ലാ തഹ്‌സന്‍...

ഇന്ന് പുലര്‍ച്ചേ 4 മണിക്കു തന്നെ എല്ലാവരും ഒരുങ്ങി തയ്യാറായിരിക്കുന്നത് സൗറ് ഗുഹ കാണാനുള്ള ആവേശത്തിലാണ്. പറഞ്ഞ സമയത്തു തന്നെ ബസ് വന്നു. മക്കയില്‍ നിന്ന് 3 കിലോമീറ്റര്‍ തെക്കു ഭാഗത്താണ് സൗറ് മല. സുബ്ഹി വാങ്കു വിളിക്കുന്നതിന് മുമ്പ് തന്നെ മലയുടെ ചുവട്ടിലെത്തി. നിസ്‌കരിക്കാന്‍ സൗകര്യപ്രദമായ പള്ളിയൊന്നും കിട്ടിയില്ല. വഴിയരികില്‍ നിസ്‌കരിക്കാന്‍ വേണ്ടി പ്രത്യേകം വിരിച്ച കാര്‍പെറ്റില്‍ ഞങ്ങള്‍ നിസ്‌കരിച്ചു. ജബലുനൂറ് കയറിയ ആത്മവിശ്വാസത്തിലാണ് ഉമ്മ. എങ്കിലും എനിക്ക് ചില ആശങ്കകളുണ്ടായിരുന്നു. ആ മലയേക്കാള്‍ ഒത്തിരി ഉയരം കയറാനുണ്ട് സൗര്‍ ഗുഹയിലെത്താന്‍. ഏതായാലും കയറിത്തുടങ്ങി. ഇവിടെ നല്ല പടവുകളോ പിടിച്ചു കയറാന്‍ കൈവരികളോ ഇല്ല. മൊബൈലിന്റെ വെളിച്ചത്തില്‍ ഉമ്മാന്റെ കയ്യും പിടിച്ച് സാവധാനമാണ് കയറുന്നത്. ഞങ്ങളുടെ സംഘത്തിലെ ഒന്നു രണ്ടു പേര്‍ കയറ്റം അവസാനിപ്പിച്ച് വഴിയില്‍ ഇരിക്കുന്നത് കണ്ടു.


ഗ്വാര്‍ സൗറ് ഹിജ്റയുടെ ത്യാഗമാണ് പറഞ്ഞുതരുന്നത്. ശത്രുക്കളുടെ കണ്ണുവെട്ടിച്ചായിരുന്നല്ലോ ആറ്റല്‍ നബി ഹിജ്റയാരംഭിച്ചത്. തന്നെ വെട്ടിക്കൊലപ്പെടുത്താന്‍ വീട് വളഞ്ഞിരിക്കുന്ന ശത്രുക്കളുടെ കണ്ണിലേക്ക് 'യാസീന്‍' മന്ത്രിച്ച മണ്ണെറിഞ്ഞ് തന്റെ വിരിപ്പില്‍ അലി(റ)യെ കിടത്തി രക്ഷപ്പെട്ടതാണ്. അലി(റ) ഉണര്‍ന്ന് പുതപ്പു മാറ്റുമ്പോള്‍ നബി രക്ഷപ്പെട്ടത് ശത്രുക്കള്‍ അറിയും. തിരച്ചില്‍ ആരംഭിക്കും. അതിന് മുമ്പ് ഒരു സുരക്ഷിത കേന്ദ്രത്തിലെത്തണം. അങ്ങനെ എത്തിയതാണ് ഈ മലമുകളില്‍. മദീനയുടെ ഭാഗത്തല്ല ഈ മല. രണ്ട്, മൂന്ന് ദിവസം അവരുടെ തിരച്ചില്‍ അവസാനിപ്പിക്കും  വരെ ഇവിടെ ഒളിച്ചിരിക്കാം. എല്ലാം ഒന്നടങ്ങിയിട്ട് മദീനയിലേക്ക് പോകാം എന്നായിരുന്നു തീരുമാനം. കൂടെ സിദ്ദീഖ്(റ) മാത്രമാണല്ലോ ഉള്ളത്. എത്ര സാഹസപ്പെട്ടായിരിക്കും ആ മധ്യവയസ്‌കര്‍ ഈ മലകയറിയിട്ടുണ്ടാവുക. 53 വയസ്സുള്ള മുത്തുനബിയെ ചുമലിലേറ്റിയാണ് 51 വയസ്സുള്ള സിദ്ദീഖ്(റ) ഈ മല താണ്ടി കയറിയത്. മല കയറുന്നതിനിടയില്‍ ഇതോര്‍ത്തപ്പോള്‍ അറിയാതെ കണ്ണുനിറഞ്ഞുപോയി. അവരൊക്കെ എത്ര കഷ്ടപ്പെട്ടാണ്...  1500 വര്‍ഷം മുമ്പ് ഇതിലേറെ കഷ്ടപ്പാടായിരിക്കും ഈ മലകയറ്റം, അതുറപ്പാണ്. പിന്നീട് ഒരുപാട് മഴയും കാറ്റും കൊണ്ട് മൃദുലമായ പാറകെട്ടുകള്‍ക്കു മുന്നിലാണ് യുവരക്തങ്ങളായ ഞങ്ങള്‍ പോലും കുഴങ്ങിയിരുന്നു പോകുന്നത്. അപ്പോള്‍ അന്ന് മുത്തുനബി.... പനിനീര്‍ പൂ പോലെ മൃദുലമായ ആ പാദങ്ങള്‍ കാരമുള്ളുപോലെ കൂര്‍ത്ത കല്ലുകള്‍ തട്ടി എത്ര നൊന്തിട്ടുണ്ടാകും. അതും ശത്രുക്കള്‍ കാണുന്നുണ്ടോ എന്ന ഭയപ്പാടുകള്‍ക്കിടയില്‍... ഹിബ്ബീ.... എന്നോട് പൊറുക്കണേ!

