സാർത്ഥകമായ യൗവന കാലം

ബഹുമാന്യരായ ഉസ്താദുമാർ, ശബ്ദം ശ്രവിക്കുന്ന കൂട്ടുകാരെ..,
സാർത്ഥകമായ യൗവനകാലത്തെ കുറിച്ചുള്ള ഒരല്പം ചിന്തകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് ഞാൻ നിയോഗിക്കപ്പെട്ടിട്ടുള്ളത്.
പ്രിയപ്പെട്ടവരെ,എക്കാലത്തും യൗവന കാലഘട്ടത്തെ ഒരു പ്രശ്നമായാണ് പൊതുസമൂഹം വിലയിരുത്താറുള്ളത്. സംഘർഷങ്ങൾക്ക് വഴിമരുന്നിടുന്നതും
മദ്യപിച്ച് നിലമറക്കുന്നതും വിനോദങ്ങളിലഭിരമിക്കുന്നതുമുൾപ്പെടെ യൗവനത്തിന്റെ പല പ്രവണതകളും സമൂഹത്തെ അസ്വസ്ഥമാക്കുന്നു. അവരുടെ കുടുംബവും അവർ പ്രതിനിധാനം ചെയ്യുന്ന സമൂഹവും അതിന്റെ പേരിൽ തീ തിന്നുന്നു. എന്നാൽ യൗവനം ഒരു സാധ്യതയാണെന്നും അവരുടെ ഊർജത്തെ ശരിയായ ദിശയിലേക്ക് വഴിതിരിച്ചുവിടാൻ സമൂഹത്തിനും ഭരണകൂടങ്ങൾക്കും കഴിയാതെ പോകുകയാണെന്നുമുള്ള ഒരു ബോധ്യമാണ് മേൽപറഞ്ഞ അസ്വസ്ഥതകളേക്കാളുപരി നമുക്കുണ്ടാകേണ്ടത്.
ലോകത്ത് ഏറ്റവും കൂടുതൽ യുവാക്കളുള്ള രാജ്യമാണിന്ത്യ. ആരോഗ്യമുള്ള മാനുഷിക വിഭവത്തേക്കാൾ വലിയ സമ്പാദ്യമില്ല. ആ അർഥത്തിലാലോചിക്കുമ്പോൾ ഭാവിയെ കുറിച്ച് വലിയ സ്വപ്നങ്ങൾ കാണാൻ നമുക്കവകാശമുണ്ട്. എന്നാൽ അതിനുപയുക്തമാകുന്ന അജൻഡകൾ യുവതക്ക് നിർണയിച്ചു നൽകാൻ നമുക്ക് സാധിക്കുന്നില്ല എന്നതാണ് ശരി. കക്ഷിരാഷ്ട്രീയത്തിന്റെ സംഘർഷങ്ങൾക്കപ്പുറത്തേക്ക് വിശാലതയുള്ള രാഷ്ട്രീയമോ രാഷ്ട്രബോധമോ നമ്മുടെ യുവതക്കില്ല.വിവാദങ്ങളുടെ പേരിലല്ലാതെ നമ്മുടെ സർവകലാശാലകൾ ചർച്ചയിലിടം പിടിക്കാറില്ല. ഒരു കായിക മത്സരത്തിന്റെ ഗ്യാലറിയിലിരിക്കുമ്പോഴും പുതുതായി റിലീസ് ചെയ്യുന്ന സിനിമയുടെ ആരവങ്ങൾക്കിടയിലും പ്രകടിപ്പിക്കുന്ന ആവേശത്തേക്കാൾ അവർ ഉത്തേജിതരാകുന്ന മറ്റൊരു നിമിഷവും നമുക്ക് കാണാനാകുന്നില്ല. യൗവനത്തിന് അജൻഡ നൽകാനാകാത്ത സാമൂഹിക,ഭരണ സംവിധാനങ്ങളാണ് ഈ പരിതസ്ഥിതിയുടെ യഥാർഥ ഉത്തരവാദികൾ.
