അയൽവാസികളോടുള്ള ഇസ്ലാമിലെ നിലപാടുകൾ


അസ്സലാമു അലൈക്കും...

ബഹുമാനപ്പെട്ട അധ്യക്ഷൻ, എൻറെ ശബ്ദം ശ്രവിക്കുന്ന കൂട്ടുകാരെ..,

അയൽവാസികളോടുള്ള ഇസ്ലാമിലെ നിലപാടുകളെ കുറിച്ച് അല്പം ചില കാര്യങ്ങള് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് ഞാൻ അവസാനിപ്പിക്കാം...,

 

പ്രിയപ്പെട്ടവരെ,ഇസ്ലാം മതം കൃത്യവും വ്യക്തവുമായ നിയമസംഹിതകളുടെ കലവറയാണ്. അതില്‍ ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളോ പ്രതിവിധികളില്ലാത്ത പ്രശ്നങ്ങളോ ഇല്ല. വ്യക്തിജീവിതത്തെയും കുടുംബ ജീവിതത്തെയും സാമൂഹിക ജീവിതത്തെയും പോലെ തന്നെ അയല്‍പക്ക ബന്ധത്തെ കുറിച്ചും ഇസ്ലാം വ്യക്തമായ അധ്യാപനങ്ങളാണ് ലോക സമക്ഷം സമര്‍പ്പിച്ചിട്ടുള്ളത്. വിശുദ്ധ ഖുര്‍ആനിലൂടെയും തിരുനബിയുടെ പുണ്യ വചനങ്ങളിലൂടെയും അയല്‍പക്ക ബന്ധത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചും, അയല്‍വാസിയോട് പാലിക്കേണ്ട മര്യാദകളെ കുറിച്ചും, അവര്‍ക്ക് ചെയ്ത് കൊടുക്കേണ്ട ബാധ്യതകളെ കുറിച്ചും അല്ലാഹുവും റസൂലും നമ്മെ പഠിപ്പിച്ചിട്ടുണ്ട.

 ആധുനികതയുടെ അതിപ്രസരിപ്പില്‍ ദീനി ബോധം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ആധുനികന്ന് അയല്‍വാസി എന്നത് വെറുമൊരു അലങ്കാര പദം മാത്രമായിരിക്കുകയാണ്. അയലത്ത് വസിക്കുന്നത് കൊ്ണ്ട മാത്രം അയല്‍വാസിയായില്ല; മറിച്ച് പരസ്പരം ചെയ്തു വീട്ടേണ്ടതായിട്ടുള്ള കടമകളും കടപ്പാടുകളും ചെയ്യുമ്പോള്‍ മാത്രമേ ഒരാള്‍ യഥാര്‍ത്ഥ അയല്‍വാസിയാവുന്നുള്ളൂ… നിന്‍റെ അയല്‍വാസി അമുസ്ലിമാണെങ്കില്‍ പോലും നീ അവനെ ബഹുമാനിക്കുക എന്ന തിരുനബിയുടെ പ്രഖ്യാപനം ഇസ്ലാമിലെ അയല്‍പക്ക ബന്ധത്തിന്‍റെ പ്രാധാന്യത്തെ വ്യക്തമാക്കിത്തരുന്നതാണ്. അവരാണ് നിന്‍റെ സ്വര്‍ഗ്ഗവും നരകവും. അയല്‍വാസിയെ വേണ്ട നിലയില്‍ മാനിക്കുകയും ബാധ്യതകള്‍ നിറവേറ്റുകയും ചെയ്താല്‍ അള്ളാഹുവിന്‍റെ സുഖലോക സ്വര്‍ഗ്ഗവും, ഇനി അവരെ ബുദ്ധിമുട്ടിക്കുകയും അനീതി കാട്ടുകയും ചെയ്താല്‍ അള്ളാഹുവിന്‍റെ പരീക്ഷണാഗ്നിയായ നരകവും ലഭിക്കുമെന്നതില്‍ സംശയമില്ല. കാരണം, ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ വെച്ച് ഒരു സ്ത്രീയെ പറ്റി ചോദിക്കപ്പെട്ടു. രാത്രി നിന്ന് നിസ്കരിക്കും, പകല്‍ നോമ്പനുഷ്ഠിക്കും, സ്വദഖ ചെയ്യും, മറ്റു നന്മകള്‍ വര്‍ദ്ധിപ്പിക്കും എന്നതോടൊപ്പം തന്‍റെ അയല്‍വാസിയെ ബുദ്ധിമുട്ടിക്കുകയും ചെയ്യും എന്നതായിരുന്നു ആ സ്ത്രീയുടെ പ്രത്യേകത. അപ്പോള്‍ നബി(സ) തങ്ങള്‍ പറഞ്ഞത് അവളില്‍ യാതൊരു നന്മയുമില്ല, അവള്‍ നരകാവകാശിയാണ് എന്നായിരുന്നു.

