ജന്നതുല്‍ മുഅല്ലയിലേക്കു നടക്കുന്ന വഴിയില്‍ മസ്ജിദു ഷജറ കണ്ടു. തിരുനബി കൈ കൊണ്ട് മാടിവിളിച്ചപ്പോള്‍ വേര് പറിച്ച് നടന്നു വന്ന മരം നിന്ന സ്ഥലത്ത് നിര്‍മിച്ച പള്ളിയാണിത്. മനുഷ്യേതര വസ്തുക്കള്‍ പോലും മുത്തുനബിയോട് അങ്ങനെയായിരുന്നു. അവിടുന്ന് നടന്നു പോകുന്ന വഴികളില്‍ എത്ര എത്ര കല്ലുകളാണ് സലാം പറഞ്ഞിരുന്നത്. കൂടെ നടന്നു തണല്‍ വിരിച്ചു കൊടുത്തിരുന്ന മേഘത്തെയും നാം കേട്ടിട്ടുണ്ട്. അവിടന്ന് വിരല്‍ ചൂണ്ടി, രണ്ട് പാളികളാകാന്‍ പറഞ്ഞപ്പോള്‍ ജബല്‍ അബീ ഖുബൈസിന്റെ ഇരു പാര്‍ശ്വങ്ങളിലേക്ക് പകുത്തു മാറിയ ചന്ദ്രനാണ് ഇന്നും നമ്മുടെ ആകാശത്ത് നിലാവു പരത്തുന്നത്. യുദ്ധം കൊടുമ്പിരി കൊണ്ട സമയത്ത് നിസ്‌കാരം ഖളാആയി പോകുമായിരുന്ന ഘട്ടത്തില്‍ തിരുനബിക്കും സ്വഹാബികള്‍ക്കും വേണ്ടി ചലനം നിര്‍ത്തി ആകാശത്തു കാത്തിരുന്നത് നമ്മുടെ തലക്കുമുകളില്‍ ഇപ്പോള്‍ ചിരിച്ചു നില്‍ക്കുന്ന അതേ സൂര്യനാണ്. അങ്ങനെ എത്ര എത്ര മുഹൂര്‍ത്തങ്ങള്‍.
അല്‍പം കൂടി മുന്നോട്ടു നടന്നപ്പോള്‍ മസ്ജിദുല്‍ ജിന്ന് കണ്ടു. ഇബ്നുഅബ്ബാസ്(റ) ഉള്‍പ്പെടെ ഏതാനും സ്വഹാബികളോടൊപ്പം തിരുനബി(സ) വന്ന് ജിന്നുകള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിച്ചു കൊടുത്ത സ്ഥലത്താണ് ഈ മസ്ജിദ്. പള്ളിക്കകത്ത് സൂറതുല്‍ ജിന്നിലെ ഏതാനും സൂക്തങ്ങള്‍ എഴുതി വെച്ചിരിക്കുന്നു.
ഒരല്‍പ്പം കൂടി മുന്നോട്ടു നടന്നതോടെ ഞങ്ങള്‍ ജന്നതുല്‍ മുഅല്ലയിലെത്തി. വിശാലമായ റോഡിന് ഇരുവശത്തുമായി പരന്നുകിടക്കുകയാണ് പഴയ ഖബറുകള്‍. ഖദീജാ ബീവി(റ) തന്നെയാണ് ജന്നതുല്‍ മുഅല്ലയുടെ നായിക. അബ്ദുല്ലാഹിബ്നു സുബൈര്‍(റ) പോലുള്ള ധാരാളം സ്വഹാബികളുള്‍പ്പെടെ എത്ര എത്ര മഹാന്‍മാരാണിവിടെ അന്ത്യവിശ്രമം കൊള്ളുന്നത്. തിരുനബിയുടെ പിതാമഹന്മാരും ശൈശവത്തില്‍ മരണപ്പെട്ട മക്കളും ഇവിടെയാണ് വിശ്രമിക്കുന്നത്. ഇബ്നു ഹജറുല്‍ ഹൈതമിയെ പോലുള്ള പണ്ഡിതന്മാരും ഇമാമീങ്ങളും ഇവിടം വിശ്രമിക്കുന്നവരില്‍ പെടും. അടുത്ത കാലം വരെ ഹറമില്‍ മരിക്കുന്നവരെ ഇവിടെ തന്നെയാണ് മറവ് ചെയ്തിരുന്നത്. ഇപ്പോള്‍ ചില ഉന്നത വ്യക്തിത്വങ്ങളെ മാത്രമേ ഇവിടം മറവ് ചെയ്യുന്നുള്ളു എന്നാണ് അറിയാന്‍ സാധിച്ചത്. പൊതു ഖബറിടം കുറച്ചപ്പുറത്താണ്. ഇവിടെ സ്ത്രീകള്‍ക്ക് അകത്തേക്കു പ്രവേശനമില്ല. ഞങ്ങള്‍ പുറത്തു നിന്ന് ദുആ ചെയ്തു. സ്ത്രീകളെ ഒരു ഭാഗത്ത് നിര്‍ത്തി ഞങ്ങള്‍ അകത്തേക്കു കയറി. ബീവി ഖദീജ(റ)യുടെ ചാരത്തേക്കു സാദരം നടന്നു.
