ഹിജ്‌റയുടെ വഴികളിലൂടെ...

വഴിയിലുടനീളം ഹിജ്റയുടെ പൊള്ളുന്ന ഓര്‍മകളാണ് എന്റെ ഉറക്കം നഷ്ടപ്പെടുത്തിയത്. ആറ്റല്‍ നബി എത്ര സാഹസപ്പെട്ടായിരിക്കും ശത്രുക്കളുടെ കണ്ണുവെട്ടിച്ച് മദീനയിലെത്തിയിട്ടുണ്ടാവുക. ജനിച്ചു വളര്‍ന്ന മണ്ണില്‍നിന്ന് എല്ലാം ഉപേക്ഷിച്ച് ദേശത്യാഗം ചെയ്യേണ്ടി വരുന്നത് സങ്കല്‍പിക്കാവുന്നതിനുമപ്പുറത്താണ്.  മക്കയില്‍ ഒരു നിലക്കും മുന്നോട്ടു പോകാന്‍ കഴിയില്ല എന്നു ബോധ്യമായ ഘട്ടത്തിലാണ് നബിയും ഹിജ്റക്കൊരുങ്ങിയത്. പോകും നേരം മക്കയെ നോക്കി മുത്തുനബി പറഞ്ഞു, 'അല്ലാഹുവിന്റെ ഭൂമിയില്‍ ഏറ്റവും ശ്രേഷ്ഠമായ ഒരു സ്ഥമലാണ് നീ. അവരെന്നെ പുറത്താക്കിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ വിട്ട് പോകില്ലായിരുന്നു'.

പിറകിലിരിക്കുന്ന ഉമ്മയെ ഞാന്‍ പലവട്ടം മറിഞ്ഞുനോക്കി. പൊതുവേ ദീര്‍ഘ യാത്രകള്‍ ചെയ്യാത്തതുകൊണ്ട് വല്ല അസ്വസ്ഥതകളും ഉണ്ടോ എന്നാണെന്റെ ആശങ്ക.


ഹിജ്റ പോവേണ്ട സ്ഥലത്തെ കുറിച്ച് മുത്തു നബിക്ക് ആദ്യമേ വിവരം ലഭിച്ചിരുന്നു. ഇസ്റാഅ് യാത്രയിലും നബിക്ക് ആ സ്ഥലം കാണിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ സതീര്‍ത്ഥ്യരോടൊപ്പം  മിനയില്‍ ഇരിക്കുമ്പോഴാണ് മദീനക്കാരായ(അന്ന് യസ്രിബ് എന്നായിരുന്നു മദീനയുടെ പേര്)ആറു പേരെ നബി(സ) പരിചയപ്പെടുന്നത്. അവര്‍ക്ക് വിശുദ്ധ ദീന്‍ പരിചയപ്പെടുത്തി കൊടുത്തു. അവര്‍ വിശ്വസിക്കാന്‍ തയ്യാറായി. ഈ സന്ദേശം മദീനയില്‍ പ്രചരിപ്പിക്കാം എന്ന ഉറപ്പോടെ അവര്‍ തിരിച്ചുപോയി. പിറ്റേ വര്‍ഷം ഇതില്‍ പെട്ട അഞ്ചുപേരുള്‍പ്പെടെ 12 ആളുകളുമായി വന്ന് അവര്‍ അഖബയില്‍ വെച്ച് നബിയുമായി സന്ധിച്ചു. മതം പഠിപ്പിക്കാന്‍ ഒരാളെ കൂടെ അയക്കാന്‍ ആവശ്യപ്പെട്ടതു പ്രകാരം മുസ്അബുബ്നു ഉമൈറിനെ നബി  അവരുടെ കൂടെ അയച്ചു. മദീനയില്‍ ഇസ്‌ലാം പ്രചുരപ്രചാരം നേടി. അടുത്ത വര്‍ഷം മദീനയില്‍ നിന്ന് എഴുപതില്‍പരം മുസ്‌ലിംകള്‍ ഹജ്ജിനെത്തി.  നബി അവരുമായി കരാറുണ്ടാക്കി. സ്വന്തം മക്കളെ സംരക്ഷിക്കും പോലെ എന്നെ സംരക്ഷിക്കാമെങ്കില്‍ ഞാന്‍ മദീനയിലേക്ക് വരാമെന്ന് നബി പറഞ്ഞു. അവരത് നൂറുവട്ടം താത്പര്യത്തോടെ സ്വീകരിച്ചു. ഇതുപ്രകാരം സ്വഹാബികള്‍ ഘട്ടം ഘട്ടമായി മദീനയിലേക്ക് ഹിജ്റപോയി. അവസാന സമയത്താണ് തിരുനബി സിദ്ദീഖ് തങ്ങള്‍ക്കൊപ്പം മദീനയിലെത്തുന്നത്. ആ യാത്രയിലെ സാഹസങ്ങളെ കുറിച്ച് ഇനി പിന്നീട് പറയാം.  


