വിശുദ്ധ ഭൂമിയില്‍

വാഹനം മക്കയിലേക്ക് പ്രവേശിച്ചിരിക്കുന്നു. തിരക്കുപിടിച്ച പാത. മക്കയിലെ വീടുകളും താമസ സ്ഥലങ്ങളും കാണുമ്പോള്‍ ചൊല്ലേണ്ട ദിക്റ് ചൊല്ലി. 'അല്ലാഹുമ്മ ഇജ്അല്‍ ലീ ബിഹാ ഖറാറാ, വര്‍സുഖ്നീ ഫീഹാ രിസ്ഖന്‍ ഹലാലാ'.. 'നാഥാ എനിക്ക് നീ മക്കയില്‍ സ്ഥിരതയും ഹലാലായ ഭക്ഷണവും നല്‍കേണമേ..'

അതാ ക്ലോക്ക് ടവര്‍ കാണുന്നു.  വായിച്ചും കേട്ടും പരിചയമുള്ള ക്ലോക്ക് ടവര്‍. മസ്ജിദുല്‍ ഹറം പരിസരത്തേക്ക് ഇനിയും കിലോമീറ്ററുകളുണ്ട്. ഇത്ര ദൂരെ നിന്നും വ്യക്തമായി കാണുന്ന ഈ ടവര്‍ വല്ലാത്തൊരു കൗതുക കാഴ്ച്ച തന്നെ!...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും വലുതുമായ ക്ലോക്ക് ടവറാണ് മക്കയിലെ റോയല്‍ ക്ലോക്ക് ടവര്‍... അബ്റാജ് അല്‍ബൈത് ടവര്‍ എന്നാണിതിന്റെ പേര്. ടവറിന്120 നിലകളുണ്ട്. 2004 ല്‍  ആരംഭിച്ച നിര്‍മാണം 2012 ല്‍ പൂര്‍ത്തിയായി. 1972 അടി ഉയരമുണ്ടിതിന്. ഏറ്റവും മുകളില്‍ കാണുന്ന ക്ലോക്കിന് 45 മീറ്റര്‍ വ്യാസവും 43 മീറ്റര്‍ ഉയരവുമുണ്ട്. ടവറിന്‍െ നാലു വശത്തും ഒരു പോലെ ക്ലോക്ക് ഉണ്ട്. രാത്രിയില്‍ പച്ച ലൈറ്റ് നല്‍കാന്‍ 10 ലക്ഷം എല്‍.ഇ.ഡി. ലൈറ്റുകള്‍ അതിനകത്ത് പ്രകാശിക്കുന്നുണ്ടെത്രേ. സൂചിയുടെ നീളം കേട്ടാലും ഒന്ന്  അതിശയിച്ച് പോക്കും. 22 മീറ്റര്‍ നീളമുള്ള മിനിറ്റ് സൂചിയും 17 മീറ്റര്‍ നീളമുള്ള മണിക്കൂര്‍ സൂചിയും കൗതുക കാഴ്ച്ചകളാണ്. അറ്റകുറ്റ പണികള്‍ക്കായി സൂചിക്കകത്ത് പോലും തൊഴിലാളികള്‍ക്ക് പ്രവേശിക്കാം. പകല്‍ സമയത്ത് 12 കിലോമീറ്റര്‍ അകലെ നിന്നും രാത്രിയില്‍ 17 ലധികം കിലോമീറ്റര്‍ ദൂരേ നിന്നു പോലും ക്ലോക്ക് നോക്കി സമയമറിയാം. ഇതിന്റെ നിര്‍മാണത്തില്‍ ജര്‍മനി, സ്വിറ്റ്സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളിലെ എഞ്ചിനീയര്‍മാര്‍ക്കൊപ്പം  കേരളീയരായ മാപ്പിള ഖലാസികളും പങ്കെടുത്തിട്ടുണ്ട് എന്ന് ഗൂഗിളില്‍ വായിച്ചപ്പോള്‍ അഭിമാനം തോന്നി. ധാരാളം പഞ്ച നക്ഷത്ര ഹോട്ടലുകളും കച്ചവട സ്ഥാപനങ്ങളുമുള്ള ഈ ടവറിന്റെ വരുമാനങ്ങള്‍ മുഴുവന്‍ ഇരുഹറമുകളുടെയും പരിപാലനത്തിനായി വഖഫ് ചെയ്തതാണെന്ന് അവിടെ തന്നെ എഴുതി വെച്ചിട്ടുണ്ട്.

