ഉഹ്ദില്‍ നിന്ന് തിരിക്കാനൊരുങ്ങുകയാണ്. ഇപ്പോഴും എന്തൊക്കെയോ മറന്നുവെച്ച പോലെ. ഇനി എന്നാണ് ഇതെല്ലാം ഒരിക്കല്‍ കൂടി അനുഭവിക്കാനാവുക! ഉഹ്ദ് മലയെ തലോടി വരുന്ന ഇളം തെന്നലിന്റെ ചുംബനങ്ങള്‍ ഇനി എന്നാണ് ഏറ്റുവാങ്ങാനാവുക! ഹംസത്തോരുടെ ധീരരക്തസാക്ഷിത്വത്തിന് നിലമൊരുക്കിയ ഈ മണല്‍തരികള്‍ ഇനി എന്നാണ് സ്പര്‍ശിക്കാനാവുക! അനസ്ബ്നു നള്റിന്റെയും ഹന്‍ളല(റ)യുടെയും അബ്ദുല്ലാഇബ്നു ജഹ്ശിന്റെയും ചൂടുള്ള ഓര്‍മകളോട് ഇനി എന്നാണ് ചേര്‍ന്നു നില്‍ക്കാനാവുക! ആട്ടിന്‍ തോലണിഞ്ഞു ജീവിച്ച മക്കയിലെ രാജകുമാരന്‍, ഹൃദയത്തിന്റെ തുടിപ്പായ മുസ്അബ് ബിന്‍ ഉമൈറ്(റ)വിന്റെ ഉച്ചത്തിലുള്ള തക്ബീര്‍ ധ്വനികളുടെ അലയൊലികള്‍ക്ക് കാതോര്‍ക്കാന്‍ ഇനി എന്നാണ്...?
ഉഹ്ദ് ശരിക്കും ഹൃദയത്തില്‍ തൊട്ടു! സീറ്റിലിരുന്ന ശേഷം പിന്നെയും ഞാന്‍ ഉഹ്ദിനെ തിരിഞ്ഞു നോക്കി. മറ്റു മലകളെയൊന്നും സ്പര്‍ശിക്കാതെ ഗരിമയോടെയുള്ള ആ നില്‍പ് കാണാന്‍ തന്നെ എന്തു ചന്തമാണ്. തിരുനബി ഈ മലയോട് സംസാരിച്ചിട്ടുണ്ട്. ഒരിക്കല്‍ മുത്തുനബി(സ)യും സിദ്ദീഖ്(റ)വും ഉമറും(റ) ഉസ്മാന്‍(റ)വും ഉഹ്ദിന്റെ മുകളിലെത്തി. അപ്പോള്‍ ഉഹ്ദ് ഒന്നു കുലുങ്ങി. സന്തോഷം കൊണ്ട് ഒന്നു തുള്ളിയതാകാനാണ് സാധ്യത. ഉടനെ നബി(സ) ഉഹ്ദിന്റെ ശിരസ്സില്‍ ചവിട്ടികൊണ്ട് പറഞ്ഞു: ''അടങ്ങണം ഉഹ്ദ് നിന്റെ മുകളില്‍ നബിയും സിദ്ദീഖും രണ്ട് ശുഹദാക്കളുമാണ്.'' കേള്‍ക്കേണ്ട താമസം, ഉഹ്ദ് അനുസരണയുള്ള കുട്ടിയെ പോലെ അടങ്ങി.തിരിച്ചുപോകുന്ന വഴിയില്‍ ഡ്രൈവര്‍ ബിഅ്റ് ഉസ്മാന്‍ കാണിച്ചു തന്നു. ഇറങ്ങി വിശാലമായി കാണാനുള്ള സാഹചര്യമില്ല. 'ബിഅ്റ് റുമാ' എന്നാണിതിന്റെ ശരിയായ പേര്. ഹിജ്റയായി എത്തിയ മക്കക്കാര്‍ക്ക് മദീനയിലെ വെള്ളം പിടിച്ചില്ല. രുചിമാറ്റം കാരണം ഉപയോഗിക്കാനാകുന്നില്ല. റുമാ കിണറ്റിലെ വെള്ളത്തിന് കുഴപ്പമില്ല. നല്ല രുചിയാണ്. ഈ കിണറിലെ വെള്ളത്തിന് ആവശ്യക്കാര്‍ കൂടിയതറിഞ്ഞ് അതിന്റെ ഉടമ ഓരോ മുദ്ദ് വെള്ളത്തിനും വില കണക്കാക്കി വില്‍ക്കാന്‍ തുടങ്ങി. മുഹാജിറുകള്‍ക്കിത് പ്രയാസം സൃഷ്ടിച്ചു. ഇതറിഞ്ഞ ഉസ്മാന്‍(റ) തിരുനബിയുടെ താത്പര്യപ്രകാരം ആയിരക്കണക്കിന് ദിര്‍ഹം നല്‍കി ആ കിണര്‍ വാങ്ങി വിശ്വാസികള്‍ക്ക് ദാനമായി നല്‍കി. ഉസ്മാന്‍(റ) അങ്ങനെയായിരുന്നു. സമ്പത്തു മുഴുവന്‍ വാരിക്കോരി ദീനിനായി ചെലവഴിച്ചു. എത്ര സംഭവങ്ങളാണ് തതുല്യമായത് ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നത്.