എത്ര കയറിയിട്ടും ഉച്ചിയിലെത്തുന്നില്ല! ഇതാ എത്തി! എന്നു കരുതി സമാധാനിച്ച് ഒന്ന് വളഞു തിരിഞ്ഞു വരുമ്പോഴേക്ക് മറ്റൊരു പുതിയ മല മുമ്പില്‍ കാണുന്ന പോലെ. ഏകദേശം എല്ലാവരും മടുത്ത മട്ടാണ്. ബിലുവിന്റെ ദയനീയ മുഖം കണ്ടപ്പോള്‍ ഏതോ പാക്കിസ്ഥാനി അവനെ തോളിലേറ്റി നടക്കാന്‍ തുടങ്ങി. കുറേ നടന്നും ഇരുന്നും വിശ്രമിച്ചും ഒരു വിധം മുകളിലെത്തി എന്നു പറഞ്ഞാല്‍ മതി. സമുദ്ര നിരപ്പില്‍ നിന്ന് 760 മീറ്റര്‍ ഉയരത്തിലാണ് ഇപ്പോള്‍ ഞങ്ങള്‍. മലയുടെ ഉച്ചിയില്‍ നിന്ന് മക്കയുടെ ഒരു ഭാഗം വ്യക്തമായി കാണുന്നുണ്ട്. മിനയിലെ തമ്പുകള്‍ നിരന്നുനില്‍ക്കുന്ന കാഴ്ച്ചയാണ് നയനാനന്ദകരം. സൗറിന്റെ അകത്തേക്ക് ഞാന്‍ എത്തിനോക്കി.  രണ്ടു ഭാഗത്തും തുറന്നിരിക്കുന്ന ഉള്ളുപൊള്ളയായ രീതിയിലാണ് ഗുഹ. ഇത് അത്ര സുരക്ഷിതമായ ഒളി സ്ഥലമാണോ എന്ന് വെറുതെ തോന്നിപ്പോയി.  സന്ദര്‍ശന സൗകര്യാര്‍ത്ഥം വല്ല  പാറകളും പില്‍ക്കാലത്ത് എടുത്തുമാറ്റിയിട്ടുണ്ടാകുമെന്ന് ഞാന്‍ സമാധാനിച്ചു.

