നിസ്കാരത്തിന് സഹ് വിന്റെ സുജൂദ് പോലെയാണ് റമളാൻ നോമ്പിന് ഫിത്വർ സകാത്ത്. നിസ്കാരത്തിൽ സംഭവിക്കുന്ന വീഴ്ചകൾ സഹ് വിന്റെ സുജൂദ് പരിഹരിക്കുന്നത് പോലെ നോമ്പിലെ വീഴ്ചകൾ ഫിത്വർ സകാത്ത് പരിഹരിക്കും. അനാവശ്യ വാക്കുകളിൽ നിന്നും ദുഷ്കൃത്യങ്ങളിൽ നിന്നും നോമ്പുകാരനെ അത് ശുദ്ധീകരിക്കും എന്ന സ്വഹീഹായ ഹദീസുണ്ട്.
തന്റെയും, വിവാഹബന്ധം കൊണ്ടോ ഉടമാവകാശം കൊണ്ടോ കുടുംബ ബന്ധം കൊണ്ടോ അസ്തമയ സമയത്ത് താൻ ചെലവ് കൊടുക്കേണ്ട എല്ലാ മുസ്ലിമിന്റെ യും സകാത്ത് ആണ് നൽകേണ്ടത്. ത്വലാഖ് ചൊല്ലപ്പെട്ട ഭാര്യ മടക്കിയെടുക്കാവുന്ന ഘട്ടത്തിലാണെങ്കിലും പൂർണ്ണ മോചിതയായ ഗർഭിണിയാണെങ്കിലും സകാത്ത് നൽകണം.
അതിനാൽ അസ്തമയം കഴിഞ്ഞുണ്ടാകുന്ന സന്താനം, വിവാഹം, സാമ്പത്തിക ശേഷി, മുസ്ലിമാവൽ എന്നിവ കൊണ്ടൊന്നും ഫിത്വർ സകാത്ത് നിർബന്ധമാവില്ല. അസ്തമയ ശേഷം ഉണ്ടാവുന്ന മരണം, അടിമ മോചനം, വിവാഹമോചനം ഉടമസ്ഥതാ മാറ്റം എന്നിവ കൊണ്ട് സകാത്ത് ഒഴിവാകുകയുമില്ല.
കഴിവുള്ള കുട്ടിയാണെങ്കിൽ കുട്ടിയുടെ സമ്പത്തിൽ നിന്നാണ് സകാത്ത് നിർബന്ധമാവുക. എന്നാൽ ഉപ്പ തന്റെ സമ്പത്തിൽ നിന്ന് നൽകിയാലും അനുവദനീയമാണ്. തിരിച്ച് വാങ്ങണമെന്ന് കരുതിയിരുന്നെങ്കിൽ തിരിച്ച് വാങ്ങാവുന്നതുമാണ്. ജാരസന്തതിയുടെ സക്കാത്ത് ഉമ്മയാണ് നൽകേണ്ടത്. സമ്പാദിക്കാൻ കഴിവുള്ള വലിയ മകന്റെ സക്കാത്ത് പിതാവിന് നിർബന്ധമില്ല. ഭർത്താവ് നാട് വിട്ട് പോയാൽ ഭാര്യക്ക് തന്റെ ചെലവിന് കടം വാങ്ങാൻ അർഹതയുണ്ട്. നിർബന്ധിതാവസ്ഥയാണ് കാരണം. അവളുടെ ഫിത്വർ സകാത്തിന് വേണ്ടി കടം വാങ്ങരുത്. കാരണം അതിന്റെ ഉത്തരവാദിത്വം അവനാണ്.
ഒരു സ്വാഹ് = 4 മുദ്ദ്
ഒരു മുദ്ദ് = 800 മില്ലി ലിറ്റർ
ഒരു സ്വാഹ് = 3.200 ലിറ്റർ
തൂക്കം കൃത്യമായി പറയാഴ കഴിയില്ല.
വ്യത്യസ്ത അരികൾ തൂക്കിയെടുക്കുമ്പോൾ അവ അളവിൽ ഒരുപോലെ ആവണമെന്നില്ല. അതിനാൽ അളന്ന് കൊടുക്കുന്നതാണ് ഉത്തമം. മുദ്ദ് പാത്രങ്ങൾ നമ്മുടെ നാടുകളിലും വിപണിയിൽ ലഭ്യമാണ്. അവ ഉപയോഗിക്കാം. ഒരു പ്രദേശത്ത് ഒരു വീട്ടിൽ ഉണ്ടെങ്കിൽ തന്നെ ആ വീടിൻറെ അയൽപക്കത്തുള്ളവർക്കും അത് മതിയാവും.
