിക്കാർ തടയുകയും ആക്രമിക്കുകയും ചെയ്തു. മതം മാറിയിട്ടും വരേണ്യർ അവരെ ഉപദ്രവിക്കുന്നത് തുടർന്നു. സംഗതി അറിഞ്ഞപ്പോൾ മുസ്‌ലിംകളോട് ശാന്തരായിരിക്കാൻ മമ്പുറം തങ്ങൾ ആഹ്വാനം ചെയ്തു. പ്രാദേശികമായൊരു പ്രശ്‌നം വർഗീയ കലാപമായി വികസിക്കാതിരിക്കാൻ ജാഗ്രത കാണിക്കണമെന്ന് അദ്ദേഹം ഉണർത്തി. വൈദേശികർക്കെതിരെ ഒത്തൊരുമിച്ചുള്ള സമരത്തിനു പോലും ഈ സംഭവം ഊനം തട്ടിക്കുമെന്നതായിരുന്നു കാരണം. അതാണല്ലോ അധികാരികളുടെ ലക്ഷ്യവും. ഉയർന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാരും തമ്മിലുള്ള സ്പർദയാണ് അവിടത്തെ പ്രശ്‌നങ്ങൾക്ക് ഹേതുകം. ജാതി പ്രശ്‌നം മുസ്‌ലിംകളെ ബാധിക്കുന്ന കാര്യവുമല്ല. താഴ്ന്ന ജാതിക്കാർ ഇസ്‌ലാം സ്വീകരിച്ചതാണ് വരേണ്യരെ പ്രകോപിപ്പിച്ചതെങ്കിലും ഒത്തുതീർപ്പായിരുന്നു തങ്ങളുടെ നയം.
പിന്നീട് സ്ഥിതിഗതികൾ വിലയിരുത്താൻ വേണ്ടി ബ്രിട്ടീഷ് ഉദ്യോഗസ്ഥർ വന്നപ്പോൾ ‘പള്ളി നിൽക്കുന്ന സ്ഥലം തന്റെ ഭൂമിയിലാണെന്നും അതുകൊണ്ട് അവിടെ ആരാധന പാടില്ലെന്നും ജന്മി തോട്ടശ്ശേരി അച്യുതൻ പണിക്കർ വാദിച്ചു. സത്യത്തിൽ ആ സ്ഥലം ഇസ്‌ലാം സ്വീകരിച്ച മൊയ്തു എന്നയാൾ പണിക്കരിൽ നിന്നു വാങ്ങിയതായിരുന്നു. മൊയ്തു സ്ഥലം കയ്യേറിയെന്ന വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ മുസ്‌ലിംകളെയെല്ലാം പ്രതിസ്ഥാനത്ത് നിർത്തി ബ്രിട്ടീഷ് ഗവൺമെന്റ് പണിക്കർക്ക് അനുകൂലമായി തീരുമാനമെടുക്കുകയുണ്ടായി. തഹസിൽദാറും അഞ്ചു ഉദ്യോഗസ്ഥരും തച്ചുപണിക്കരും കാര്യസ്ഥൻ നായരും മറ്റ് കൂട്ടാളികളും പള്ളി ലക്ഷ്യമാക്കി പുറപ്പെടുകയും അവിടെ ആരാധനയിൽ കഴിഞ്ഞിരുന്ന മൊയ്തു എന്ന ചെറുപ്പക്കാരനെ പ്രഹരിക്കുകയും പള്ളിക്കു നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. സംഘർഷം പണിക്കരുടെ ജീവഹാനിയിൽ കലാശിച്ചു.
തുടർന്ന് 1841 നംവബർ 14ന് (ശവ്വാൽ 7) കേണൽ ഷേക്‌സ്പിയറിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് സൈന്യം പള്ളിക്കു നേരെ ആക്രമണം നടത്തി. പള്ളിയിലുണ്ടായിരുന്ന 11 മുസ്‌ലിംകൾ ഇവരെ നേരിടുകയും ശഹീദാവുകയും ചെയ്തു.