ഗുഹ കണ്ടപ്പോള്‍ സിദ്ദീഖ്(റ) വിന് ഭയമായി ഇവിടെ വല്ല ഇഴജന്തുക്കളുമുണ്ടാകുമോ! നബിക്ക് വല്ലതും പറ്റുമോ! ആദ്യം സിദ്ദീഖ്(റ) അകത്തു കയറി വൃത്തിയാക്കി. പടിഞ്ഞാറ് ഭാഗത്തുള്ള രണ്ട് ചാണിലേറെ വിസ്താരമുള്ള ഗുഹാമുഖത്തിലൂടെയാണ് പ്രവേശിച്ചത്.  മാളങ്ങളെല്ലാം തുണി കൊണ്ട് അടച്ചു വെച്ചു. ശേഷിച്ച ഒരു മാളം തള്ളവിരല്‍ കൊണ്ട് പൊത്തിപിടിച്ച് നബിയെ മടിയില്‍ കിടത്തി. അപ്പോഴാണല്ലൊ ചരിത്രത്തില്‍ നാം വായിച്ച പാമ്പിന്റെ രംഗ പ്രവേശം. ആ പാമ്പ് വെറും പാമ്പായിരുന്നില്ല. നബി(സ) ഈ ഗുഹയില്‍ വരുമെന്നറിഞ്ഞ് പതിറ്റാണ്ടുകളായി ഇവിടെ കാത്തിരിക്കുകയായിരുന്നെത്രേ. നബിയെ പ്രണയിച്ച പാമ്പ് അപ്പോഴാണ് മാളങ്ങള്‍ അടച്ചു കാണുന്നത്. കിട്ടിയ ഒരു പൊത്തില്‍ ആഞ്ഞു കൊത്തി! അത് സിദ്ദീഖ്(റ)വിന്റെ കാല്‍ വിരലായിരുന്നു. വേദന കടിച്ചിറക്കുന്നതിനിടയില്‍ കണ്ണീരിറ്റു വീണ് നബി ഉണര്‍ന്നു. വിവരമറിഞ്ഞ് അവിടുത്തെ ഉമിനീര് കൊണ്ട് ചികിത്സ നല്‍കി. ഗുഹക്കകത്ത് ആ മാളങ്ങളും ഞാന്‍ തിരഞ്ഞു. ഒന്നും കണ്ടില്ലെന്ന് തോന്നുന്നു. ചിലപ്പോള്‍ കാലം മായ്ച്ചു കളഞ്ഞതായിരിക്കും.

ഈ ഗുഹക്കുള്ളില്‍ ജീവനും കയ്യില്‍ പിടിച്ച് ഭീതിയില്‍ നബിയും സിദ്ദീഖും(റ) ഇരിക്കവേ ഗുഹാ മുഖത്ത് ശത്രുക്കളെത്തി. അപ്പോള്‍ അല്ലാഹുവിന്റെ സഹായം ഒരു ചിലന്തിയുടെയും മാടപ്രാവിന്റെയും രൂപത്തില്‍ വന്നു. ചിലന്തി ഗുഹാ മുഖം അടച്ച് വലകെട്ടി. പ്രാവ് മുട്ടയിട്ട് അടയിരുന്നു. തിരച്ചിലിനിടയില്‍ അവരാ ഗുഹയും തിരയാനിരിക്കുകയായിരുന്നു. ഈ കാഴ്ച്ച കണ്ടപ്പോള്‍ തിരയേണ്ടെന്നു വെച്ചു. മുഹമ്മദ് ജനിക്കുന്നതിന് മുമ്പുള്ള എട്ടുകാലി വലയാണിതെന്നും പറഞ്ഞ് അവര്‍ ഗുഹ ഉപേക്ഷിച്ചു. ഒന്നു രണ്ടാളുകള്‍ ഗുഹക്കുമുകളില്‍ കയറി പരിസരം വീക്ഷിക്കുകയാണ്. സിദ്ദീഖ്(റ) ഹൃദയമിടിപ്പ് കൂടി നബിയോട് ചോദിച്ചു. 'ഗുഹക്കുമുകളില്‍ കയറിയ ഇവന്‍മാര്‍ ആരെങ്കിലും അവരുടെ കാലിലേക്കൊന്ന് നോക്കിയാല്‍ വിടവിലൂടെ നമ്മെ കാണും നബിയേ.!' നബി സമാധാനിപ്പിച്ചു. 'പേടിക്കാതെ സിദ്ദീഖ് ഇവിടെ നാം രണ്ടാള്‍ മാത്രമല്ല. അല്ലാഹു നമ്മോടൊപ്പമുണ്ട്.'

