കൂട്ടുകാരെ.., ഈ പ്രപഞ്ചത്തിലെ സർവചരാചരങ്ങളോടും പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു കാണിക്കുന്ന കരുണ എത്രയോ ഉന്നതമാണ്. അവനെ അംഗീകരിക്കുന്നവർക്കും അംഗീകരിക്കാത്തവർക്കും അവന്റെ
കരുണയുടെ അംശം അവൻ
പകർന്നുനൽകുന്നു. കാരുണ്യമെന്നാൽ
മനസ്സലിവ് ആണ്. ഇതിന്റെ പര്യായ പദങ്ങൾ നിരവധിയുണ്ട്. മനുഷ്യമനസിന്റെ വികാരങ്ങളിൽനിന്ന്
ഏറ്റവും ഉത്തമമായതാണിത്. ഒരു ഹദീസുണ്ട്, നബി (സ്വ) പറയുന്നു, 'അല്ലാഹുവിന് 100 റഹ്മത്ത് ഉണ്ട്, അതിൽ ഒരു റഹ്മത്ത് മാത്രമാണ് അവൻ ഇഹലോകത്തേക്ക് ഇറക്കിയത്, ആ കാരുണ്യം കൊണ്ടാണ് മനുഷ്യരും ജിന്നുകളും മൃഗങ്ങളുമെല്ലാം പരസ്പരം
കരുണ ചെയ്യുന്നത്. ബാക്കി 99 കാരുണ്യവും
തന്റെ അടിമകൾക്ക് അന്ത്യനാളിൽ കരുണ ചെയ്യാനായി അല്ലാഹു നീട്ടിവച്ചിരിക്കുകയാണ്'. ഈ ലോകത്തേക്ക് അല്ലാഹു ഇറക്കിയ കരുണ നൂറിൽ ഒരു അംശം മാത്രമാണെന്ന്!
അതിൽനിന്ന് ഏറ്റവും കൂടുതൽ കാരുണ്യവാനായി മാതൃക തീർത്തത് നമ്മുടെ പ്രിയപ്പെട്ട മുത്ത്
നബി(സ്വ) ആണ്. അവിടുത്തെ ജീവിതത്തിന്റെ ഏറ്റവും വലിയ വിശേഷണമായി ഖുർആൻ
എടുത്തുപറയാനുള്ള കാരണവും ഇത്
തന്നെയാണ്. 'ലോകത്തിനാകമാനം കാരുണ്യമായിട്ടല്ലാതെ
അങ്ങയെ നാം നിയോഗിച്ചിട്ടില്ല' എന്ന്
വിശുദ്ധ ഖുർആൻ തിരുനബിയെ കുറിച്ച് പറയുന്ന വാക്യമാണ്. ഇവിടെ പ്രയോഗിച്ച പദം സർവലോകത്തെ,
ചേതനങ്ങളും അചേതനങ്ങളുമായ വസ്തുക്കളെ
ഉൾപ്പെടുത്തുന്ന പ്രയോഗമാണ്. സാമാന്യ അറബിപരിജ്ഞാനമുള്ളവർക്ക് അതിന്റെ ഘടനാ പ്രയോഗത്തിൽനിന്ന്
ഇതു മനസിലാക്കാം. മറ്റൊരു ആയത്തിൽ പറയുന്നത്, 'അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹംകൊണ്ട് നിങ്ങൾ അവരോട് ഹൃദയ നൈർമല്യതയോടെ
പെരുമാറുന്നു' എന്നാണ്. അല്ലാഹു ഈ മനസ്സലിവോട്
കൂടിയിട്ടാണ് പ്രവാചക തിരുമേനി(സ്വ)യെ പ്രപഞ്ചത്തിലേക്ക് നിയോഗിച്ചത്. ആർദ്രമായ നിലപാടുകൾക്ക്
അവിടുത്തെ മനസ് പാകപ്പെടാൻ കാരണം അല്ലാഹുവിന്റെ ഔദാര്യം തന്നെയായിരുന്നു. അതിനാൽ തിരുജീവിതം
കാരുണ്യത്തിന്റെ നീരുറവയായി വർത്തിച്ചു. ശത്രുക്കളോട് പോലും അവിടുന്ന് ഈ സമീപനം ആയിരുന്നു
സ്വീകരിച്ചിരുന്നതെന്ന് കാണാം. ഒരു സംഭവം ഇങ്ങനെയാണ്. യുദ്ധ ഭൂമിയാണ് രംഗം. ശത്രുസേനാധിപൻ