ന്യൂനത ഉള്ളതോ, പുഴുക്കുത്ത് ഉള്ളതോ നനഞ്ഞതോ നൽകിയാൽ മതിയാവില്ല. നനഞ്ഞതും ഭക്ഷണമായി ഉപയോഗിക്കാറുണ്ട് എന്നത് പരിഗണിക്കുകയില്ല. എന്നാൽ മറ്റൊന്നും ഇല്ലാതെ വന്നാൽ നനഞ്ഞത് നൽകാം. കാരണമാല്ലാതെ പെരുന്നാൾ ദിവസം കഴിയുന്നത് വരെ സകാത്തിനെ പിന്തിക്കൽ ഹറാമാണ്. സമ്പത്തോ അവകാശിയോ സ്ഥലത്തില്ലെങ്കിൽ ഹറാമില്ല. പിന്തിച്ചാൽ തെറ്റുകാരനാവുന്നത് കൊണ്ടു തന്നെ ഉടൻ ഖളാഅ് വീട്ടൽ നിർബന്ധമാണ്. റമളാൻ ആദ്യം മുതൽ തന്നെ ഫിത്വർ സകാത്ത് നൽകാവുന്നതാണ്. പെരുന്നാൾ നിസ്കാരത്തേക്കാൾ പിന്തിക്കാതിരിക്കൽ സുന്നത്താണ്. പിന്തിക്കൽ കറാഹത്താണ്. എങ്കിലും അടുത്ത ബന്ധുവിനെയോ അയൽവാസിയെയോ പ്രതീക്ഷിച്ച് സൂര്യാസ്തമയം വരെ പിന്തിക്കൽ സുന്നത്താണ്.
നാട്ടിലെ മുഖ്യ ആഹാരമാണ് ഫിത്വർ സകാത്ത് നൽകേണ്ടത്. കേരളീയരായ നാം അരി നൽകണം. മുന്തിയ ഇനം നൽകിയാൽ മതിയാവും. മുന്തിയത് ഉപയോഗിക്കുന്നവൻ താഴ്ന്ന ത് നൽകിയാൽ മതിയാവുകയില്ല. വില നൽകിയാലും മതിയാവില്ല. നിർബന്ധമാകുന്ന സമയത്ത് എവിടെയാണോ ആ നാട്ടിലുള്ള അവകാശികൾക്ക് നൽകണം. സകാത്ത് വീടാനുള്ള നിബ ന്ധനയാണ് നിയ്യത്ത്. ഉടമസ്ഥൻ വിതരണം ചെയ്യുമ്പോഴോ നീക്കി വെക്കുമ്പോഴോ ഏൽപ്പിക്കുമ്പോഴോ നിയ്യത്ത് വെക്കണം.
ഒരാൾക്ക് ഒരു സ്വാഹ് എന്ന കണക്കിൽ താൻ ചെലവ് കൊടുക്കൽ നിർബന്ധമായവരുടെ എണ്ണത്തിനനുസരിച്ച് നൽകണം.
ചെറിയപെരുന്നാൾ രാവിലെ മഗ്രിബോടു കൂടി ഫിത്തർ സക്കാത്ത് നിർബന്ധമാകും. അപ്പോൾ തൻറെ ചെലവിൽ കഴിയുന്ന ആരെല്ലാം ജീവിച്ചിരിപ്പുണ്ടോ അവരെ തൊട്ടെല്ലാം കൊടുക്കണം. റമളാൻ ഒന്നുമുതൽ ഫിത്തർ സക്കാത്ത് നൽകൽ അനുവദനീയമാണ്. പക്ഷേ നിർബന്ധമാകുന്ന സമയത്ത് (അഥവാ ചെറിയ പെരുന്നാൾ രാവിലെ മഗ്രിബിന്റെ സമയത്ത്) കൊടുത്തവർ കൊടുക്കുവാനും, വാങ്ങിയവൻ വാങ്ങാനും അർഹനായിരിക്കണം എന്ന നിബന്ധനയുണ്ട്. പെരുന്നാൾ നിസ്കാരത്തിനു പുറപ്പെടും മുമ്പ് കൊടുത്തു വീട്ടലാണ് ഉത്തമം, യാതൊരു കാരണവുമില്ലാതെ നിസ്കാരശേഷം വിതരണം ചെയ്യാനായി പിന്തിക്കൽ കറാഹത്തും അസ്തമയത്തെ തൊട്ട് പിന്തിക്കൽ ഹറാമും ആണ്
സകാത്തിന് അവകാശികൾ എട്ടു വിഭാഗമാണ്
ഫഖീർ :