നമ്മുടെ മുന്‍ഗാമികളൊക്കെ ഇക്കാര്യത്തില്‍ അതീവ ശ്രദ്ധാലുക്കളായിരുന്നു. മഹാനായ ഇമാം ഗസ്സാലി(റ)വിന്‍റെ വീട്ടില്‍ ഒരിക്കല്‍ എലി ശല്യം രൂക്ഷമായി. അങ്ങനെ സഹിക്കവയ്യാത്ത അവസ്ഥയായപ്പോള്‍ ജനങ്ങളൊക്കെ അദ്ദേഹത്തോട് ഒരു പൂച്ചയെ വളര്‍ത്തിക്കൂടേ എന്ന് ചോദിച്ചു. പക്ഷെ തനിക്കുണ്ടവുന്ന ഉപകാരത്തെപ്പറ്റി മാത്രം ചിന്തിക്കാതിരുന്ന അദ്ദേഹത്തിന്‍റെ മറുപടി ഏറെ വിചിന്തനീയമാണ്. ഞാന്‍ പൂച്ചയെ വളര്‍ത്തിയാല്‍ എന്‍റെ വീട്ടിലെ എലികളൊക്കെ പൂച്ചയെ ഭയന്ന് അപ്പുറത്തെ വീട്ടിലേക്ക് പോവും, അപ്പോള്‍ അതവര്‍ക്ക് ബുദ്ധിമുട്ടാവും എന്നായിരുന്നു മഹാനവര്‍കളുടെ മറുപടി. നബി(സ) പറയുന്നു: നീ നിന്‍റെ അയല്‍വാസിയുടെ വീട്ടിലെ പട്ടിയെ കല്ലെടുത്തെറിയുന്നത് അവനെ ബുദ്ധിമുട്ടിക്കുന്നതിന് സമാനമാണ്. അയല്‍വാസിയെ ചെറുതായിപ്പോലും നോവിക്കരുത് എന്നണ് നബി(സ) ഇതിലൂടെ ഉദ്ഘോഷിക്കുന്നത്. അയല്‍വാസികള്‍ തമ്മിലുള്ള പോരുകളും കുഴപ്പങ്ങളും നിത്യസംഭവങ്ങളായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലാണ് ഈ പ്രവാചകാധ്യാപനങ്ങള്‍ക്ക് ഏറെ സ്വീകാര്യത കല്‍പ്പിക്കപ്പെടുന്നത്. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന തിരുനബിയുടെ പ്രഖ്യാപനം യുഗങ്ങള്‍ക്കിപ്പുറവും പൂര്‍ണ്ണ ശോഭയോടെ നിലനില്‍ക്കുന്നുണ്ട. കാരണം, അയല്‍വാസിയോടുള്ള കടമകള്‍ വ്യക്തമാക്കുന്ന വിഷയത്തില്‍ ഇത്രയും നല്ലൊരു പ്രഖ്യാപനം നടത്താന്‍ റസൂല്‍(സ) ക്കല്ലാതെ വേറൊരാള്‍ക്കും സാധിച്ചിട്ടില്ല എന്നത് തന്നെ. അല്ലാഹു തആലാ നിരന്തരം നബി(സ)യെ അല്‍പക്ക ബന്ധത്തെ പറ്റി ഉപദേശിക്കുമായിരുന്നു.എത്രത്തോളമെന്നാല്‍ ഒരിക്കല്‍ നബി(സ) പറയുകയുണ്ടയി: അനന്തര സ്വത്തിന് അവകാശിയായിപ്പോവുമോ എന്ന് തോന്നിപ്പോവും വരെ ജിബ്രീല്‍ എന്നെ അയല്‍വാസിയുടെ വിഷയത്തില്‍ ഉപദേശിച്ചു കൊണ്ടയേിരുന്നു. അയല്‍വാസികള്‍ പരസ്പരം തങ്ങളുടെ ബാധ്യതകളും ഉത്തരവാദിത്വങ്ങളും മറന്ന് ശത്രുക്കളും പ്രതിയോഗികളും എതിരാളികളുമായിത്തീരുന്ന നവലോകത്തിന്‍റെ കാഴ്ച്ച ഏറെ ദയനീയമാണ്. ഈ സാഹചര്യത്തില്‍ അയല്‍വാസികള്‍ പരസ്പരം ചെയ്ത് വീട്ടേണ്ടതായ ബാധ്യതകളെപ്പറ്റി ബോധവാന്മാരാവുക എന്നത് വളരെ അനിവാര്യമാണ്. അയലത്തുള്ള വാസം മാത്രം പോരാ… വിവര സാങ്കേതിക വിദ്യകള്‍ വിപ്ലവം സൃഷ്ടിച്ചു കൊണ്ടരിക്കുന്ന കാലിക സാഹചര്യത്തില്‍ അയല്‍വാസികള്‍ തമ്മിലുള്ള ബന്ധം വെറും അയലത്ത് വസിക്കുന്നു എന്നതില്‍ മാത്രം ഒതുങ്ങിപ്പോയോ എന്ന് നാം സംശയിക്കേണ്ടയിരിക്കുന്നു. കാരണം, കൊണ്ടും കൊടുത്തും മിണ്ടിയും പറഞ്ഞും കൊണ്ട് അയല്‍പക്ക ബന്ധങ്ങളെ വിള്ളലുകളോ പോറലുകളോ ഏല്‍ക്കാതെ രമ്യമായ രീതിയില്‍ കൊണ്ട് നടന്നിരുന്ന വീട്ടുകാരുള്ള സമൂഹം ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്നു എന്നത് തന്നെ. വിട്ടുവീഴ്ച്ചയും പൊരുത്തപ്പെടുകളുമില്ലാത്ത കഠിന ഹൃദയവുമായി വീടുകളിലെന്ന പോലെ മനസ്സുകള്‍ക്കിടയിലും കോണ്‍ക്രീറ്റ് ഭിത്തികള്‍ പടുത്തുയര്‍ത്താന്‍ ആധുനികന്‍ മത്സരിക്കുമ്പോള്‍ അയല്‍പക്ക ബന്ധത്തിന്‍റെ മഹിതമായ പാഠങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിന്ന് പാടേ അന്യമായി എന്നൊരു വസ്തുതയാണ് വ്യക്തമാവുന്നത്. വിദ്വേഷത്തിന്‍റെ മതില്‍ക്കെട്ടുകള്‍ക്കിടയില്‍ വസിക്കേവരല്ല നാം എന്നും പരസ്പരം ബാധ്യതകള്‍ ചെയ്ത് തീര്‍ക്കാന്‍ ഒരുപാടുണ്ടെന്നുമുള്ള ഉത്തമ ബോധമുള്ള തലമുറയാണ് ഇവിടെ വളര്‍ന്നു വരേണ്ടത്.