എത്ര വലിയ ഭാഗ്യവതിയാണ് ബീവി ഖദീജ(റ)! തിരുനബിയുടെ ആദ്യ ഭാര്യ, മുത്തുനബിയുടെ മക്കളുടെ ഉമ്മ, നബിയില്‍ വിശ്വസിച്ച ആദ്യ മുസ്ലിം... അവര്‍ക്ക് ചാര്‍ത്താന്‍ പറ്റിയ അംഗീകാരങ്ങള്‍ക്ക് കണക്കില്ല. തന്റെ നാല്‍പതാം വയസ്സിലാണ് അവര്‍ മുത്തുനബിയെ കല്യാണം കഴിക്കുന്നത്. അന്ന് 25 വയസ്സാണ് നബിയുടെ പ്രായം. ഭര്‍ത്താവ് 15 വയസ്സിന് ഇളയതായിരുന്നു എന്ന് ചുരുക്കം. രണ്ട് ഭര്‍ത്താക്കന്മാര്‍ വിവാഹം ചെയ്ത് മരണപ്പെട്ട ശേഷമാണ് നബിയുമായുള്ള വിവാഹം നടക്കുന്നത്. അനാഥനും തന്റെ ജോലിക്കാരനുമായിരുന്ന മുഹമ്മദു(സ)മായുള്ള മഹതിയുടെ വിവാഹ തീരുമാനം ഖുറൈശികളെ രസിപ്പിച്ചു. കണക്കില്ലാത്ത സമ്പത്തിന്റെ ഉടമയും സുന്ദരിയും കുലീന തറവാട്ടുകാരിയുമായിരുന്നല്ലോ അവര്‍.
അനാഥത്വത്തില്‍ വളര്‍ന്നു വലുതായ മുത്തുനബിക്ക് ഇങ്ങനെ പക്വമതിയായ ഒരു തണി വേണമെന്നത് അല്ലാഹുവിന്റെ നിശ്ചയം തന്നെ! നുബുവ്വത് ലഭിക്കുന്നതിന് മുന്നോടിയായി മുത്തുനബി ഏകാന്തത ഇഷ്ടപ്പെട്ട് ഹിറാഗുഹയില്‍ ധ്യാന നിമഗ്‌നനായി ഇരിക്കുന്ന കാലത്ത് ഓരോ ദിവസവും ആ കുന്ന് കയറിയിറങ്ങി ഭക്ഷണം എത്തിച്ചു നല്‍കിയത് ബീവിയായിരുന്നു. ഇഖ്റഇന്റെ വചനങ്ങള്‍ കേട്ടു ഭയപ്പെട്ട് 'സമ്മിലൂനീ, സമ്മിലൂനീ യാ ഖദീജാ...' 'എന്നെ പുതപ്പിക്കൂ... എന്നെ പുതപ്പിക്കൂ ഖദീജാ..' എന്ന് പറഞ്ഞ് ഓടി വന്നപ്പോള്‍ പുതച്ചുകൊണ്ട് അണച്ചുപിടിച്ച് ആശ്വസിപ്പിച്ചതും മഹതിയായിരുന്നു. 'അങ്ങേക്കൊരിക്കലും ആപത്തു സംഭവിക്കില്ല അങ്ങ് അഗതികളെ സഹായിക്കുന്നു. അശരണരെ കണ്ണീരൊപ്പുന്നു. വിധവകള്‍ക്ക് കൈതാങ്ങാകുന്നു... '