ഞങ്ങളുടെ ബസ് ഒരു ഹോട്ടലിന് മുമ്പില്‍ നിര്‍ത്തി. റൂമുകള്‍ ശരിയാക്കി ഭക്ഷണം കഴിച്ചു. ഫ്രഷായി. ഇനിയുള്ള സെക്കന്റുകള്‍ വീട്ടിലും അരീക്കോടുമൊന്നും ചിലവഴിച്ച പോലുള്ള സാധാരണ സെക്കന്റുകളല്ല, ലക്ഷം മടങ്ങ് നന്മകള്‍ ഓരോ സെക്കന്റിലും കൊയ്തെടുക്കാവുന്ന വിശുദ്ധ ഭൂമിയിലാണുള്ളതെന്ന് ഞാന്‍ എന്നെ തന്നെ ഓര്‍മപ്പെടുത്താന്‍ ശ്രമിച്ചു.

ജീവിതത്തിലെ ആദ്യത്തെ ഉംറയാണ്, നിര്‍ബന്ധമായ ഉംറ. ഹറമും പരിസരങ്ങളും ആദ്യം കാണുകയാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അമീര്‍ അപ്പപ്പോള്‍ ഉണര്‍ത്തി തരുന്നുണ്ടായിരുന്നു. നേരം 11 മണിയായിരിക്കുന്നു. മസ്ജിദുല്‍ ഹറമിലേക്ക് പോകാനായി ഞങ്ങള്‍ ഹോട്ടലില്‍ നിന്നിറങ്ങി. തല്‍ബിയത് ചൊല്ലി മുന്നോട്ടു നീങ്ങി. അല്ലാഹ്! ഞാന്‍ കഅ്ബ കാണാന്‍ പോകുകയാണ്. ഓര്‍മ വെച്ച നാള്‍ മുതല്‍ കേട്ടുപരിചയിച്ച കഅ്ബ!. നിസ്‌കാരത്തില്‍ തിരിഞ്ഞു നിന്ന കഅ്ബ!. ഖുര്‍ആനോതുമ്പോഴും വുളുഅ് ചെയ്യുമ്പോഴും തിരിഞ്ഞു  നിന്ന കഅ്ബ!. വിസര്‍ജനാവസരത്തില്‍ മുന്നില്‍ മറയുണ്ടെങ്കില്‍ പോലും ആ ഭാഗത്തേക്കാകല്ലേ എന്ന് വിശ്വാസികള്‍ ജാഗ്രത കാണിക്കുന്ന കഅ്ബ!!. മരണ ശേഷവും എല്ലാവരും മുഖം തിരിച്ചു കിടക്കുന്ന കഅ്ബ!.

അജ്യാദ് സ്ട്രീറ്റിലെ പാലസിന്റെ എതിര്‍ വശത്തൂടെയാണ് ഞങ്ങള്‍ മുന്നോട്ടു നീങ്ങുന്നത്. നടന്ന് നടന്ന് മസ്ജിദുല്‍ ഹറമിന്റെ മുറ്റത്തെത്തി. ക്ലോക്ക് ടവറിന്റെ ഒരു ഭാഗമാണിത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി വെവ്വേറെയുള്ള ശുചിമുറി കോപ്ലക്സിലൊന്ന് ഞങ്ങള്‍ അടയാളമായി നോക്കി വെച്ചു. 3 സി.! പള്ളിക്കകത്തേക്കാണ് ഇനി. ബാബുസ്സലാമിലൂടെ കയറലാണ് സുന്നത്.