ആ എട്ടുകാലിയുടെ പിന്മുറക്കാരെങ്കിലും അവിടെ എവിടെയെങ്കിലും വല കെട്ടുന്നുണ്ടോ എന്ന് ഞാന്‍ പരതി. അല്ലെങ്കില്‍ ഏതെങ്കിലും മാടപ്രാവ് അവിടെ കുറുകി നടക്കുന്നുണ്ടോ? എനിക്കാരെയും കാണാനായില്ല. ഗുഹക്കകത്തു കയറി. കുറച്ചു വീതിയും പരപ്പുമുണ്ടെങ്കിലും കുനിഞ്ഞുനില്‍ക്കാന്‍ പോലും ഉയരമില്ല. അവിടെ ഇരുന്ന് ശുക്റിന്റെ സുജൂദ് ചെയ്തു. മുത്തുനബിയും സിദ്ദീഖ്(റ)വും മൂന്ന് ദിവസവും തിരിഞ്ഞും മറിഞ്ഞും കിടന്ന പാറയെ ഒന്നമര്‍ത്തി ചുംബിച്ചു. ഗാഢമായി മണത്തു നോക്കി എന്റെ മുത്തിന്റെ സുഗന്ധം അനുഭവപ്പെടുമോ?

അവിടെയിരുന്ന് മൗലീദും ദുആയുമെല്ലാം നടത്തി. ഇനി വേഗം ഇറങ്ങണം. ഇന്ന് വെള്ളിയാഴ്ച്ചയാണ്. ജുമുഅക്ക് നേരത്തെ പള്ളിയിലെത്തണമെന്ന് കരുതിയതായിരുന്നു. മലയിറങ്ങാനും സമയം കുറേയെടുത്തു. പല വാഹനങ്ങളില്‍ കയറി ഹോട്ടലിലെത്തിയപ്പോഴേക്ക് നേരം കുറേയായി. വേഗം കുളിച്ചൊരുങ്ങി മസ്ജിദുല്‍ ഹറാമിലേക്കു നടന്നു. മക്കയിലെ ആദ്യ ജുമുഅയാണ്. ഞാനും എളാപ്പയും നേരത്തെ പള്ളിയിലെത്തി മത്വാഫില്‍ തന്നെ സ്ഥലം കിട്ടി. ഹജറുല്‍അസ്വദ് കാണുന്ന രീതിയില്‍ ഇരുന്നു. ഖുതുബ ആരംഭിക്കുമ്പോള്‍ എല്ലാവരും ഇരിക്കുമല്ലോ! അപ്പോള്‍ ഹജറുല്‍ അസ്വദ് ശരിക്കൊന്ന് കാണുകയെങ്കിലും ചെയ്യാം എന്നായിരുന്നു കരുതിയത്. സൂര്യന്‍ കത്തി നില്‍ക്കുകയാണ്. നല്ല വെയിലത്ത് തളര്‍ന്നു പോകുന്നുണ്ട്. ഒന്നാം വാങ്ക് വളരെ നേരത്തെ കൊടുത്തിട്ടുണ്ട്.  രണ്ടാം വാങ്കു കൊടുക്കാന്‍ സമയമായിട്ടും ത്വവാഫ് നിര്‍ത്തിക്കുന്നതോ ഖുതുബക്കുള്ള സജ്ജീകരണങ്ങള്‍ കഅ്ബയുടെ സമീപം ഒരുക്കുന്നതോ കാണുന്നില്ല. അതും കാത്തിരിക്കുന്നതിനിടയില്‍ രണ്ടാം വാങ്ക് വിളിച്ചു. ഉടനെ ഖുതുബയും തുടങ്ങി. അപ്പോഴാണ് ശരിക്കും ഞെട്ടിയത്! അപ്പോള്‍ എവിടെയാണ് ഖത്വീബ്!! ചുറ്റും തിരഞ്ഞു. മത്വാഫിന്റെ പുറത്ത് പടികള്‍ കയറിപോകുന്ന പുറംപള്ളിയിലാണ് ഖത്വീബ് നില്‍ക്കുന്നത്. ഇതെന്താ പരിപാടി ഇനി അവിടെ തന്നെ നിന്ന് ഇമാം നിസ്‌കരിക്കുകയും ചെയ്യുമോ! അപ്പോള്‍ ഇമാമിന്റെ മുമ്പിലുള്ള പതിനായിരങ്ങളുടെ നിസ്‌കാരം എന്താകും! ആകെ ആശയക്കുഴപ്പമായി. ഹറമിലെ ആദ്യ ജുമുഅ ജലരേഖയാവുകയാണെന്ന് ഞാന്‍ മനസ്സിലാക്കി. സാധാരണ ഇമാമും ഖത്വീബും നില്‍ക്കാറുള്ളത് കഅ്ബയോട് ചാരിയാണ്. ടി. വി. യില്‍ ഹറമിലെ ജുമുഅ കണ്ടപ്പോഴെല്ലാം അങ്ങനെയാണ്. ഇങ്ങനെ ഇമാം പുറകില്‍ നിന്ന് നിസ്‌കരിച്ചാല്‍ അതറിയാതെ മുമ്പില്‍ നില്‍ക്കന്നവരോട് എന്തൊരു ക്രൂരതയാണിത്. ളുഹറ് നിസ്‌കരിച്ച് ആ ജുമുഅ ഖളാഅ് വീട്ടി. ഇതേ കുറിച്ച് മക്കയിലുള്ളവരോടും നാട്ടിലുള്ള ഉസ്താദുമാരോടും അന്വേഷിച്ചു. ഹറമില്‍ പലകാര്യങ്ങളും ഇങ്ങനെയൊക്കെതന്നെയാണെത്രേ. മയ്യിത് നിസ്‌കാരവും ഇങ്ങനെ ഇമാമിന്റെ മുമ്പില്‍ നിന്നാണ് ബഹു ഭൂരിപക്ഷം നിസ്‌കരിക്കുന്നത്! വല്ലാത്ത നിരാശയോടെയാണ് പള്ളിയില്‍ നിന്ന് മടങ്ങിയത്. നമ്മുടെ വീഴ്ച്ചകൊണ്ടല്ല എന്ന് തത്കാലം സമാധാനിച്ചു.  ഇന്ന് ഉറങ്ങുവോളം ഈ ചിന്ത എന്നെ വേട്ടയാടി എന്നതാണ് സത്യം.