വിശുദ്ധ ഇസ്‌ലാം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ആദ്യമായി ഇസ്‌ലാമിലേക്കു വന്നതും മഹതിയായിരുന്നല്ലോ. പിന്നിട് തന്റെ സമ്പത്തും പ്രതാപങ്ങളും പൂര്‍ണമായും ഇസ്‌ലാമിന് നല്‍കി. ശിഅ്ബു അബീത്വാലിബില്‍ ഖുറൈശികള്‍ നബിയേയും അനുയായികളേയും ഉപരോധമേര്‍പ്പെടുത്തി പീഡിപ്പിച്ച ഘട്ടത്തില്‍ ഖദീജയുടെ സ്വത്തുകൊണ്ട് മുസ്‌ലിംകള്‍ കഴിഞ്ഞു കൂടി. മക്കയിലെ കോടീശ്വരിയായ മഹതി അക്കാലത്ത് ദീനിനുവേണ്ടി വല്ലാതെ പട്ടിണികിടന്നു. പച്ചിലകള്‍ പോലും തിന്ന് വിശപ്പടക്കേണ്ടി വന്നു. ഉപരോധം കഴിഞ്ഞപ്പോഴേക്കും ഖദീജ(റ)യുടെ സമ്പത്ത് അവസാനിച്ചു. കച്ചവടം തകര്‍ന്നു. അവര്‍ രോഗിയായി. പിതൃവ്യന്‍ അബൂത്വാലിബും ഈ സമയം മരണക്കിടക്കയിലാണ്.
അബൂത്വാലിബിന്റെ വിയോഗം കഴിഞ്ഞ് രണ്ടുമൂന്നു ദിവസം ആവുന്നതേയുള്ളു. ഖദീജ(റ)യുടെ രോഗം മൂര്‍ച്ഛിച്ചിരിക്കുന്നു. രോഗാവസ്ഥക്കിടയിലും തിരുപ്രവാചകര്‍ക്ക് സേവനം ചെയ്യാനായിരുന്നു ഖദീജയുമ്മയുടെ താല്‍പര്യം. പക്ഷെ ഇതധികം നീണ്ടു പോയില്ല. ഉമ്മ കിടപ്പിലായി. ഇടക്കിടെ കണ്ണുതുറക്കുമ്പോഴെല്ലാം ബീവി കാണുന്നത് തന്നെ തലോടിയും പരിചരിച്ചും സമാശ്വസിപ്പിച്ചു കൊണ്ടിരിക്കുന്ന മുത്തു മേനിയെയാണ്. ഫാത്തിമത്തുല്‍ബതൂല്‍ അകലെ മാറി നിന്ന് കണ്ണീരൊഴുക്കുന്നു. മാതാവിനെ സന്ദര്‍ശിക്കാന്‍ വരുന്നവരെ കാണുമ്പോള്‍ ഫാത്വിമയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. മുത്തു നബിയുടെ സാന്നിദ്ധ്യത്തില്‍ കിടന്ന് ഖദീജ ബീവി മരണത്തെ സ്വീകരിക്കാനൊരുങ്ങുകയാണ്. ജിബ്രീല്‍ മാലാഖ ഇറങ്ങിവന്ന് ഖദീജ സ്വര്‍ഗത്തിലാണെന്ന സുവിശേഷം അറിയിച്ചു. മുത്തുനബിയും മൂന്നു പെണ്‍മക്കളും നോക്കിയിരിക്കെ ഖദീജാ ഉമ്മ ഇലാഹീ സവിധത്തിലേക്കുയര്‍ന്നു.! വാര്‍ത്ത കാട്ടു തീ പോലെ മക്കയില്‍ പടര്‍ന്നു.
