HANAFI FIQH | CLASS 7 | LESSON 5

ബാങ്കും ഇഖാമതും

അല്ലാഹു പറഞ്ഞു: അല്ലാഹുവിലേക്ക് ക്ഷണിക്കുകയും നല്ല പ്രവർത്തനങ്ങൾ ചെയ്യുകയും ഞാൻ മുസ്ലിലിമീങ്ങളിൽ പെട്ട വനാണെന്ന് പറയുകയും ചെയ്യുന്ന വനേക്കാൾ നല്ല വാക്ക് സംസാരിക്കുന്നത് ആരാണ് !

നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു:ബാങ്ക് വിളിക്കുന്നവന്റെ ശബ്ദം കേട്ട ജിന്നും മനുഷ്യനും മറ്റെല്ലാവസ്തുക്കളും  പാരത്രികലോകത്ത് അവന് അനുകൂലമായി സാക്ഷി നിൽക്കും.

ഇബ്നു ഉമർ (റ)പറഞ്ഞു: നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു:ആരെങ്കിലും പന്ത്രണ്ടുവർഷം ബാങ്ക് കൊടുത്താൽ അദ്ദേഹത്തിന് സ്വർഗ്ഗം ഉറപ്പായി.ഓരോ ദിവസത്തെ ബാങ്കിനും അറുപത് നന്മകളും ഓരോ ഇഖാമത്തിനും  മുപ്പത് നന്മകളും അയാൾക്കു രേഖപ്പെടുത്തപ്പെടും.

ബാങ്കിന്റെ വിധികൾ

     ഹിജ്റ ഒന്നാം വർഷത്തിൽ ആണ് ബാങ്കും ഇഖാമത്തും മത നിയമമാക്കപ്പെട്ടത്. ഫർളാക്കപ്പെട്ട നിസ്കാരത്തിൽ, ഒറ്റക്ക് നിസ്കരിക്കുകയാണെങ്കിലും സംഘമായി നിസ്കരിക്കുകയാണെങ്കിലും പുരുഷന്മാർക്ക് ഇവ ശക്തമായ സുന്നത്താണ് . സ്ത്രീക്ക് ബാങ്കും ഇഖാമത്തും തഹ് രീമിന്റെ കറാഹത്താണ് .തുടർച്ചയായി നഷ്ടപ്പെട്ട നിസ്കാരങ്ങൾ വീട്ടുമ്പോൾ ആദ്യത്തെ നിസ്കാരത്തിന് ബാങ്കും ഇഖാമത്തും കൊടുക്കണം.ബാക്കിയുള്ള നിസ്കാരങ്ങൾക്ക് ഇഖാമത്ത് മാത്രം കൊടുക്കണം.ജുമുഅക്ക് രണ്ട് ബാങ്ക് സുന്നത്താണ് . ഒരു ബാങ്ക് ജമാഅത്തിന് ജനങ്ങൾ  സന്നിഹിതരാകാൻ വേണ്ടിയും മറ്റേത്  ഖത്വീബ് മിമ്പറിന്മേൽ  കയറിയതിനുശേഷവും . 

നിസ്കാരം അല്ലാത്തതിനുവേണ്ടി ബാങ്ക് കൊടുക്കൽ.

      ടെൻഷനുള്ളവന്റെയും അപസ്മാര രോഗിയുടെയും ദേഷ്യം പിടിക്കുന്നവന്റെയും ചെവിയിലും, ദുസ്വഭാവമുള്ള മനുഷ്യരുടേയും മൃഗങ്ങളുടയും ചെവിയിലും തീ കത്തിപ്പിടിക്കുന്ന സമയത്തും ബാങ്ക് കൊടുക്കൽ സുന്നത്താണ് .പ്രസവിക്കപ്പെട്ട കുട്ടിയുടെ രണ്ടു ചെവിയിലും ബാങ്കും ഇഖാമത്തും കൊടുക്കൽ സുന്നത്താണ് ;വലതു ചെവിയിൽ ബാങ്കും ഇടതു ചെവിയിൽ ഇഖാമത്തും ആണ് കൊടുക്കേണ്ടത്. യാത്രക്കാരന്റെ പിന്നിലും ബാങ്കും ഇഖാമത്തും കൊടുക്കൻ സുന്നത്താണ് .

ബാങ്കിന്റെ സുന്നത്തുകൾ .

  താഴെ പറയുന്ന കാര്യങ്ങളെല്ലാം ബാങ്കിൽ സുന്നത്താണ് .

1 ബാങ്ക് കൊടുക്കുന്നവന് വുളൂഅ് ഉണ്ടായിരിക്കുക.

2 അവൻ നിസ്കാരത്തിന്റെ സുന്നത്തുകളും സമയങ്ങളും അറിഞ്ഞിരിക്കുക.

3 അവൻ നല്ലവനായിരിക്കുക.

4 ഖിബ് ലയിലേക്ക് തിരിയുക .

5 രണ്ടു  വിരലുകളും ചെവിയിൽ വയ്ക്കുക.