ദ മ്യൂസിയം ഓഫ് റ്റൂ ഹോളി മോസ്‌ക്

 ജബലുന്നുറ് കയറിയ ക്ഷീണമൊന്നും ആര്‍ക്കുമില്ല. അസറു മുതല്‍ പാതിരവരെ എല്ലാവരും മസ്ജിദുല്‍ ഹറമില്‍ ആരാധനകളിലാണ്. ത്വവാഫ് അധികരിപ്പിക്കുന്നത് ശ്രേഷ്ഠമായ ഇബാദതാണ്. ഓരോ ചുറ്റലുകളിലും ഹജറുല്‍ അസ്വദിനഭിമുഖം എത്തുമ്പോള്‍ കൊതിയോടെ ഞാനതിനെ നോക്കും. മക്കയില്‍ എത്തിയിട്ട് ഇത് അഞ്ചു ദിവസമായി! ഇതുവരെ ഹജറ് മുത്താന്‍ കഴിഞ്ഞിട്ടില്ല. പലപ്പോഴും ശ്രമിച്ചതാണ്. തൊട്ടടുത്ത വരെ എത്തിയിട്ടുണ്ട്. പക്ഷേ, ആ തിരക്കുകള്‍ കാണുമ്പോള്‍ കിതാബില്‍ പഠിച്ചത് ഓര്‍മവരും! 'ഹജറുല്‍ അസ്വദ് മുത്തല്‍ അതീവ പുണ്യമുള്ളതാണ്. പക്ഷേ അതിനു വേണ്ടി മത്വാഫില്‍ തിരക്കുന്നത് അതിലേറെ കുറ്റകരവും.' ഒരു സുന്നത്ത് ചെയ്യാന്‍ വേണ്ടി കഅ്ബയുടെ മുന്നില്‍ വെച്ച് വെറുതെ എന്തിന് ഹറാം ചെയ്യണം! എന്നു കരുതി ഇതുവരെ കാര്യമായി ശ്രമിച്ചിട്ടില്ല. ഇവിടെ നിന്ന് പോകുന്നതിന് മുമ്പ് എനിക്കതിന് ഉതവിയുണ്ടാകുമോ എന്നറിയില്ല.

