നിസ്കാരത്തിന്റെ റുക്നുകൾ അഞ്ചാകുന്നു.മനപ്പൂർവമോ മറന്നോ ഇവയെ ഒരാൾ ഒഴിവാക്കിയാൽ അവൻ്റെ നിസ്കാരം മുറഞ്ഞുപോകും .അവ.
1 ഫർളാക്കപ്പെട്ട നിസ്കാരത്തിലും വാജിബായ നിസ്കാരത്തിലും കഴിവുള്ളവൻ നിൽക്കുക .
അപ്പോൾ സുന്നത്ത് നിസ്കാരത്തിൽ നിൽക്കാൻ കഴിവുള്ള തോടെ തന്നെ ഇരുന്ന് നിസ്കരിക്കലും അനുവദനീയമാണ്.ഫജറിന്റെ സുന്നത്ത് നിസ്കാരത്തിൽ ഒഴികെ. (അതിൽ നിന്ന് നിസ്കരിക്കാൻ കഴിവുണ്ടെങ്കിൽ ഇരുന്നു നിസ്കരിക്കൽ അനുവദനീയമല്ല.)
2 ഖുർആൻ പാരായണം .അത് ചെറിയ ആയത്താണെങ്കിലും മതിയാവുന്നതാണ്. ഫർളാക്കപ്പെട്ട നിസ്കാരത്തിൽ രണ്ട് റക്അത്തിലും , വാജിബായ നിസ്കാരത്തിലും സുന്നത്തായ നിസ്കാരത്തിലും എല്ലാ റക്അത്തിലും ഖുർആൻ പാരായണം ചെയ്യൽ നിർബന്ധമാണ്.
മഅ്മൂമ് ഖുർആൻ ഓതൽ തഹ് രീമിന്റെ കറാഹത്താണ് .
3 റുകൂഅ്.
കൈകൾ നീട്ടിയാൽ , രണ്ട് മുട്ടി ലേക്കും എത്തുന്ന വിധത്തിൽ കുനിഞ്ഞു കൊണ്ട് തല താഴ്ത്തുന്നതാണ് റുകൂഇന്റെ ചുരുങ്ങിയ രൂപം. തല ചന്തിക്കെട്ടിനോട് തുല്യമാകുന്ന വിധത്തിൽ പിരടിയെ കുനിക്കലാണ് റുകൂഇന്റെ പൂർണ്ണരൂപം.
4 രണ്ട് സുജൂദുകൾ .
നെറ്റിയുടെ ഒരു ഭാഗവും, രണ്ട് കൈയിൽനിന്ന് ഒന്നും , രണ്ട് കാൽപാദങ്ങളിൽ ഒന്നിന്റെ ഭാഗവും ഭൂമിയിൽ വെക്കുന്നതാണ് സുജൂദിന്റ ചുരുങ്ങിയ രൂപം.നെറ്റിയും രണ്ടു കൈകളും രണ്ടു മുട്ടുകളും രണ്ടു കാൽപാദങ്ങളും മൂക്കും ഭൂമിയിൽ വെക്കലാണ് സുജൂദിന്റെ പൂർണ്ണരൂപം.
സുജൂദ് ചെയ്യുന്നവൻ തൻ്റെ നെറ്റിയെ ശക്തമായി ( ഭൂമിയിൽ) വെച്ചാലും ആഴത്തിലേക്ക് പോകാത്ത വിധം നെറ്റി ഉറച്ചു നിൽക്കുന്ന ഒരു വസ്തുവിന്റെ മേൽ അല്ലാതെ സുജൂദ് ചെയ്യാൻ പാടില്ല.
മുൻകൈയിന്റെ മേലും വസ്ത്രത്തിന്റെ തല്ലിന്മേലും നെറ്റി വെക്കൽ അനുവദനീയമാണ്; എങ്കിലും അത് തൻസീഹിന്റെ കറാഹത്താണ് .
ശക്തമായ തിരക്കില്ലാത്ത സാഹചര്യത്തിൽ, അരചാണിനേക്കാൾ കൂടുതലായി രണ്ട് കാൽ പാദങ്ങൾ വെക്കുന്ന സ്ഥലത്തിൽ നിന്നും സുജൂദ് ചെയ്യുന്ന സ്ഥലം ഉയരാതിരിക്കൽ സുജൂദിൽ ശർത്വാണ്.
5 തശഹ്ഹുദിന്റെ അളവനുസരിച്ച് അവസാനത്തെ ഇരുത്തം.
നിസ്കാരത്തിന്റെ വാജിബാത്തുകൾ .