ബ്രിട്ടീഷുകാർക്കെതിരെ നേർക്കുനേർ പോരുതാൻ സയ്യിദവർകൾക്ക് അവസരമൊത്തത് ചേറൂർ കലാപത്തിലാണ്. ഈ യുദ്ധത്തിൽ കാലിനേറ്റ മുറിവ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായി. ചരിത്രകാരൻ കെഎൻ പണിക്കർ എഴുതി: ‘ബ്രിട്ടീഷുകാർക്കെതിരെ ജിഹാദ് (വിശുദ്ധ സമരം) നടത്തുന്നതിന് തങ്ങൾ ആഹ്വാനം ചെയ്‌തെങ്കിലും ഇതര മതവിഭാഗങ്ങളോട് ഇദ്ദേഹം അസഹിഷ്ണുവായിരുന്നെന്ന് ഇത് കാണിക്കുന്നില്ല. ഹൈന്ദവരുടെ ഇടയിൽ ധാരാളം സുഹൃത്തുക്കളും ആരാധകരും ഉള്ളയാളായിരുന്ന ഇദ്ദേഹം മതഭ്രാന്തനായ അറബിയാണെന്നുള്ള ഔദ്യോഗിക വീക്ഷണം സത്യത്തിന് നിരക്കുന്നതായി തോന്നുന്നില്ല. ഹൈന്ദവരോട് ഇദ്ദേഹത്തിന് വിരോധമുണ്ടായി കാണിക്കുന്ന ഒരു തെളിവും ഇല്ല. ഇതിനു വിരുദ്ധമായി തന്റെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിന് ഹൈന്ദവരെ നിയമിക്കുന്നതിൽ അദ്ദേഹം വിമുഖനല്ലായിരുന്നുവെന്ന് കാണുന്നുമുണ്ട്. ഇദ്ദേഹത്തിന്റെ കാര്യസ്ഥൻ ഒരു ഹിന്ദുവായിരുന്നുതാനും (മലബാർ കലാപം പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ).
ചേറൂർ കലാപം
പികെ ബാലകൃഷ്ണൻ കുറിക്കുന്നു: കപ്രാട്ട് പണിക്കരുടെ കീഴിൽ ജോലി ചെയ്തിരുന്ന ചക്കിയും കൂടെയുള്ള രണ്ട് സ്ത്രീകളും മൂന്ന് പുരുഷൻന്മാരുമുൾപ്പെടെ ആറ് അടിയാളർ മമ്പുറം അലവി തങ്ങളുടെ സവിധത്തിൽ ചെന്ന് ഇസ്‌ലാം സ്വീകരിക്കുകയും ചക്കി ആയിഷ എന്ന പേരും മറ്റുള്ളവർ യഥാക്രമം ഖദീജ, ഹലീമ, അഹ്‌മദ്, ഹുസൈൻ, സാലിം എന്നീ പേരുകളും സ്വീകരിച്ചു. അന്ന് കീഴാള ജാതികളിൽ പെട്ടവർക്ക് ചക്കി, മാക്രി, ചാത്തൻ പോലുള്ള പേരുകളേ സ്വീകരിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ മതം മാറിയപ്പോൾ ഇസ്‌ലാമിലെ ആദരിക്കപ്പെടുന്ന പ്രവാചക കുടുംബത്തിലുള്ളവരുടെ പേരുകളാണ് തങ്ങൾക്ക് ലഭിച്ചത് എന്ന് മനസ്സിലാക്കിയ ആ അടിയാളന്മാർക്കു പുതിയ മാർഗത്തോട് അഭിനിവേശം കൂടി. ഇസ്‌ലാം സ്വീകരിച്ചതോടെ അവർ ശരീര ഭാഗങ്ങൾ മറച്ചു വസ്ത്രം ധരിക്കാനും ഇസ്‌ലാമിന്റെ പ്രാഥമികമായ ആചാരമുറകളും ഖുർആൻ പാരായണവും പരിശീലിക്കുവാനും തുടങ്ങി (ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും).
ആയിശയായതിനു ശേഷവും ചക്കി കപ്രാട്ട് തറവാട്ടിലെത്തി അടിച്ചുതളി ജോലി തുടർന്നു. മാർഗം കൂടലിലൂടെ അക്കാലത്തെ ജാതീയമായ ആചാരങ്ങളിൽ നിന്നും മുക്തമാകാൻ സാധിച്ചിരുന്നു. അയിത്തം, തീണ്ടൽ പോലുള്ള നിയമങ്ങൾ ഇസ്‌ലാം മത പ്രവേശനത്തോടെ തിരോഭവിക്കുമായിരുന്നു. അതിനാൽ അധഃകൃതാവസ്ഥ മാറിയ ചക്കി മാറ് മറച്ചായിരുന്നു പിന്നീട് ജോലിക്കെത്തിയത്.
