ഇസ്ലാമിക കർമ്മശാസ്ത്രം
അല്ലാഹു പറഞ്ഞു :സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.
നബി (സ ) പറഞ്ഞു : അല്ലാഹു ആരിലെങ്കിലും നന്മ ഉദ്ദേശിച്ചാൽ അവനെ ദീനിൽ അറിവുള്ളവനാക്കും.
അല്ലാഹുവിൽ നിന്നും റസൂലിൽ നിന്നും ലഭിച്ച(ശറഇയ്യായ) കർമ്മപരമായ നിയമങ്ങളുടെ വിജ്ഞാനമാണ് ഫിഖ്ഹ്. ഉന്നതമായ വിജ്ഞാനങ്ങളിൽ പെട്ടതാണിത്. ഇസ്ലാമിക കർമ്മ ശാസ്ത്രത്തിന്റെ പ്രമാണങ്ങൾ ഖുർആനും സുന്നത്തും ഇജ്മാഉം ഖിയാസുമാകുന്നു. സുന്നത്ത് നബി (സ)തങ്ങളുടെ വാക്കുകളും പ്രവർത്തികളും അനുവാദങ്ങളുമാകുന്നു.
നബി (സ)തങ്ങളുടെ വഫാത്തിന് ശേഷമുള്ള കാലഘട്ടത്തിൽ ഈ ഉമ്മത്തിലെ മുജ്തഹിദുകൾ ശറഇയ്യായ ഒരു നിയമത്തിൽ ഏകോഭിപ്രായത്തിൽ എത്തിച്ചേരലാണ് إجماع. കാരണം ഒന്നായത് കൊണ്ട് ഒരു കാര്യത്തിന്റെ അതേ വിധി മറ്റൊരു കാര്യത്തിനും ചാർത്തുന്നതിനാണ് ഖിയാസ് എന്ന് പറയുന്നത്.
ബിയർ, വിസ്കി പോലോത്ത ആൾക്കഹോളുള്ള പാനീയങ്ങൾ കുടിക്കൽ ഹറാമാകും പോലെ. കള്ള് കുടിക്കുന്നതോനോട് ഖിയസാക്കികൊണ്ടാണ് ഇത് ഹറാമാകുന്നത്. മസ്ത് വരലാണ് രണ്ടിലുമുള്ള കാരണം.
ആരാധനകൾ, ഇടപാടുകൾ, വൈവാഹികം, കുറ്റകൃത്യങ്ങൾ എന്നിങ്ങനെ പ്രധാനമായും നാല് വിഭാഗങ്ങളാണ് ഫിഖ്ഹ്.
നാല് ഇമാമുകൾ
മുജ്തഹിദുകളാണ് പ്രമാണങ്ങളിൽ നിന്ന് വിധികളെ ഗവേഷണം ചെയ്തെടുക്കുന്നത്. ഇസ്ലാമിൽ ധാരാളം മുജ്തഹിദുകൾ ഉണ്ടായിരുന്നു.എന്നാൽ അവരുടെ മദ്ഹബുകളിൽ നിന്നും ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത് നാല് പേരുടേത് മാത്രമാണ്. ഇമാം അബൂ ഹനീഫ (റ), ഇമാം മാലിക് (റ), ഇമാം ശാഫിഈ(റ), ഇമാം അഹ്മദ് (റ) എന്നവരാണവർ. ഇവർ الأئمة الأربعة (നാല് ഇമാമുമാർ )എന്ന പേരിലറിയപ്പെടുന്നു. അവരിലൊരാളെ പിൻപറ്റൽ നിർബന്ധമാണെന്നതിൽ പണ്ഡിത ഏകോഭിപ്രായമുള്ളതാണ്. അതിനാൽ തന്നെ മുസ്ലിംകൾ എല്ലാം ആ നാലിലൊരാളെ കർമ്മശാസ്ത്രത്തിൽ പിൻപറ്റുന്നു.ഞമ്മൾ ഇമാം അബൂ ഹനീഫ (റ)ന്റെ മദ്ഹബുകാരാണ്.
സൽമാനുൽ ഫാരിസീ (റ)ന്റെ മേൽ കൈ വെച്ച് കൊണ്ട്
'ഈമാൻ ثريا നക്ഷത്രത്തിന്റെ അടുത്താണെങ്കിലും ഇവരിലെ ആണുങ്ങൾ അതിനെ എത്തിക്കും' എന്ന് നബി (സ) പറഞ്ഞത് അബൂ ഹനീഫ ഇമാമിനെ കുറിച്ചാണെന്നാണ് പണ്ഡിതന്മാർ പറയുന്നത്.
