അല്ലാഹു പറഞ്ഞു : സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍.
നബി (സ) പറഞ്ഞു : നിസ്സാരമായി കണ്ട് കൊണ്ട് മൂന്ന് ജുമുഅ ഉപേക്ഷിച്ചുക്കുന്നവന്റെ ഹൃദയം അല്ലാഹു സീൽ വെക്കും.
ജുമുഅ നിസ്കാരം തനിച്ച ഫർള് അയ്നാകുന്നു.അത് ളുഹ്റിന്റെ പകരമുള്ളതല്ല.ജുമുഅ നഷ്ടപ്പെട്ടവന് ളുഹ്ർ നാല് റക്അത്ത് ഫർളാണ്. ഉച്ചത്തിൽ ഓതുന്ന രണ്ട് റക്അത്താണ് ജുമുഅ.
പട്ടണത്തിലോ പട്ടണത്തിന്റെ ഹുക്മിലുള്ള സ്ഥലത്തോ താമസിക്കുന്ന നടക്കാൻ കഴിയുന്ന കാഴ്ചയും ആരോഗ്യവുമുള്ള സ്വാതന്ത്രനും പുരുഷനുമായ പ്രായപൂർത്തിയും ബുദ്ധിയുമുള്ള എല്ലാ മുസ്ലിമിനും ജുമുഅ നിർബന്ധമാകും.
ജുമുഅ നിർബന്ധമില്ലാത്തവൻ ജുമുഅ നിസ്കരിച്ചാൽ നിസ്കാരം സ്വഹീഹാവുകയും ളുഹ്ർ വീണുപോവുകയും ചെയ്യും. എന്നല്ല അവർക്ക് ജുമുഅ മുസ്തഹബ്ബാണ്. എന്നാൽ സ്ത്രീ അവളുടെ വീട്ടിൽ വെച്ച് ളുഹ്ർ നിസ്കരിക്കണം. കാരണം സ്ത്രീകൾ ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കലിനെ തൊട്ട് വിലക്കപ്പെട്ടിരിക്കുന്നു.
ജുമുഅയുടെ ശർത്തുക്കൾ
ജുമുഅ നിസ്കാരം സ്വഹീഹാകുന്നതിന്റെ നിബന്ധനകൾ :-
1-ജുമുഅ പട്ടണത്തിലോ അതിന്റെ പരിസരത്തോ ആവുക. ഗ്രാമത്തിൽ സ്വഹീഹാവുകയില്ല. ഒരു പട്ടണത്തിൽ തന്നെ വിവിധ സ്ഥലങ്ങളിൽ നടത്താൻ പറ്റുന്നതാണ്.
2-ജുമുഅക്ക് അവിടത്തെ ഇമാമോ പ്രധിനിധിയോ പങ്കെടുക്കുക.
3-ളുഹ്റിന്റെ സമയത്താകുക.
4- ഖുതുബ.ജുമുഅ നടത്താൻ പറ്റുന്ന ആളുകളിൽ നിന്നും ചുരുങ്ങിയത് ഒരാളെങ്കിലും ഖുതുബകേൾക്കുക.
5-പൊതു സമ്മതം.
ജുമുഅ നടത്തപ്പെടുന്ന സ്ഥലത്തേക്ക് അവിടേക്ക് വരാനുദ്ദേശിക്കുന്നവർക്കൊക്കെ കടക്കാൻ അനുമതിയുണ്ടാകാലാണിത്.
6-ജമാഅത്ത്.
ജുമുഅയിലെ ചുരുങ്ങിയ ജമാഅത്ത് ഇമാമോടെ കൂടെ നാല് പുരുഷന്മാരാണ്.
ജുമുഅയുടെ ഖുതുബ
ജുമുഅ സ്വഹീഹാകുന്നതിന് ജുമുഅക്ക് മുമ്പ് ഖുതുബ ശർത്താണ്. ഖുതുബ എന്തെങ്കിലും ഉപദേശം ഉൾകൊള്ളൽ അനിവാര്യമാണ്. അത് താഴെയുള്ള രൂപത്തിലാകൽ സുന്നത്താണ്.
1-രണ്ട് ഖുതുബ ഓതുക.
2-ഖതീബ് നജസിൽ നിന്നും അശുദ്ധിയിൽ നിന്നും ശുദ്ധിയായിരിക്കൽ.
3-ഖുതുബയിൽ പ്രവേശിക്കുന്നതിന്റെ മുമ്പ് മിമ്പറിൽ ഇരിക്കുക.
4-ഖത്തീബിന്റെ മുന്നിൽ വെച്ച് ബാങ്ക് വിളിക്കുക.
5-നിന്ന് ഖുതുബ ഓതുക.