ഞങ്ങളുടെ ബസ് വേഗതയില്‍ മുന്നോട്ടു കുതിക്കുകയാണ്. മഗ്രിബിന് മുമ്പ് മദീന എത്താനുള്ള വ്യഗ്രതയാണ്.  പെങ്ങളുടെ 2 വയസ്സുകാരി ആഇശയും നാലു വയസ്സുകാരന്‍ ബിലാലും   ഇടക്ക്  കരയുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇവരുടെ കരച്ചില്‍ കേട്ടപ്പോള്‍ എനിക്കു ഓര്‍മവന്നത് ഉമാമയേയും അലിയേയുമാണ്.  

മുത്തുനബിയുടെ പേരമക്കളായിരുന്നു അലിയും ഉമാമയും, മൂത്ത മകള്‍ സൈനബ(റ)യുടെ കുട്ടികള്‍. ആയിഷയുടെയും ബിലാലിന്റെയും പ്രായത്തിലല്ല ഇതിലേറെ ചെറുപ്പമായ സമയത്താണ് ബീവി സൈനബ ആ രണ്ട് പൈതങ്ങളുടെയും കൈ പിടിച്ച് ഒറ്റക്ക് ഹിജ്റ പോയത്.


മക്കയില്‍ നിന്ന് മദീനയിലേക്കുള്ള ദുര്‍ഘടമായ മലമ്പാതകള്‍ ഈ പൈതങ്ങളെയുടെ കൈ പിടിച്ച് ബീവി എങ്ങനെയാണ് നടന്ന് തീര്‍ത്തിട്ടുണ്ടാവുക. നെടുവീര്‍പ്പിട്ടു പുറത്തേക്കു നോക്കിയപ്പോള്‍ മരുക്കാട്ടില്‍ രണ്ട് ഒട്ടകങ്ങള്‍ ഒരു കുറ്റിച്ചെടിയുടെ പച്ചിലകള്‍ കടിച്ചുവലിക്കുന്നതാണ് കണ്ടത്. സൈനബയുടെ ഹിജ്റയുടെ കഥ വല്ലാത്തൊരു നൊമ്പരമാണ്. കലര്‍പ്പില്ലാത്ത സ്നേഹത്തിന്റെയും വിശ്വാസ ദാര്‍ഢ്യതയുടെയും കഥ കൂടിയാണത്. അബുല്‍ആസായിരുന്നു സൈനബിന്റെ ഭര്‍ത്താവ്. തിരുനബി ഇസ്‌ലാം വിളംബരപ്പെടുത്തിയ ശേഷവും അബുല്‍ ആസ് മുസ്‌ലിമായില്ല. എന്നാല്‍ സൈനബി(റ)നെ ഉപേക്ഷിക്കാനും തയ്യാറായില്ല. സൈനബിനും ഭര്‍ത്താവിനെ പിരിയാന്‍ മനസ്സുണ്ടായിരുന്നില്ല. എന്നെങ്കിലും ഭര്‍ത്താവ് സത്യവഴി പുല്‍കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞു. ഇക്കാരണത്താല്‍ തന്നെ സൈനബിന് മദീനയിലേക്ക് പോകാനായില്ല. തിരുനബിയും അനിയത്തിമാരായ ഫാത്തിമയും ഉമ്മുഖുല്‍സൂമും  ഹിജ്റ പോയ ശേഷവും സൈനബ മക്കയില്‍ തുടരുകയായിരുന്നു. മുത്ത്നബി പലപ്പോഴും മോളെയോര്‍ത്ത് സങ്കടപ്പെട്ടു. ഭാര്യ ഖദീജയുടെ അതേ ഛായയും സ്വഭാവവും കിട്ടിയ മോളാണ് സൈനബ്(റ). അഞ്ഞൂറോളം കിലോമീറ്റര്‍ അപ്പുറത്ത് തന്റെ കൊടിയ ശത്രുക്കള്‍ക്കിടയില്‍ പ്രിയ മകളെ തനിച്ചാക്കി പോരേണ്ടിവന്ന ഒരു പിതാവിന്റെ വ്യാകുലതകളും ആകുലതകളും ഒന്നോര്‍ത്തുനോക്കു. രണ്ട് വര്‍ഷം കഴിഞ്ഞു. ബദ്‌റ് യുദ്ധം നടക്കുകയാണ്.


