HANAFI FIQH | CLASS 7 | LESSON 4

നിസ്കാരത്തിന്റെ ബാബുകൾ

 അല്ലാഹു പറഞ്ഞു:നിങ്ങൾ നിസ്കാരം നിലനിർത്തൂ . നിശ്ചയം നിസ്കാരം വിശ്വാസികളുടെ മേൽ സമയബന്ധിതമായ ബാധ്യതയാകുന്നു.

നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു: അള്ളാഹു പറഞ്ഞു :അങ്ങയുടെ സമുദായത്തിന്റെ മേൽ ഞാൻ അഞ്ച് വഖ്ത് നിസ്കാരം നിർബന്ധമാക്കിയിരിക്കുന്നു.ആരെങ്കിലും അവയെ കൃത്യ സമയത്ത് നിർവഹിച്ചാൽ അവരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുമെന്ന  ഉടമ്പടി ഞാൻ എടുത്തിട്ടുണ്ട്. നിസ്കാരത്തിന്റെ കാര്യം സൂക്ഷിക്കാത്തവരുമായി എനിക്കൊരു ഉടമ്പടിയും ഇല്ല .

    ശരീരം കൊണ്ട് ചെയ്യുന്ന ആരാധനകളിൽ ഏറ്റവും മുഖ്യമായതാണ് നിസ്കാരം.അത് വിശ്വാസിയുടെ മിഅ്റാജ് ( ആരോഹണം )ആണ് .നിസ്കാരം വിശ്വാസിയെ അവൻെറ രക്ഷിതാവുമായി , സ്രഷ്ടാവുമായി ബന്ധിപ്പിക്കുന്നു.കാരണം അവൻ നിസ്കാരത്തിൽ  സ്രഷ്ടാവുമായി സംഭാഷണം നടത്തുകയാണ്.നിയ്യത്തോടു കൂടെ തക്ബീർ കൊണ്ട് തുടങ്ങി സലാം കൊണ്ട് അവസാനിപ്പിക്കുന്ന, നിബന്ധനകളും റുക്നുകളും പാലിച്ചുകൊണ്ടുള്ള  പ്രത്യേകമായ പ്രവർത്തനങ്ങളും വാക്കുകളുമാണ് നിസ്കാരം.

    നിസ്കാരം ഫർളാക്കപ്പെട്ടത് , വാജിബായത്, സുന്നത്തായത് എന്നിങ്ങനെ വിഭജിത മാകും.എല്ലാ ദിവസവുമുള്ള  അഞ്ച് വഖ്ത് നിസ്കാരമാണ് ഫർളാക്കപ്പെട്ടത്. വിത്ർ നിസ്കാരവും രണ്ടു പെരുന്നാൾ നിസ്കാരവും , തുടങ്ങിയതിനുശേഷം  ഒഴിവാക്കിയ സുന്നത്ത് നിസ്കാരം ഖളാഅ് വീട്ടിലും ത്വവാഫിനു ശേഷമുള്ള രണ്ട് റക്അത്തു നിസ്കാരവുമാണ്  വാജിബായത്. ഫർളാക്കപ്പെട്ടതും വാജിബായതുമല്ലാത്ത തെല്ലാം സുന്നത്തായനിസ്കാരമാണ്.

    പ്രായപൂർത്തിയും ബുദ്ധിയുമുള്ള, ഹൈളിൽ നിന്നും നിഫാസിൽ നിന്നും ശുദ്ധിയായതുമായ മുസ്ലിമിനല്ലാതെ മറ്റാർക്കും നിസ്കാരം നിർബന്ധമാവുകയില്ല. ഫർളാക്കപ്പെട്ട ഓരോ നിസ്കാരവും അതിൻെറ സമയത്ത് നിർവഹിക്കൽ നിർബന്ധമാണ്.കാരണമില്ലാതെ, നിസ്കാരത്തെ  അതിൻെറ സമയത്തെയും വിട്ടു പിന്തിപ്പിക്കൽ ഹറാമാണ്.സന്താനങ്ങൾക്ക് നിസ്കാരത്തെ പഠിപ്പിച്ചു കൊടുക്കലും ,അവർക്ക് ഏഴു വയസ്സായാൽ നിസ്കാരിക്കാൻ കൽപ്പിക്കലും പത്തു വയസ്സായാൽ നിസ്കരിച്ചില്ലെങ്കിൽ കൈകൾ കൊണ്ട് അടിക്കലും  മാതാപിതാക്കൾക്ക് നിർബന്ധമാണ്.സന്താനങ്ങൾ  നിസ്കാരം സമയത്തു തന്നെ നിർവ്വഹിക്കുന്നത് പതിവാക്കാൻ വേണ്ടിയാണിത്.നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ പറഞ്ഞു:ഏഴു വയസ്സായ കുട്ടികൾക്ക് നിങ്ങൾ നിസ്കാരം പഠിപ്പിച്ചുകൊടുക്കുകയും പത്തു വയസ്സായാൽ (നിസ്കരിച്ചില്ലെങ്കിൽ ) അവരെ അടിക്കുകയും ചെയ്യുക.