എല്ലാവര്‍ക്കും നല്ലതു മാത്രം പറയാനുള്ള മഹതിയുടെ വിയോഗ വാര്‍ത്ത മിടിപ്പോടെ അവര്‍ കൈമാറി. അബൂത്വാലിബിന്റെ വിയോഗം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ജീവിതപാതി കൂടി നഷ്ടപ്പെട്ട തിരുനബിയുടെ അവസ്ഥ കണ്ട് മക്കയിലെ സുമനസ്സുകള്‍ ആ മുഖത്തേക്ക് സഹതാപത്തോടെ നോക്കിനിന്നു. ഫാത്വിമത്തുല്‍ ബതൂല്‍ കരഞ്ഞു കൊണ്ട് ഉപ്പയോട് ചേര്‍ന്നിരുന്നു. പൊന്നുമോളെ സമാശ്വസിപ്പിക്കുന്നതിനിടയില്‍ മുത്തു നബിയുടെ നയനങ്ങളും അറിയാതെ അണപൊട്ടുന്നുണ്ട്. ഖദീജക്ക് വേണ്ടി കുഴിച്ച ഖബറില്‍ മുത്തുനബി ഇറങ്ങി നിന്നു. മയ്യിത്ത് വാങ്ങി ഖബ്റില്‍ വെച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. ഇന്നാലില്ലാഹ് എന്നാവര്‍ത്തിച്ചു പറഞ്ഞു കൊണ്ട് അവര്‍ വീട്ടിലേക്ക് മടങ്ങി. 'ആമുല്‍ഹുസ്ന്'(ദുഃഖ വര്‍ഷം) എന്നാണ് തിരുനബി തന്നെ ആ വര്‍ഷത്തെ വിശേഷിപ്പിച്ചത്. തിരുനബിയുടെ മരണം വരെ ഖദീജയെ അവിടുന്ന് ഓര്‍ത്തിരുന്നു. അവരുടെ ആണ്ടു ദിവസം ഒട്ടകം അറുത്ത് മാംസം അവരുടെ കൂട്ടുകാരികള്‍ക്ക് അയച്ചുകൊടുത്തിരുന്നു. പിന്നീട് ആയിശയുള്‍പ്പെടെ പലരെയും കല്യാണം കഴിച്ചെങ്കിലും എപ്പോഴും ഖദീജ(റ)യെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും. ചില സമയങ്ങളില്‍ ആയിശ(റ)ചോദിക്കുക പോലും ചെയ്തു. 'നിങ്ങള്‍ക്കെപ്പോഴും അവരെക്കുറിച്ച് തന്നെ പറയാനുള്ളു.?' 'നിങ്ങള്‍ എത്ര പേര്‍ ചേര്‍ന്നാലും എന്റെ ഖദീജയുടെ അരികിലെത്തില്ല' എന്നായിരുന്നു മറുപടി.
ഞാനിപ്പോള്‍ ആ ഖദീജ(റ) ഉമ്മയുടെ ചാരത്താണുള്ളത്. അവരോട് നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചോദിക്കാനുണ്ട്. അവര്‍ ശുപാര്‍ശ ചെയ്താല്‍ മുത്തുനബി തട്ടിക്കളയില്ല എന്നുറപ്പാണ്. ഉമ്മയുടെ മുന്നില്‍ മക്കള്‍ക്കെന്തും ചോദിക്കാമല്ലോ... പെട്ടെന്നൊന്നും മടങ്ങാന്‍ തോന്നുന്നില്ല. പാറാവുകാര്‍ ശബ്ദമുണ്ടാക്കുന്നുണ്ട്. മഗ്രിബ് ബാങ്ക് വിളിക്കാറായി. ഗൈറ്റ് അടക്കണം. ഞങ്ങള്‍ പുറത്തിറങ്ങി. മസ്ജിദുല്‍ ഹറാമിലേക്കു നടന്നു. ഇപ്പോഴും എന്റെ ഹൃദയം ഖദീജ(റ) ഉമ്മയുടെ ഖബറിനെ ചുറ്റിപറ്റി നില്‍ക്കുകയാണ്.
സമ്മിലൂനീ... സമ്മിലൂനീ...
ഇന്ന് ബുധനാഴ്ച്ചയാണ്. പുലര്‍ച്ചെ 3 മണിക്കു എഴുന്നേറ്റ് ഒരുങ്ങുകയാണ് എല്ലാവരും. ഇന്ന് ജബലുനൂറിലേക്കാണ് യാത്ര ഹിറാ ഗുഹ കാണണം അറഫയിലേക്കുള്ള വഴിയില്‍ 3 കിലോമീറ്റര്‍ വടക്കായി സ്ഥിതിചെയ്യുന്ന മലയാണ് ജബലുന്നൂര്‍. ഈ പര്‍വ്വതത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 734 മീറ്റര്‍ ഉയരത്തിലാണ് ഹിറാഗുഹയുടെ സ്ഥാനം. ഇസ്‌ലാമിക ചരിത്രത്തില്‍ നിര്‍ണായകമായ ഒരിടമാണ് ഞങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നത്. എല്ലാവരും നല്ല ആവേശത്തിലാണ്. സുബ്ഹി ബാങ്കുവിളിക്കുന്നതിന് മുമ്പ് തന്നെ മലയുടെ അടിവാരത്തിലെത്തി.
