അസ്സലാമു അലൈക്കും.
ബഹുവന്ദ്യരായ ഉസ്താദുമാരെ, മാതാപിതാക്കളെ, സദസ്സ്യരെ..
ഒരു കൊച്ചു കുരുവി സമുദ്രത്തിൽ നിന്നും വെള്ളം കൊത്തിയെടുക്കുന്നത് പോലെ പ്രവാചകർ(സ)യുടെ മഹത്വങ്ങളിൽ നിന്ന് ഒരൽപ്പം ഞാനും സംസാരിക്കാം. അവിടുത്തെ മഹത്വം പറഞ്ഞു തീർക്കാൻ ആർക്കുമാവില്ലല്ലോ.
നാം ഓരോരുത്തരും ഓരോ തൊഴിലും എടുത്ത് ജീവിക്കുന്നവരാണല്ലോ. അധ്വാനിച്ച് ജീവിക്കാനാണ് അവിടുന്ന് പഠിപ്പിച്ചത്. യാചിച്ച് തിന്നുന്നതിനെ അവിടുന്ന് നിരുൽസാഹപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ ഒരു യാചകൻ തിരുനബി (സ)യെ സമീപിച്ചു, വല്ലതും തരണമേ എന്ന് ആവശ്യപ്പെട്ടു. അയാളോട് നബിതങ്ങൾ ചോദിച്ചു “ നിന്റെ വീട്ടിൽ ഒന്നുമില്ലേ? അയാൾ പറഞ്ഞു: ഒരു തോൽ പാത്രം മാത്രമേയുള്ളു.
എങ്കിൽ അത് പോയി കൊണ്ടു വരൂ എന്ന് തിരുമേനി കൽപ്പിച്ചു. അവനത് കൊണ്ട് വന്നപ്പോൾ തങ്ങൾ നാല് ദിർഹമിനത് ലേലം ചെയ്തു. എന്നിട്ടവനോട് രണ്ട് ദിർഹമിന് വീട്ടിലേക്ക് അന്നത്തേക്കുള്ള ഭക്ഷണം വാങ്ങിക്കാനും രണ്ട് ദിർഹം കൊണ്ട് ഒരു മഴു വാങ്ങി അതുപയോഗിച്ച് വിറക് വെട്ടി ജീവിക്കാനുമാണ് നിർദ്ദേശിച്ചത്. യാചിച്ച് ജീവിക്കുന്നവർ നാളെ മുഖത്ത് മാംസം നഷ്ടപ്പെട്ട നിലയിൽ മഹ്ശറയിൽ വരുമെന്നും അവിടുന്ന് താക്കീത് ചെയ്തു.
മറ്റൊരിക്കൽ ഒരു സ്വഹാബി നബിതങ്ങൾക്ക് സലാം പറഞ്ഞു. സലാം മടക്കി നബി തങ്ങൾ അയാളുടെ കൈ മുസാഫഹത്ത് ചെയ്തു. പതിവിലേറെ ഉരമുള്ള കൈ കണ്ടപ്പോൾ നബിതങ്ങൾ കാരണമന്വേഷിച്ചു. പണിയെടുത്ത് തഴമ്പ് പിടിച്ചതാണെന്ന് പറഞ്ഞപ്പോൾ തിരുദൂതർ ആ കൈ പിടിച്ചു ചുംബിച്ചു. ഇങ്ങനെ അദ്ധ്വാനത്തെ പ്രോത്സാഹിപ്പിക്കുകയും നന്നായി അദ്ധ്വാനിക്കുകയും ചെയ്ത മഹാനാണ് നബി(സ) തങ്ങൾ.
ഇത്രയും പറഞ്ഞ് ഞാനെന്റെ വാക്കുകൾക്ക്
വിരാമം കുറിക്കുന്നു.
അസ്സലാമു അലൈക്കും.
إرسال تعليق