മനസ്സില്‍ പ്രതിസന്ധികളുടെയും പ്രാരാബ്ധങ്ങളുടെയും ഭാണ്ഡങ്ങള്‍ പേറി നടക്കുകയാണെങ്കിലും പരസ്പരം കാണുമ്പോള്‍ പുഞ്ചിരി തൂകുന്ന വദനവുമായി അഭിമുഖീകരിക്കുക എന്നതായിരുന്നു നമ്മുടെ മുന്‍ഗാമികളുടെ ജീവിതത്തിന്‍റെ മുഖമുദ്ര. അതിന്‍റെ ചൈതന്യവും പരിശുദ്ധിയും അവരുടെ ജീവിതത്തിലുടനീളം ദര്‍ശിക്കാനും സാധ്യമായിരുന്നു. പക്ഷെ, ആ ഒരു സവിശേഷ ഗുണമാണ് നമ്മുടെ സമൂഹത്തില്‍ തീരെ ഇല്ലാതെ പോയതും. പ്രത്യേകിച്ച് ഇന്ന് നമ്മുടെ അയല്‍വാസി സമൂഹങ്ങള്‍ക്കിടയില്‍ തന്നെ ഒന്ന് കാണുമ്പോള്‍ പുഞ്ചിരിക്കാന്‍ മടിയും വീര്യവും കാണിക്കുന്ന അവസ്ഥ അത്യധികം ഖേദകരമാണ്. അയല്‍വാസിയുടെ വീട്ടിലെ മിണ്ടാപ്രാണികള്‍ ചെയ്ത് കൂട്ടുന്ന ചെയ്തികള്‍ കാരണം ദേഷ്യവും പകയും വെച്ചുപുലര്‍ത്തുന്നവരും ഇന്ന് കുറവല്ല. അപ്പോഴാണ് വിട്ടുവീഴ്ച്ചയുടെയും മാപ്പിന്‍റെയും പ്രവാചകാധ്യാപനങ്ങള്‍ക്ക് പ്രാധാന്യമേറുന്നത്.