കയറ്റമാരംഭിക്കുന്ന സ്ഥലത്തുള്ള പള്ളിയില്‍ നിന്ന് സുബ്ഹി നിസ്‌കരിക്കാമെന്ന് കണക്കു കൂട്ടി ഞങ്ങള്‍ കയറ്റമാരംഭിച്ചു. ബാങ്കുവിളിച്ചപ്പോള്‍ പള്ളിയില്‍ കയറി ഞങ്ങള്‍ നിസ്‌കരിച്ചു. ഞാന്‍ വെറുതെ മുകളിലേക്കു നോക്കി. കുത്തനെയുള്ള കയറ്റം കയറി വേണം മുകളിലെത്താന്‍. കാല്‍മുട്ടു വേദന കൊണ്ട് നന്നായി കഷ്ടപ്പെടുന്ന ആളാണ് ഉമ്മ. ഈ മലകയറി എത്തുമോ എന്നറിയില്ല. ഇവിടെ വരെ വന്നിട്ട് കയറി എത്തിയില്ലെങ്കില്‍ വിഷമം തന്നെ. ഉമ്മ നല്ല ധൈര്യത്തിലാണ്. കൈ പിടിച്ചു സാവധാനം കൂടെ നടന്നു. മല അല്പം പിന്നിട്ടതോടെ ഇരുമ്പിന്റെ കൈവരിയുണ്ട്. അതില്‍ പിടിച്ചു കയറാന്‍ എളുപ്പമാണ്. കയറുന്നതിനനുസരിച്ച് മാനം തെളിഞ്ഞുവരുന്നുണ്ട്. മലമുകളിലെത്തുന്നതോടെ നേരം നേര്‍ത്ത ഇരുട്ടിനെയും കീറി വെളുത്തിട്ടുണ്ടാകും.
വഴിവക്കിലുടനീളം പാക്കിസ്ഥാനികളാണെന്നു തോന്നിക്കുന്ന ചില ആളുകള്‍ ഭിക്ഷ ചോദിക്കുന്നു. ഹിറാഗുഹയിലേക്കുള്ള വഴിയില്‍ സിമന്റു കൊണ്ട് പടവുകള്‍ കെട്ടിയുണ്ടാക്കുന്നതിന് സഹായിക്കണം എന്നാണവര്‍ പറയുന്നത്. എല്ലാവരും സിമന്റ് പാകി ശരിപ്പെടുത്തി കൊണ്ടാണ് യാചന നടത്തുന്നത്. ആയിശയേയും ബിലുവിനേയും എടുത്തുകൊണ്ടാണ് എളാപ്പയും മകളും മലകയറുന്നത്. ഉമ്മയും സാവധാനത്തിലാണ്. അതുകൊണ്ടു തന്നെ സംഘത്തില്‍ ഏറ്റവും പുറകില്‍ ഞങ്ങളായിരുന്നു.
മുത്തുനബി ഹിറാ ഗുഹയില്‍ ധ്യാനത്തിലിരുന്ന സമയത്ത് 55 വയസ്സുകാരിയായിരുന്ന ബീവി ഖദീജ(റ) ഭക്ഷണവുമായി ഒരു ദിവസം തന്നെ പലവട്ടം കയറിയിറങ്ങിയ മലയാണിത്. അന്ന് ഇന്നത്തെ പോലെ പടവുകളോ കൈവരികളോ ഇല്ല. എത്ര കഷ്ടപ്പെട്ടാണ് അവരൊക്കെ തിരുനബിക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചത്. കൂര്‍ത്ത കല്ലുകള്‍ ചവിട്ടി കിടന്ന് ചെങ്കുത്തായ ഈ മല പലയാവര്‍ത്തി കയറിയ പ്രിയപ്പെട്ട ഉമ്മയോട് അറിയാതെ ഒരായിരം സലാം പറഞ്ഞു. 'അസ്സലാമു അലൈക്കും യാ ഉമ്മീ ഖദീജാ...'