തന്റെയും താൻ ചെലവ് കൊടുക്കൽ വാജിബായ വരുടെയും ചെലവിന്റെ പകുതി പോലും ലഭിക്കുന്ന വരുമാനമോ ഹലാലായ യോജിച്ച ജോലിയോ ഇല്ലാത്തവൻ ആണ് ഫഖീർ
മിസ്കീൻ :
ചിലവിന്റെ 80 ശതമാനം പരിഹരിക്കുന്ന ധനമോ ജോലിയോ ഉള്ളവനാണ് മിസ്കീൻ
ഗാരിം :
ഹലാലായ സ്വന്തം ആവശ്യത്തിന് വേണ്ടിയോ ഇരുവിഭാഗത്തിന്റെ ഇടയിൽ യോജിപ്പുണ്ടാക്കാൻ വേണ്ടിയോ പൊതു മസ്ലഹത്തിന് വേണ്ടിയോ കടം വാങ്ങിയവൻ ആകുന്നു ഗാരിം
ഫീ സബീലില്ലാഹി
സ്വന്തം ആവശ്യത്തിന് അല്ലാതെ കടം വാങ്ങിയവൻ കഴിവുള്ളവൻ ആണെങ്കിലും സകാത്തിൻ അവകാശിയാകുന്നു
മുഅല്ല ഫത്തുൽ ഖുലൂബ് :
നവ മുസ്ലിങ്ങൾക്കാണ് മുഅല്ല ഫത്തുൽ ഖുലൂബ് എന്ന് പറയുന്നത്
ഇബ്നു സബീൽ :
ഇബ്നു സബീൽ എന്നാൽ യാത്രക്കാരാണ്. അവന്റെ യാത്ര ഹലാൽ ആയതാവുകയും ആവശ്യമുള്ളവനാവുകയും ചെയ്താൽ മാത്രമേ സക്കാത്തിന് അവകാശിയാവുകയുള്ളൂ
ആമിൽ :
മുസ്ലിം ഭരണാധികാരി സക്കാത്ത് ശേഖരിക്കാനും ഓഹരി ചെയ്യാനും മറ്റും നിയമിക്കുന്ന ജോലിക്കാരാകുന്നു ആമിൽ
രിഖാബ് :
ശരിയായ നിലക്ക് അടിമത്ത മോചന കരാർ എഴുതപ്പെട്ട അടിമകളാണ് രിഖാബ് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്
ഫീ സബീലില്ലാഹി :
പ്രതിഫലം പറ്റാതെ സേവനമായി അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവരാണ് ഫീ സബീലില്ലാഹി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നവർ
അവർ കഴിവുള്ളവരാണെങ്കിലും സക്കാത്ത് വാങ്ങാവുന്നതാണ്
കോവിഡ് അനുബന്ധമായി പൊതുജന സമ്പർക്കം ഒഴിവാക്കേണ്ടവരുടെ ഫിത്റ് സകാത്ത് വക്കാലത്ത് വഴി നൽകാവുന്നതാണ്.
സ്വന്തം നാട്ടിലുള്ള സുഹൃത്തിനെ ഫോൺ ചെയ്തോ മറ്റോ " എന്റെ (or എന്റേയും എന്റെ ഭാര്യ, 3 മക്കൾ, ഉമ്മ എന്നീ 6 പേരുടെ .ഉദാഹരണം ) ഫിത്റ് സകാത്ത് നിയ്യത്ത് വെച്ച് കൊടുക്കാൻ ഞാൻ നിന്നെ ചുമതലപ്പെടുത്തി" എന്ന് പറഞ്ഞ് വക്കാലത്താക്കിയാൽ മതി.
വക്കാലത്ത്ഏറ്റെടുത്ത സുഹൃത്ത് സ്വന്തം കാശെടുത്തോ വക്കാലത്താക്കിയയാൾ നൽകിയ കാശ്കൊണ്ടോ അരി വാങ്ങി എന്നെ ഏൽപിച്ച ഇന്നയാളുടെ (ആളുകളുടെ) ഫിത്റ് സകാത്താണെന്ന് നിയ്യത്ത് ചെയ്ത് അവകാശികൾക്ക് നൽകുകയാണ് വേണ്ടത്.
കോറന്റൈനിലൊന്നുമല്ലാത്തവർക്കും മേൽപറഞ്ഞരീതീയിൽ വക്കാലത്താക്കാവുന്നതാണ്.
Post a Comment