ഇത് സംബന്ധമായി ആയിശ(റ) ഉദ്ധരിക്കുന്ന ഒരു ചരിത്രം ഏറെ പ്രസ്ക്തമാണ്. ഒരിക്കല്‍ ആയിശ(റ) നബി(സ)ക്ക് വേണ്ടി പാകം ചെയ്ത റൊട്ടി അയല്‍വീട്ടിലെ ഒരു ആട് കടിച്ചു കൊണ്ടു പോയി. അത് ആ ആടില്‍നിന്ന് പിടിച്ചെടുക്കാന്‍ വേണ്ടി ആയിശ(റ) അതിനെ പിന്തുടര്‍ന്നപ്പോള്‍ നബി(സ) പറഞ്ഞു: ആയിശാ…. അവശേഷിക്കുന്ന റൊട്ടി മതി, അതിന്‍റെ പേരില്‍ ആ അയല്‍വാസിയെ ബുദ്ധിമുട്ടിക്കരുത്. ഏറെ വിചിന്തനീയമായ റസൂല്‍(സ)യുടെ ഈ മറുപടിയാണ് നാം നമ്മുടെ ജീവിതത്തില്‍ മുറുകെ പിടിക്കേണ്ടത്. അയല്‍പക്ക ബന്ധത്തിന്‍റെ മഹിതമായ പാഠങ്ങള്‍ പിഞ്ചു കുട്ടികളിലേക്കും നാം പകര്‍ന്ന് നല്‍കേതുണ്ട്. അയല്‍വീടുകളിലെ കുട്ടികള്‍ കളിക്കുമ്പോഴും മറ്റു കാര്യങ്ങള്‍ക്കും വേണ്ടി ഒത്തൊരുമിക്കുമ്പോഴും അവിടെ അയല്‍പക്ക ബന്ധങ്ങള്‍ കൂടുതല്‍ ഊട്ടിയുറപ്പിക്കപ്പെടുന്നു എന്നതാണ് വസ്തുത. അയല്‍വാസികള്‍ തമ്മിലുണ്ടവുന്ന ചെറിയ ചെറിയ പ്രശ്നങ്ങള്‍ വിട്ടുവീഴ്ച്ച ചെയ്യാതെ പൊടിപ്പും തൊങ്ങലും വെച്ച് പെരുപ്പിച്ച് കൊണ്ട് അയല്‍പക്ക ബന്ധങ്ങള്‍ക്ക് വിഘ്നങ്ങള്‍ സൃഷ്ടിക്കുന്നവരും ഇന്ന് കുറവല്ല.അയല്‍വാസിയെ ബുദ്ധിമുട്ടിച്ച് നടക്കുന്നവര്‍ക്ക് ദുനിയാവിലെ കഠിനമായ പരീക്ഷണങ്ങളേക്കാളുപരി ആഖിറത്തിലും ഒരു പാട് തീരാനഷ്ടങ്ങളാണ് അവരെ കാത്തിരിക്കുന്നത്. പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന ബറാഅത്ത് രാവില്‍ പോലും കോടാനുകോടി മുസ്ലിമീങ്ങള്‍ റബ്ബ് തആലാ പൊറുത്തു കൊടുക്കുമ്പോള്‍, അതിനും ഭാഗ്യമില്ലാത്ത രണ്ട് വിഭാഗം ജനങ്ങളെ നബി(സ) പരിചയപ്പെടുത്തുന്നുണ്ട്. അതിലൊന്ന്, പരസ്പരം പകയും വിദ്വേഷവുമായി നടക്കുന്ന അയല്‍വാസികളാണ്.