ഞങ്ങളുടെ ബസ് ഹോട്ടലില്‍ തിരിച്ചെത്തി. എളാപ്പയെ വിളിച്ചിട്ട് കിട്ടാത്തതിന്റെ ആധിയുണ്ടാകും എളാമക്ക്. എത്തിയ ഉടനെ അന്വേഷിച്ചു. ആളവിടെയുണ്ട്, പള്ളിയില്‍ പോയതായിരുന്നു. പനി കുറവുണ്ട്. ലഘു ഭക്ഷണം കഴിച്ച് ഫ്രഷായി. ഇനി മസ്ജിദുന്നബവിയിലേക്കു പോകണം. മക്കയില്‍ പത്തു ദിവസം കിട്ടിയതുകൊണ്ട് മസ്ജിദുല്‍ ഹറമും പരിസരവും ഏറെക്കുറേ കാണാന്‍ സാധിച്ചിരുന്നു. ഇവിടെ എണ്ണിച്ചുട്ട മൂന്ന് ദിവസങ്ങള്‍ മാത്രമാണ്. ഒന്നിനും തികയുമെന്ന് തോന്നുന്നില്ല. കിട്ടുന്ന സമയം പരമാവധി ഉപയോഗപ്പെടുത്തണം. ഇനിയും എന്തെല്ലാം മസ്ജിദുന്നബവിയില്‍ കാണാനുണ്ട്. പള്ളി തന്നെ പൂര്‍ണമായും കണ്ടിട്ടില്ല. ഹോട്ടലില്‍ നിന്ന് ഇറങ്ങി വേഗം നടന്നു. മസ്ജിദുന്നബവിയിലെത്തി. രണ്ട് റക്അത് നിസ്‌കരിച്ചു. പള്ളിയുടെ ചില ഭാഗങ്ങളൊക്കെ കണ്ടു. ഹുജ്റക്കു തൊട്ടു മുന്നിലുള്ള മുറ്റത്തെ കോപ്ലക്സ് കണ്ടപ്പോള്‍ ചെറുതായിരുന്നു. ഇറങ്ങി ചെന്നു നോക്കുമ്പോഴാണ് സൗകര്യങ്ങള്‍ അറിയുന്നത്. ഇതിനടിയിലായി കാര്‍ പാര്‍ക്കിംഗ് സൗകര്യമുണ്ട്. ഒരേ സമയം 4500 കാറുകള്‍ പാര്‍ക്കു ചെയ്യാന്‍ സൗകര്യമുണ്ട്. വുളുഅ് എടുക്കാനും മറ്റുമുള്ള സൗകര്യങ്ങള്‍ കണ്ട് അതിശയപ്പെട്ട് ഞാന്‍ ഒന്ന് ഗൂഗിള്‍ ചെയ്തു നോക്കി. 2500 കക്കൂസുകള്‍ ഈ ബില്‍ഡിംഗില്‍ തന്നെയുണ്ട്. വീല്‍ചെയര്‍ ഫ്രണ്ട്ലീ ആയതും അല്ലാത്തതും. വുളുഅ് എടുക്കാന്‍ 6800 പൈപ്പുകള്‍. കുടിവെള്ളത്തിനായി 560 ടാപ്പുകള്‍. അസറ് വാങ്കു വിളിച്ചു. ഇനി നിസ്‌കരിച്ചിട്ട് ജന്നതുല്‍ബഖീഅ് സിയാറതാണ്. ഭൂമിയിലെ സ്വര്‍ഗം തന്നെയാണവിടം. ആരെല്ലാമാണവിടെ വിശ്രമിക്കുന്നത്.
إرسال تعليق