നിസ്കാരത്തിന്റെ സമയങ്ങൾ .

    പ്രായപൂർത്തിയും ബുദ്ധിയുമുള്ള മുസ്ലിമീങ്ങൾക്ക് , എല്ലാ രാത്രിയിലും പകലും പ്രത്യേകമായ സമയങ്ങളിൽ അഞ്ച് വഖ്ത് നിസ്കാരം അള്ളാഹു നിർബന്ധമാക്കി.നിസ്കാരത്തിന്റെ സമയങ്ങൾ താഴെ പറയുന്നതു പോലെയാണ്.

നിസ്കാരം: സുബ്ഹ്

റക്അതിന്റെഎണ്ണം. : രണ്ട്

സമയം: ഫജ്ർ സ്വാദിഖ് വെളിവായത് മുതൽ സൂര്യൻ ഉദിക്കുന്നതിന്റെ തൊട്ടുമുമ്പ് വരെ .

നിസ്കാരം.: ളുഹ്ർ

റക്അത്തിന്റെ എണ്ണം.: നാല്

സമയം: സൂര്യൻ നീങ്ങിയത് മുതൽ ഒരു വസ്തുവിന്റെ നിഴൽ അതിൻെറ രണ്ടിരട്ടി ആവുന്നതു വരെ .സൂര്യൻ നീങ്ങുന്ന സമയത്ത് ഒരു വസ്തുവിനുള്ള നിഴലൊഴികെ.

നിസ്കാരം.: അസ്വർ

റക്അതിന്റെ എണ്ണം. : നാല്

സമയം.: ളുഹ്റിന്റെ സമയം അവസാനിച്ചത് മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെ .

നിസ്കാരം: മഗ് രിബ്

റക്അത്തിന്റെ എണ്ണം : മൂന്ന്

സമയം: സൂര്യൻ അസ്തമിച്ചതു  മുതൽ ശഫഖുൽ അബ് യള് (വെളുത്ത സന്ധ്യ ) മറയുന്നതുവരെ .

നിസ്കാരം: ഇശാഅ്

റക് അതിന്റെ എണ്ണം: നാല്

സമയം:  ശഫ ഖുൽ അബ് യള് മറഞ്ഞതു മുതൽ ഫജ്റുസ്വാദിഖ് വെളിവാകുന്നത് വരെ.

ഇശാ നിസ്കാരം നിർവഹിച്ചതിനു ശേഷമാണ് വിത്ർ നിസ്കാരത്തിന്റെ സമയം.

നിസ്കരിക്കൽ തഹ് രീമിന്റെ കറാഹത്തുള്ള സമയം.

      താഴെപ്പറയുന്ന സമയങ്ങളിൽ നിസ്കരിക്കൽ തഹ് രീ മിന്റെ കറാഹത്താണ് . ഫർള് നിസ്കാരമാണെങ്കിലും വാജിബായ നിസ്കാരമാണെങ്കിലും നഷ്ടപ്പെട്ടത് ഖളാഅ് വീട്ടുകയാണെങ്കിലും (ഈ സമയത്ത് നിസ്കരിക്കാൻ തഹ് രീമിന്റെ കറാഹത്താണ് )

1 സൂര്യൻ ഉദിക്കുന്ന സമയത്ത് . സൂര്യൻ ഉയരുന്നത് വരെ .

2 സൂര്യൻ നേരെ നിൽക്കുന്ന സമയത്ത് . അത് നീങ്ങുന്നത് വരെ .

3 സൂര്യൻ മഞ്ഞ നിറമാകുന്ന സമയത്ത് . അത് അസ്തമിക്കുന്നത് വരെ .ഈ സമയത്ത് ആ ദിവസത്തെ അസ്വർ നിസ്കാരം നിർവ്വഹിക്കൽ ഹറാമില്ല . പിന്തിപ്പിക്കാൻ കാരണല്ലെങ്കിൽ  സൂര്യൻ മഞ്ഞനിറമാകുന്ന സമയത്തു അസ്വർ നിസ്കരിക്കൽ കറാഹത്തോടുകൂടെ അനുവദനീയമാണ്. പിന്തിപ്പിക്കാൻ കാരണമുണ്ടെങ്കിൽ ആ സമയത്ത് അസ്വർ നിസ്കരിക്കൽ കറാഹത്തില്ല .