അബുല്‍ആസ് ഖുറൈശി സൈന്യത്തില്‍ അംഗമായി തിരുനബിയെ നേരിടാന്‍ പുറപ്പെട്ടു. അന്ന് സൈനബ കുറേ കരഞ്ഞു. കരളിന്റെ കഷ്ണമായ പൊന്നുപ്പക്കെതിരെ യുദ്ധം ചെയ്യാനാണ് ഭര്‍ത്താവ് പോകുന്നത്. യുദ്ധത്തില്‍ ഖുറൈശികള്‍ അമ്പേ പരാജയപ്പെട്ടു. അബുല്‍ ആസ് തടവിലാക്കപ്പെട്ടു. യുദ്ധത്തിന് പോയതില്‍ വിഷമമുണ്ടായിരുന്നെങ്കിലും ഭര്‍ത്താവ് തടവിലായതറിഞ്ഞ് സൈനബിന് ഉറക്കം നഷ്ടപ്പെട്ടു. എങ്ങനെയെങ്കിലും ഭര്‍ത്താവിനെ മോചിപ്പിച്ചെടുക്കണം. പ്രായശ്ചിത്തമായി നല്‍കാന്‍ ഒന്നും കാണുന്നില്ല. ഒരു ആഭരണം കഴുത്തിലുണ്ട്. പൊന്നുമ്മ ഖദീജ(റ) മരണപ്പെട്ടതിനു ശേഷം അവരുടെ കഴുത്തിലുണ്ടായിരുന്നത് ഉപ്പ തനിക്ക് സമ്മാനിച്ചതാണ്. ഉമ്മയുടെ മണമുള്ള ഈ ആഭരണം കൊടുക്കുക എന്നാല്‍ ഹൃദയം പറിച്ചുകൊടുക്കും പോലെ വേദനയുള്ളതാണ്. ഭര്‍ത്താവിനെ രക്ഷിക്കാന്‍ മറ്റുവഴികളില്ലാത്തതിനാല്‍ സൈനബ(റ) അതിന് തയ്യാറായി. മുസ്‌ലിം സൈനാധിപനായ തിരുനബിയുടെ മുന്നില്‍ ആ ആഭരണം എത്തി.


മരുമകന്‍ അബുല്‍ആസിനെ മോചിപ്പിക്കാന്‍ മകള്‍ കൊടുത്തയച്ച ആഭരണം കണ്ടതും നബിയുടെ മുഖം വിവര്‍ണമായി. ആ കണ്ണുകള്‍ ചാലിട്ടൊഴുകി. പ്രിയ സഖി ഖദീജയെ ഓര്‍ത്തുപോയി. കൂടി നിന്നവരോട് നബി ഈ മാലയെ കുറിച്ച് പറഞ്ഞ ശേഷം ചോദിച്ചു. ''ഞാന്‍ ഈ മാല സ്വീകരിക്കാതെ അബുല്‍ആസിനെ മോചിപ്പിക്കുന്നതില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടോ?'' എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. ''അങ്ങാണ് ഞങ്ങളെ കാരുണ്യം പഠിപ്പിച്ചത്. അങ്ങയുടെ ഇഷ്ടം പോലെ ചെയ്യുക''. തിരുനബി അബുല്‍ആസിനെ മോചിപ്പിച്ചു. ആ മാല മകള്‍ക്കു തന്നെ കൊടുത്തയച്ചു. ഈ മോചനത്തിന് പകരമായി സൈനബിനെ മദീനയിലേക്കു അയച്ചുതരാന്‍ കല്പിച്ചു. അബുല്‍ ആസ് സമ്മതിച്ചു. അങ്ങനെ ഭര്‍ത്താവിനെ പിരിയുന്ന വിഷമത്തോടെ സൈനബ്(റ) ഉമാമയെ തോളിലിട്ട് കൊച്ചുമകന്‍ അലിയുടെ വിരല്‍ക്കൊടിയും പിടിച്ച് മദീനയിലേക്ക് ഒറ്റക്ക് യാത്ര ആരംഭിച്ചു. വിവരം ഖുറൈശികള്‍ അറിഞ്ഞു.