 ഒരിക്കല്‍ സമുറത്ത്ബ്നു ജുന്‍ദുബ് എന്നവരുടെ വീട്ടിലെ ഈന്തപ്പന മരത്തിന്‍റെ മട്ടല്‍ അയല്‍വാസിയായ അന്‍സ്വാരി സ്വഹാബിയുടെ വീട്ടിന് മുറ്റത്തേക്ക് ചാഞ്ഞു പോയി. വഴി നടത്തത്തിനും മറ്റും തടസ്സമായി വന്നപ്പോള്‍ ആ അന്‍സ്വാരി സ്വഹാബി അദ്ദേഹത്തോട് അതിനെ മുറിച്ച് കളയാന്‍ ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ചപ്പോള്‍ അതിനെ തനിക്ക് വില്‍ക്കാന്‍ ആവശ്യപ്പെട്ടു. അതിനും വൈമനസ്യം കാണിച്ചപ്പോള്‍ പരാതിയുമായി നബി(സ)യുടെ സമീപത്തേക്ക് ചെന്നു. നബി(സ) യും അതേ പ്രകാരം അതിനെ മുറിച്ചു മാറ്റാനും അതിന് വിസമ്മതിച്ചപ്പോള്‍ അന്‍സ്വാരി സ്വഹാബിക്ക് വില്‍ക്കാനും ആവശ്യപ്പെട്ടു.  അതിനും അദ്ദേഹം തയ്യാറല്ല എന്ന് കണ്ടപ്പോള്‍ നബി(സ) ആ അന്‍സ്വാരി സ്വഹാബിയോട് പറഞ്ഞു: നിങ്ങള്‍ പോയി അത് വെട്ടി മാറ്റിക്കൊള്ളുക…കാരണം നിങ്ങള്‍ അക്രമിക്കപ്പെട്ടവനാണ്. ബുദ്ധിമുട്ടിക്കപ്പെടുന്ന അയല്‍വാസികളുടെ അവകാശങ്ങള്‍ വ്യക്തമാക്കുന്ന ഈ ചരിത്ര സംഭവം ഇന്ന് ഏറെ പ്രസക്തമാണ്. അത് കൊണ്ട് തന്നെ മുന്‍ഗാമികള്‍ നമുക്ക് കാട്ടിത്തന്ന രീതിയിലുള്ള മാതൃകാ പരമായ അയല്‍വാസി സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നാം പ്രതിബദ്ധരാവേണ്ടിയിരിക്കുന്നു എന്ന് മാത്രം ഓർമ്മപ്പെടുത്തി ഞാൻ അവസാനിപ്പിക്കുന്നു.



Post a Comment

أحدث أقدم

Hot Posts