നിരായുധനായി ഒരു മരച്ചുവട്ടിൽ വിശ്രമിക്കുന്ന തിരുമേനി(സ്വ)യെ കണ്ടു. പ്രവാചകന്റെ അനുചരന്മാർ
പല ദിക്കുകളിലേക്ക് മാറിയിട്ടുണ്ട്. അന്നേ ദിവസം മഴപെയ്തിരുന്നതിനാൽ, നനഞ്ഞ വസ്ത്രങ്ങൾ ഉണങ്ങാനായി മരക്കമ്പിൽ തൂക്കിയിട്ടായിരുന്നു
തിരുമേനി(സ്വ) മരച്ചുവട്ടിൽ വിശ്രമിക്കാൻ കിടന്നത്. ഇതു കണ്ട ശത്രു സൈന്യാധിപൻ, മലമുകളിൽനിന്ന് ഇറങ്ങിവന്ന് തിരുദൂതരുടെ അടുക്കൽ വന്ന് ഉറയിൽനിന്നു
വാളൂരി നബി(സ്വ)യോടു അലറിക്കൊണ്ട് ചോദിച്ചു: 'ഏയ്, മുഹമ്മദ്, നിന്നെ ഇപ്പോൾ എന്റെ കൈകളിൽനിന്ന് രക്ഷിക്കാൻ ആരാണുള്ളത്' തിരുമേനി (സ്വ) വളരെ ശാന്തമായി തന്നെ മറുപടി പറഞ്ഞു: 'അല്ലാഹു'. ഊരിപ്പിടിച്ച
വാളുമായി നിൽക്കുന്ന അയാളുടെ കൈകൾ നബി(സ്വ) യുടെ മറുപടി കേട്ടു വിറച്ചു. അയാളുടെ വാൾ
താഴെ വീണു. ആ വാളെടുത്ത് തിരുമേനി(സ്വ) അയാൾക്കു നേരെ ചൂണ്ടിയിട്ടു ചോദിച്ചു: 'ഇപ്പോൾ എന്റെ കൈയിൽനിന്ന് നിന്നെ രക്ഷിക്കാൻ ആരുണ്ട്' ശത്രു സൈന്യാധിപൻ പറഞ്ഞു: 'ആരുമില്ല'. ഭയവിഹ്വലനും
നിസ്സഹായനുമായി തന്റെ മുൻപിൽ നിൽക്കുന്ന ആ ശത്രുവിന് വാൾ തിരികെ നൽകി നബി അയാളെ പോകാനനുവദിച്ചു.
ആ നിമിഷംതന്നെ അയാൾ ഇസ്ലാം സ്വീകരിച്ചു. അയാൾ തിരികെ തൻ്റെ ഗോത്രക്കാരുടെ അടുക്കൽ ചെന്ന്
നബി(സ്വ)യുടെ മഹാമനസ്കതയെ കുറിച്ചു പറയുകയും അവർക്കിടയിൽ ഇസ്ലാമിന്റെ പ്രചാരകനായി മാറുകയും
ചെയ്തു.
പ്രിയപ്പെട്ടവരെ..,ഇസ്ലാം വ്യാപനത്തിൽ നബി തങ്ങളുടെ കരുണയുടെ സ്വാധീനം പ്രകടമാണ്.
കുട്ടികളോട് തിരുനബി(സ്വ) കാണിച്ച കാരുണ്യവും വാത്സല്യവും പ്രത്യേകം പ്രതിപാദ്യമാണ്.
ഉസാമ ബിൻ സൈദ്(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെയാണ്: 'നബി(സ്വ) എന്നെ ഒരു തുടയിലും ഹസൻ ബിൻ അലിയെ മറ്റേ തുടയിലും ഇരുത്തുമായിരുന്നു.
എന്നിട്ട് ഞങ്ങൾക്കു മേൽ കാരുണ്യം വർഷിക്കാൻ അല്ലാഹുവോട് പ്രാർഥിക്കുകയും ചെയ്തിരുന്നു'. ഒരു ഗ്രാമീണ അറബി ഒരിക്കൽ നബി(സ്വ)യുടെ സദസിൽ കയറിവന്നു.അപ്പോൾ
നബി(സ്വ) തന്റെ പേരമകൻ ഹസൻ എന്ന കുഞ്ഞിനെ ചുംബിക്കുകയാണ്. ആഗതൻ പറഞ്ഞു: നബിയെ, താങ്കൾ ഈ കുഞ്ഞിനെ ചുംബിക്കുകയോ! എനിക്ക് പത്ത് മക്കളുണ്ട്.