നബിയോടുള്ള ദേഷ്യം മകളോട് തീര്‍ക്കാനുള്ള ആഗ്രഹത്തോടെ ആ കാട്ടാളന്മാര്‍ സൈനബിന് നേരെ കുതിച്ചു. മദീനയിലേക്കുള്ള വഴിയില്‍ വെച്ച് ലോകനേതാവിന്റെ പൊന്നുമോളെ അവര്‍ അക്രമിച്ചു. മൂര്‍ച്ചയേറിയ കുന്തം കൊണ്ട് കുത്തി പരിക്കേല്പിച്ചു. സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ദുര്‍ബലയായ ഒരു സ്ത്രീയേയും രണ്ട് കൈകുഞ്ഞുങ്ങളെയും സായുധരായ ഒരു സംഘം വളഞ്ഞിട്ട് അക്രമിക്കുന്ന ചിത്രം ഒന്നു സങ്കല്‍പിച്ചുനോക്കു.


പേടിച്ചുവിറച്ചു ഉമ്മയുടെ വസ്ത്രത്തിന്റെ മറപിടിച്ചു ആര്‍ത്തുകരയുന്ന ഉമാമയുടെ മുഖം നിങ്ങളുടെ മനസ്സില്‍ തെളിയുന്നുണ്ടോ?. ശരീരത്തിലും മുറിവിലും പറ്റിയ മണല്‍ തട്ടികളയാന്‍ പോലും കഴിയാതെ കരയുന്ന അലിയെ നിങ്ങള്‍ കണ്ടോ?   പിന്നീട് പലപ്പോഴും തന്റെ മകള്‍ വിശ്വാസം കാക്കാന്‍ സഹിച്ച ത്യാഗത്തെ കുറിച്ച് മുത്തുനബി പറയാറുണ്ട്. സൈനബ് എന്റെ മക്കളില്‍ എന്റെ പേരില്‍ കുറേ അക്രമം സഹിച്ചവളാണ്. അല്പകാല ശേഷം അബുല്‍ ആസ് മുസ്‌ലിമായി മദീനയിലേക്കു വന്നു. സൈനബിന് സമാധാനമായി....


 ഇപ്പോള്‍ നമ്മുടെ ആയിശയുടെ കരച്ചില്‍ കേള്‍ക്കുന്നില്ല. തളര്‍ന്ന് ഉറങ്ങിയിട്ടുണ്ടാകും. ഞങ്ങളുടെ ബസ് മദീനയില്‍ പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. എത്ര സുന്ദരമാണ് എന്റെ ഹബീബിന്റെ നഗരം. ശബ്ദ കോലാലഹങ്ങളില്ലാത്ത വല്ലാത്തൊരു ശാന്തത അനുഭവപ്പെടുന്നു. ഇവിടുത്തെ ഈന്തപ്പനകള്‍ക്കും മണല്‍തരികള്‍ക്കും എന്തെന്തു കഥകള്‍ പറയാനുണ്ട്. ഈ മണല്‍ ചെരിപ്പിട്ട് ചവിട്ടാനുള്ളതല്ല. കണ്ണില്‍ സുറുമയിടാനുള്ളതാണ്.... ചിന്തകള്‍ കാടുകയറി പോകുകയാണ്. ബസ് ഞങ്ങള്‍ക്ക് താമസിക്കാനുള്ള ഹോട്ടലിനുമുന്നില്‍ കിതച്ചു നിന്നു.   ഒരു തണുത്ത കാറ്റ് കവിളില്‍ തഴുകി കടന്നുപോയി. മദീനയുടെ സ്നേഹ ചുംബനം.. അസ്സലാമു അലൈക്കും യാ... മദീനത റസൂലില്ലാഹ്...