പള്ളിക്കകത്ത് കയറിയ എന്റെ കണ്ണുകള്‍ ആ വലിയ കറുപ്പ് തേടി അലഞ്ഞു. ഇല്ല! കാണാറായിട്ടില്ല. ഇനിയും കുറേ ഉള്ളിലോട്ട് നടന്നെത്തണം കഅ്ബയെ ഒരു നോക്ക് കാണാന്‍. 'ഇലല്‍ മത്വാഫ്' എന്ന സൂചക ബോര്‍ഡ് നോക്കി ഞങ്ങള്‍ മുന്നോട്ടു നടന്നു. പള്ളിയുടെ അകമാകെ ശീതീകരിച്ചിട്ടുണ്ട്. മാര്‍ബിള്‍ പാകിയ നിലം വൃത്തിയാക്കുന്ന സംഘങ്ങളെ വഴിയില്‍ പലപ്പോഴും കണ്ടു. പള്ളിയില്‍ പല സ്ഥലത്തും സംസം കുടിക്കാനുള്ള ടാപ്പുകളും പാത്രങ്ങളുമുണ്ട്. തണുപ്പിച്ചതും തണുക്കാത്തതുമുണ്ട്.  നാട്ടില്‍ നിന്ന് ആര്‍ത്തിയോടെ ചുണ്ട് നനക്കാന്‍ മാത്രം കുടിക്കാന്‍ കിട്ടിയ അമൂല്യനിധിയാണ് ഇപ്പോള്‍ വയറ് നിറയെ കുടിക്കാനും ശേഖരിക്കാനും സൗകര്യപ്പെടും വിധം മുന്നില്‍ നിരന്നു നില്‍ക്കുന്നത്. അവിടെ ഇരുന്ന് ഞങ്ങള്‍ സംസം കുടിച്ചു. ഉമ്മാക്ക് തണുപ്പിക്കാത്ത സംസം എടുത്തുകൊടുത്തു. പല വേഷക്കാരും ദേശക്കാരും പല വര്‍ണമുള്ളവരും എന്നെ കടന്നുപോയി. മുഖഛായ തന്നെ ചില രാജ്യങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട്. ഹജ്ജ് കാലത്ത് മാത്രമല്ല, ഇവിടെ എല്ലായ്പ്പോഴും ലോകമുസ്‌ലിംകളുടെ അന്താരാഷ്ട്ര സംഗമം തന്നെ!

മതാഫിലേക്ക് ഇറങ്ങാനുള്ള കോണിപ്പടികള്‍ കണ്ടുതുടങ്ങിയ സമയത്താണ് ഞാനാ കാഴ്ച്ച കാണുന്നത്. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനാകുന്നില്ല. എന്റെ ശരീരമാകെ കോരിത്തരിച്ചിരിക്കുകയാണ്. യാ റബ്ബീ....ഈ കാഴ്ച്ച  എന്റെ നഗ്ന നേതൃങ്ങളെ ഈറനണിയിക്കുന്നു. മുമ്പില്‍ നിറഞ്ഞിരിക്കുന്നു. ഇമവെട്ടാതെ ഞാനതും നോക്കി നിന്നു...

 കഅ്ബയുടെ ചുറ്റും 

വിശുദ്ധ കഅ്ബയാണ് ഞാനീ കാണുന്നത്...

തൂണുകള്‍ക്കും കെട്ടിടത്തിന്റെ ഭാഗങ്ങള്‍ക്കും ഇടയിലൂടെ ഭാഗികമായാണ് ആ കറുത്ത സൗന്ദര്യം ആദ്യം കണ്ടതെങ്കിലും നഗ്‌ന നേത്രങ്ങള്‍കൊണ്ടുള്ള ആദ്യ കാഴ്ച്ച അവിസ്മരണീയ അനുഭവമാണ് സമ്മാനിക്കുന്നത്. കഅ്ബ ആദ്യമായി കാണുന്ന സമയം പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന സമയമാണ്. 'ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍... ലകല്‍ ഹംദ് വലകശ്ശുക്റ്....അല്ലാഹുമ്മ സിദ് ഹാദല്‍ ബൈത തശ്രീഫന്‍ വ തക്രീമന്‍ വ തഅ്ളീമന്‍....' 'അല്ലാഹുവേ, ഈ വിശുദ്ധ ഗേഹത്തിന്റെ മഹത്വവും സ്രേഷ്ഠതയും ഗരിമയും നീ വര്‍ധിപ്പിക്കേണമേ...