4 .ഒരാൾ വിശപ്പുള്ളവനും ഭക്ഷണത്തിലേക്ക്  താൽപര്യമുള്ളവനുമാവുന്ന അവസ്ഥയിൽ ഭക്ഷണം അവൻെറ അടുത്തുണ്ടാകുന്ന സമയത്ത്

5 അശുദ്ധിക്ക് മുട്ടുന്ന സമയത്ത് . 

6 ഒരാളുടെ ഭക്തിക്ക്  ഭംഗം വരുന്ന വിധത്തിൽ ,അവനെ വ്യാപൃതമാകുന്ന ഒന്ന് അവൻ്റെ അടുക്കൽ ഉണ്ടാകുമ്പോൾ

    ആ സമയങ്ങളിൽ,  വാജിബായതിനെ നിർവ്വഹിക്കൽ  ശരിയാവുന്നതാണ് ; തൻസീ ഹിന്റെ കറാഹത്തോടു കൂടെ .അതുപോലെ, ആ സമയത്ത് ജനാസ വന്നാൽ ജനാസ നിസ്കാരവും ശരിയാവുന്നതാണ്.അപ്രകാരം തന്നെ  ഓത്തിന്റെ സുജൂദിനുള്ള ആയത്ത് ഓതിയാൽ സുജൂദ് ചെയ്യാവുന്നതുമാണ്.

എന്നാൽ ഈ സമയങ്ങളിൽ സുന്നത്ത് നിസ്കരിക്കൽ ഹറാമെന്നനിലക്ക് കറാഹത്താവുന്നതാണ്.

സുന്നത്ത് നിസ്കരിക്കൽ തഹ് രീമിന്റെ കറാഹത്തുള്ള സമയങ്ങൾ .

  താഴെപ്പറയുന്ന സമയങ്ങളിൽ സുന്നത്ത് നിസ്കരിക്കൽ കറാഹത്താണ് .

1 ഫജർ വെളിവായതിന് ശേഷം ഫജ്റിന്റെ രണ്ട്  റക് അതിനേക്കാൾ കൂടുതൽ നിസ്കരിക്കൽ .

2 ഫജ്ർ നിസ്കാരത്തിന് ശേഷം സൂര്യൻ ഒരു കുന്തത്തിന്റെ അളവിൽ ഉയരുന്നത് വരെ .

3 അസ്വർ നിസ്കാരത്തിനു ശേഷം സൂര്യൻ അസ്തമിക്കുന്നത് വരെ .

4 ഖത്വീബ് ഖുത്വുബ നിർവഹിക്കാൻ വേണ്ടി പുറപ്പെട്ടത് മുതൽ നിസ്കാരത്തിൽ നിന്നും വിരമിക്കുന്നത് വരെ .

5 ഇഖാമത്ത് കൊടുക്കുന്ന സമയത്ത് ; ഫജ്റിന്റെ രണ്ട് റക്അത്ത് ഒഴികെയുള്ള നിസ്കാരം. ഈ രണ്ട് റക്അത്ത് ആ സമയത്ത് നിസ്കരിക്കൽ കറാഹത്തില്ല.മറിച്ച്, ജമാഅത്ത് ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ  ഇഖാമത് കൊടുക്കുമ്പോഴും കൊടുത്തതിനു ശേഷവും പള്ളിയുടെ ഒരു ഭാഗത്ത് വെച്ച് ഫജ്റിന്റെ രണ്ട് റക്അത്ത് നിസ്കരിക്കാവുന്നതാണ്.

6 പെരുന്നാൾ നിസ്കാരത്തിന് മുമ്പ് , അപ്പോൾ പെരുന്നാൾ നിസ്കാരത്തിന് മുമ്പ് സുന്നത്ത് നിസ്കരിക്കൽ കറാഹത്താണ് .അത് ഒരാളുടെ വീട്ടിൽ വെച്ചാണെങ്കിലും നിസ്കരിക്കുന്ന സ്ഥലത്ത് വെച്ചാണെങ്കിലും (കറാഹത്താണ്).

7 പെരുന്നാൾ നിസ്കാരത്തിന് ശേഷം നിസ്കരിക്കുന്ന സ്ഥലത്ത് വെച്ച് .എന്നാൽ പെരുന്നാൾ നിസ്കാരത്തിന് ശേഷം ഒരാളുടെ വീട്ടിൽ വെച്ച് സുന്നത്ത് നിസ്കരിക്കുന്നത് കറാഹത്തില്ല.

8 സുന്നത്ത്  നിസ്കരിച്ചാൽ ഫർള് നിസ്കാരം നഷ്ടപ്പെടുമെന്ന് അറിയുന്ന   വിധത്തിൽ ഫർള് നിസ്കാരത്തിനുള്ള സമയം ഇടുക്കമാകുമ്പോൾ .