കഅ്ബക്കകത്ത് രണ്ട് റക്അത്

ഇന്ന് ഞായറാഴ്ച്ചയായി. ചൊവ്വാഴ്ച്ചയാണ് മദീനയിലേക്ക് പോകുന്നത്. രണ്ട് ദിവസം കൂടിയേ ഇനി മക്കയിലുള്ളു. ഇന്ന് ഞങ്ങള്‍ കാറു വിളിച്ച് ആയിശ പള്ളിയില്‍ പോയി ഇഹ്റാം ചെയ്ത് ഒരു ഉംറ കൂടി ചെയ്തു. ഇന്ന് കൂടുതല്‍ സമയം മസ്ജിദുല്‍ ഹറാമില്‍ ചെലവഴിക്കണം. രാത്രി ഭക്ഷണത്തിന് ശേഷം വീണ്ടും പള്ളിയിലേക്കു പോയി. അമീറിന്റെ നേതൃത്വത്തില്‍ സഘാംഗങ്ങളെല്ലാം പള്ളിയിലുണ്ട്. ഇന്ന് രാത്രി ഏറെക്കുറേ ഇവിടെ തന്നെ ചെലവഴിക്കാനാണ് പ്ലാന്‍. ഉമ്മയേയും കൂട്ടി കഅ്ബയുടെ അടുത്തേക്ക് പോയി. നാലു ഭിത്തികളും ചുംബിച്ചു. ഉമ്മയെ ഹജറുല്‍ അസ്വദ് മുത്തിക്കാന്‍ ഒരു ശ്രമം നടത്തിയാലോ എന്നാലോചിച്ചു. പെങ്ങളും കൂടെയുണ്ട്. സ്ത്രീകളുടെ ഇടയില്‍ പോയി നിന്നാല്‍ ചിലപ്പോള്‍ അവസരം കിട്ടിയെന്നു വരും. അവരെ ഹജറിനടുത്തെത്തിച്ച് ഞാന്‍ മാറി നിന്നു. അവിടെ സ്ത്രീകളുടെ തിരക്കാണ്. രണ്ടു കാലുകളും നിലത്തുറപ്പിച്ചു ചവിട്ടാന്‍ പോലും ഇടമില്ലാത്തതിനാല്‍ ഉമ്മ മടങ്ങിപോന്നു. ചെറിയ കുട്ടികളൊന്നും കൂടെയില്ലാത്തതിനാല്‍ ഇപ്പോള്‍ പറ്റിയ സമയമാണ്, പെങ്ങളോട് അവിടെ തന്നെ നില്‍ക്കാന്‍ പറഞ്ഞു. അവളുടെ അധ്വാനം ഫലം കണ്ടു. തിരക്കിനിടയിലും അവള്‍ക്ക് ഹജറുല്‍ അസ്വദ് നന്നായി തന്നെ മുത്താന്‍ ഭാഗ്യംകിട്ടി! ഞങ്ങളുടെ സംഘത്തിലെ മറ്റൊരു സ്ത്രീക്കും ഈ അവസരം കിട്ടിയിട്ടില്ലെന്നു തോന്നുന്നു. ചെറുപ്പകാലത്തു ഹജ്ജും ഉംറയുമൊക്കെ ചെയ്യാന്‍ കഴിയണം. അപ്പോഴാണ് കര്‍മങ്ങള്‍ ഏറ്റവും നന്നായി ചെയ്യാനാവുക. ഇന്ത്യോനേഷ്യയിലൊക്കെ ഹജ്ജ് ചെയ്യാത്ത പെണ്‍കുട്ടികള്‍ക്ക് വരനെ കിട്ടാന്‍ പ്രയാസമാണെന്ന് കേട്ടിട്ടുണ്ട്. അവരെല്ലാം വിവാഹ പ്രായത്തിന് മുമ്പ് ഹജ്ജു ചെയ്യുന്നു.