മരിക്കുന്നതിന്റെ മുമ്പ് ഇതിങ്ങനെ നേരില്‍ കാണാന്‍ സാധിച്ചത് മഹാസുകൃതം തന്നെ! എപ്പോഴാണാവോ എനിക്കിതൊന്ന് തൊടാന്‍ സാധിക്കുക? ഈ ജനസമുദ്രത്തിനിടയില്‍ എനിക്കെപ്പോഴെങ്കിലും ഒന്ന് മുത്താന്‍ സാധിക്കുമോ? അറിയില്ല. എല്ലാവരും വിശുദ്ധ ഗേഹത്തെ നോക്കി പ്രാര്‍ത്ഥിക്കുകയാണ്. സംഘത്തിലെ അധികപേരും ആദ്യമായി കഅ്ബ കാണുന്നവരാണ്. പലരും കണ്ണീരൊഴുക്കി കൈകളുയര്‍ത്തുന്നു. എന്തൊക്കെയാണ് ഈ അസുലുഭ മുഹൂര്‍ത്തത്തില്‍ ചോദിച്ചു വാങ്ങേണ്ടെതന്ന് അറിയാതെ ഞാന്‍ പലതും ചോദിക്കാന്‍ ശ്രമിച്ചു. ഉള്ളിലൊതുക്കി വെച്ചിരുന്ന ഉത്തരം കിട്ടാന്‍ വെമ്പി നില്‍ക്കുന്ന ചോദ്യങ്ങള്‍ കഅ്ബയെ കണ്ട മാത്രയില്‍ മരവിച്ചു മറന്നുപോയി. മസ്ജിദുല്‍ ഹറമിലെത്തിയാല്‍ ആദ്യം ചെയ്യേണ്ടത് ത്വവാഫാണ്. മസ്ജിദുല്‍ ഹറാമിന്റെ തഹിയ്യത്ത് ത്വവാഫാണ്; രണ്ടു റകഅ്ത് നിസ്‌കാരമല്ല.

ഇനി നിസ്‌കരിക്കണം. മസ്ജിദുല്‍ ഹറാമിലെ ആദ്യ നിസ്‌കാരം. ഒരു ലക്ഷം ഇരട്ടി പ്രതിഫലമാണ് ഈ പള്ളിയിലെ ഓരോ നിസ്‌കാരങ്ങള്‍ക്കും.  'ഉസ്വല്ലി സുന്നത റക്അതയ്‌നി ഖബ്ലല്‍ ഇശാഇ മുതവജ്ജിഹന്‍ ഇലല്‍ കഅ്ബതി ലില്ലാഹി തആലാ...' കഅബയുടെ മുമ്പില്‍ നിന്ന് നിസ്‌കരിക്കുമ്പോഴും സുജൂദിന്റെ സ്ഥലത്തേക്ക് തന്നെയാണ് നോക്കേണ്ടത്. കഅ്ബയുടെ കുറേ ഇപ്പുറത്ത് ഒരു നില മുകളിലാണ് ഞാന്‍ നിസ്‌കരിക്കുന്നത് എങ്കിലും എന്റെ കണ്ണുകള്‍ അറിയാതെ അങ്ങോട്ട് പോയിക്കൊണ്ടിരുന്നു. കഅ്ബയുടെ സാന്നിധ്യത്തിലുള്ള നിസ്‌കാരത്തിന്റെ മാധുര്യം എത്ര ആസ്വാദ്യകരം!  മഗ്രിബും ഇശാഉം ജംആയി നിസ്‌കരിച്ചു. ഇനി മതാഫിലേക്കാണ്. ഏഴ് തവണ വിശുദ്ധ കഅ്ബയെ പ്രദക്ഷിണം ചെയ്യണം. ഉംറയുടെ പ്രധാന ഫര്‍ളാണിത്. കഅ്ബയെ ഇടതു വശത്താക്കണം. ഹജറുല്‍ അസ്വദിന്റെ മൂലയില്‍ നിന്ന് ആരംഭിക്കണം. എവിടെ ഹജറുല്‍ അസ്വദ്!!  അകലെ പച്ച ലൈറ്റ് കത്തുന്ന ഭാഗത്തിന് നേരെ വരുന്ന കഅബയുടെ മൂലയിലാണത്. ഒരു നിമിഷം, ഞാനൊന്ന് അങ്ങോട്ട് നോക്കി. അതൊന്നു മുത്താനുള്ള വിശ്വാസികളുടെ തള്ളിച്ചയില്‍ ആ സ്ഥാനം വേര്‍തിരിഞ്ഞ് കാണുന്നുണ്ട്.