യുവത്വം ഒരു ബഹുമതിയായാണ് ഇസ്ലാം കാണുന്നത്. യൗവനത്തിന്റെ മഹത്വം വിളംബരപ്പെടുത്തുന്ന ഖുർആൻ ശകലങ്ങളും നബി വചനങ്ങളും നിരവധിയാണ്. അനീതിയെ ചെറുത്തുനിന്ന അസ്ഹാബുൽ കഹ്ഫിന്റെ കഥപറയുമ്പോൾ “അവർ തങ്ങളുടെ രക്ഷിതാവിൽ വിശ്വസിച്ച യുവാക്കളായിരുന്നു” എന്നു പറഞ്ഞാണ്
ഖുർആൻ തുടങ്ങുന്നത് തന്നെ. വാർധക്യത്തിലുള്ള ആരാധനയേക്കാൾ യുവത്വത്തിലുള്ള ആരാധനക്ക് കൂടുതൽ പ്രതിഫലമുണ്ടാകും എന്ന് ഖുർആൻ സൂക്തങ്ങളെ വ്യാഖ്യാനിച്ച് തഫ്സീറുൽ കബീർ എഴുതിവെക്കുന്നുണ്ട്.
യുവത്വത്തെ പ്രകീർത്തിക്കുന്നതിനൊപ്പം അവരുടെ ദൗത്യത്തിലേക്ക് കൃത്യമായി ദിശനിർണയിക്കുന്നുമുണ്ട് ഇസ്ലാം. 
യുവാവായിരിക്കുമ്പോഴല്ലാതെ അല്ലാഹു ഒരാളെയും പ്രവാചകനായി നിയോഗിച്ചിട്ടില്ല എന്നും ഒരു പണ്ഡിതനെയും അദ്ദേഹം
യുവാവായിരിക്കുമ്പോഴല്ലാതെ അറിവ് തേടിവന്നിട്ടില്ല എന്നും ഇബ്നു അബ്ബാസ്(റ) പറയുന്നുണ്ട്. യൗവനത്തിന്റെ ദൗത്യത്തെ അടയാളപ്പെടുത്തുന്ന വാക്കുകളാണിത്.
അറിവന്വേഷണങ്ങളുടെ കാലമാണ് യുവത്വം എന്ന ബോധ്യമാണ് അത് നൽകുന്നത്. അപ്രകാരം തന്നെ എല്ലാ തിൻമകളെയും വകഞ്ഞുമാറ്റി സർവതല സ്പർശിയായ മാറ്റങ്ങൾ സാധ്യമാക്കിയ പ്രവാചകൻമാർ യുവത്വത്തിന്റെ പ്രതിനിധികളാണെന്ന പ്രഖ്യാപനം ഓരോ യുവാവിന്റെയും മനസിൽ തുറന്നിടുന്ന പ്രവർത്തന വഴികൾ അനേകം തലങ്ങളിലേക്ക് പരന്നുകിടക്കുന്നുണ്ട്. അല്ലാഹുവിന്റെ ആരാധനയിലായി ജീവിക്കുന്ന യുവാവിന്, ഉഗ്രപ്രതാപിയായ സൂര്യൻ തലയോട് ചേർന്നുനിന്ന്കത്തിയാളുന്ന മഹ്ശറയിൽ അർശിന്റെ തണലുണ്ടാകുമെന്ന നബി(സ്വ)യുടെ വാഗ്ദാനം ഓരോ യുവാവിനെയും തന്റെ പ്രവർത്തന വഴിയിലേക്കാണ് പ്രചോദിപ്പിക്കുന്നത്. നാഥന്റെ മുന്നിൽ സുജൂദ് ചെയ്യുകയും അറിവിന്റെയും സേവനത്തിന്റെയും വഴിയിൽ സമർപ്പിതരാകുകയുമാണ് താൻ ചെയ്യേണ്ടത് എന്ന് എല്ലാ യുവാക്കൾക്കും തിരിച്ചറിവ് നൽകാൻ ഈ തിരുവചനത്തിന് കരുത്തുണ്ട്.