പിന്നീട് അവരെ കൂട്ടി ഹിജ്റു ഇസ്മാഈലിലേക്കു കടന്നു. തിരക്കുണ്ടെങ്കിലും അവര്‍ക്ക് നിസ്‌കരിക്കാന്‍ അവസരമുണ്ടാക്കി കൊടുത്തു. നിസ്‌കരിക്കുന്നതിനിടയില്‍ ആരെങ്കിലും കാവല്‍ നില്‍ക്കണം. അല്ലെങ്കില്‍ സൂജൂദില്‍ കിടക്കുമ്പോള്‍ നമ്മുടെ തലയും കഴുത്തും ചവിട്ടി തകര്‍ത്ത് ആരെങ്കിലും കടന്നു പോയേക്കാം.

ആ സ്ഥലം യഥാര്‍ത്ഥത്തില്‍ കഅ്ബയുടെ അകം തന്നെയാണ്. ഇബ്റാഹീം നബി(അ) കെട്ടിയ തറയില്‍ പൂര്‍ണമായി കഅ്ബ നിര്‍മിക്കാന്‍ ഹലാലായ പണമില്ലാത്തതിനാല്‍ ഈ ഭാഗം ഒഴിച്ചിട്ടതാണ്. ആയിശ(റ) ഒരിക്കല്‍ കഅ്ബയുടെ അകത്തു കയറി നിസ്‌കരിക്കാന്‍ അവസരം ചോദിച്ചപ്പോള്‍ മുത്തുനബി(സ) പറഞ്ഞത് ഹിജ്റു ഇസ്മാഈലില്‍ കയറി നിസ്‌കരിക്കാനായിരുന്നു. ഹിജ്റു ഇസ്മാഈലില്‍ നിസ്‌കരിച്ചപ്പോള്‍ കഅ്ബക്കകത്തു കയറി നിസ്‌കരിച്ച സന്തോഷം അനുഭവിച്ചു! സ്വര്‍ണപ്പാത്തിക്കു ചുവട്ടില്‍ പ്രാര്‍ത്ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്ന സ്ഥലമാണ്. അവിടെ നിന്ന് കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിച്ചു. തിരക്കു കൂടിവരുന്നുണ്ട്.  വൈകാതെ ഞങ്ങള്‍ പുറത്തിറങ്ങി. അര്‍ധരാത്രിയോടെ റൂമിലേക്കു മടങ്ങി.

****** ****** ****** ******

തിങ്കളാഴ്ച്ച അമീറിന്റെ നേതൃത്വത്തില്‍ ആയിശ പള്ളിയിലെത്തി. ഇഹ്റാം ചെയ്തു. ഈ യാത്രയിലെ അവസാനത്തെ ഉംറ ചെയ്തു. ഇതിനിടയില്‍ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആയിശയും ഒരു ഉംറ പൂര്‍ത്തിയാക്കിയിരുന്നു! ഇന്ന് രാത്രി സഫായുടെ അണ്ടര്‍ഗ്രൗണ്ടില്‍ ഞങ്ങള്‍ മജ്ലിസ് നടത്തി.