ഞങ്ങള്‍ ത്വവാഫ് ആരംഭിക്കാനായി ഹജറുല്‍ അസ്വദിന്റെ മൂലയിലേക്ക് നീങ്ങി. കഅബക്ക് നേരെ മുകളില്‍ ആകാശലോകത്ത് മറ്റൊരു വിശുദ്ധ ഗേഹമുണ്ട്, ബൈതുല്‍ മഅ്മൂര്‍. ഓരോ നിമിഷവും ലക്ഷക്കണക്കിന് മാലാഖമാര്‍ അതിനെ ത്വവാഫ് ചെയ്തു കൊണ്ടിരിക്കുകയാണ്. അതിനു സമാന്തരമായാണ് ഭൂമിയിലെ ഈ കഅബയില്‍ വിശ്വാസികള്‍ ത്വവാഫ് ചെയ്യുന്നത്. നഗ്നത മറക്കലും ശുദ്ധിയുണ്ടായിരിക്കലും ത്വവാഫിന്റെ നിബന്ധനകളാണ്. ഉമ്മാക്ക് പതുക്കെയേ നടക്കാന്‍ പറ്റു. എളേമയുടെ കൈപിടിച്ച് നടക്കുന്നത് കൊണ്ട് പേടിക്കാനില്ല. ആയിശയെ എടുത്തു കൊണ്ടാണ് അവളുടെ ഉമ്മ ത്വവാഫ് ചെയ്യുന്നത്. ഞങ്ങള്‍ ആരംഭിച്ചു.

'ബിസ്മില്ലാഇ അല്ലാഹു അക്ബര്‍' ഹജ്റുല്‍ അസ്വദിനു നേരെ കൈ കൊണ്ട് ആഗ്യം കാണിച്ചു ചുംബിച്ചു. ഓരോ ത്വവാഫിന്റെയും തുടക്കത്തില്‍ ഹജറുല്‍ അസ്വദിനെ ചുംബിക്കല്‍ സുന്നതാണ്. അല്ലെങ്കില്‍ തൊട്ട് മുത്തണം. ഈ തിരക്കിനിടയില്‍ അതൊന്നും നടക്കാത്തതു കൊണ്ട് ആഗ്യം കാണിച്ച് കൈ ചുംബിച്ച് സായൂജ്യമടയുക. അതേ നിര്‍വ്വാഹമുള്ളു. അമീര്‍ ചാല്ലി തരുന്ന ദിക്റുകള്‍ ഏറ്റു ചൊല്ലുകയാണ്. 'അല്ലാഹുമ്മ ഈമാനന്‍ ബിക, വ തസ്ദീഖന്‍ ബി കിതാബിക.....' 'അല്ലാഹുവേ നിന്നില്‍ വിശ്വസിച്ചു കൊണ്ട് നിന്റെ ഖുര്‍ആന്‍ അംഗീകരിച്ചു കൊണ്ട്, നിന്നോടുള്ള കരാര്‍ പൂര്‍ത്തീകരിച്ചു കൊണ്ട്, നിന്റെ പ്രവാചകനെ പിന്‍പറ്റി കൊണ്ട്....'