ഇടക്കൊക്കെ ഇരുന്നും വിശ്രമിച്ചും നടന്നും അവസാനം ഞങ്ങള്‍ ജബലുനൂറിന്റെ ഉച്ചിയിലെത്തി. നേരത്തെ എത്തിയവര്‍ അവിടെ വിശ്രമിക്കുകയാണ്. മലയുടെ മുകളില്‍ നിന്ന് അപ്പുറത്തേക്ക് അല്പം ഇറങ്ങി ഒരു പ്രത്യേക വിതാനത്തിലാണ് ഗുഹയുടെ നില്‍പ്. ഗുഹാമുഖത്ത് നല്ല തിരക്കാണ്. മലമുകളിലെ സമതല പ്രദേശത്ത് കുറച്ചുനേരം ഇരുന്നു. താഴേക്കു നോക്കുമ്പോള്‍ കയറിവന്ന മലമ്പാതകള്‍ ഒരു വര പോലെ കാണുന്നു. ചുറ്റു ഭാഗത്തും മക്കാ നഗരം പരന്നു കിടക്കുകയാണ്. ക്ലോക്ക് ടവര്‍ അവിടെ നിന്നു വ്യക്തമായി കാണുന്നുണ്ട്.
തിരക്കൊന്ന് കുറഞ്ഞപ്പോള്‍ താഴേക്കുള്ള ഇരുമ്പ് പടവുകളിലൂടെ ഞങ്ങള്‍ ഇറങ്ങി. ഇനി വളരെ ഇടുങ്ങിയ ഒരു വഴിയിലൂടെ നുഴഞ്ഞു കയറി വേണം ഹിറാഗുഹയുടെ കവാടത്തിലെത്താന്‍. ഈ വഴിയിലൂടെ ഒരു സമയം ഒരാള്‍ക്കേ പ്രവേശിക്കാനാകൂ. ഒരു വിധം സാഹസപ്പെട്ട് എല്ലാവരും ഗുഹാമുഖത്തെത്തി. കാത്തിരുന്ന് സാവധാനം ഗുഹക്കകത്ത് കയറി ഇരുന്നു. മൂന്നര മീറ്റര്‍ നീളവും ഒന്നരമീറ്റര്‍ വീതിയും മാത്രമുള്ള ചെറിയ ഗുഹയാണത്. ഒരാള്‍ക്ക് കഷ്ടിച്ച് എഴുന്നേറ്റു നില്‍ക്കാവുന്ന ഉയരമേയുള്ളു. മുത്തുനബി ധ്യാനനിമഗ്നനായിരുന്ന ഓര്‍മകളില്‍ ഞാനും അവിടെ ഇരുന്നു. ശുക്റിന്റെ സൂജൂദ് ചെയ്തു.
ആ ഇരുത്തത്തില്‍ അറിയാതെ ഇഖ്റഇന്റെ മന്ത്ര ധ്വനികള്‍ എന്റെ കാതുകളില്‍ മുഴങ്ങി. ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
ഹിറാ ഗുഹയില്‍ മുത്തുനബി ധ്യാനത്തിലിരിക്കുകയാണ്. കുറേ ദിവസമായി ഇതു തുടങ്ങിയിട്ട്. പ്രപഞ്ചത്തെ കുറിച്ചും ജീവിതത്തിന്റെ രഹസ്യങ്ങളെ കുറിച്ചും അദൃശ്യ ശക്തികളെ കുറിച്ചുമെല്ലാം ഇതിനിടയില്‍ ചിന്തിക്കുന്നു. ഇതിനിടയില്‍ അതാ ജിബ്രീല്‍(അ) ഇറങ്ങി വരുന്നു. മലക്കിന്റേതായ ആകാരത്തില്‍. തിരുനബിയോട് പറയുന്നു. 'ഇഖ്റഅ് വായിക്കുക' 'എനിക്ക് വായിക്കാനറിയില്ല' എന്ന് മുത്തുനബി ഉത്തരം നല്‍കുന്നു. മലക്ക് നബിയെ അണച്ചുകൂട്ടി പിടിക്കുന്നു. ചോദ്യം വീണ്ടും ആവര്‍ത്തിക്കുന്നു. നബി(സ) തനിക്കറിയില്ലെന്ന് പറയുന്നു. പിന്നീട് ജിബ്രീല്‍ ഓതിക്കൊടുക്കുന്നു. നബി(സ) അതുകേട്ട് ഓതുന്നു. തനിക്കെന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു.