എന്നാൽ ‘പഴയ ചക്കി’ക്കു പ്രവേശിക്കാൻ അനുമതിയുള്ള പരിധിയും വിട്ടുള്ള ആയിശയുടെ സാന്നിധ്യം പണിക്കരുടെ ശ്രദ്ധയിൽപ്പെട്ടു. തീണ്ടാപ്പാട് പാലിക്കാനും മേൽക്കുപ്പായം ഊരാനുമുള്ള പണിക്കരുടെ ശാസന ആയിഷ ചെവി കൊണ്ടില്ല. കീഴാളയായ അടിയാത്തി കാട്ടിയ കൂസലില്ലായ്മ കൃഷ്ണപ്പണിക്കരുടെ സവർണ ആഢ്യബോധത്തെ പ്രകോപിച്ചു. അയിത്തപ്പെടുത്തിയതിന് ശിക്ഷയേൽക്കാൻ ആയിശയെ അയാൾ നിർബന്ധിച്ചു. എന്നാൽ ആചാരമനുസരിച്ചു വാ പൊത്തി ഓച്ഛാനിച്ചു ‘എംബ്രാ’ എന്ന് വിളിച്ചു മാറിനിന്ന് ശിക്ഷ സ്വീകരിക്കുന്നതിന് പകരം തന്റെ പുതുവിശ്വാസത്തേയും വേഷവിധാനങ്ങളേയുമെല്ലാം സാക്ഷിനിർത്തി സ്വാതന്ത്ര്യബോധത്തോടെ പ്രത്യുത്തരം ചെയ്തത് പണിക്കരെ കോപാകുലനാക്കി. കുപിതനായ കൃഷ്ണ പണിക്കർ കുപ്പായം വലിച്ചു കീറുകയും തറയിലേക്ക് തള്ളിയിട്ട് മാറിൽ കത്തി കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു. രക്തമൊഴുകുന്ന ശരീരവുമായി ചക്കി ഓടിച്ചെന്നത് മമ്പുറം തങ്ങളുടെയും അനുചരരുടെയും സവിധത്തിലേക്കാണ്.
സുഹൃത്തായ കൃഷ്ണ പണിക്കരിൽ നിന്ന് ഇത്തരമൊരു നടപടി തങ്ങൾക്ക് വിശ്വസിക്കാനായില്ല. എന്നാൽ നിജസ്ഥിതി അന്വേഷിച്ച സയ്യിദ് അലവിയോട് തന്റെ ഭാഗം ന്യായീകരിക്കുകയാണ് പണിക്കർ ചെയ്തത്. ഇതോടെ തങ്ങൾ കൂടുതൽ ധർമസങ്കടത്തിലായി. എന്നാൽ ചക്കിയെന്ന ആയിഷയുടെ കണ്ണുനീരും അഭിമാനവും കാപ്രാട്ട് തമ്പ്രാനുമായുള്ള സൗഹൃദത്തെ അതിജയിക്കാൻ പോന്നവ തന്നെയായിരുന്നു.
പണിക്കരുടെ പ്രവൃത്തി ദൂരവ്യാപകമായ ഫലങ്ങളാണുണ്ടാക്കിയത്. അക്കാലത്ത് ഒരു കീഴ്ജാതിയെ സവർണൻ പീഡിപ്പിക്കുന്നതിൽ അസ്വാഭാവികത ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. അത് നാട്ടുനടപ്പായി മാത്രമേ കണക്കാക്കപ്പെടുകയുള്ളൂ. എന്നാൽ ഇവിടെ തമ്പ്രാൻ കൈ വെച്ചത് പഴയ അടിയാളത്തി ചക്കിയുടെ മേൽക്കുപ്പായത്തിലല്ല, ആയിഷയുടെ വസ്ത്രങ്ങളിലാണ്. ഒരു മുസ്‌ലിം സ്ത്രീയുടെ മാനത്തിനു തമ്പ്രാൻ വിലപറഞ്ഞുവെന്ന നിലയിലാണ് മാപ്പിളമാർ ഈ സംഭവത്തെ വിലയിരുത്തിയത്. പ്രശ്‌ന സാധ്യത ഉൾതിരിഞ്ഞു വന്നതോടെ തമ്പ്രാൻ ബ്രിട്ടീഷ് അധികാരികളുടെ സഹായം തേടുകയും കാവലിനായി കോവിലകത്തിനു ആയുധധാരികളായ നായന്മാരെ വിന്യസിക്കുകയുമുണ്ടായി (ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും).