ഇവ നിസ്കാരത്തിൽ നിർബന്ധമായ കാര്യങ്ങളാണ് . ഇവയെ മനപൂർവ്വം ഒരാൾ ഒഴിവാക്കിയാലും നിസ്കാരം മുറിഞ്ഞു പോവുകയില്ല ;എങ്കിലും അവയെ മടക്കൽ നിർബന്ധമാണ്. (ഇവയെ മനപ്പൂർവം ഒഴിവാക്കിയവൻ)അവയെ മടക്കിയില്ലെങ്കിൽ അവൻ കുറ്റക്കാരനാകും.ഒരാൾ മറന്നു കൊണ്ട് വാജിബാത്തുകളെ ഒഴിവാക്കിയാൽ , അവന്റെ നിസ്കാരം ന്യൂനതയുള്ളതാകും. സഹ്‌വിന്റെ സുജൂദ് കൊണ്ട് (മറവിയുടെ സുജൂദ്)അവയെ പരിഹരിക്കാവുന്നതാണ്.
1 الله اكبرഎന്ന വാക്കുകൊണ്ട് നിസ്കാരം തുടങ്ങൽ
2 ഫർള് നിസ്കാരത്തിലെ ആദ്യത്തെ രണ്ട് റക്അത്തുകളിലും,വാജിബും സുന്നത്തുമായ നിസ്കാരങ്ങളുടെ എല്ലാ റക്അത്തുകളിലും ഫാത്തിഹ സൂറത്ത് ഓതൽ .
ആദ്യത്തെ രണ്ട് റക്അത്തുകളിൽ ഫാത്തിഹയെ ഒരാൾ ഒഴിവാക്കിയാൽ അതിന് ശേഷമുള്ള രണ്ട് റക്അത്തുളിൽ അവയെ ആവർത്തിക്കേണ്ടതില്ല, മറിച്ച് സഹ്വിന്റെ സുജൂദ് കൊണ്ട് അവയെ പരിഹരിക്കണം
3 ഫാത്തിഹക്കു ശേഷം ചെറിയ ഒരു സൂറത്തോ അല്ലെങ്കിൽ ചെറിയ മൂന്നു ആയത്തോ ഓതുക .
4 സൂറത്ത് ഫാതിഹയെ തൊട്ട് പിന്തിപ്പിക്കുക. (ഫാതിഹക്ക് ശേഷം സൂറത്ത് ഓതുക )
ആദ്യത്തെ രണ്ടു റക്അത്തുകളിൽ ഒരാൾ സൂറത്തിനെ ഒഴിവാക്കിയാൽ തുടർന്നുള്ള രണ്ടു കത്തുകളിൽ ഫാത്തിഹയുടെ കൂടെ അവയെ ഓതണം.എന്നിട്ട് സഹ് വിന്റെ സുജൂദും ചെയ്യണം . മഗ് രിബ് നിസ്കാരത്തിലോ ഇശാഅ് നിസ്കാരത്തിലോ ആണെങ്കിൽ അവയെ ഉറക്കെ ഓതുകയും വേണം.
5 ഒന്നാമത്തെ സുജൂദിനു ശേഷം രണ്ടാമത്തെ സുജൂദ് നിർവഹിക്കുക; അവയ്ക്കിടയിൽ ദൈർഘ്യം ഇല്ലാതിരിക്കുക.
6 എല്ലാ റുക്നുകളും അടക്കത്തോടു കൂടെയും നല്ല രൂപത്തിലും നിർവഹിക്കുക.
7 അത്തഹിയ്യാത്ത് ഓതേണ്ട അളവിൽ ഒന്നാമത്തെ ഇരുത്തം.
8 രണ്ട് ഇരുത്തത്തിലും അത്തഹിയ്യാത്ത് ഓതൽ
9 അത്തഹിയാത്തിൽ നിന്നും വിരമിച്ചതിനുശേഷം, താമസമില്ലാതെ രണ്ടാമത്തെ റക് അത്തിലേക്ക് നിൽക്കൽ .
10 രണ്ടുപ്രാവശ്യം സലാം പറഞ്ഞു നിസ്കാരത്തിൽ നിന്നും പുറത്തു പോകൽ
11 വിത്റിലെ മൂന്നാമത്തെ റക് അത്തിൽ ഫാതിഹയും സൂറത്തും കഴിഞ്ഞതിനുശേഷം, റുകൂഇന്റെ മുമ്പ് ഖുനൂത്ത് ഓതൽ .