അവരിൽ ഒരാളെയും ഞാൻ ഉമ്മവച്ചിട്ടില്ല. പ്രവാചകന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: കരുണ
ചെയ്യാത്തവനോട് ആരും കരുണ കാണിക്കില്ല. കരുണയുടെ കാര്യത്തിൽ കൊടുക്കുന്നതേ ലഭിക്കൂ
എന്ന സാമാന്യ തത്വം പഠിപ്പിക്കുകയാണ് അവിടുന്ന്. സ്നേഹം ലഭിക്കാതെ വാർധക്യത്തിൽ വിലപിക്കുന്നവർക്ക്
മുന്നിൽ ഒരു പാഠമാണിത്. കുഞ്ഞുനാളിൽ കുരുന്നുകൾക്ക് സ്നേഹം പകരുക. അതായിരിക്കും ഭാവിയിൽ
ഉപകരിക്കുക. കരുണ വറ്റിയ ഹൃദയത്തിൽനിന്ന് എങ്ങനെയാണ് ധർമബോധം ഉണ്ടാകുക!
മനുഷ്യരോട് മാത്രമല്ല, മൃഗങ്ങളോടും അവിടുത്തെ സമീപനം കരുണയോടെയായിരുന്നു. പക്ഷിക്കുഞ്ഞുങ്ങളെ
കൂട്ടിൽനിന്ന് എടുത്ത് കൊണ്ടുവന്ന് കളിപ്പിച്ച അനുചരന്മാരോട് തള്ളപ്പക്ഷിയുടെ അടുക്കലേക്ക്
തന്നെ വിടാൻ ആജ്ഞാപിച്ചു. മറ്റൊരിക്കൽ ഒരൊട്ടകം തിരുനബിയെ കാണാനിടയായി. നിറഞ്ഞ കണ്ണുകളുമായി
അത് അരുമയോടെ നബിയുടെ മുൻപിൽ വന്നുനിന്നു: അവിടുന്നതിനെ തടവി സമാധാനിപ്പിച്ചു. 'ആരുടേതാണീ ഒട്ടകം.' അവിടുന്ന് വിളിച്ചു ചോദിച്ചു. അപ്പോൾ ഒരു അൻസാരി യുവാവ് 'അല്ലാഹുവിന്റെ പ്രവാചകരേ, അതെന്റേതാണ്' എന്നു പറഞ്ഞു കൊണ്ട് അങ്ങോട്ട് ചെന്നു. തിരുനബി അയാളെ ഇങ്ങനെ
ഉപദേശിച്ചു. 'അല്ലാഹു നിന്റെ ഉടമയിലാക്കിത്തന്ന
ഈമൃഗത്തിന്റെ കാര്യത്തിൽ നിനക്ക് അല്ലാഹുവിനെ അനുസരിച്ചു കൂടെ. നീ അതിനെ വേദനിപ്പിക്കുകയും
ക്ഷീണിപ്പിക്കുകയും ചെയ്യുന്നുവെന്ന് അതെന്നോട് വേവലാതി പറഞ്ഞിട്ടുണ്ട്.' അറവ് മൃഗത്തിനോട് പോലും ദയാവായ്പോടെ സമീപിക്കാനായിരുന്നു അവിടുത്തെ
അധ്യാപനം. പരലോകത്ത് പോലും അവിടുത്തെ കരുണയുടെ ചിറകിലാണ് നമ്മുടെ രക്ഷ. മഹ്ശറയിൽ സർവ
പ്രവാചകന്മാരുടെ സന്നിധിയിലേക്കും അല്ലാഹുവിനോട് ശുപാർശ ചെയ്യാൻ അപേക്ഷിച്ച് ജനങ്ങൾ
സമീപിക്കുമ്പോൾ അവരെല്ലാവരും തങ്ങൾക്ക് സംഭവിച്ച സൂക്ഷമതക്കുറവ് കാരണം പറഞ്ഞ് കൈയൊഴിയുമ്പോൾ
അവരുടെ അപേക്ഷ സ്വീകരിക്കപ്പെടുക മുഹമ്മദ് നബി (സ്വ)യുടെ സന്നിധിയിൽവച്ച് മാത്രമാണ്.
സുജൂദിൽ വീഴുന്ന റസൂൽ (സ്വ) യോട് തലയുയർത്താനും, ചോദിക്കുവാനും, ശുപാർശ ചെയ്യുവാനും അല്ലാഹു ആവശ്യപ്പെടും. ലോകജനതക്കൊന്നാകെ
ഈ സന്ദർഭത്തിൽ മുഹമ്മദ് നബി (സ്വ) കാരണമായി അല്ലാഹു കാരുണ്യം ചെയ്യുന്നു. അല്ലാഹു അവിടുത്തെ
കാരുണ്യം കൊണ്ട് വിജയിച്ചവരിൽ നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ, ആമീൻ..
إرسال تعليق