കഅബയുടെ വാതിലിനു നേരെ എത്തിയപ്പോള്‍ ശബ്ദം അറിയാതെ ഉയര്‍ന്നു. 'അല്ലാഹുമ്മ ഇന്ന ഹാദല്‍ ബൈത ബൈതുക, വല്‍ ഹറമ ഹറമുക, വല്‍ അംന അംനുക...' 'നാഥാ! ഇത് നിന്റെ ഭവനമാകുന്നു, ഇവിടം നിന്റെ സുരക്ഷിത പ്രദേശമാകുന്നു. ഈ ഹറം നിന്റെ ഹറമാകുന്നു....' റുക്നുല്‍ യമാനിയും ചുറ്റി ഹജറുല്‍ അസ്വദിനടുത്തു തന്നെ എത്തി ഒരു ചുറ്റല്‍ പൂര്‍ത്തിയാക്കി. ഇങ്ങനെ ഇനി ആറെണ്ണം കൂടി. കഅബയുടെ ഓരോ കാഴ്ച്ചകളും കാണാനും പഠിക്കാനുമുണ്ട്. ഇപ്പോള്‍ അതിന് പറ്റിയ സമയമല്ല. ഇനിയും സമയമുണ്ടല്ലോ. എല്ലാം കണ്ടും തൊട്ടും മണത്തും പഠിച്ചും ഉപയോഗപ്പെടുത്തണം. ഏഴ് ത്വവാഫ് ഞങ്ങള്‍ പൂര്‍ത്തിയാക്കി. ഇനി ത്വവാഫിന് ശേഷമുള്ള രണ്ട് റകഅ്ത് നിസ്‌കാരമാണ്. 'നിങ്ങള്‍ മഖാമു ഇബ്റാഹീമിനെ നിസ്‌കാര സ്ഥലമാക്കണ'മെന്ന ഖുര്‍ആനിന്റെ ആജ്ഞ പാലിച്ചു കൊണ്ട് മഖാമു ഇബ്റാഹീമിനു പുറകില്‍ നിന്ന് നിസ്‌കരിക്കലാണ് സുന്നത്. അവിടെ സ്ഥലം കണ്ടെത്തി രണ്ട് റകഅത് നിസ്‌കരിച്ചു. സംഘത്തില്‍ പ്രായമുള്ളവരാണ് കൂടുതല്‍. ആദ്യ ഉംറയായത് കൊണ്ട് എല്ലാവരും ഒരുമിച്ചാണ് കര്‍മങ്ങള്‍ ചെയ്യുന്നത്. ഒരല്‍പ്പം വിശ്രമിച്ചു.

ഇനി സഅ്യാണ്. സഫാ മര്‍വകള്‍ക്കിടയില്‍ ഏഴു പ്രാവശ്യമുള്ള നടത്തമാണ് സഅ്യ്. ഞങ്ങള്‍ സഫ കുന്നിനടുത്തേക്ക് നടന്നു. ഇപ്പോള്‍ സഫയും മര്‍വയുമെല്ലാം മസ്ജിദുല്‍ ഹറമിന്റെ ഭാഗമാണ്. സഅ്യ് ചെയ്യുന്ന സ്ഥലത്ത് നിസ്‌കരിക്കുമ്പോള്‍ അണിയൊപ്പിച്ച് നില്‍ക്കാനുള്ള വരകള്‍ കാണാം. സഫ കുന്ന് കാണാന്‍ എന്റെ ഉള്ളം തുടിച്ചു. ഈ മലക്ക് എത്ര എത്ര കഥകള്‍ പറയാനുണ്ട്.! ഹാജറ ബീവിയുടെ കിതപ്പാണ് ഒന്ന് കണ്ണടച്ചുനിന്നപ്പോള്‍ എനിക്ക് കേള്‍ക്കാന്‍ സാധിച്ചത്. ചോരപ്പൈതലിന്റെ ദാഹം അകറ്റാനായി ഒരു തുള്ളി വെള്ളത്തിനായി സഫാ മര്‍വകള്‍ കയറിയിറങ്ങിയും ഇടയിലൂടെ ഓടി തളര്‍ന്നും കിതക്കുന്ന ഉമ്മു ഇസ്മാഈല്‍(റ).