ശറഇയ്യായ നിയമങ്ങൾ
ഒരു നിയമം പ്രവൃത്തിയെ തേടുന്നതോ ഉപേക്ഷിക്കലിനെ തേടുന്നതോ രണ്ടിനും ഇടയിൽ ഇഷ്ട്ടം പ്രവർത്തിക്കാവുന്നതോ ആകാം. ഒന്നാമത്തേത് ഖണ്ഡിതമായ പ്രമാണങ്ങളാൽ ഉറപ്പുള്ളതാണെങ്കിൽ ഫർള് എന്നും ധാരണപരമായ പ്രമാണങ്ങൾ കൊണ്ട് ഉറപ്പുള്ളതും നബി (സ) തങ്ങൾ ഉപേക്ഷിക്കാതെ പതിവാക്കിയതുമാണെങ്കിൽ വുജൂബ് എന്നും നബി (സ) തങ്ങൾ പതിവാക്കുകയും ഒന്നോ രണ്ടോ പ്രാവശ്യം ഉപേക്ഷിക്കുകയും ചെയ്തതാണെങ്കിൽ ശക്തിയായ സുന്നത്ത് എന്നും നബി (സ) തങ്ങൾ പലപ്പോഴും ചെയ്യുകയും പലപ്പോഴും ഉപേക്ഷിക്കുകയും മുൻഗാമികൾ ഇഷ്ടപ്പെടുകയും ചെയ്തതാണെങ്കിൽ മുസ്തഹബ്ബ് എന്നും പറയും. മുസ്തഹബ്ബിന് മാൻദൂബ് എന്നും പറയാറുണ്ട്.
രണ്ടാമത്തേത് ഖണ്ഡിതമായ പ്രമാണങ്ങളാൽ ഉറപ്പുള്ളതാണെങ്കിൽ ഹറാം എന്നും ധാരണപരമായ പ്രമാണങ്ങൾ കൊണ്ട് ഉറപ്പുള്ളതാണെങ്കിൽ തഹ്രീമിന്റെ കറാഹത്തെന്നും പറയും. നിരോധന ഉറപ്പില്ലാത്തതാണെങ്കിൽ തൻസീഹിന്റെ കറാഹത്തെന്നും خلاف الأولى എന്നും പറയും.
മൂന്നാമത്തേത് ഇബാഹത്തും ആകുന്നു.
ഫർള്, വാജിബ്, സുന്നത്ത്
ചെയ്താൽ കൂലിയുള്ളതും ഉപേക്ഷിച്ചാൽ ശിക്ഷയുള്ളതുമാണ് ഫർളും വാജിബും, അഞ്ച് വഖ്ത് നിസ്കാരം പോലെയുള്ള ഫർളിനെ നിഷേധിച്ചാൽ കാഫിറാകും, വാജിബിനെ നിഷേധിച്ചാൽ കാഫിറാവുകയില്ല.
ഫർള് രണ്ടിനമാകുന്നു. ഫർള് അയ്നും ഫർള് കിഫായയും. റമദാൻ നോമ്പ് പോലെ , ബുദ്ധിയും പ്രായപൂർത്തിയുമുള്ള എല്ലാവർക്കും നിർബന്ധമുള്ളതാണ് ഫർള് അയ്ന്. മയ്യത്ത് നിസ്കാരം പോലെ ബുദ്ധിയും പ്രായപൂർത്തിയുമുള്ളവരുടെ ഒരു കൂട്ടത്തിന് നിർബന്ധമുള്ളതാണ് ഫർള് കിഫായ.
റവാത്തിബ് പോലെ ചെയ്താൽ കൂലിയുള്ളതും ഉപേക്ഷിച്ചാൽ ശിക്ഷയുള്ളതുമാണ് ശക്തിയായ സുന്നത്ത്. നിസ്കാരത്തിൽ തല മറക്കും പോലെ ചെയ്താൽ കൂലിയുള്ളതും ഉപേക്ഷിച്ചാൽ ശിക്ഷയില്ലാത്തതുമാണ് ശക്തിയില്ലാത്ത സുന്നത്ത്. എന്നാൽ ഇതിനെ നിസ്സാരമാക്കിയാൽ കാഫിറാകും.
ഹറാമും കറാഹത്തും
മാതാപിതാക്കളെ ബുദ്ധിമുട്ടിക്കും പോലെ അല്ലാഹുവിന് വേണ്ടി ഉപേക്ഷിച്ചാൽ കൂലി ലഭിക്കുന്നതും ചെയ്താൽ ശിക്ഷയുള്ളതുമാണ് ഹറാം. ഇതിനെ ഹലാലാക്കുന്നവൻ കാഫിറാകും.
വാജിബിനെ ഉപേക്ഷിക്കും പോലെ അല്ലാഹുവിന് വേണ്ടി ഉപേക്ഷിച്ചാൽ കൂലി ലഭിക്കുന്നതും ചെയ്താൽ ശിക്ഷ ഭയക്കപ്പെടേണ്ടതുമാണ് തഹരീമിന്റെ കറാഹത്ത്. ഇതിനെ ഹലാലാക്കുന്നവൻ കാഫിറാവുകയില്ല. അറബിയിൽ അല്ലാതെ ദുആ ചെയ്യൽ , പള്ളിക്കുള്ളിൽ വെച്ച് ബാങ്ക് കൊടുക്കൽ പോലെ ഉപേക്ഷിച്ചാൽ കൂലിയുള്ളതും ചെയ്താൽ ശിക്ഷയില്ലാത്തതുമാണ് തൻസീഹിന്റെ കറാഹത്തും خلاف الأولى യും.
മുബാഹ്
പാൽ കുടിക്കും പോലെ പ്രവർത്തിച്ചാലും ഉപേക്ഷിച്ചാലും ശിക്ഷയൊ പ്രതിഫലമോ ഇല്ലാത്തതാണ് മുബാഹ്. മുബാഹിന് ഹലാൽ എന്നും ജാഇസ് എന്നും പറയാറുണ്ട്.
Post a Comment