ഇന്ന് വ്യാഴാഴ്ച്ചയാണ്. ഹുദൈബിയ്യയില്‍ പോയി ഇഹ്റാം ചെയ്ത് ഒരു ഉംറ കൂടി നിര്‍വ്വഹിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പോകുന്ന വഴിയിലെ മ്യൂസിയം കാണാനും ഉദ്ദേശ്യമുണ്ട്. പ്രാതലിന് ശേഷമാണ് പുറപ്പെട്ടത്. ഹുദൈബിയ്യയിലെത്തി ആദ്യം ഇഹ്റാം ചെയ്തു. ശേഷം തൊട്ടപ്പുറത്തു തന്നെയുള്ള ഹുദൈബിയ്യ സന്ധി നടന്ന സ്ഥലം സന്ദര്‍ശിച്ചു. അന്നത്തെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ ഏറെക്കുറേ അങ്ങനെതന്നെ സംരക്ഷിച്ചിരിക്കുന്നു. അന്നത്തെ ഒരു കിണറും അവിടെയുണ്ട്. ഇസ്‌ലാമിക ചരിത്രത്തില്‍ നിര്‍ണായകമായ ഒരു സംഭവമായിരുന്നു ഹുദൈബിയ്യാ സന്ധി. ഹിജ്റ ആറിന് ദുല്‍ഖഅ്ദിലാണ് സംഭവം. ഖന്തക് യുദ്ധത്തിന് ശേഷം മുസ്‌ലിംകളുമായൊരു യുദ്ധത്തിന് ഖുറൈശികള്‍ ഭയന്ന് കഴിയുകയാണ്.


അങ്ങനെ ഹിജ്റ 6 ന് മദീനയില്‍ നിന്ന് മക്കയിലേക്ക് ഉംറ ഉദ്ദേശിച്ച് നബിയും സ്വഹാബികളും പുറപ്പെട്ടു. മക്കക്കാര്‍ കരുതി ഇത് യുദ്ധത്തിനാണെന്ന്. കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്താന്‍ അയച്ച ഉസ്മാന്‍(റ)വിനെ അവര്‍ വധിച്ചു എന്ന സംശയം മുസ്‌ലിം ക്യാമ്പില്‍ ഉണ്ടായി. 'ഉസ്മാനെ കൊന്നെങ്കില്‍ ആ രക്തത്തിന് പകരം ചോദിക്കുമെന്ന്' ഒരു മരത്തിന് കീഴില്‍ സംഗമിച്ച് സ്വഹാബികള്‍ പ്രതിജ്ഞ ചെയ്തു. ഈ സംഭവമാണ് 'ബൈഅതു രിള്വാന്‍' എന്നറിയപ്പെടുന്നത്. ഇതു കൂടി അറിഞ്ഞതോടെ നബിയുമായി സന്ധിയിലാവല്‍ അനിവാര്യമാണെന്ന് മനസ്സിലാക്കിയ ശത്രുക്കള്‍ കരാറുണ്ടാക്കാന്‍ സുഹൈലു ബിന്‍ അംറിനെ ഹുദൈബിയ്യയിലേക്കയച്ചു. കരാര്‍ പ്രത്യക്ഷത്തില്‍ മുസ്‌ലിംകള്‍ക്ക് എതിരായിരുന്നു പക്ഷെ തിരുനബിയുടെ തന്ത്രം പോലെ സന്ധി പിന്നീട് മക്കാവിജയത്തിന് തന്നെ കാരണമായി. ആ സന്ധി നടന്ന മണ്ണാണിത്.


മക്കയിലും മദീനയിലും തിരുനബി നടന്ന ഒരുപാട് വഴികളിലൂടെ നമ്മളും നടന്നിട്ടുണ്ടാകും. പക്ഷേ ചരിത്രത്തില്‍ രേഖയും തെളിവും സഹിതം നബിയുടെ സാന്നിധ്യം അറിയപ്പെട്ട സ്ഥലത്ത് നമ്മള്‍ വന്നു നില്‍ക്കുമ്പോള്‍ ശരിക്കും നാം കോരിത്തരിക്കുന്നുണ്ട്. ഹുദൈബിയ്യയും, ജിഅ്റാനയും, ഉഹ്ദും, ബദ്റും, ജന്നതുല്‍ ബഖീഉം, മുഅല്ലയും, സല്‍മാന്റെ തോട്ടവും, സഫയും മര്‍വയും ആ അര്‍ത്ഥത്തിലാണ് നമ്മെ ആവേശം കൊള്ളിക്കുന്നത്. പ്രപഞ്ചത്തിന്റെ കൃഷ്ണമണിയായ നമ്മുടെ മുത്തുനബി നിന്ന, കിടന്ന, നടന്ന സ്ഥലമാണിത് എന്ന ആവേശം! അപ്പോള്‍ നടന്ന സംഭാഷണങ്ങളും അനുബന്ധങ്ങളും മനഃപ്പൂര്‍വ്വം ഓര്‍മിപ്പിക്കുന്നത് നമ്മുടെ ആവേശപ്പെടലുകള്‍ക്ക് കൂടുതല്‍ തിളക്കം കിട്ടാനാണ്.  