6 حيى على الصلاة എന്ന് പറയുമ്പോൾ വലതുഭാഗത്തേക്കും,

حيى على الفلاحഎന്ന് പറയുമ്പോൾ ഇടതു ഭാഗത്തേക്കും തിരിയുക .

7 വിശാലമായ സമയമുണ്ടെങ്കിൽ, ജമാഅത്തിന് പതിവായി വരുന്ന ആളുകൾ ഹാജരാകുന്നതുവരെ, ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിൽ (സമയം) വിട്ടു പിരിക്കുക.വിശാലമായ സമയമില്ലെങ്കിൽ, നിസ്കാരത്തെ  അതിൻെറ സുന്നത്തായ സമയത്തെയും വിട്ട് പിന്തിരിപ്പിക്കാൻ പാടില്ല.

8 മഗ് രിബ് നിസ്കാരത്തിൽ ചെറിയ മൂന്ന് ആയത്തുകൾ ഓതുന്ന സമയമോ, അല്ലെങ്കിൽ മൂന്ന് ചവിട്ടടി നടക്കാനുള്ള സമയമോ മാത്രം ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിൽ വിട്ട്പിരിക്കുക.

ബാങ്ക് കേൾക്കുന്നതിന്റെ മര്യാദകൾ .

       ബാങ്ക് കേൾക്കുന്നവൻ ബാങ്കിന് ഉത്തരം പറയൽ സുന്നത്താണ് . അവൻ വുളൂഅ് ചെയ്യുന്നവനാണെങ്കിലും വലിയ അശുദ്ധിക്കാരനാണെങ്കിലും (ഉത്തരം പറയണം).ആവശ്യ പൂർത്തീകരണം നനടത്തുന്നവനും ,നിസ്കരിക്കുന്നവനും, ഖുത്വുബ കേൾക്കുന്നവനും,ഭക്ഷണം കഴിക്കുന്ന സമയത്തും  മതപരമായ അറിവ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സമയത്തും ബാങ്കിന് ഉത്തരം കൊടുക്കൽ തഹ് രീമിന്റെ കറാഹത്താണ് .ഖുർആൻ പാരായണം ചെയ്യുന്ന സമയത്ത് ഉത്തരം കൊടുക്കൽ കറാഹത്തില്ല .കുറെ ആളുകൾ  തുടരെത്തുടരെ ബാങ്ക് കൊടുക്കുകയാണെങ്കിൽ, ആദ്യത്തെ ബാങ്കിന് ഉത്തരം കൊടുക്കണം.ബാങ്കിൽ ഉള്ള വാക്ക് പോലെ തന്നെ പറയലാണ്  ബാങ്കിനുള്ള ഉത്തരം .എന്നാൽ രണ്ടു ഹയ്യ അലകളിൽ, ലാ ഹൗലവലാഖുവ്വത.... എന്നും, الصلاة خير من النوم എന്നതിൽصدقت و بررت എന്നും ,ഇഖാമതിന്റെ വാചകങ്ങളിൽاقامها الله و ادامها ... എന്നുമാണ് പറയേണ്ടത്.ബാങ്കിന് ഉത്തരം നൽകാൻ വേണ്ടി ഖുർആൻ പാരായണവും ദിക്റും പ്രാർത്ഥനകളുമെല്ലാം  നിർത്തി വെക്കണം.

    ബാങ്കിനു ശേഷം, ബാങ്ക് കൊടുത്തവനും കേൾക്കുന്നവനും اللهم رب هذه الدعوة... എന്ന്പ്രാർത്ഥിക്കണം. (പരിപൂർണ്ണമായ പ്രബോധനത്തിന്റെയും നിലനിർത്തുന്ന നിസ്കാരത്തിന്റെയും   രക്ഷിതാവായ അല്ലാഹു വേ;മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വ സല്ലമക്ക്  മഹത്വം വും വസീലയും ,ഉയർന്ന സ്ഥാനവും നീ നൽകേണമേ,അവിടുത്തേക്ക് നീ കരാർ ചെയ്ത ഉന്നതമായ സ്ഥാനത്തേക്ക് അവരെ നീ  നിയോഗിക്കണമേ,അന്ത്യദിനത്തിൽ ഞങ്ങൾക്ക് അവരുടെ ശിപാർശ നൽകേണമേ, തീർച്ചയായും നീ കരാർ ലംഘിക്കാത്തവനാകുന്നു.

      ജനാബത്ത് കാരനും ബുദ്ധിയില്ലാത്ത കുട്ടിക്കും ഭ്രാന്തനും മത്ത് പിടിച്ചവനും സ്ത്രീക്കും തെമ്മാടിക്കും ബാങ്ക് കൊടുക്കൽ കറാഹത്താണ് .അതുപോലെ, ബാങ്ക് കൊണ്ട് രാഗം പാടലും ,ബാങ്ക് കൊടുക്കുന്നവൻ ബാങ്കിന്റെ ഇടയിൽ സംസാരിക്കലും തഹ് രീ മീന്റെ കറാഹത്താണ് . ബാങ്കിന്റെ ഇടയിൽ സംസാരിച്ചാൽ ബാങ്കിനെ മടക്കൽ സുന്നത്താണ്. എന്നാൽ ഇഖാമത്തിനിടയിൽ സംസാരിച്ചാൽ, ഇഖാമത്തിനെ മടക്കേണ്ടതില്ല. ഇരുന്നുകൊണ്ട് ബാങ്ക് വിളിക്കലും കറാഹത്താണ് .

