HANAFI FIQH | CLASS 6 | LESSON 3

സുഅ്റിന്റെ മസ്അലകൾ

മനുഷ്യനോ മറ്റു ജീവിയോ കുടിച്ച പാത്രത്തിലെ ബാക്കി വെള്ളമാണ്  സുഅ്ർ. അതിന്റെ വിധി അതിൽ നിന്നും കുടിച്ച ജീവികൾക്കനുസരിച്ചാണ്. മനുഷ്യനോ തിന്നാൻ പറ്റുന്ന ജീവികളോ കുതിരയോ കുടിച്ചതിന്റെ ബാക്കിയാണെങ്കിൽ ശുദ്ധിയുള്ളതും ശുദ്ധീകരിക്കാൻ പറ്റുന്നതും കറാഹത്തില്ലാത്തതുമാണ്. ഇവയുടെ വായയിൽ നജസിന്റെ അടയാളങ്ങൾ ഇല്ലാത്തപ്പോഴാണിത്.
നജസിന്റെ അടയാളം വായയിൽ ഇല്ലാത്ത പൂച്ചയുടെ  ബാക്കി വെള്ളം ശുദ്ധിയുള്ളതാണെങ്കിലും മുത്ലഖായ വെള്ളം ഉണ്ടായിരിക്കെ അത് കൊണ്ട് ശുദ്ധീകരിക്കൽ തൻസീഹിന്റെ കറാഹത്താണ്. എലി പോലെ വീട്ടിൽ കഴിഞ്ഞ് കൂടുന്ന ജീവികൾ,കഴുകൻ, പരുന്ത്,  എന്നിവയുടെ ബാക്കി വെള്ളവും ഇതുപോലെയാണ്. കോവർ കഴുത, കഴുത -ശുദ്ധിയുള്ളതാണെങ്കിലും- ഇവയുടെ ബാക്കി വെള്ളം ശുദ്ധീകരിക്കാൻ പറ്റുമോ എന്നതിൽ സംശയം നിലനിൽക്കുന്നുണ്ട്. വേറെയൊന്നും ലഭിച്ചില്ലെങ്കിൽ ഇത് ഉപയോഗിച്ച് തഴമ്മും ചെയ്ത് നിസ്കരിക്കണം.
നായയുടേയും പന്നിയുടേയും ബാക്കി വെള്ളം നജസാണ്, അത് ഉപയോഗിക്കാൻ പറ്റുകയില്ല. സിംഹം,  ചീറ്റപ്പുലി,ചെന്നായ പോലെയുള്ള പിടിമൃഗങ്ങളുടേതും ഇതുപോലെതതന്നെയാണ്. ബാക്കി വെള്ളം ശുദ്ധിയായ ജീവികളുടെയൊക്കെ  വിയർപ്പും ശുദ്ധിയാണ്. ബാക്കി വെള്ളം നജസായ ജീവികളുടെയൊക്കെ വിയർപ്പും നജസാണ്.

വെള്ളക്കെട്ടുകളിലെയും കിണറിലെയും വെള്ളത്തിന്റെ മസ്അലകൾ

ഒരു ചെറിയ കിണറ്റിൽ നജസോ -കുറഞ്ഞതാണെങ്കിലും - പന്നി പോലെ തടി നജസായ മൃഗമോ സുഅ്ർ നജസായ ത്വാഹിറായ മൃഗമോ വീഴുകയോ ഏതെങ്കിലും മൃഗമോ മനുഷ്യനോ അതിൽ മരിക്കുകയോ ചെയ്താൽ വെള്ളം നജസാകും. അതിൽ വീണ ജീവിയോട് കൂടെ അതിലെ മുഴുവൻ വെള്ളവും പുറത്ത് എടുക്കൽ നിർബന്ധമാണ്. എല്ലാ വെള്ളവും പുറത്തെടുക്കാൻ കഴിയുന്നില്ലെങ്കിൽ 200 തൊട്ടി വെള്ളം പുറത്തെടുത്തൽ മതി. എന്നാൽ പൂച്ചയോ കോഴിയോ പോലെയുള്ള ജീവിയാണ് കിണറ്റിൽ ജീവനടയുന്നതെങ്കിൽ മൊത്തം വെള്ളം പുറത്തെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ 40 തൊട്ടി വെള്ളം പുറത്തെടുത്താൽ മതി. എലി, കിളി പോലെയുള്ള ജീവികളിൽ 20 തൊട്ടി മതിയാകുന്നതാണ്.
കിണറ്റിൽ പതിച്ച ജീവിയും  എടുക്കൽ നിർബന്ധമായ വെള്ളത്തിന്റെ അളവും പുറത്തെടുത്തൽ കിണറും അതിലെ ബാക്കി വെള്ളവും ശുദ്ധിയുള്ളതായി. പുറത്തെടുത്തവന്റെ കയ്യും തൊട്ടിയും അത് പോലെത്തന്നെയാണ്.
മനുഷ്യനോ കോവർ കഴുതയോ കഴുകനോ പരുന്തോ കിണറ്റിൽ വീഴുകയും ജീവനോടെ പുറത്ത് വരികയും ചെയ്താൽ ഇവയുടെ ശരീരത്തിൽ നജസൊന്നും ഇല്ലെങ്കിൽ വെള്ളം ശുദ്ധിയുള്ളതും ശുദ്ധീകരിക്കാൻ പറ്റുന്നതുമാണ്. മനുഷ്യനല്ലാത്തവയുടെ വായ വെള്ളത്തിലേക് എത്തിയില്ലെങ്കിലാണിത്.മറിച്ച് അതിലേക്ക് വീണ ജീവിയുടെ തുപ്പൽ വെള്ളത്തിലേക് എത്തിയിട്ടുണ്ടെങ്കിൽ വെള്ളത്തിന് ആ ജീവിയുടെ സുഅ്റിന്റെ വിധിയാണ്.
ഒലിക്കുന്ന രക്തമില്ലാത്ത മൂട്ട, ഈച്ച പോലുള്ള ജീവികളോ മത്സ്യം, തവള  പോലെ വെള്ളത്തിൽ തന്നെ ജനിച്ച് വളരുന്ന ജീവികളോ കിണറിലോ ഹൗളിലോചാവുകയാണെങ്കിൽ വെള്ളം നജസാവുകയില്ല.
പ്രാവ്, കുരുവി പോലോത്തതിന്റെ പക്ഷി കാഷ്ടം വീഴൽ കൊണ്ട് കിണർ വെള്ളം നജസാവുകയില്ല. മൃഗങ്ങളുടെ കാഷ്ടം വീണാലും ഇത് പോലെ തന്നെയാണ്.ഓരോ തൊട്ടിയിലും കാഷ്ടം ഉണ്ടാകുന്ന രൂപത്തിൽ ഇത് അധികമുണ്ടായാൽ കിണർ വെള്ളം നജസാകുന്നതാണ്.

Post a Comment