12 രണ്ടുപെരുന്നാളുകളിലും അധികമുള്ള തക്ബീർ ചൊല്ലൽ . ഓരോ റക്അത്തിലും മൂന്നു തക് ബീറുകളാണവ.
13 രണ്ടു പെരുന്നാൾ നിസ്കാരത്തിലും രണ്ടാമത്തെ റക്അത്തിൽ റുകൂഇന്റെ തക്ബീർ ചൊല്ലൽ:
14 ഫജ്ർ നിസ്കാരത്തിലും ജുമുഅയിലും രണ്ടു പെരുന്നാൾ നിസ്കാരത്തിലും മഗ്‌രിബ് ഇശാഅ് എന്നിവയിലെ ആദ്യത്തെ രണ്ട് റക്അത്തുകളിലും തറാവീഹ് നിസ്കാരത്തിലും റമളാനിലെ വിത്റിലും ഇമാം ഓത്തിനെ ഉറക്കെയാക്കൽ .
ഒറ്റക്ക് നിസ്കരിക്കുന്നവന് , ഉറക്കെ ഓതേണ്ട നിസ്കാരത്തിൽ പതുക്കെ ഓതുന്ന കാര്യത്തിലും ഉറക്കെ ഓതുന്ന കാര്യത്തിലും ഇഷ്ടം പ്രവർത്തിക്കാവുന്നതാണ്.ഈ നിസ്കാരങ്ങളിൽ ഉറക്കെ ഓതൽ തന്നെയാണ് ഉത്തമം.
15 ളുഹ്ർ നിസ്കാരത്തിലും അസ്വർ നിസ്കാരത്തിലും മഗ് രിബിലെ അവസാനത്തെ റക്അത്തിലും ഇശാഇലെ അവസാനത്തെ രണ്ടു റക്അത്തുകളിലും പകലിലെ സുന്നത്ത് നിസ്കാരങ്ങളിലും പതുക്കെ ഓതുക .
ഉത്തരം കണ്ടെത്തുക.
1 നിസ്കാരത്തിന് എത്ര റുക്നുകൾ ഉണ്ട് .? ഏതെല്ലാം .?
2 റുകൂഇന്റെ ചുരുങ്ങിയ രൂപം ഏത് .? പൂർണ്ണ രൂപം ഏത് .?
3 സുജൂദിന്റെ ചുരുങ്ങിയ രൂപം ഏത് .? പൂർണ്ണരൂപം ഏത് .?
4 സുജൂദിൽ എന്താണ് ശർത്താക്കപ്പെടുക.?
5 നിസ്കാരത്തിന്റെ വാജിബാത്തുകളിൽ നിന്നും പത്തെണ്ണം പറയുക. ?
6 രണ്ടു പെരുന്നാൾ നിസ്കാരങ്ങളിൽ അധികമുള്ള തക്ബീറുകൾ എത്ര . ?
എന്താണ് പ്രവർത്തിക്കുക.
1 ഒരാൾ ആദ്യത്തെ രണ്ട് റക്അത്തുകളിൽ സൂറത്തിനെ ഉപേക്ഷിച്ചു.
2 ഒരാൾ ആദ്യത്തെ രണ്ട് റക്അത്തുകളിൽ ഫാത്തിഹയെ ഒഴിവാക്കി.
3 ഒരാൾ മറന്നുകൊണ്ട് നിസ്കാരത്തിന്റെ വാജിബാത്തുകളെ ഒഴിവാക്കി.
ശരി തെരഞ്ഞെടുക്കുക തെറ്റ് തിരുത്തുക.
1 ഒരാൾ നിസ്കാരത്തിന്റെ റുക്നുകൾ മറന്നുകൊണ്ട് ഒഴിവാക്കിയാൽ അയാളുടെ നിസ്കാരം മുറിഞ്ഞു പോവുകയില്ല.
2 വാജിബായ നിസ്കാരവും സുന്നത്തായ നിസ്കാരവും നിന്ന് നിസ്കരിക്കാൻ കഴിവുള്ളതോടുകൂടെ ഇരുന്നു നിർവ്വഹിക്കലും അനുവദനീയമാണ്.
3 വസ്ത്രത്തിന്റെ അറ്റത്ത് നെറ്റി വെക്കൽ അനുവദനീയമല്ല.
4 ഒറ്റക്ക് നിസ്കരിക്കുന്നവന്, ഉറക്കെ ഓതേണ്ട നിസ്കാരത്തിൽ ഉറക്കെ ഓതൽ നിർബന്ധമാണ്.
Post a Comment