കുറച്ചു സമയം ഈ ഗുഹയില്‍ നടന്ന കാര്യങ്ങള്‍ മുത്തുനബിയെ പരിഭ്രാന്തനാക്കി. ഈ മരുക്കാട്ടില്‍ വിജനമായ മലമുകളിലെ ഒരു പൊത്തില്‍ ഒറ്റക്കിരിക്കുമ്പോള്‍ ഇങ്ങനെയൊരു അനുഭവം ഉണ്ടായാല്‍ ഭയപ്പെടാതിരിക്കുമോ?! ഗുഹയില്‍ നിന്ന് ഭീതിയോടെ വിട്ടിലെത്തുന്നു. 'സമ്മിലൂനീ... സമ്മിലൂനീ... യാ ഖദീജ' എന്ന് പറഞ്ഞാണ് വരവ്. ബീവി പുതച്ചു കൊടുക്കുന്നു. തിരുനബിക്ക് നന്നായി പനിക്കുന്നു. വിഷയങ്ങളെല്ലാം ഖദീജയില്‍ നിന്നറിഞ്ഞ വേദ പണ്ഡിതന്‍ വറഖതുബ്നു നൗഫല്‍ ആ വന്നത് ജിബ്രീല്‍ മാലാഖയായിരുന്നുവെന്ന് സ്ഥീകരിക്കുന്നു. മുഹമ്മദിന്(സ) പ്രവാചകത്വ നിയോഗം ലഭിച്ചിരിക്കുന്നു എന്നും.
ലോകത്തു അത്ഭുതങ്ങളുടെ മഹാപ്രപഞ്ചം തീര്‍ത്ത വിശുദ്ധ ഖുര്‍ആനിന്റെ പ്രസരണം ഇവിടെ നിന്നാണ് ആരംഭിച്ചത്. ഭൂമിയിലെ എത്ര വിശുദ്ധമായ ഇടമാണിത് ഒരിക്കല്‍ കൂടി അവിടം ചുംബിച്ച് ഞാന്‍ എഴുന്നേറ്റു. മലക്കു മുകളിലെ സമതലത്തിലിരുന്ന് ഞങ്ങള്‍ മന്‍ഖൂസ് മൗലീദ് ഓതി.
കയറുന്നതിനേക്കാള്‍ പ്രയാസമുണ്ടോ മലയിറങ്ങാന്‍? ഇറങ്ങിയപ്പോള്‍ അങ്ങനെയാണ് തോന്നിയത്. ഉമ്മാക്കിതിന് സാധിക്കുമെന്ന് കരുതിയതല്ല. ഏതായാലും വലിയ പ്രയാസമില്ലാതെ കയറിയിറങ്ങിയിരിക്കുന്നു. അബൂദാബിയില്‍ നിന്ന് അനിയന്‍ വിളിച്ചപ്പോള്‍ ആ സന്തോഷം പങ്കുവെക്കുകയാണ് ഉമ്മ. ഇനി ആരും വിശ്വാസിക്കാതിരിക്കണ്ടെന്നു കരുതി ഞാന്‍ പെങ്ങള്‍ക്കും ജേഷ്ഠനും അമ്മാവന്മാര്‍ക്കും ഉമ്മ ഹിറാ ഗുഹയുടെ മുന്നില്‍ നില്‍ക്കുന്ന ഫോട്ടോ അയച്ചു കൊടുത്തു. അല്‍ഹംദുലില്ലാഹ്...
തിരിച്ചു പോകാനുള്ള വാഹനം എത്തിയിട്ടുണ്ട്. വിശ്രമം റൂമില്‍ നിന്നാക്കാം എന്നു കരുതി ഞങ്ങള്‍ വേഗം ഹോട്ടലിലെത്താന്‍ കൊതിച്ചു.
ഹിജാസിൻെറ ഹൃദയ ഭൂമികളിലൂടെ എന്ന പുസ്തകത്തിൽ നിന്നും...
BY മുഹമ്മദ് നഷാദ് സിദ്ദീഖി
കോപ്പികൾക്ക് https://wa.me/+919387295824
إرسال تعليق