വായിച്ചുഗ്രഹിക്കാം.

إن الصلاة كانت على المؤمنين كتابا موقوتا

علموا الصبي الصلاة ابن سبع سنين واضربوه عليها ابن عشر

വ്യാഖ്യാനം എഴുതുക. 

നിസ്കാരം

നമുക്ക് ഉത്തരം കണ്ടെത്താം.

1 വിശ്വാസിയുടെ മിഅ്റാജ് (ആരോഹണം) എന്താണ്?

2 ശരീരം കൊണ്ട് ചെയ്യുന്ന ആരാധനകളിൽ മുഖ്യമായത് ഏത് . ?

3 നിസ്കാരം എത്ര ഇനമാണ്. ?

4 നിസ്കാരം ഫർളാകുന്നത് (നിർബന്ധം) ആർക്ക് .?

5 കുട്ടികൾക്ക്  നിസ്കാരത്തെ കുറിച്ച്  പഠിപ്പിച്ചു കൊടുക്കുകയും നിസ്കരിക്കാൻ അവരോട് കൽപിക്കുകയും ചെയ്യൽ മാതാപിതാക്കളുടെ മേൽ എപ്പോഴാണ്  നിർബന്ധമാകുന്നത് . ?

6 സന്താനങ്ങൾ നിസ്കാരം ഉപേക്ഷിച്ചതിന്റെ പേരിൽ , അവരെ അടിക്കൽ എപ്പോഴാണ് മാതാപിതാക്കൾക്ക്  നിർബന്ധമാവുക.?

7 പത്തു വയസ്സായ കുട്ടിക്ക് നിസ്കാരം നിർബന്ധമായിട്ടില്ലെങ്കിലും, അവൻ നിസ്കാരം ഉപേക്ഷിച്ചതിന്റെപേരിൽ അടിക്കപ്പെടുന്നത്  എന്തുകൊണ്ട് . ?

8 എപ്പോഴാണ്  ളുഹ്ർ നിസ്കാരം നഷ്ടപ്പെടുക.

9 നിസ്കരിക്കൽ അനുവദനീയമല്ലാത്ത സമയങ്ങൾ പറയുക.?

10 സുന്നത്ത് നിസ്കരിക്കൽ കറാഹത്തുള്ള അഞ്ച് സമയങ്ങൾ പറയുക. ?

താഴെ കൊടുത്തതിൽ നിന്നും ഫർളാക്കപ്പെട്ടത്, വാജിബ് , സുന്നത്ത് എന്നിവ വേർതിരിക്കാം

3 ജുമുഅ നിസ്കാരം

4 രണ്ടു പെരുന്നാൾ നിസ്കാരം 

5 വിത്ർ നിസ്കാരം 6 റവാത്തിബ് നിസ്കാരങ്ങൾ 

7 ഗ്രഹണ നിസ്കാരം 8 നശിപ്പിച്ച തറാവീഹ് നിസ്കാരം മടക്കൽ .

9 പള്ളിയിൽ പ്രവേശിച്ചതിനുള്ള തഹിയ്യത്ത് നിസ്കാരം 10 ഫജ്ർ നിസ്കാരത്തിനു മുമ്പുള്ള രണ്ട് റക്അത്ത് നിസ്കാരം.

ശരി തെരഞ്ഞെടുക്കുക, തെറ്റ് ശരിയാക്കുക.

11 പത്തു വയസ്സ് എത്തിയ എല്ലാ മുസ്‌ലിമിനും നിസ്കാരം നിർബന്ധമാണ്.

12 ഫർളാകപ്പെട്ട നിസ്കാരം, അതിൻെറ ആദ്യ സമയത്തു തന്നെ നിർവഹിക്കൽ നിർബന്ധമാണ്.

13  പത്തുവയസ്സ് എത്തുന്നതിനുമുമ്പ് മക്കൾ  നിസ്കാരം ഉപേക്ഷിച്ചതിന്റെ പേരിൽ മാതാപിതാക്കൾ അവരെ അടിക്കാൻ പാടില്ല.

14 മാതാപിതാക്കൾ, മക്കളെ വടികൊണ്ട് അടിക്കൽ അനുവദനീയമാണ്. 

15 ഇശാ നിസ്കാരത്തിന്റെ സമയം രാത്രി പകുതി ആവുന്നത് വരെയാണ് .

16 സൂര്യൻ മഞ്ഞ നിറമായതിനുശേഷം അസ്വർ നിസ്കാരം നിർവഹിക്കൽ അനുവദനീയല്ല .

17 മഗ്‌രിബ് നിസ്കാരത്തിന്റെയും ഇശാ നിസ്കാരത്തിന്റെയും ഇടക്ക് നിസ്കരിക്കൽ കറാഹത്താണ് .

Post a Comment