അനസ്(റ) നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസുണ്ട്. നബി(സ്വ) പറയുകയാണ്: ഒരു യുവാവും ഒരു വൃദ്ധനെയും അയാളുടെ പ്രായത്തെ പരിഗണിച്ച് ബഹുമാനിക്കില്ല. അക്കാരണത്താൽ തന്റെ വാർധക്യത്തിൽ ബഹുമാനിക്കുന്നവരെ അല്ലാഹു നിർണയിച്ചിട്ടല്ലാതെ.യൗവനം വാർധക്യത്തിലേക്കുള്ള കരുതിവെപ്പാണ് എന്ന സത്യം യുവതയെ ബോധ്യപ്പെടുത്തുന്നുണ്ട് ഈ ഹദീസ്. അതോടൊപ്പം യൗവനവും ആരോഗ്യവും അഹങ്കരിക്കാനുള്ളതല്ലെന്നും മറ്റുള്ളവരുടെ വേദന പകുത്തെടുക്കാനുള്ളതാണെന്നും ഓർമിപ്പിക്കുന്നു. അസാധ്യമാണെന്ന് തോന്നുന്നത് പോലും യാഥാർഥ്യമാക്കാൻ യുവത്വത്തിന്റെ ഊർജസ്വലതക്ക് കഴിയും എന്നും ഇസ്ലാം ചരിത്രത്തിൽ പലകുറി വിളംബരപ്പെടുത്തുന്നുണ്ട്. വിശുദ്ധ ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിക്കാൻ തീരുമാനിച്ച് ഒന്നാം ഖലീഫ അബൂബക്കർ(റ) ആ ദൗത്യം സൈദ്ബ്ന് സാബിത്(റ)വിനെ ഏൽപ്പിച്ചപ്പോൾ സംശയിച്ച് നിന്ന അദ്ദേഹത്തിന് ഖലീഫ ആത്മവിശ്വാസം നൽകിയത് “നിങ്ങൾ ബുദ്ധിമാനായ യുവാവാണ്” എന്ന് പറഞ്ഞായിരുന്നു.
മദീനയിലേക്ക് ഹിജ്‌റ പോകാന്‍ നബി തിരുമേനി തീരുമാനിച്ചതറിഞ്ഞ് ഖുറൈശികള്‍ അവിടുത്തെ വധിക്കാന്‍ ഉദ്യമിച്ച രാത്രിയില്‍ ദൈവദൂതന്‍ ആവിഷ്‌കരിച്ച തന്ത്രം നമുക്കറിയാം. തന്റെ വിരിപ്പില്‍ കിടന്നുറങ്ങാന്‍ അലി (റ)യോട് തിരുമേനി ആവശ്യപ്പെട്ടു. മരണമുഖത്താണ് താന്‍ കിടക്കേണ്ടത് എന്നറിഞ്ഞു കൊണ്ടുതന്നെയാണ് യുവാവായ അലി(റ) അന്നാ സാഹസത്തിന് മുതിര്‍ന്നത്. അല്ലാഹുവിന്റെയും ദൈവദൂതന്റയും മാര്‍ഗത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ സന്നദ്ധനായി ആത്മനിര്‍വൃതിയനുഭവിച്ച് അദ്ദേഹം വിരിപ്പില്‍ കിടക്കുകയായിരുന്നു. ശത്രു ഗൂഡാലോചനയില്‍ നിന്ന് അങ്ങനെ നബി തിരുമേനി രക്ഷപ്പെടുകയും ഇസ്‌ലാമിക പ്രബോധനം വ്യാപകമാവുകയും ചെയ്തു. 