****** ****** ****** ******

ഇന്ന് ചൊവ്വാഴ്ച്ചയായി. 10 മണിക്ക് ബസ് വരും അതില്‍ മദീനയിലേക്കു പുറപ്പെടുകയാണ്. രാവിലെ പ്രാതല്‍ കഴിച്ച് വിദാഇന്റെ ത്വവാഫ് ചെയ്യാനായി മത്വാഫിലെത്തി. വിടവാങ്ങല്‍ ത്വവാഫാണ്. കഅബയോട്, മസ്ജിദുല്‍ ഹറാമിനോട്, സഫയോട്, മര്‍വയോട്, മഖാമു ഇബ്റാഹീമിനോട്, ഹിജ്റു ഇസ്മാഈലിനോട്, സംസം കിണറിനോട്, സ്വര്‍ണപാത്തിയോട്. ജന്നതുല്‍ മുഅല്ലയോട്.. എല്ലാ സൗഭാഗ്യങ്ങളോടും വിട ചോദിക്കുകയാണ്.! 'അതിവീദൂരമല്ലാത്ത ഭാവിയില്‍ ഇനിയും പലവട്ടം ഈ മണ്ണിലെത്താന്‍ ഭാഗ്യമുണ്ടാകണേ!' എന്നാണ് ഓരോ ത്വവാഫിലും അറിയാതെ മനസ്സില്‍ നിന്നുയരുന്ന പ്രാര്‍ത്ഥന. ത്വവാഫിന് ശേഷം മഖാമു ഇബ്റാഹീമിന് പുറകില്‍ നിന്ന് ഞങ്ങള്‍ കൂട്ടമായി പ്രാര്‍ത്ഥിച്ചു. ചെയ്ത ഉംറകളും സിയാറകളും സഅ്യുകളും സ്വീകരിക്കപ്പെടാനും ഇനിയും ഇവിടെ എത്താനും.

 ഹൃദയം പറിച്ചുവെക്കുന്ന വേദനയോടെയാണ് എല്ലാവരും മക്കയോട് വിടപറയുന്നത്.  പള്ളിയില്‍ നിന്ന് പുറത്തിങ്ങിയപ്പോള്‍ പലവട്ടം കഅ്ബയെ തിരിഞ്ഞു നോക്കി. 'അസ്സലാമുഅലൈക്കും.. ബൈതല്ലാഹില്‍ ഹറാം'

ബസ് ഞങ്ങളെയും വഹിച്ച് മുന്നോട്ടു ചലിച്ചു തുടങ്ങി. മദീനയിലേക്കാണ് പോകുന്നത് എന്ന് ചിന്തിക്കുമ്പോള്‍ മക്കയോട് വിട പറയുന്ന വിഷമം മറന്ന് സന്തോഷം ജനിക്കുന്നുണ്ട്. 450 കിലോമീറ്റര്‍ സഞ്ചരിക്കണം. ഇരുവശവും വിശാലാമായ മരുക്കാടാണ്. ഇടക്കിടെ മുള്‍ചെടികള്‍ തിന്നുന്ന ഒട്ടകങ്ങള്‍, ആട്ടിന്‍ കൂട്ടങ്ങള്‍.

വഴിയില്‍ ഞങ്ങള്‍ ബദ്റിലിറങ്ങി. ബദ്റ് യുദ്ധം നടന്ന സ്ഥലവും ശുഹദാക്കള്‍ വിശ്രമിക്കുന്ന സ്ഥലവും ഉയരമുള്ള മറകെട്ടി തിരിച്ചിരിക്കുന്നു. അവിടെ ഇറങ്ങാന്‍ അനുമതിയില്ല. ശിര്‍ക്കു ഭീതി തന്നെയാണ് കാരണം. ബസിലിരുന്ന് ആ കാഴ്ച്ചകള്‍ കണ്ടു. സായുധരായ ആയിരം ശത്രുക്കളോട് നിരായുധരായ 313 സ്വഹാബികള്‍ ഈമാന്‍ വജ്രായുധമാക്കി യുദ്ധം ചെയ്തു വിജയിച്ചു വന്നത് ഓര്‍മയില്‍ മിന്നി മറഞ്ഞു.

ബദ്റില്‍ അല്ലാഹുവിന്റെ സഹായത്തിനായി മുത്തുനബി പ്രാര്‍ത്ഥിച്ച സ്ഥലത്തുണ്ടാക്കിയ മസ്ജിദുല്‍ ഹരീശില്‍ ഇറങ്ങി നിസ്‌കരിച്ചു. ബദ്രീങ്ങളെ കുറിച്ച് എഴുതി ഏകദേശം പണി പൂര്‍ത്തിയായ പുസ്തകത്തിന്റെ കവര്‍ കയ്യില്‍ കരുതിയിരുന്നു. അത് ബദ്റില്‍ വെച്ചു പ്രകാശിപ്പിക്കാനായി. പള്ളിമുറ്റത്തു നിന്ന് തന്നെ ഭക്ഷണം കഴിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.


Post a Comment

أحدث أقدم

Hot Posts