വായിച്ച് ഗ്രഹിക്കാം

   و من احسن قولا ممن دعا إلى الله وعمل صالحا و قال إنني من المسلمين

لا يسمع مدىصوت المؤذن جن ولا شيء إلا شهد له يوم القيامة

ഉത്തരം കണ്ടെത്താം.

1 ബാങ്കും  ഇഖാമത്തും എപ്പോഴാണ് മത നിയമമാക്കപ്പെട്ടത്. ?

2 സ്ത്രീകൾക്ക് ബാങ്ക് കൊടുക്കുന്നതിന്റെ വിധി എന്ത് . ?

3 പുരുഷന്മാർ ബാങ്ക് കൊടുക്കുന്നതിന്റെ വിധി എന്ത്. ?

4 ജുമുഅക്ക് വേണ്ടി എപ്പോഴാണ് ബാങ്ക് കൊടുക്കപ്പെടേണ്ടത്.?

5 ബാങ്കിന്റെ സുന്നത്തുകളിൽ നിന്നും അഞ്ചെണ്ണം പറയുക.?

6 ബാങ്കിന് ഉത്തരം കൊടുക്കൽ കറാഹത്താക്കുന്നത് ആർക്കൊക്കെ .?

7 കുറെയാളുകൾ തുടരെത്തുടരെയായി ബാങ്ക് കൊടുക്കുമ്പോൾ എങ്ങനെയാണ് ഉത്തരം പറയേണ്ടത്.?

8 ഒരാൾ ഖുർആൻ  ഓതിക്കൊണ്ടിരിക്കുമ്പോൾ ബാങ്ക് കേട്ടാൽ എന്താണ് ചെയ്യേണ്ടത്.?

മന:പാഠത്തിൽ നിന്നും പറയുക.

1 ബാങ്കിന്റെയും ഇഖാമത്തിന്റയും ശേഷമുള്ള പ്രാർത്ഥന.

 2 ഇഖാമത്തിന്റെ രണ്ട് വാക്കുകൾക്കുള്ള ഉത്തരം 

3 ഹയ്യാ അലാ കൾ ക്കുള്ള ഉത്തരം .

4 തസ് വീബിനുള്ള ഉഞ്ഞരം

ശരി തെരഞ്ഞെടുത്ത് തെറ്റു തിരുത്താം.

1 ഫർളാക്കപ്പെട്ട നിസ്കാരങ്ങളിൽ ജമാഅത്തിന് ബാങ്ക് കൊടുക്കൽ നിർബന്ധമാണ്.

2 സ്ത്രീകൾക്ക് ഇഖാമത്ത് മാത്രമാണ് സുന്നത്തുള്ളത്.

3 നഷ്ടപ്പെട്ട നിസ്കാരങ്ങൾ ഖളാഅ് വീട്ടുമ്പോൾ ഓരോ നിസ്കാരത്തിനു വേണ്ടിയും ബാങ്കും ഇഖാമത്തും കൊടുക്കണം.

4 ബാങ്കിന്റെ ആദ്യം മുതൽ അവസാനം വരെ കേട്ടാൽ മാത്രമേ  ഉത്തരം കൊടുക്കൽ സുന്നത്താവുകയുള്ളൂ.

5 കുറെ ആളുകൾ തുടരെത്തുടരെ ബാങ്ക് കൊടുക്കുകയാണെങ്കിൽ എല്ലാത്തിനും ഉത്തരം നൽകണം.

6 ഖുർആൻ ഓതുമ്പോൾ ബാങ്ക് കൊടുക്കുന്നത് കേട്ടാൽ ഖുർആൻ പാരായണം തുടരണം.

7 ബാങ്കിന്റെയും ഇഖാമത്തിന്റെയും ശേഷം നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾക്ക്  വേണ്ടി പ്രാർത്ഥിച്ചവനെ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ സന്തോഷ വാർത്ത അറിയിച്ച പ്രതിഫലം ഏത് .

8 ജനാബത്തുള്ളവന് ബാങ്ക് കൊടുക്കൽ ഹറാമാണ്.

9 ബാങ്ക് കൊടുക്കുന്നവൻ ബാങ്കിനിടയിൽ സംസാരിച്ചാൽ, ആദ്യം മുതൽ  തുടങ്ങൽ നിർബന്ധമാണ്.

പാരഗ്രാഫ് എഴുതുക

നിസ്കാരത്തിനു വേണ്ടിയല്ലാതെയുള്ള ബാങ്ക് .

Post a Comment