ഉമറുബ്‌നുല്‍ ഖത്താബിന്റ സഹോദരി ഫാത്തിമ ഇരുപത് വയസ്സ് തികയും മുമ്പ് ഇസ്‌ലാം സ്വീകരിച്ച യുവതിയായിരുന്നു. സഹോദരന്റെ കാര്‍ക്കശ്യ സ്വഭാവം ഭയന്ന് അവരാ യാഥാര്‍ത്ഥ്യം മറച്ചുവെച്ചു. ഉമര്‍ പക്ഷേ , അതറിയാനിടയായി. പ്രകോപിതനായി ഉമര്‍ ഫാത്തിമയുടെ വീട്ടിലേക്ക് ചെന്നു. ‘ നീ പിഴച്ചു പോയി അല്ലേ’ ഉമര്‍ അലറി.അവളെ അടിച്ചു വീഴ്ത്തി.ഭര്‍ത്താവിനെ ചവിട്ടി താഴെയിട്ടു.എന്നിട്ട് അദ്ദേഹത്തിന്റെ നെഞ്ചില്‍ കയറിയിരുന്നു . തടയാന്‍ ചെന്ന ഫാത്തിമയുടെ മുഖത്തടിച്ചു. ചോരയൊലിക്കുന്നതു കണ്ട് അവള്‍ വിതുമ്പി.‘എടാ ദൈവ വിരോധീ, അല്ലാഹുവിന്റെ ഏകത്വം അംഗീകരിച്ചതിനാണോ നീ എന്നെ അടിച്ചത്. ഖത്താബിന്റെ മകനേ, നിന്റെ ഇഷ്ടാനിഷ്ടം നോക്കിയല്ല ഞങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചത്. നീ ചെയ്യാനുദ്ദേശിക്കുന്നത് ചെയ്‌തോളൂ’
ഉമര്‍ അതു കേട്ട് ചിന്താനിമഗ്‌നനായി. ചെയ്തു പോയ അപരാധത്തെയോര്‍ത്ത് ഖേദിച്ചു. ആ ഖേദവും തുടര്‍ചിന്തയും ഉമറിനെ ഇസ്‌ലാമിന്റെ പറുദീസയിലേക്കാണ് പിന്നെ ആനയിച്ചത്. അദ്ദേഹത്തിന്റെ ഇസ്‌ലാമാശ്‌ളേഷം സത്യപ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്നു.ചരിത്രത്തിലെ ശ്രദ്ധേയമായൊരു കുതിപ്പായിരുന്നു അത്.യുവത്വത്തെ ഏറ്റവും നല്ല നിലയില്‍ വാര്‍ത്തെടുക്കാന്‍ ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്ക് കഴിയും എന്നതിന്റെ രണ്ടു ഉത്തമ ഉദാഹരണങ്ങളാണ് ഉമറു ബ്‌നുല്‍ ഖത്താബിന്റയും ഫാത്തിമ ബിന്‍തുല്‍ ഖത്താബിന്റയും ഇസ്‌ലാമാശ്‌ളേഷം. 
യൗവനം ഒരു ബഹുമതിയും ഒരവസരവുമാണ്.അതുപയോഗപ്പെടുത്താൻ ഓരോ യുവാവും ശ്രദ്ധാലുവാകണം. അതോടൊപ്പം യുവത്വത്തിന്റെ കരുത്ത് നൻമയുടെ വഴിയിൽ വിനിയോഗിക്കാനുള്ള ആലോചനയും കർമ മണ്ഡലങ്ങളുടെ സൃഷ്ടിപ്പും ഭരണകൂടവും പൊതുസമൂഹവും ബാധ്യതയായി ഏറ്റെടുക്കണം.സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയനാവുന്നവനല്ല ഈ മുസ്‌ലിം യുവാവ്. ഇച്ഛാശക്തിയോടെ ലോകത്തെ നേരിടാനാണ് അവൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സത്യസന്ദേശത്തിന്റെ വക്താവും ദൃഢജ്ഞാനത്തിന്റെ വാഹകനും ആയിരിക്കുമവന്‍. അനുകരണവും അനുയായിത്തവുമല്ല, നേതൃത്വവും സാരഥ്യവുമാണ് അവന്റെ ഇടം.
ഒരിക്കല്‍ യുവാക്കളെ അഭിസംബോധന ചെയ്തു കൊണ്ട് അഹ്മദ് ശൗഖി പാടി:
‘യുവത്വമേ, ജീവിതത്തില്‍ ഉറച്ചു നിന്നു പോരാടുക.
തീര്‍ച്ചയായും, ജീവിതമെന്നാല്‍ വിശ്വാസവുംപോരാട്ടവുമാണ്’
ഇത്രയും പറഞ്ഞു കൊണ്ട് ഞാനെൻ്റെ പ്രസംഗം അവസാനിപ്പിക്കുന്നു.

Post a Comment

أحدث أقدم

Hot Posts