സഫയുടെ മുമ്പിലെത്തിയപ്പോള്‍ ഞാന്‍ ശരിക്കും സങ്കടപ്പെട്ടു. ഇതെന്തൊരു പരീക്ഷണമാണ്. ഹാജറാ ഉമ്മ തളര്‍ന്നോടിയത് കത്തി നില്‍ക്കുന്ന സൂര്യന്റെ ചുവട്ടില്‍ ചുട്ടുപൊള്ളുന്ന മണല്‍ ചവിട്ടിയായിരുന്നു. ആധുനിക സംവിധാനങ്ങള്‍ വഴി ശീതീകരിച്ച് ശീതീകരിച്ച് എന്റെ കാലുകള്‍ കോച്ചി വിറങ്ങലിക്കുന്നുണ്ടായിരുന്നു. ഹാജറാ(റ)യുടെ ത്യാഗങ്ങള്‍ ഓര്‍ക്കാനാണ് സഅ്യ്. 'ഈ തണുപ്പത്ത് വിലകൂടിയ മാര്‍ബിളില്‍ ഇങ്ങനെ ഓടിയും നടന്നും എനിക്കാ ത്യാഗങ്ങള്‍ അയവിറക്കാനാകുമോ' എന്ന് ഞാന്‍ എന്നോട് തന്നെ സംശയം ചോദിച്ചു. സഫയിലെത്തിയപ്പോള്‍ ഒരു സന്തോഷം തോന്നിയത് ഗ്ലാസിന്റെ മറ തീര്‍ത്തു വെച്ച സഫാകുന്ന് കണ്ടപ്പോഴാണ്. പഴയ സഫയുടെ ഒരു ഭാഗം അങ്ങനെ തന്നെ സംരക്ഷിച്ചതാണെന്ന് ഞാന്‍ മനസ്സിലാക്കി.  അത് ഇടിച്ചു പൊടിച്ച് നാശമാക്കിയില്ലല്ലോ.

 ആ മലയൊന്ന് തൊടാനോ മറ്റോ പറ്റാത്ത വിധം ഗ്ലാസിട്ട് വെച്ചിരിക്കുന്നു. ഞങ്ങള്‍ ഏഴുതവണ സഅ്യ് ചെയ്തു. സഫയേയും മര്‍വയേയും ഇസ്മാഈല്‍ കുടുംബത്തേയും കുറിച്ച് പലതും ഓര്‍ത്ത് എനിക്കീ നിലത്ത് കുറച്ചു നേരം ഇരിക്കണം.  രാത്രി 3 മണിയാവാറായി. പിന്നീടാകാം, ഇനിയും ദിവസങ്ങളുണ്ടല്ലോ. മര്‍വയുടെ ഭാഗത്ത് എല്ലാവരും വിശ്രമിക്കുകയാണ്. ആദ്യ സഅ്യിന്റെ ക്ഷീണം. ഞാന്‍ പ്രതീക്ഷിച്ചത്ര ക്ഷീണമൊന്നും ഉമ്മാക്കില്ലെന്ന് തോന്നുന്നു. ഇനി മുടി മുറിച്ച് തഹല്ലുലാകണം. പുരുഷന്മാര്‍ കത്രിക കൊണ്ട് അവിടെ നിന്ന് തന്നെ മുടിയെടുത്ത് തഹല്ലുലായി. പിന്നീട് കൂട്ടമായി ദുആ ചെയ്ത് ഞങ്ങള്‍ റൂമിലേക്ക് മടങ്ങി. നിര്‍ബന്ധ ഉംറ പൂര്‍ത്തീകരിച്ച ആത്മസംതൃപ്തിയോടെ റൂമിലെത്തി. അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാകില്ല. സ്വപ്നത്തിലെന്ന പോലെയാണ് എല്ലാം സംഭവിച്ചു കൊണ്ടിരിക്കുന്നത്. അല്‍ഹംദുലില്ലാഹ്....

ഹിജാസിൻെറ ഹൃദയ ഭൂമികളിലൂടെ എന്ന പുസ്തകത്തിൽ നിന്നും...

BY മുഹമ്മദ് നഷാദ് സിദ്ദീഖി

കോപ്പികൾക്ക്  https://wa.me/+919387295824



ഹിജാസിൻെറ ഹൃദയ ഭൂമികളിലൂടെ എന്ന പുസ്തകത്തിൽ നിന്നും...

BY മുഹമ്മദ് നഷാദ് സിദ്ദീഖി

കോപ്പികൾക്ക്  https://wa.me/+919387295824



Post a Comment

أحدث أقدم

Hot Posts