അപ്പോഴേക്കും പണിക്കരുടെ അന്യായമായ ഈ നടപടി നാടാകെ പ്രചരിച്ചിരുന്നു. ജന്മിനാടുവാഴിത്ത ശക്തികളുടെ അന്യായമായ അധികാര പ്രയോഗങ്ങൾക്കെതിരെ സാമൂഹികമായ അസംതൃപ്തി പടർന്നിരുന്ന അക്കാലത്ത് കപ്രാട്ട് തമ്പ്രാന്റെ ഈ ചെയ്തി ജന്മിത്തത്തിനെതിരായ ഒരു ജനകീയ മുന്നേറ്റത്തിനു മതിയായ കാരണമായിരുന്നു. സംഭവത്തിലടങ്ങിയ മതകീയ മാനങ്ങൾ ഈ മുന്നേറ്റത്തിന് ഊർജം പകർന്നു (കെഎൻ പണിക്കർ- Against Lord and State: Religion and Peasant Uprisings in Malabar 1836–1921)
ചേറൂരിലെത്തിയ മാപ്പിളമാർ ബ്രിട്ടീഷ് സൈന്യത്തിന് സഹായങ്ങൾ ചെയ്തു കൊടുക്കുന്ന ജന്മി രാവുക്ക പണിക്കരുടെ വീട് വളയുകയും രക്ഷിക്കാൻ വരുന്ന ബ്രിട്ടീഷ് പട്ടാളത്തേയും തേടി കാത്തിരിപ്പായി. ഒക്ടോബർ 24ന് കാലത്ത് ക്യാപ്റ്റൻ ലീഡന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് സൈന്യം പോരാളികളെയും തേടി കോവിലകത്തെത്തി. പൊടുന്നെയുള്ള മാപ്പിളമാരുടെ എടുത്തു ചാടിയുള്ള ആക്രമണത്തിൽ വിളറി പൂണ്ട് പരാജിതരായി പിന്തിരിഞ്ഞോടേണ്ടി വന്നെങ്കിലും പിന്നീട് സുശക്തവും നൂതനവുമായ ആയുധ സന്നാഹങ്ങളോടെ ബ്രിട്ടീഷ് നേറ്റീവ് മദ്രാസ് അഞ്ചാം റെജിമെന്റിലെ പ്രത്യേക പരിശീലനം നേടിയ 70 സൈനികർ നായർ തറവാട് വളഞ്ഞു.
ജീവനോടെ കലാപകാരികളെ പിടിക്കണം എന്ന നിർദേശമുണ്ടായിരുന്നതിനാൽ മാപ്പിള പോരാളികളോട് പട്ടാളം കീഴടങ്ങാനാവശ്യപ്പെട്ടു. എന്നാൽ ആജ്ഞയനുസരിച്ച് കീഴടങ്ങാൻ തയ്യാറാകാതിരുന്ന ഏഴ് പോരാളികളെയും കനത്ത ഏറ്റുമുട്ടലിലൂടെ ബ്രിട്ടീഷ് സൈന്യം വധിച്ചു.
ഈ യുദ്ധത്തിനിടയിൽ കുതിരപ്പുറത്ത് ഒരു തലപ്പാവുധാരി പ്രത്യക്ഷപ്പെട്ട് യുദ്ധം ചെയ്യുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്തു. അപ്രകാരം അവിചാരിതമായി പച്ച തൊപ്പിയും തലപ്പാവുമായി മുഖം മറച്ചു കുതിരപ്പുറത്തു മുസ്‌ലിം പക്ഷത്തു ചേർന്ന് പൊരുതി പരിക്ക് പറ്റിയ ശേഷം അപ്രത്യക്ഷനായ അജ്ഞാത യോദ്ധാവ് മമ്പുറം സയ്യിദ് അലവി തങ്ങളാണെന്നും മരണകാരണമായ വെട്ടേറ്റ മുറിവുകളും കാലിലേറ്റ വെടിയും ചേരൂർ പടയിൽ സംഭവിച്ചതാണെന്നും കരുതപ്പെടുന്നു (മഹ്‌മൂദ് പനങ്ങാങ്ങര- മമ്പുറം തങ്ങൾ: ജീവിതം, ആത്മീയത, പോരാട്ടം).
1844ൽ (1260 മുഹർറം 7) ഞായർ രാത്രി 94-ാം വയസ്സിൽ ആ സൂര്യതേജസ്സിയുടെ ആത്മാവ് യാത്രയായി. കാലത്തിന്റെ ആ കർമയോഗി ഇന്നും ജനഹൃദയങ്ങൾക്കു സാന്ത്വനമേകുന്നു.
Saniya
ReplyDeleteSammab
ReplyDeleteSammab
ReplyDeletePost a Comment