ബസ് പിന്നീട് ചെന്നു നിന്നത് വലിയൊരു മ്യൂസിയത്തിന് മുന്നിലാണ്. ബോര്‍ഡിലേക്ക് കണ്ണോടിച്ചു. 'ദ മ്യൂസിയം ഓഫ് ടൂ ഹോളി മോസ്‌ക്'. 


പുറത്തു നല്ല മഴയുണ്ട്. ചെറിയ മഴ പെയ്യുമ്പോഴേക്ക് റോഡെല്ലാം വെള്ളം കയറുന്നു. മണലില്‍ വെള്ളം താഴ്ന്നു പോകാത്തത് കൊണ്ടായിരിക്കുമത്. മഴ നനഞ്ഞു തന്നെ ഞങ്ങള്‍ ബസില്‍ നിന്നിറങ്ങി മ്യൂസിയത്തില്‍ കയറി. വൈവിധ്യങ്ങളായ കാഴ്ച്ചവിസ്മയങ്ങള്‍ അവിടെ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.


കഅ്ബയുടെ തൂണുകള്‍, വിവിധ കാലത്തെ ഖില്ലകള്‍, താക്കോലുകള്‍, സംസം കിണറില്‍ ഉപയോഗിച്ചിരുന്ന കപ്പി, തോല്‍പാത്രങ്ങള്‍, മിമ്പറുകള്‍, കാലിഗ്രഫികള്‍, വിവിധ കാലത്തെ മുസ്ഹഫുകള്‍, കയ്യെഴുത്തു പ്രതികള്‍, കഅ്ബയുടെ വാതില്‍, ഹജറുല്‍അസ്വദിനെ പൊതിഞ്ഞിരിക്കുന്ന വെള്ളിയാവരണം, മക്ക-മദീന പള്ളികളുടെ അപൂര്‍വ്വ ഫോട്ടോകള്‍... തുടങ്ങി ധാരാളം കൗതുക കാഴ്ച്ചകള്‍ അവിടെയുണ്ട്. പ്രവേശിച്ചയുടനെ കാണുന്ന ഇരുഹറമുകളുടെയും സമ്പൂര്‍ണമായ ദ്യശ്യമാപ്പ് വളരെ ഉപകാരപ്രദമായി തോന്നി. എല്ലാ കാഴ്ച്ചകളും കണ്ടിറങ്ങിയപ്പോള്‍ സമയം കുറേയായി. വാഹനത്തില്‍ കയറി തല്‍ബിയത്ത് ചൊല്ലി ഹറമിലെത്തി ഞങ്ങള്‍ ഉംറ നിര്‍വഹിച്ചു. ഇനി രാത്രിവരെ ഓരോരുത്തര്‍ക്കും സ്വന്തം താത്പര്യം പോലെ ഹറമിനെ ഉപയോഗപ്പെടുത്താനുള്ള സമയങ്ങളാണ്.


ഒരു സമയം ഒത്തു കിട്ടിയപ്പോള്‍ ഞാന്‍ എസ്‌കലേറ്റര്‍ വഴി മസ്ജിദിന്റെ മുകള്‍ തട്ടുകളിലേക്കു കയറി നോക്കി. ഏറ്റവും മുകളില്‍ നിന്ന് താഴേക്ക് നോക്കി കഅ്ബ കാണാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അത്യാവശ്യം കറങ്ങിതിരിഞ്ഞ്, ഇനിയും വരാമല്ലോ എന്നു കരുതി അവസാനം ഹോട്ടലിലേക്കു മടങ്ങി.


ഹിജാസിൻെറ ഹൃദയ ഭൂമികളിലൂടെ എന്ന പുസ്തകത്തിൽ നിന്നും...

BY മുഹമ്മദ് നഷാദ് സിദ്ദീഖി

കോപ്പികൾക്ക്  https://wa.me/+919387295824




Post a Comment

أحدث أقدم

Hot Posts