6-ഹംദ്,അല്ലാഹുവിനെ അവന് യോജ്യമായ കാര്യങ്ങൾ കൊണ്ടുള്ള പ്രശംസ,നബി (സ)തങ്ങളെ മേൽ സ്വലാത്ത് എന്നിവ കൊണ്ട് രണ്ട് ഖുതുബയും തുടങ്ങുക.
7-ഖുർആനിൽ നിന്നുള്ള ഏതെങ്കിലും ആയത്ത് ഓതുക, ജനങ്ങൾക്ക് ഉപദേശം നൽകുക.
8-രണ്ട് ഖുതുബകൾക്കിടയിൽ നേരിയ ഇരുത്തം കൊണ്ട് വേർപിരിക്കുക.
9-രണ്ടാം ഖുതുബയിൽ വിശ്വാസികൾക്കും വിശ്വാസിനികൾക്കും ദുആ ചെയ്യുകയും പൊറുക്കലിനെ തേടുകയും ചെയ്യുക.
10-ജനങ്ങൾ കേൾക്കുന്ന വിധത്തിൽ ഖുതുബ ഉറക്കെ ഓതുക.
11-ഥ്വിവാലുൽ മുഫസ്സലിലെ സൂറത്തിന്റെ അളവിൽ ഖുതുബ ലഘുവാക്കുക.
ജുമുഅയുമായി ബന്ധപ്പെട്ട മസ്അലകൾ
ഒന്നാം ബാങ്ക് കൊടുത്താൽ തന്നെ കച്ചവടം നിർത്തലും ജുമുഅയിലേക്ക് ഉളരലും നിർബന്ധമാണ്. ഖുതുബ കഴിയുന്നത് വരെ സംസാരിക്കലും സലാം പറയലും മടക്കലും തുമ്മിയവന് الحمد لله പറയലും ഖതീബ് ഇരുന്നതിന് ശേഷമുള്ള സ്വലാത്തും അനുവദനീയമല്ല. തീറ്റ, കുടി, കളി, തിരിഞ്ഞു കളിക്കൽ എന്നിവ ഖുതുബയിൽ പങ്കെടുക്കുന്നവർക്ക് കറാഹത്താണ്.
ജുമുഅക്ക് പങ്കെടുക്കാത്ത കാരണമുള്ളവൻ ഇമാമിന്റെ സലാമിന്റെ ശേഷം ളുഹ്ർ നിസ്കരിക്കണം.
അഭ്യാസം
👉വായിച്ച് മനസിലാക്കാം.
1-സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക.
2-നിസ്സാരമായി കണ്ട് കൊണ്ട് മൂന്ന് ജുമുഅ ഉപേക്ഷിച്ചുക്കുന്നവന്റെ ഹൃദയം അല്ലാഹു സീൽ വെക്കും.
👉 ഉത്തരം കണ്ടെത്തുക.
1-ജുമുഅകളെ നിസ്സരമാക്കുന്നവന്റെ അന്ത്യം എന്ത്?
2-ജുമുഅ നഷ്ടപ്പെട്ടവൻ എന്ത് ചെയ്യണം,?
3-ആർക്കാണ് ജുമുഅ നിർബന്ധമാകുന്നത്?
4-ജുമുഅ സ്വഹീഹാകുന്നതിനുള്ള ശർത്തുകൾ ഏതൊക്കെ?
5-ഖുതുബയുടെ അഞ്ച് സുന്നത്തുകൾ പറയുക?
6-ജുമുഅക്ക് പങ്കെടുക്കാത്ത കാരണമുള്ളവൻ എന്ത് ചെയ്യണം?
👉 വിധി കണ്ടെത്താം.
1-യാത്രക്കാരന്റെ ജുമുഅ നിസ്കാരം.
2-ഗ്രാമീണൻ പട്ടണത്തിലേക്കെത്തിയാലുള്ള ജുമുഅ നിസ്lകാരം.
3-ഒരേ പട്ടണത്തിൽ വിവിധ സ്ഥലങ്ങളിൽ ജുമുഅ നടത്തൽ.
4-ഖുർആനിൽ നിന്നുള്ള ഏതെങ്കിലും ആയത്ത് ഓതൽ.
5-ജുമുഅക്ക് വേണ്ടിയുള്ള ഒന്നാം ബാങ്കിന് ശേഷം കച്ചവടം ചെയ്യൽ.
👉മസ്അല വ്യക്തമാക്കക്കുക.
ജുമുഅ നിർബന്ധം ഇല്ലാത്തയാൾ ജുമുഅ നിസ്കരിച്ചാൽ.
👉 പാരഗ്രാഫ് എഴുതുക.
ജുമുഅ നിസ്കാരവും ശ്രേഷ്ഠതകളും.
Post a Comment